തര്‍ജ്ജനി

മുഖമൊഴി

നിയമം ബാധകമല്ലാത്ത അഭിഭാഷകർ

കേരളത്തിൽ പത്രപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പോര് ഇപ്പോഴും തുടരുകയാണ്. രണ്ട് തൊഴിൽവിഭാഗങ്ങൾ തമ്മിലുള്ള പോര് എന്നതിലേറെ പ്രശ്നങ്ങൾ അന്തർഭവിക്കുന്ന പ്രശ്നമാണിത്. അഭിഭാഷകനും മാദ്ധ്യമവിശകലനവിദഗ്ദ്ധനും മുൻ പാർലമെന്റ് അംഗവുമായ. സെബാസ്റ്റ്യൻ പോള്‍ അഭിഭാഷകരുടെ സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു. പുറത്താക്കലിന് കാരണം തർക്കവിഷയത്തിൽ മാദ്ധ്യമചർച്ചകളിൽ സെബാസ്റ്റ്യൻ പോൾ കൈക്കൊണ്ട നിലപാടുകളായിരുന്നു. സംഘടനാവിരുദ്ധപ്രവർത്തനം നടത്തിയെന്ന വിലയിരുത്തലിൽ പ്രാഥമികാംഗത്വത്തിൽനിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. അഭിഭാഷകരുടെ സംഘടനാപ്രശ്നം മാത്രമല്ല, അതിനപ്പുറം സാമൂഹികപ്രാധാന്യമുള്ള വിഷയമാണ് എന്നതിന്റെ സൂചനയാണ് ഈ പുറത്താക്കല്‍.

വളരെക്കാലമായി ദൃശ്യമാദ്ധ്യമരംഗത്ത് മാദ്ധ്യമവിശകലനപരിപാടികള്‍ അവതരിപ്പിക്കുന്ന സെബാസ്റ്റ്യന്‍ പോള്‍ വെറും ഒരു അഭിഭാഷകനല്ല. നിയമപഠനത്തില്‍ ഗവേഷണബിരുദം നേടിയ പണ്ഡിതനും നിയമസഭയിലും ലോക് സഭയിലും അംഗമായിരുന്ന ജനപ്രതിനിധിയുമാണ്. ഇതിനു പുറമെ സാമൂഹിക-രാഷ്ട്രീയകാര്യങ്ങള്‍ പഠിക്കുന്ന ഒരു നിരീക്ഷകനെന്ന നിലയില്‍ ദൃശ്യമാദ്ധ്യമങ്ങള്‍ വ്യത്യസ്തവിഷയങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ക്ഷണിക്കുന്ന പൊതുപ്രവര്‍ത്തകനുമാണ്. വക്കീലുമാര്‍ മാദ്ധ്യപ്രവര്‍ത്തകരുമായി നടത്തുന്ന ഒട്ടും നീതീകരിക്കാനാവാത്ത ഒരു തര്‍ക്കത്തില്‍, സെബാസ്റ്റ്യന്‍ പോള്‍ യാതൊരു നീതിബോധവുമില്ലാതെ അഭിഭാഷകസംഘടനയുടെ അംഗമെന്ന നിലയില്‍ പക്ഷം പിടിക്കണമെന്നും തങ്ങളുടെ അംഗങ്ങള്‍ നടത്തുന്ന നെറികേടിനെ നീതീകരിക്കണമെന്നും ആ സംഘടന കരുതുന്നുവെന്നാണ് ഈ പുറത്താക്കലില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുക. എന്നുവെച്ചാല്‍ കുഴപ്പക്കാരായ വക്കീലുമാരുടെ നിലവാരത്തിലുള്ള ഒരാളാണ് സെബാസ്റ്റ്യന്‍ പോള്‍ എന്ന് അവര്‍ കരുതുന്നു. അല്ലെങ്കില്‍, അങ്ങനെയാവണം എന്ന് അവര്‍ ശഠിക്കുന്നു.

