തര്‍ജ്ജനി

ശ്രീകുമാര്‍. പി

ബ്ലോഗ് http://valappotukal.blogspot.in

Visit Home Page ...

കഥ

കാര്‍മേഘം

റോഡിൽ നിന്നും ഒരു ഇടവഴി കടന്നാൽ ചെല്ലുന്നത് പഴകി ദ്രവിച്ച ഗേറ്റ് ഉള്ള ഒരു അപ്പാർട്ടുമെന്റിലേക്കാണ്. ഇടതു വശത്തായി മുകളിൽ വെളിച്ചം ഒളിഞ്ഞു നോക്കുന്ന ഗോവണി കാണാം. അതിനരുകിലായി എണ്ണയുടെയും മൂത്രത്തിന്റെയും കഞ്ചാവിന്റെയും തീവ്ര ഗന്ധം അനുഭവിക്കും. ഇരുട്ടിൽ മുങ്ങി നില്ക്കുന്ന ഇടനാഴിക്ക് പുറകിലായി വളർന്നു മതിൽ ഇടനാഴിയിലേക്കുള്ള വെളിച്ചത്തെ തടഞ്ഞു നിർത്തുന്നു. ഇടനാഴി അവസാനിക്കുന്നത് ഇരുമ്പഴികൾ ഉള്ള ജനാലയിലാണ്.

ജനാലകൾക്കു മുൻപിൽ മതിൽ മാറി തെളിഞ്ഞ ആകാശത്തേക്ക് നോക്കി നില്ക്കുന്ന ഗുൽമോഹർ കാണാം, അതിനിടയിലൂടെ സൂര്യ പ്രകാശം ജനലരുകിൽ എത്തി നോക്കുന്നുണ്ട്. ജീവൻ തുടിക്കുന്ന പഴകിയ കർട്ടനു പുറകിലായി ചുരുണ്ട തലമുടിയും വലിയ കണ്ണുകളുമുള്ള പെൺകുട്ടി എന്തോ കുത്തി കുറിക്കുകയാണ്.

മരണം മുഴക്കി കടന്നു പോയ ആംബുലൻസിന്റെ ശബ്ദം കേട്ടിട്ടോ ഇനി എഴുതാനോന്നുമില്ല എന്ന തോന്നൽ കൊണ്ടോ അവൾ കസേര വലിച്ചെഴുന്നേറ്റു, വളഞ്ഞു നിവർന്ന് ഒരു നിമിഷം നിന്നു, വാതിലുകൾ അടഞ്ഞു കിടക്കുന്ന ആ മുറിയിലേക്ക് വെളിച്ചം കടന്നു വരുന്ന ജനലിനരുകിൽ, പായൽ പിടിച്ച ചുവരുകൾ കടന്ന് തെളിഞ്ഞ ആകാശത്തേക്ക് നോക്കി ഏറെ നേരം നിന്നു.

ഈ ജനാലക്കരുകിൽ നിന്നാൽ എന്നും വൈകുന്നേരങ്ങളിൽ ജാഥകളുടെ മുഴക്കം കേൾക്കാം. പലദിവസങ്ങളിലും ഘോര ഘോര പ്രകടനങ്ങൾ, പല ആവശ്യങ്ങൾക്കായി, പ്രതിഷധങ്ങൾക്കുള്ള ജാഥകൾ സമരങ്ങൾ. വേദികള പലതും കയറി ജാഥകൾ പലതും നടത്തി പക്ഷെ ഒരിക്കൽ പോലും ഒരു ആവശ്യവും നടപ്പായില്ല എന്ന് മാത്രം.

കാഴചകൾക്കപ്പുറത്തായി പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഒച്ച കേൾക്കാം. ഉരുകി ഒഴുകുന്ന പ്രകൃതിയുടെ ചൂടിൽ അവളും വിയർക്കുന്നുണ്ടായിരുന്നു, ഭിത്തിയോടു ചേർത്തു വച്ച മേശയിൽ നിന്നും അവൾ കുപ്പിയെടുത്തു, അവസാനതുള്ളി നാവിൽ വീഴും വരെ കുടിച്ചു. വിയർപ്പൊഴുകുന്ന നെറ്റിത്തടം തുവർത്ത്‌ കണ്ടു തുടച്ച് ബാത്ത്റൂമിലേക്ക്‌ നടന്നു. ഷവറിന്റെ ശബ്ദവും സോപ്പിന്റെ മണവും മുറിയിലാകെ നിറഞ്ഞു.

