തര്‍ജ്ജനി

ഫൈസല്‍ ബാവ

അറക്കക്കാട്ടില്‍ ഹൗസ്‌,
ആമയം,
ചെവറല്ലൂര്‍ പി.ഒ,
മലപ്പുറം ജില്ല.
പിന്‍: 679 575
ഇ മെയില്‍: faisalbava75@gmail.com
ബ്ലോഗ്: faisalbavap.blogspot.com
വെബ് സൈറ്റ്: www.epathram.com

Visit Home Page ...

ലേഖനം

യൂസഫ്‌ അറക്കല്‍ എന്ന വലിയ മനുഷ്യനും ചിത്രകാരനും

കേരളത്തില്‍ ജനിച്ച് കേരളത്തിന്‌ പുറത്ത് ഏറെക്കാലം ജീവിച്ചുമരിച്ച ലോകപ്രശസ്ത ചിത്രകാരനാണ് യൂസഫ്‌ അറക്കല്‍. അദ്ദേഹവുമായി ഒരിക്കലെങ്കിലും പരിചയപ്പെട്ട ഏതൊരാള്‍ക്കും സ്നേഹാനുഭവത്തിന്റെ ഒരു കുറിപ്പെങ്കിലും ഉണ്ടാകും. അതാണ് മഹാനായ ഈ ചിത്രകാരനെ വേറിട്ട്‌ നിര്‍ത്തുന്നതും. തന്നെത്തേടി വരുന്നവന്‍ ചെറിയവനെന്നോ വലിയവെനെന്നോ വേര്‍തിരിവില്ലാതെ അവരുടെ മനസ്സില്‍ ഒരു ഇടം നേടാന്‍ അദ്ദേഹത്തിനാകുമായിരുന്നു. ബാംഗ്ലൂരില്‍ എത്തുന്ന ഏതൊരു ചിത്രകാരന്റെയും ഒരത്താണിയായിരുന്നു യൂസഫ്ക്ക. "ഞാനൊരു വലിയ പെയിന്റര്‍ ഒന്നും അല്ല. മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ മാത്രമല്ല, നിരത്തില്‍ കാണുന്ന ദൃശ്യങ്ങള്‍കൂടി ക്യാന്‍വാസിലേക്ക് ആവാഹിക്കുന്ന ഒരു ജിന്നാണ്". അതെ, പെയന്റിങ്ങില്‍ ഒരു അമാനുഷികത അദ്ദേഹത്തില്‍ ഉണ്ടോ എന്ന് നമുക്ക് തോന്നിയാല്‍ തെറ്റില്ല. ഇളം നീല ഡ്രൈപേസ്റ്റല്‍ കറുത്ത പേപ്പറില്‍ വേഗത്തില്‍ കോറിയിടുന്നത് അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. യൂസഫ് അറക്കല്‍ എന്ന വലിയ കലാകാരനുമായി പങ്കിട്ട നിമിഷങ്ങള്‍ ഇന്നും ഓര്‍മ്മയുണ്ട്, എന്റെ ചിത്രം കാണാന്‍ അദ്ദേഹം വന്നു വളരെ ശ്രദ്ധയോടെ നോക്കി തോളില്‍ തട്ടി പറഞ്ഞു "ഫൈസല്‍ നന്നായിട്ടുണ്ട്, പോകുമ്പോള്‍ എന്റെ അടുത്ത് വാ" എന്റെ ഡ്രോയിംഗ് ബുക്കും ഓയില്‍ പേസ്റ്റലില്‍ ചെയ്ത ചെറിയ ചിത്രങ്ങളും മുഴുവന്‍ ഇരുന്നു നോക്കി. വൈകീട്ട്‌ യൂസഫ്കയുടെ അടുത്തുചെന്നു. ബ്ലാക്ക് ഷീറ്റില്‍ ബ്ലൂ ഡ്രൈപേസ്റ്റല്‍ കൊണ്ട് വരച്ച നാല് ചിത്രങ്ങള്‍ അടങ്ങിയ സീരീസ് ചിത്രങ്ങള്‍ ഓരോന്നായി കണ്ടു. അതുവരെ ഞാന്‍ ഡ്രൈപേസ്റ്റല്‍ ഉപയോഗിച്ചിരുന്നില്ല. അദ്ദേഹം ഒരു പേക്കറ്റ് ഡ്രൈപേസ്റ്റല്‍ തന്നു, ഏറെ നേരം സംസാരിച്ചു, ബാംഗ്ലൂര്‍ വരുമ്പോള്‍ വീട്ടിലേക്ക് വാ. അന്നും ഇന്നും എനിക്കിഷ്ടപ്പെട്ട ഒരു മീഡിയം ആണ് ഡ്രൈപേസ്റ്റല്‍. ദുബായില്‍ നിന്നും ഫാബിര്‍ കാസലിന്റെ ഡ്രൈപേസ്റ്റല്‍ വാങ്ങിച്ചപ്പോള്‍ ആദ്യമായി ലഭിച്ച ഡ്രൈപേസ്റ്റല്‍ അതും വലിയ കലാകാരനില്‍ നിന്നും ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനം, മനസ്സില്‍ നിറഞ്ഞുനിന്നു.

