തര്‍ജ്ജനി

വി. കെ. പ്രഭാകരൻ

വടക്കെ കാളാണ്ടിയില്‍,
ചോമ്പാല പോസ്റ്റ്.
കോഴിക്കോട് ജില്ല.

ഫോണ്‍: 0496-2502142

Visit Home Page ...

ഓര്‍മ്മ

താനെ അഴിയുന്ന ഓർമ്മകളുടെ കോന്തല


ചിത്രീകരണം:ബിജു പുതുപ്പണം

"ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം" എന്ന ചലച്ചിത്രഗാനം കേൾക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലധികമായി. ആദ്യമായി ആ ഗാനം റേഡിയോവിലൂടെ കേട്ടപ്പോൾ വല്ലാത്തൊരു ആവേശമായിരുന്നു, മനസ്സിൽ. അടുത്ത സൂഹൃത്തും സഹപാഠിയുമായ വി.ടി. മുരളി സിനിമയിൽ പാടുന്നുവെന്നതായിരുന്നു ആ ആവേശത്തിന് കാരണം. പിന്നീടാണ് രാഘവൻമാസ്റ്ററുടെ ഈണത്തിന്റെ പ്രത്യേകതയും മുരളിയുടെ ആലാപനത്തിന്റെ തനിമയും പി.ടി. അബ്ദുറഹിമാന്റെ ഗ്രാമീണബിംബകല്പനകളുടെ ആഴവുമെല്ലാം മനസ്സിലേക്ക് കടന്നുവന്നത്. അവയെല്ലാം ഇന്നും എനിക്ക് സംഗീതാസ്വദനത്തിനായുള്ള പാഠപുസ്തകങ്ങളാണ്.

കുറേ വർഷങ്ങൾക്ക് മുമ്പാണ്, ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ ഞാനങ്ങനെ ഇരിക്കുമ്പോൾ വീടിനടുത്തുള്ള ചായക്കടയിൽ നടക്കുന്ന ആരുടെയോ പണപ്പയറ്റിന്റെ ഭാഗമായി കെട്ടിയ ഉച്ചഭാഷിണിയിലൂടെ "ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം " . "കോന്തലക്കൽ നീയെനിക്കായ് കെട്ടിയ നെല്ലിക്ക കണ്ട് ചൂരൽവീശിയില്ലേ നമ്മുടെട മൊല്ലാക്ക" എന്ന വരികൾ എന്റെ മനസ്സിലെ സ്വച്ഛമായ ജലശയത്തിന്റെ ഉപരിതലത്തിലേക്ക് പെട്ടെന്നൊരു പെണ്‍കുട്ടിയുടെ മുഖം ഉയർത്തിവിട്ടു. ഏറെ പണിപ്പെട്ടാണ് അവളുടെ പേര് ഞാൻ ഓർത്തെടുത്തത്. ബ്ലസ്സി ലോറൻസ് !

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന കാലം... ചോമ്പാലയിലെ ബി.ഇ.എം.യു.പി സ്കൂളിലായിരുന്നു ഞാൻ പഠിച്ചിരുന്നത്. ജസ്സി എന്റെ സ്കൂളിനടുത്തുള്ള സി. എസ്. ഐക്കാരുടെ പെണ്‍കുട്ടികൾക്കായുള്ള അനാഥശാലയിലെ അന്തേവാസിയായ എന്റെ സഹപാഠിയും. അനാഥശാലയിലെ കുട്ടികളെ ഞങ്ങൾ ശാലക്കുട്ടികൾ എന്നായിരുന്നു വിളിച്ചിരുന്നത്. സാധാരണയായി ശാലക്കുട്ടികളുമായി ഞങ്ങളൊന്നും അധികം കൂട്ടുകൂടാറുണ്ടായിരുന്നില്ല. അതിന് പല കാരണങ്ങളുമുണ്ടായിരുന്നു. മിക്ക ശാലക്കുട്ടികളും സ്കൂളിൽ ചേരാൻ തമസിക്കുന്നതുകൊണ്ടോ ഇടയ്കക്ക് വിദ്യാഭ്യാസം നിലച്ചുപോകുന്നതുകൊണ്ടോ അവർ ഞങ്ങളെക്കാൾ പ്രായക്കൂടുതൽ ഉള്ളവരായിരുന്നു. പിന്നെ അവർക്ക് വൃത്തി കുറവായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ വളരുന്നതുകൊണ്ടാവാം പലർക്കും കാലിലും കയ്യിലും മറ്റും ചൊറിയും ചിരങ്ങും ഉണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങളാവട്ടെ പഴകിയതും മുഷിഞ്ഞതും. അനാകർഷകമായ യൂണിഫോം ആയിരുന്നു അവർക്ക് കിട്ടിയിരുന്നത്. പക്ഷെ ജസ്സി ലോറൻസിനെ എനിക്കിഷ്ടമാകാൻ കാരണം അവളാണ് ജീവിതത്തിൽ ആദ്യമായി എന്റെ മണം അവൾക്കിഷ്ടമാണെന്ന് പറഞ്ഞത്. ഏറെ വെളുത്തിട്ടോ കറുത്തിട്ടോ അല്ലാത്തൊരു നിറമായിരുന്നു അവൾക്ക്. എന്നെക്കാൾൾ മൂന്നോ നാലോ വയസ്സ് കൂടുതൽ ഉണ്ട്. ശരീരത്തിൽ യൌവനത്തിന്റെ ചെറുമുദ്രകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു.