നാട്ടിലെ തരാതരം ജോലികളിലൊന്നല്ല അഭിഭാഷകരുടേത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന നീതിബോധത്തിന്റെ ആപ്തവാക്യം കുറ്റവാളികളെ രക്ഷിക്കാനുള്ള വക്കാലത്തല്ല. നീതി നടപ്പിലാക്കാനും നിലനിറുത്തുവാനുമുള്ള ഉത്തരവാദിത്തമാണ് അത് ഉദ്ഘോഷിക്കുന്നത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് അതിന് നേതൃത്വം നല്കിയവരില്‍ പലരും അഭിഭാഷകരായത് അവരിലെ ഉന്നതമായ നീതിബോധവും ത്യാഗസന്നദ്ധതയും കാരണമാണ്. രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്യാനും ആവശ്യമെങ്കില്‍ തടവറയില്‍ കിടക്കാനുമുള്ള സന്നദ്ധതയോടെ പ്രവര്‍ത്തിച്ചാണ് അഭിഭാഷകസമൂഹത്തിന്റെ സാമൂഹികമാന്യത ആ പൂര്‍വ്വഗാമികള്‍ നേടിയത്. നീതിപീഠത്തിലിരുന്ന് ഉന്നതമായ നീതിബോധം പ്രകടമാക്കിയതും ജനപക്ഷത്ത് നിലയുറപ്പിക്കുന്നതുമായ വിധിപ്രസ്താവത്തിലൂടെ ജഡ്ജിമാര്‍ സമൂഹത്തിന്റെ പ്രതീക്ഷയായി മാറി. സുപ്രീം കോടതി മുതല്‍ താഴെത്തട്ടിലെ കോടതികള്‍ വരെ ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിക്കൊണ്ട് നിലനിന്നു. ഇതിന് അപവാദമില്ലെന്നല്ല. അഴിമതിയുടെ പേരില്‍ കോടതികളും അഭിഭാഷകരും നിയമപാലകരും വിമര്‍ശങ്ങള്‍ക്കും നടപടികള്‍ക്കും വിധേയരായിട്ടുണ്ട്. ഇത് സാമാന്യമല്ല, അപവാദമാണ് എന്നതാണ് ഇന്നും നിയമവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിക്കാനും പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താനും ജനസാമാന്യത്തെ പ്രേരിപ്പിക്കുന്നത്.

അടുത്ത കാലത്ത് കോടതികള്‍ ആവര്‍ത്തിച്ച് അഭിഭാഷകരുടെ നിയമലംഘനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വേദിയായത് നാം കണ്ടു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല യുനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടപ്പോള്‍ രാജ്യതലസ്ഥാനത്ത് നാമത് കണ്ടു. തെരുവുഗുണ്ടകളെപ്പോലെയാണ് അഭിഭാഷകര്‍ പെരുമാറിയത്. പോലീസും ഒരു പരിധിവരെ അഭിഭാഷകരോട് സഹകരിക്കുന്നവിധത്തില്‍ പെരുമാറി. മദിരാശി ഹൈക്കോടതിയിലും അഭിഭാഷകര്‍ അക്രമകാരികളാകുന്നത് നാം കണ്ടു. മദിരാശിയില്‍ ഒന്നിലേറെ തവണ ഇത് കാണാനായി. അഭിഭാഷകരുടെ പെരുമാറ്റച്ചട്ടങ്ങള്‍ നവീകരിച്ചതിനെതിരെയാണ് ചെന്നെയില്‍ ഈ അതിക്രമങ്ങള്‍ ഉണ്ടായത്. അതാവട്ടെ സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുവാനും അവര്‍ക്ക് സാധിച്ചു. കോടതിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരെ നിയന്ത്രിക്കുവാനുള്ള ചട്ടങ്ങളായിരുന്നു അവയെന്ന് ലിങ്ക് നോക്കിയാല്‍ മനസ്സിലാക്കാം. വൈകാരികമായി വളരെ എളുപ്പത്തില്‍ പ്രകോപിതരാവുന്ന തമിഴ്ജനതയോടൊപ്പം നിന്ന് ചെന്നെയിലെ അഭിഭാഷകരും പ്രവര്‍ത്തിച്ച് കോടതിയുടെ പ്രവര്‍ത്തനത്തെ മുമ്പും പല തവണ തടസ്സപ്പെടുത്തിയിട്ടുണ്ട്. അപ്പോഴൊക്കെ നാം കരുതിയത്, ഇത്തരം നെറികേട് കേരളത്തിലെ കോടതികളില്‍ സംഭവിക്കില്ലെന്നതാണ്. നമ്മുടെ അഭിഭാഷകരെല്ലാം മാന്യന്മാരും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവരുമാണ് എന്ന വിശ്വാസമല്ല അതിന് അടിസ്ഥാനം.

