തര്‍ജ്ജനി

ചെറിയപറമ്പിൽ രാഘവൻ

Visit Home Page ...

പ്രവാസം

കാൽക്കൊറവ്

ആയിരത്തിതൊള്ളായിരത്തി എൺപതുകളിലാണ് എനിക്ക് നൈജീരിയയിൽ ഉദ്യോഗം കിട്ടിയത്. ബോക്കോസ് ഗവണ്മെന്റ് കോളേജിൽ നിയമിതനായ എനിക്ക് രണ്ടുകൊല്ലം കഴിഞ്ഞ് പ്ലേറ്റോസ്റ്റെറ്റിന്റെ തലസ്ഥാനനഗരിയായ ജോസിൽ നിന്ന് പതിനേഴ് കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ബുക്കുറുവിലെ ഗവൺമെൻറ് ടെക്ക്നിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റം കിട്ടി.

കോളേജിന്റെ വിശാലമായ കാമ്പസ്സിൽത്തന്നെ വലിയൊരു വീട്ടിലായിരുന്നു താമസം. തൊട്ടടുത്തുകൂടി ടാറിട്ടറോഡ്. ആ റോഡിനിരുവശത്തും സ്ഥിതിചെയ്തിരുന്ന വിശാലമായ പറമ്പുകളിൽ നിറയെ കാച്ചുനില്ക്കുന്ന നാട്ടുമാവുകളുണ്ടായിരുന്നു.

അവിടത്തുകാർ പച്ചമാങ്ങ കഴിക്കില്ല.

ഉപ്പിലിടാനും കറിവെക്കാനും ഇഷ്ടംപോലെ മാങ്ങ പറിച്ചെടുക്കാം.

ഹൗസാ ഗോത്രത്തിൽപ്പെട്ട ഗ്രാമീണർക്ക് ധാരാളം പശുക്കളും ചെമ്മരിയാടുകളുമുണ്ടായിരുന്നു.

അതിരാവിലെ രണ്ടുപേർ പശുക്കളേയും ആടുകളേയും തെളിച്ചുകൊണ്ട് പുൽപ്രദേശങ്ങളിലേക്കു പോകും. വൈകിട്ടാണ് തിരിച്ചുവരിക.

പശുവിന്റെ പാൽകറന്നു തൈരുണ്ടാക്കി ഒരു ചുരക്കുടുക്കയിൽ ആക്കി സ്ത്രീകൾ വില്ക്കാൻ കൊണ്ടുവരും. ഒരു പാത്രത്തിൽ ശുദ്ധമായ വെണ്ണ ഉരുളകളാക്കിയതുമുണ്ടാകും.

പാൽ ആധുനികരീതിയിൽ സംസ്കരിച്ച് പാക്കറ്റിലാക്കി വില്ക്കുന്ന രീതി അവിടെ അന്നില്ലായിരുന്നു. നിഡോ, കോസ്റ്റ് തുടങ്ങിയ ഇറക്കുമതിചെയ്ത പാൽപ്പൊടിയാണ് പൊതുവെ ആളുകൾ വാങ്ങിയിരുന്നത്.

ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെയായി ഒരു ഹൗസാകുടുംബമുണ്ടായിരുന്നു.

നാല് ഭാര്യമാരുണ്ടായിരുന്ന അവിടത്തെ ഗൃഹനാഥനും ഞാനും ചില വാരാന്ത്യങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തെ മരച്ചുവട്ടിലിരുന്ന് സംസാരിക്കാറുണ്ട്.

അദ്ദേഹത്തിന്റെ ഭാഷയായ ഹൗസ എനിക്കോ, ഞാൻ സംസാരിക്കുന്ന ഇംഗ്ലീഷുഭാഷ അദ്ദേഹത്തിനോ വശമില്ലായിരുന്നു. എന്നിട്ടും ഞങ്ങൾ ആശയവിനിമയം നടത്തി.

ഓരോ ഭാര്യക്കും ഒരു കുടിൽ എന്ന കണക്കുപ്രകാരം മുറ്റത്തിനു ചുറ്റുമായി നാല് കുടിലുകൾ ഉണ്ടായിരുന്നു. മണ്ണുകൊണ്ടുള്ള ചുമരുകളും പുല്ലു മേഞ്ഞ മേൽക്കൂരകളുമായിരുന്നു അവക്കുണ്ടായിരുന്നത്.
അവർക്ക്‌ ധാരാളം കന്നുകാലികളും ചെമ്മരിയാടുകളും ഉണ്ടായിരുന്നു.

ഒരിക്കൽ ഞാനും കുടുംബവും അടുത്ത സ്റ്റേറ്റായ ഗോംഗോളയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി. രണ്ടു ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്.

ആ ദിവസങ്ങളിലൊരിക്കൽ ആ ഹൌസാക്കുടുംബത്തിൽ എന്തോ വിശേഷം പ്രമാണിച്ച് മൂന്നു നാല് ചെമ്മരിയാടുകളെ കശാപ്പുചെയ്തു.

ഞാൻ അവിടെയില്ലാത്തതുകൊണ്ട് ഒരു കാൽക്കൊറവ് എനിക്കുവേണ്ടി അദ്ദേഹം തന്റെ പുരപ്പുറത്ത് മേച്ചിലിനുള്ളിൽ കുത്തിക്കയറ്റി വച്ചു.

ഞാൻ തിരിച്ചെത്തിയ ദിവസം അദ്ദേഹത്തെ കാണാൻ പോയി.

കുറെ നേരം വർത്തമാനം പറഞ്ഞിരുന്നു.

പോരാൻ നേരം ആ കാൽക്കൊറവെടുത്തെനിക്കു തന്നു.

പുറമൊക്കെ ഉണങ്ങിയിരുന്നെങ്കിലും അകം ചീഞ്ഞിരുന്നു.

ഞാൻ അത് വലതുകയ്യിലേന്തി വീട്ടിലേക്കു നടന്നു.

ഒരു വലിയ പറ്റം മണക്കട ഈച്ചകൾ മൂളിക്കൊണ്ട് എന്നെ അനുഗമിച്ചു.

Subscribe Tharjani |