പക്ഷേ, ഇതൊന്നുമായിരുന്നില്ല എന്നെ അവളുമായി അടുപ്പിച്ചത്. ചെവിടിന് ചെറിയൊരു അസുഖമുണ്ടായിരുന്നതിനാൽ എനിക്ക് ചീത്തമണമാണെന്ന അധമബോധം എന്റെ മനസ്സിൽ ഉണ്ടായിരുന്നു.അതിനാൽ ആയിടെ അചഛൻ മദിരാശിയിൽ പോയിവരുമ്പോൾ കൊണ്ടുവന്ന ഹൃദ്യമായ മണമുള്ള പൌഡറും ഇലഞ്ഞിപ്പൂവിന്റെ സുഗന്ധമുള്ള ലേപനവും ഞാൻ സമൃദ്ധമായി ഉപയോഗിച്ചിരുന്നു. ആ സുഗന്ധങ്ങളായിരിക്കകാംഅവളെ ആകർഷിച്ചത്. ആ ഇഷ്ടപ്രഖ്യാപനത്തോടെ അവളെന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വിശാലമായശാലപ്പറമ്പിൽനിന്നും - മിഷി കോമ്പൌണ്ടിൽ അനാഥശാലയ്ക്ക് ചുറ്റുമുള്ള വിശാലമായ റമ്പിനെ ഞങ്ങൾ ശാലപ്പറമ്പ് എന്നാണ് വിളിച്ചിരുന്നത്- കിട്ടടുന്ന ബിലുമ്പിയും കാക്കത്തോണ്ടിയും (വായയിലിട്ട് കുറേനേരം അലിയിക്കാവുന്ന മധുരമുള്ള ഒരു പഴം) ഇല്അലിമുള്ളിൻ കായയും (ഇല്ലിക്ക) മറ്റും പാവാടയുടെ കീശയിൽ അവൾ എനിക്കായി കരുതിവെക്കാറുണ്ടായിരുന്നു ഞാനവൾക്ക് തെങ്ങിൻചക്കരത്തുണ്ടുകളും കൊപ്രത്തുണ്ടുകളും പൂ ബിസ്കറ്റും നാആരങ്ങമിട്ടായിയും പകരംം നല്കി. ഒരു ദിവസം ഏതോ ഇടവേളയിൽ എന്റെ മണണത്തിന്റെ രഹസ്യം ഞാൻ അവളോട് വെളിപ്പെടുത്തി. "ഞാൻ ഉപയോഗിക്കുന്ന പൌഡറിന്റെ മണമാണത്." മുഖത്തിടുന്ന പൌഡറിനെക്കുറിച്ച് വയനാട്ടിലെ ഏതോ കുഗ്രാമത്തിൽ ജനിച്ചുവളർന്ന അവൾ കേട്ടിട്ടേയുള്ളൂ. കണ്ടിട്ടും ഉപയോഗിച്ചിട്ടും ഇല്ല. "ഒരു ദിവസം കുറച്ച് പൌഡർ നിനക്ക് കൊണ്ടുത്തരുന്നുണ്ട്". ഞാൻ അവൾക്ക് വാക്കുകൊടുത്തു. പിന്നീടുള്ള പലദിവസവും എന്നെ കാണുമ്പോൾ അവളുടെ കണ്ണിൽ പ്രതീക്ഷകൾ പൂത്തുലഞ്ഞു. വീട്ടിൽനിന്ന് പൌഡറിന്റെ കൈവശക്കാരായ ചേച്ചിമാരുടെ കണ്ണുവെട്ടിച്ച് പൌഡർ എടുക്കുക കുറച്ച് വിഷമം തന്നെയായിരുന്നു.