കേരളീയസമൂഹം നവോത്ഥാനത്തിലൂടെ നേടിയെടുത്ത ജീവിതാവസ്ഥയുടെ ആനുകൂല്യം അനുഭവിക്കുന്നവരാണ്. ജാതി നമ്മുടെ സമൂഹത്തില്‍ ഇല്ലാതായിട്ടില്ല. മുമ്പത്തേതിനെക്കാള്‍ അത് ശക്തമായി തിരിച്ചുവരികയാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പരസ്യമായി ജാതി പറഞ്ഞ്, അതിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുകയെന്നത് കേരളത്തില്‍ എളുപ്പമല്ല. പരസ്യമായി ജാതി പറയാമെന്നും അത് മൈക്ക് കെട്ടി വിളിച്ച് പറയാമെന്നും അങ്ങനെ വിലപേശലിനുള്ള കരുവായി ജാതിയെ ഉപയോഗിക്കാമെന്ന് കേരളത്തില്‍ സ്വന്തം പരീക്ഷണങ്ങളിലൂടെ തെളിയിച്ചത് എസ്. എന്‍. ഡി. പി. യോഗം നേതാവ് വെള്ളാപ്പള്ളി നടേശനാണ്. ഒരു പരിധിവരെ അതില്‍ വിജയം കണ്ടെങ്കിലും അത് ഇപ്പോള്‍ നഷ്ടക്കച്ചവടമായിരിക്കുന്നു. മെെക്ക് കെട്ടി പരസ്യമായി വര്‍ഗ്ഗീയത പറയാമെന്ന് പരീക്ഷിച്ച് തെളിയിച്ച അബ്ദുള്‍ നാസര്‍ മദനി തടവറയിലായതോടെ, അവിടെ നിന്ന് എപ്പോള്‍ തിരിച്ചുവരും എന്ന് ഉറപ്പില്ലാതായതോടെ അത്യാവേശക്കാരായ അനുയായികള്‍ ഒന്നടങ്കം നിശ്ശബ്ദമായി. കേരളത്തില്‍ മാന്യമല്ലാത്ത, മൂല്യപരിഗണനകളില്ലാത്ത പോക്കിരിത്തങ്ങളിലൂടെ ജനങ്ങളെ അമ്പരപ്പിച്ച് കയ്യടി നേടാനായേക്കും. പക്ഷെ, അത് ഒരു ദീര്‍ഘകാല പരിപാടിയായി കൊണ്ടുനടത്താനാവില്ല. നവോത്ഥാനമൂല്യങ്ങളെ ഉപേക്ഷിച്ച് ജീവിക്കുക ആപത്കരമാണെന്ന് നമ്മുക്കറിയാം. ആ മൂല്യങ്ങളാണ് നമ്മുടെ ജനാധിപത്യബോധത്തിന്റെ അടിസ്ഥാനം.