യൂസഫ്‌ അറക്കലിന്റെ ചിത്രങ്ങളില്‍ വര്‍ണ്ണങ്ങളുടെ മേളം അധികം ഉണ്ടാകാറില്ല, ഇരുട്ടിന്റെ ചീള് എത്തിനോക്കുന്ന ചിത്രങ്ങളാണ് അധികവും. നിഴലും വെളിച്ചവും സമര്‍ത്ഥമായി നിറങ്ങള്‍ക്കിടയില്‍ ചാലിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രകാശമുള്ള വര്‍ണ്ണങ്ങള്‍ ക്യാന്‍വാസുകളില്‍ നിന്നും അദ്ദേഹം എന്നും അകറ്റി നിര്‍ത്തിയിരുന്നു. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പാത്തുമ്മയുടെ ആട് മഞ്ഞയും കറുപ്പും ചേര്‍ന്ന് പുതിയ അനുഭവതലം തീര്‍ക്കുന്നു. എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രണരീതി യൂസഫ്ക്ക ആ ചിത്രങ്ങളില്‍ ഒളിപ്പിച്ചിട്ടുണ്ട്.

പിക്കാസ്സോയാണ് യൂസഫ്ക്കയുടെ ഇഷ്ടചിത്രകാരന്‍. വംശഹത്യയും രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളും യുദ്ധശക്തികളുടെ ഗർവ്വുകളും എല്ലാം സമന്വയിപ്പിച്ചതാണ് പിക്കാസ്സോയുടെ ഗുർണിക്ക എന്നതാവാം, ആ സ്വാധീനമാകാം ഗുര്‍ണിക്ക ചെയ്യാന്‍ യൂസഫ്ക്കയെ പ്രേരിപ്പിച്ചത്. ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ കലാപത്തിന്റെ നേർചിത്രമായിരുന്നു. പിക്കാസ്സോയുടെ സ്വാധീനമായിരുന്നു എങ്കിലും തന്റേതായ ശൈലിയില്‍ കലാപത്തിന്റെ ദുരന്തചിത്രം വരച്ചുകാട്ടാന്‍ അദ്ദേഹത്തിനായി.

അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന 135 ചിത്രകാരന്മാരെക്കുറിച്ചുള്ള പോർട്രെയ്റ്റ് രേഖാചിത്രസീരീസ് ആണ്. അതൊരു ചിത്രകലാചരിത്രരേഖയാണ്. Faces of Creativity എന്ന പേരിലുള്ള ഈ സീരീസില്‍ ഒട്ടുമിക്ക ഇന്ത്യന്‍ ചിത്രകാരന്മാരും വന്നിട്ടുണ്ട്. അബനീന്ദ്രനാഥ് ടാഗോര്‍, രാം കിംങ്കര്‍ ബൈജ്, ജാമിനി റോയ്, കെ. സി. എസ്. പണിക്കര്‍, എം. എഫ്. ഹുസൈന്‍, ടി. കെ. പത്മിനി ഇങ്ങനെ നീളുന്നു യൂസഫ്‌ അറക്കല്‍ കോറിയിട്ട പ്രഗത്ഭരുടെ പട്ടിക. ചിത്രകലാചരിത്രത്തിലെ മൂല്യവത്തായ ഒരു അദ്ധ്യായമാണ് യൂസഫ് അറക്കലിന്റെ ഈ രേഖാചിത്രപരമ്പര.