വി. ടി. മുരളി

ഒരു ദിവസം ചേച്ചിമാരുടെ ശ്രദ്ധയിൽ പെടാതെ ഞാനത് സംഘടിപ്പിച്ചു. കുറച്ച് പൌഡര്‍ ഒരു കടലാസ്സില്‍ കുടഞ്ഞെടുത്ത് ചുരുട്ടി ട്രൌസറിന്റെ കീശയിലിട്ടു. അന്നത്തെ അവസാനത്തെ പിരീഡ് വരെ മറ്റാരും കാണാതെ പൌഡറിന്റെ പൊതി കെെമാറാന്‍ എനിക്ക് പറ്റിയില്ല. അവസാനത്തെ പിരീഡ് ഇംഗ്ലീഷായിരുന്നു. അന്ന് മൂന്നാം ക്ലാസ്സില്‍ ഇംഗ്ലീഷ് പാഠ്യവിഷയമായിരുന്നു. എന്നോട് പ്രത്യേകം സ്നേഹവാത്സല്യങ്ങള്‍ സൂക്ഷിച്ചിരുന്ന എത്സിട്ടീച്ചറാണ് ക്ലാസ്സെടുക്കുന്നത്. ടീച്ചര്‍ ബലൂണ്‍ ഉപയോഗിച്ച് വര്‍ണ്ണങ്ങളുടെ ഇംഗ്ലീഷ് പേരുകള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പൌഡര്‍ കെെമാറാന്‍ പറ്റാത്തതിലുള്ള അസ്വസ്ഥതയോടെ ഞാന്‍ ക്ലാസ്സില്‍ ഞെരിപിരികൊള്ളുകയാണ്. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരാശയം ഉണര്‍ന്നു. മൂത്രമൊഴിക്കാന്‍ പോകുവാന്‍ അനുവാദം ചോദിക്കുക. മൂത്രമൊഴിച്ച് തിരിച്ചുവരുമ്പോള്‍ പിന്‍ബെഞ്ചില്‍ ഇരിക്കുന്ന ജസ്സിയുടെ മടിയില്‍ സൂത്രത്തില്‍ ആരും കാണാതെ പൌഡര്‍പൊതി ഇട്ടുകൊടുക്കുക.

ഞാന്‍ എഴുന്നേറ്റ് പുറത്തുപോകുവാന്‍ അനുവാദം ചോദിച്ചു. ടീച്ചര്‍ അനുവദിച്ച ഉടനെ ഞാന്‍ മൂത്രപ്പുരയിലേക്ക് കുതിച്ചു. പെട്ടെന്നുതന്നെ മൂത്രമൊഴിച്ച് തിരിച്ചുവന്നു. അളന്നുമുറിച്ച കാല്‍വെപ്പുകളോടെ കൃത്യനിര്‍വ്വഹണത്തിന് പുറപ്പെട്ടു. എന്റെ ഹൃദയം പടപടാ മിടിച്ചുകൊണ്ടിരുന്നു.