ഇത്തരം ഒരു അടിസ്ഥാനത്തില്‍, നീതിക്കുവേണ്ടി നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തൊഴില്‍കൊണ്ട് ബാദ്ധ്യസ്ഥരായ അഭിഭാഷകസമൂഹം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് പരിശോധിച്ചാല്‍ മനസ്സിലാവുന്ന വസ്തുതകള്‍ ഒട്ടുംതന്നെ സന്തോഷജനകമല്ല. ധനേഷ് മാത്യു മാഞ്ഞൂരാന്‍ എന്ന ഒരു ഗവണ്‍മെന്റ് പ്ലീഡര്‍ വഴിനടന്നുപോവുകയായിരുന്ന ഒരു യുവതിയെ കടന്നുപിടിച്ചുവെന്ന കേസില്‍ നിന്നാണ് ഇതിന്റെ തുടക്കം. ഇത് വാര്‍ത്തയാക്കിയ ലേഖകരെ കോടതിക്കകത്ത് കയറ്റില്ല എന്ന് അഭിഭാഷകര്‍ തീരുമാനിച്ചുവെന്നാണ് കഥ. ഇത് അവിശ്വസനീയമാണ്. കേരളത്തിലെ അഭിഭാഷകസമൂഹത്തെ അപ്പാടെ വികാരം കൊള്ളിക്കുന്ന ഒരു കാര്യവും ഈ പെണ്ണുപിടി പ്രശ്നത്തിലില്ല. കേരളത്തിലെ അഭിഭാഷകസമൂഹത്തെ അപ്പാടെ സ്വാധീനിക്കാവുന്ന വിധത്തില്‍ പ്രാമാണികനായ ഒരാളല്ലല്ലോ ധനേഷ് മാത്യു മാഞ്ഞൂരാന്‍. ഇനി ഒരു വാദത്തിന് വേണ്ടി അദ്ദേഹത്തിന്റെ ചൊല്പടിക്ക് നില്ക്കുന്നവരാണ് കേരളത്തിലെ അഭിഭാഷകസമൂഹം എന്ന് സമ്മതിച്ചുകൊടുത്താലും, പൊതുവഴിയിലൂടെ നടന്നുപോകുന്ന ഒരു യുവതിയെ കടന്നുപിടിച്ചുവെന്ന കേസില്‍ അദ്ദേഹത്തോടൊപ്പം നില്ക്കുന്നവരല്ല കേരളത്തിലെ അഭിഭാഷകര്‍. അഭിഭാഷകര്‍ക്ക് ഏത് പെണ്ണിനെയും കടന്നുപിടിക്കാന്‍ അവകാശമുണ്ടെന്നും അത് ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും വിശ്വസിക്കുന്നവരാണ് കേരളത്തിലെ അഭിഭാഷകസമൂഹം എന്ന് ആരെങ്കിലും പറഞ്ഞാലും സത്യമല്ല. പക്ഷെ, നാം അറിയുന്നത്, ധനേഷ് മാത്യു മാഞ്ഞൂരാന്‍ കേസ് വാര്‍ത്തയായതോടെ, ഹെെക്കോടതിയില്‍ കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ലേഖകരോട് കോടതിക്ക് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടുവെന്നും അഭിഭാഷകര്‍ അക്രമാസക്തരായി പെരുമാറിയെന്നുമാണ്. ഇത് അസാധാരണമായ ഒരു സംഭവവികാസമാണ്. ഇതിനു മുമ്പും അഭിഭാഷകര്‍ പലതരം കേസുകളില്‍ അകപ്പെട്ടിട്ടുണ്ട്. അവയൊക്കെ നാം അറിഞ്ഞത് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലൂടെയാണ്. അപ്പോഴൊന്നും ഉണ്ടാവാത്ത പുകില്‍ ഇപ്പോള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ആസൂത്രിതമായ ശ്രമം ഉണ്ട്. അത് ഒരു വ്യക്തിയോ ഒരു സംഘമോ ആവില്ല. ആണെങ്കില്‍ അവര്‍ക്ക് അഖിലകേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അങ്ങനെ പ്രവര്‍ത്തിക്കുന്നതായാണ് നാം കാണുന്നത്. അതിന് കാരണം, റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തിലുള്ള ഒരു പാര്‍ട്ടി നേതൃത്വം ഇതിനു പിന്നില്‍ ഉണ്ടാവും. അത് പരസ്യമായി വരുന്നില്ലെന്നേയുള്ളൂ. പക്ഷെ, അത് പരസ്യമായ രഹസ്യമാണ്.

