തര്‍ജ്ജനി

സ്മിത മീനാക്ഷി

ദില്ലി
ബ്ലോഗ് : http://smithameenakshy.blogspot.com/

Visit Home Page ...

കവിത

ആമയോടു തോറ്റ്...

പേരെടുത്ത ഓട്ടക്കാരന്‍ തന്നെയെന്ന്
പറഞ്ഞു നിർത്തുമ്പോഴേയ്ക്കും,
പക്ഷേ ആമയോടു തോറ്റു ഇല്ലേ
എന്നൊരു ചോദ്യം കൊണ്ടു
വാക്യം പൂരിപ്പിക്കേണ്ട,
സത്യമതല്ല,
തോറ്റില്ല എന്നല്ല,
കേൾക്കൂ,
ആമയോടു പോലും തോറ്റു
എന്നാണു പറയേണ്ടത്.

എല്ലാ പന്തയങ്ങളിലും
ആദ്യപാതിയില്‍
മുമ്പിലായിരുന്നെങ്കിലും...
ഹേ, നില്ക്കൂ,
രണ്ടാം പാതിയില്‍ ഉറങ്ങി, ഇല്ലേ
എന്ന ചോദ്യവും വേണ്ട
ഉറങ്ങിയതല്ല, അഹങ്കാരം കൊണ്ടു
മയങ്ങിപ്പോയതുമല്ല,
ജയിച്ചിട്ടെന്ത് എന്ന ചോദ്യം
സ്വയം ചോദിച്ചപ്പോള്‍
ഉത്തരമാലോചിച്ചിരുന്നു പോയതാണ്,

ജീവനുവേണ്ടിയുള്ള ഓട്ടങ്ങളിൽ
മാത്രമാണു ജയം കണ്ടിരുന്നത്,

ഇനി,
അത്തരമൊരോട്ടത്തില്‍
തോറ്റു വീഴും വരെ
പിന്‍‍തലമുറക്കാരെല്ലാം കേട്ടത്
ഞാനും കേട്ടുകൊണ്ടേയിരിക്കും,
അതേ പഴയ പല്ലവി,
ആമയോടു തോറ്റില്ലേ?

നല്ലൊരോട്ടക്കാരന്റെ പരിഗണനയിൽ
അഹങ്കാരത്തെ മാത്രം മുദ്രയാക്കിത്തന്ന്, ‘
ഉറക്കം കൊണ്ടാമയെ ജയിപ്പിച്ച്
കഥയുണ്ടാക്കിയപ്പോൾ
വീണ്ടും ഞാനവിടെ
തോൽക്കുകയായിരുന്നുവെന്ന്
ഇനിയും പറയാതെവയ്യ.

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2016-11-06 16:21.

Good

Submitted by PJJ Antony (not verified) on Sun, 2016-11-06 17:56.

"ജീവനുവേണ്ടിയുള്ള ഓട്ടങ്ങളിൽ
മാത്രമാണു ജയം കണ്ടിരുന്നത്," Loved it. Congratulations.

Submitted by Surendran V (not verified) on Mon, 2016-11-07 13:30.

Nice. Really enjoyed.