ക്ലാസ്സിലെത്തുമ്പോള്‍ ജസ്സിയോട് ടീച്ചര്‍ എന്തോ ചോദ്യം ചോദിച്ചിരിക്കയാണ്. ജസ്സി എഴുന്നേറ്റുനിന്ന് കെെ പിന്നില്‍കെട്ടി വേവലാതിയോടെ ഉത്തരം പറയാന്‍ ശ്രമിക്കുകയാണ്. ആരും കാണുന്നില്ല എന്ന ഉത്തമവിശ്വാസത്തോടെ ഞാന്‍ പൌഡറിന്റെ പൊതി പിറകില്‍ കെട്ടിയ അവളുടെ കയ്യില്‍ വെച്ചുകൊടുത്തു. ഒന്നും സംഭവിക്കാത്ത മട്ടില്‍ എന്റെ ബെഞ്ചിലേക്ക് നടക്കാന്‍തുടങ്ങി. പക്ഷേ, എത്സിട്ടീച്ചര്‍ അത് കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു.
"എന്താടാ, അത്?"ടീച്ചര്‍ എന്നെ നോക്കി കണ്ണുമിഴിച്ചു.
ഞാന്‍ നിന്ന് പരുങ്ങി.
"നിന്നോടാണ് ചോദിച്ചത് അത് എന്താണെന്ന്".
അപ്പോഴേക്കും ടീച്ചര്‍ ജസ്സിയുടെ കയ്യില്‍നിന്നും തൊണ്ടി പിടിച്ചെടുത്തുകഴിഞ്ഞിരുന്നു. "ഇതെന്താ?" ടീച്ചര്‍ ദേഷ്യത്തോടെ ചോദിച്ചു.
" ആ കുട്ടി പറഞ്ഞിട്ടാ, കുറച്ച് പൌഡറാ". ഞാന്‍ വിക്കിവിക്ക് പറഞ്ഞു.
പക്ഷെ, എന്റെ പ്രസ്താവന ജസ്സി നിഷ്കരുണം നിഷേധിച്ചു.
"അല്ല ടീച്ചര്‍, ആ കുട്ടി ഈ പൊതി വെറഉതെ എന്റെ കയ്യില്‍ വെച്ചുതന്നതാണ്".
ഞാന്‍ വീണ്ടും ചമ്മി. മറ്റുകുട്ടികളെല്ലാം ആര്‍ത്തുചിരിച്ചു.
"മേലില്‍ ഇത് ആവര്‍ത്തിക്കരുത്. അവള്‍ ശാലയിലെ കുട്ടിയാണ്. ശാലമ്മയെങ്ങാന്‍ ഇത് കണ്ടുപിടിച്ചാല്‍ അടികിട്ടുന്നത് അവള്‍ക്കാണ്. ഇതാ, നീ വെച്ചോ. അവന്‍ സ്നേഹത്തോടെ തന്നതല്ലേ". ടീച്ചര്‍ പൌഡര്‍പൊതി ഒരു കുസൃതിച്ചിരിയോടെ ജസ്സിക്ക് നല്കി.

അപ്പോഴേക്കും സ്കൂള്‍ വിടാനുള്ള ബെല്ലടിച്ചു. എത്സിട്ടീച്ചര്‍ ആ കുസൃതിച്ചിരിയോടെ ക്ലാസ്സില്‍നിന്ന് ഇറങ്ങി നടന്നു. കുട്ടികളുടെ മുന്നില്‍ എന്റെ ബുദ്ധിമോശം കാരണം ചമ്മിനില്ക്കേണ്ടിവന്നതിന്റെ വേവലാതിയോടെ ഞാന്‍ തനിയെ വീട്ടിലേക്ക് നടന്നു. അപ്പോള്‍ പിറകെവന്ന അയല്‍വാസികളായ രണ്ട് സഹപാഠിനികള്‍ എന്നെ ഭീഷണിപ്പെടുത്തി. "ഞങ്ങളിത് നിന്റെ ചേച്ചിമാരോട് പറയും". പൌഡര്‍ എടുത്തത് മാത്രമല്ല, അതൊരു ശാലക്കുട്ടിക്ക് കൊണ്ടുക്കൊടുത്തത് അവര്‍ അറിയുമ്പോള്‍ പ്രശ്നം ഗുരുതരമാകും. എനിക്ക് ദേഷ്യം വന്നു. ഞാന്‍ അവരെ തിരിച്ച് ഭീഷണിപ്പെടുത്തി. "നിങ്ങളെങ്ങാന്‍ ഇത് എന്റെ വീട്ടില്‍ പറഞ്ഞാല്‍ അച്ഛനാണെ നേര്, രണ്ടെണ്ണത്തിനെയും ഞാന്‍ ശരിയാക്കും നിങ്ങളെപ്പറ്റി പലതും എനിക്കും നിങ്ങളുടെ വീട്ടില്‍ പറയാനുമുണ്ടാകും". ഭാഗ്യത്തിന് അവര്‍ ഇതാരോടും പറഞ്ഞില്ല.