കേരളത്തിലെ നിയമവകുപ്പ് കെെകാര്യം ചെയ്യുന്ന മന്ത്രി, മുഖ്യമന്ത്രി, മുന്‍കാല ഹെെക്കോടതി-സുപ്രീം കോടതി ജഡ്ജിമാര്‍, എന്തിനേറെ ഇന്ത്യന്‍ പ്രസിഡന്റ് പോലും ഇടപെട്ട് അഭിപ്രായം പറഞ്ഞ വിഷയമാണിത്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ അനുവദിക്കാതിരിക്കുന്നത് തെറ്റാണെന്ന് അവരെല്ലാം ഒരേസ്വരത്തില്‍ പറഞ്ഞു. ഒരാളെങ്കിലും ഇക്കാലത്തിനിടയ്ക്ക് അഭിഭാഷകരുടെ പക്ഷമാണ് ശരിയെന്ന് പറഞ്ഞുകേട്ടിട്ടില്ല. കോടതി റജിസ്ട്രാറും ഹെെക്കോടതി ചീഫ് ജസ്റ്റീസും നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. ഇപ്പോഴും തെരുവുഗുണ്ടകളെ നാണിപ്പിക്കുന്ന രീതിയില്‍ പെരുമാറുകയാണ് ഒരു വിഭാഗം അഭിഭാഷകര്‍. കേരളത്തില്‍ ഉടനീളം അഭിഭാഷകരുടെ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് നാം കേള്‍ക്കുന്നത്. അഭിഭാഷകര്‍ മനുഷ്യരാണ്, നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ സമൂഹത്തിലും നല്ലതും ചീത്തയും മനുഷ്യരുണ്ടാകും. പക്ഷെ, ചീത്ത ആളുകളുടെ നിയന്ത്രണത്തിലാവില്ല സമൂഹം. ഇവിടെ, അഭിഭാഷകരുടെ സംഘടന ഡോ.സെബാസ്റ്റ്യന്‍ പോളിനെ സംഘടനാവിരുദ്ധപ്രവര്‍ത്തനം എന്ന കുറ്റം ആരോപിച്ച് പുറത്താക്കുമ്പോള്‍ അവര്‍ ചെയ്യുന്നത് കോടതികളില്‍ അഭിഭാഷകരുടെ തെമ്മാടിസംഘം നടത്തിയ അതിക്രമങ്ങള്‍ അപ്പാടെ സംഘടനാപ്രവര്‍ത്തനമായി അംഗീകരിക്കുകയാണ്, അതാണ് തങ്ങളുടെ സംഘടനയുടെ സംസ്കാരമെന്നും രാഷ്ട്രീയമെന്നും പ്രഖ്യാപിക്കുകയാണ്.

Subscribe Tharjani |
Submitted by Anonymous (not verified) on Mon, 2016-11-07 07:49.

വക്കീലുമാരും പത്രക്കാരും തമ്മിലുള്ള പോരിന്റെ പശ്ചാത്തലത്തില്‍ വേറെ നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് ഇന്നത്തെ പത്രം റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത. കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് നിയമന അഴിമതിക്കേസിന്റെ ഫയല്‍ കാണാതായ വാര്‍ത്ത. (http://www.mathrubhumi.com/print-edition/kerala/thiruvananthapuram-malayalam-news-1.1483729). യൂനിവേഴ്സിറ്റി സിണ്ടിക്കേറ്റിലെ രാഷ്ട്രീയക്കാര്‍ നേതൃത്വം നല്‍കി വെെസ് ചാന്‍സലര്‍ മുതല്‍ ഭരണാധികാരികള്‍ പങ്കാളിയായ അഴിമതി. അതിന്റെ പേരില്‍ മുമ്പ് ഒരിക്കലും കേരളത്തില്‍ സംഭവിച്ചിട്ടാത്തത് സംഭവിച്ചു. സര്‍വ്വകലാശാല വെെസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളര്‍ പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയരായി. അപ്പീലിലൂടെ അത് നിര്‍ത്തിവെപ്പിച്ചിരിക്കയാണ്. ആ കേസിന്റെ ഫയലാണ് ഇപ്പോള്‍ കോടതിയില്‍നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിന്റെ പിന്നില്‍ തല്പരകക്ഷികളല്ലാതെ ആര്? അഴിമതിക്കാരായ രാഷ്ട്രീക്കാര്‍ തന്നെ!!!

Submitted by Anonymous (not verified) on Sat, 2016-11-12 22:21.

കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ് നിയമനത്തിന്റെ ഫയൽ കാണാതായതിന്റെ പിന്നാലെ ശ്രീ ശങ്കര സർവ്വകലാശാലയിലെ അദ്ധ്യാപകനിയമനത്തിന്റെ ഫയലും കാണാതായിരിക്കുന്നു. സർവ്വകലാശാലകൾ രാഷ്ട്രീയപാർട്ടിക്കാരുടെ തോന്ന്യവാസത്തിന്റെ കൂത്തരങ്ങാണ്. ആ രാഷ്ട്രീയക്കാരുടെ കൂട്ടാളികളായ വക്കീലുമാർ ചേർന്ന് നടത്തുന്ന ക്രിമിനൽ പ്രവർത്തനമമാണ് ഫയൽ കാണാതാക്കൽ എന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണമൊന്നും ആവശ്യമില്ല.

വക്കീലുമാരുടെ തെമ്മാടിക്കൂട്ടം എന്ന് വിശേഷിപ്പിച്ചതിന് ആയിരം ലൈക്ക്