മഹാസങ്കടങ്ങള്‍ ഉള്ളില്‍പ്പേറുന്ന ഇരുണ്ടചിത്രങ്ങള്‍ നിറഞ്ഞ ബാംഗ്ലൂരിലെ വീട്ടില്‍ അദ്ദേഹത്തെ തേടിവരുന്ന കലാസ്നേഹികളെ മുഴുവന്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രകലയും ശില്പവും കവിതയുമൊക്കെ ആ കരങ്ങളില്‍ സുരക്ഷിതമായിരുന്നു. ഒരു മനുഷ്യന്റെ ഏറ്റവും മികച്ച തീരുമാനം അവന്‍ എത്തിപ്പെടാന്‍ സാദ്ധ്യതയുള്ള മേഖലയെ ചെറുപ്പത്തില്‍ത്തന്നെ കണ്ടെത്തി അതിലേക്ക് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ധൈര്യത്തോടെ നീങ്ങുക എന്നതാണ് പരമപ്രധാനം. ആ വഴി യൂസഫ്‌ അറക്കല്‍ ആദ്യമേ സ്വീകരിച്ചു. തന്റെ മേഖല ചിത്രകലയാണെന്ന് ചെറുപ്പത്തില്‍ത്തന്നെ തിരിച്ചറിയുകയും അതിനായി മറ്റെല്ലാം ത്യജിച്ച്, തന്റെ ആഗ്രഹസാഫല്യത്തിന് അനുയോജ്യമായ ഇടം കണ്ടെത്തുകയും ചെയ്തു. "ആയിരക്കണക്കിന് ഇമേജുകള്‍ എന്നെ വേട്ടയാടുന്നു. നിസ്സഹായതയുടെയും അനിശ്ചിതത്വത്തിന്റെയും നിശ്ശബ്ദവേദനകളുടെയും ബിംബങ്ങള്‍. അവയെ പുനരാവിഷ്കരിക്കുകയല്ല, അവയെ എങ്ങനെ മനസ്സിലാക്കി എന്നതാണ് കാന്‍വാസിലൂടെ ഞാന്‍ പകര്‍ത്താന്‍ ശ്രമിച്ചത്” എന്നാണ് അദ്ദേഹം തന്റെ ചിത്രകലയെപ്പറ്റി പറഞ്ഞത്. ലോകത്ത് ഏറ്റവും ശ്രദ്ധേയനായ മലയാളി ചിത്രകാരന്‍ യൂസഫ്‌ അറക്കല്‍ ആയിരുന്നെന്ന സത്യം പലപ്പോഴും കേരളക്കര മനസ്സിലാക്കിയിരുന്നില്ല. ചിത്രകലക്ക് അനുയൂജ്യമായ ഭൂമികയല്ല കേരളം എന്ന് പറയുമ്പോള്‍ അതിനോടു വിയോജിക്കാന്‍ തോന്നാത്തതും ഇതുകൊണ്ടാണ്.

"തന്റേതായ രീതിയില്‍ പുതിയ രചനാശൈലി രൂപപ്പെടുത്തുമ്പോഴും അറയ്ക്കല്‍ ശൈലി ഒറ്റപ്പെട്ടുപോയില്ല. മറിച്ച് ചിത്രീകരണത്തിന്റെ വ്യത്യസ്തതകൊണ്ട് ചിത്രരചനാലോകത്ത് അത് ഉയര്‍ന്നുനില്ക്കുന്നു". പ്രശസ്ത എഴുത്തുകാരനും ചിത്രകാരനുമായ യു. എ. ഖാദര്‍ അഭിപ്രയപ്പെട്ടതാണിത്. അതെ, യൂസഫ്‌ അറക്കല്‍ എന്ന മഹാപ്രതിഭ വരച്ച ചിത്രങ്ങളിലൂടെ അത് ഇനിയും കാതങ്ങള്‍ താണ്ടും. ആ ഓര്‍മ്മകള്‍, അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള സ്വീകരണമനുഭവിച്ച ഞാനടക്കമുള്ള നിരവധി പേരില്‍ എന്നും മായാതെ നില്ക്കും. ഇളംനീല ജീന്‍സും കടുംനീല ടീഷര്‍ട്ടും ഇട്ട് പുഞ്ചിരിയോടെ നടന്നു നീങ്ങിയത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നലെ എന്നപോലെ ഇന്നും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ലോകത്ത് യൂസഫ്‌ അറക്കല്‍ പുതിയ പരീക്ഷണം തേടിപ്പോയതാണ് എന്ന് വിശ്വസിക്കാം...

Subscribe Tharjani |