അന്ന് രാത്രിമുഴുവന്‍ എനിക്ക് ഉറക്കം വന്നില്ല. കണ്ണടയ്ക്കുമ്പോള്‍ ശാലമ്മയുടെ മുഖമാണ് കാണുക. അനാഥാലയത്തിലെ മേട്രനെയാണ് ശാലമ്മയെന്ന് വിളിക്കുന്നത്. നിസ്സാരമയാ കാര്യങ്ങള്‍ക്കുപോലും അവര് കുട്ടികളെ കഠിനമായി ശിക്ഷിക്കാറുണ്ടെന്ന് ജസ്സി എന്നോട് പറഞ്ഞിട്ടുണ്ട്. ഏതായാലും പിറ്റേന്ന് ഇത്തരി വേവലാതിയോടെയാണ് ഞാന്‍ ക്ലാസ്സിലെത്തിയത്. അതാ, പൌഡര്‍ പൂശി കുറേക്കൂടി സുന്ദരിയായ ജസ്സി എന്നെ നേക്കി പുഞ്ചിരി തൂകുന്നു. ആ പുഞ്ചിരിയുടെ ചാറല്‍മഴയില്‍ എന്റെ പേടിയും ചമ്മലുമെല്ലാം ഒഴുകിപ്പോയി. ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ഹൃദയസംബന്ധമായ അസുഖംമൂലം എത്സിട്ടീച്ചര്‍ മരിച്ചുപോയി. ജസ്സി ലോറന്‍സ് ഇന്നെവിടെയോ ആവോ. ഒരു കടലാസ് തോണിപോലെ അവളും അവളെക്കുറിച്ചുള്ള ഓര്‍മ്മകളും എങ്ങോട്ടോ ഒലിച്ചുപോയി. "കലമാമിലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചു".

ചെറുപ്പകാലത്ത് ഞങ്ങള്‍ക്കെല്ലാം പരിചിതമാണ് കോന്തല. മുണ്ടുടുക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും അവര്‍ക്ക് പ്രിയപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലമാണ് കോന്തല. ഉടുമുണ്ടിന്റെ അരയില്‍ തിരുകി ഉറപ്പിക്കുന്ന ഭാഗത്തെ ബാക്കിവരുന്ന ഇത്തിരിത്തുണിയാണ് കോന്തല. അവിടെ ചില്ലറ പെെസയും മുട്ടായിയും നെല്ലിക്കയും മറ്റും അവര്‍ ഭദ്രമായി കെട്ടിവെക്കും, പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി അഴിച്ചു പുറത്തെടുക്കാന്‍. മുരളിയുടെ ഈ പ്രിയഗാനം കേള്‍ക്കുമ്പോഴെല്ലാം ഓര്‍മ്മകള്‍ സൂക്ഷിച്ച ഓരോരോ കോന്തലകള്‍ എനിക്കുമുന്നില്‍ തനിയെ അഴിഞ്ഞു നിവരുന്നു. അതില്‍നിന്ന് വര്‍ണ്ണാഭമായ ബാല്യകാലസ്മരണകള്‍ ഒരു പൂമരക്കൊമ്പില്‍നിന്ന് എന്നപോലെ ഉതിരുന്നു. ഗായകന്, ഗാനരചയിതാവിന്, സര്‍വ്വോപരി സംഗീതസംവിധായകന് നന്ദിയുടെ ഒരു ഉറവ മനസ്സിലെപ്പോഴും ഉണരുന്നു.

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2016-11-06 11:55.

ഒരു ഗാനം ഇത്രമാത്രം അലകൾ ഓർമ്മകളിൽ സൃഷ്ടിക്കുന്നത് ആ ഗാനത്തിന്റെ ധന്യതയാണ്. പി.ടി.അബ്ദുറഹിമാൻ, വടകര കൃഷ്ണദാസ്, കെ.രാഘവൻ എന്ന അതുല്യസംഗീതപ്രതിഭ എന്നിവർ ഒത്തുചേരുമ്പോൾ ഈ ഗാനം യാഥാർത്ഥ്യമാവുന്നു. അത് നമ്മുടെ കാതുകളിലേക്ക് എത്തിക്കുന്നത് വി.ടി മുരളി എന്ന അക്കാലത്തെ ഒരു പുതുമുഖം.

ഓത്തുപള്ളിയിലൂടെ ശൈശവപ്രണയത്തിന്റെ ഭാവലോകം അവതരിപ്പിച്ച പ്രഭാകരൻ ഉചിതമായ വാക്ക്, ഉചിതമായ സന്ദർഭം, ഉചിതമായ പ്രമേയം... ഇതിൽക്കൂടുതൽ എന്തു പറയാൻ.