ഈറൻ മാറി മുടി വിടർത്തി, കാലുകളിൽ തിളങ്ങി നിന്ന ജല കണങ്ങളെ പാടെ അവഗണിച്ചു കൊണ്ട് ജീൻസിനുള്ളിലേക്ക് ഊർന്നിറങ്ങി. ചാരിയ വാതിൽ തുറന്ന് ഇടനാഴിയിലൂടെ ഗോവണി ലക്ഷ്യമാക്കി നടന്നു. ആ വാതിലുകൾ ചേർത്തടക്കുന്നതിൽ അവൾക്കു താല്പര്യം ഉണ്ടായിരുന്നില്ല. അവളിൽ നിന്നും ഒന്നും മോഷ് ടിക്കപ്പെടെണ്ടതായി ഇല്ല എന്ന ബോധം കൊണ്ടോ, തന്നെ തേടി ആരും വരില്ല എന്ന ഉറപ്പുകൊണ്ടൊ, അതോ അതൊരു കാത്തിരിപ്പിന്റെ തുറന്ന വാതിലുകളാണോ? അറിയില്ല. അവൾ ഇവിടെ വന്നതിനു ശേഷം ആ ഇടനാഴികൾ കടന്നു ആരും അവിടെക്കു വന്നതും ഇല്ല.
ഗൊവണികൾക്കു താഴെ ചെറുതെങ്കിലും പൂത്തു നില്ക്കുന്ന കൊന്നമരം നോക്കി അവൾ ഇറങ്ങി, താഴെയായി ഉന്തി നില്ക്കുന്ന ഇഷ്ടികയിൽ കാലുടക്കി അവസാന പടികൾ ചവുട്ടാതെ താഴെയെത്തി, ഒരു നെടുവീർപ്പോടെ തിരിഞ്ഞു നോക്കി നടന്നു. മഴ ചെറുതായി ചാറി കടന്നു പോയി, വീണ്ടും മറ നീക്കി സൂര്യൻ ചൂടെറിഞ്ഞു തുടങ്ങി. ഇടവഴിയിലെ നനഞ്ഞ പൂഴിമണം കണ്ണുകൾ ഇറുകെ പൂട്ടി ഒരു നിമിഷം ആസ്വദിച്ചു. വളർന്നു പന്തലിച്ച മരത്തണലിൽ കൂടെ അലെക്ഷ്യമായി നടന്നു.

കുളിരുള്ള ചെറിയ കാറ്റിൽ മയങ്ങി ഒരു ചെറു പുഞ്ചിരിയുമായി റോഡരുകിലൂടെ നടക്കുമ്പോൾ അവളെ കടന്ന് പോയവരെയും, പാഞ്ഞു പോകുന്ന വാഹനങ്ങളും ഒരിക്കലും ശ്രദ്ധയിൽ പെട്ടില്ല. അടുത്ത ചുവടു വച്ചതും ശക്തമായി ആരോ തള്ളി മാറ്റിയതും പെട്ടെന്നായിരുന്നു, "താഴെ നോക്കി നടക്കു കൊച്ചെ". മുന്നിലായി വാ പൊളിച്ചു കിടക്കുന്ന ഓട നിറഞ്ഞു പതഞ്ഞൊഴുകുന്ന കറുത്ത വെള്ളത്തിൽ മുങ്ങി മറയുന്നതു മനസ്സിൽ കണ്ടവൾ ചിരിച്ചു. പുറത്ത് വന്ന ദേഷ്യം ഉള്ളിലൊതുക്കി തന്നെ പിടിച്ചു മാറ്റിയ ആൾ നടന്നകലുന്നത് അവൾ മായാത്ത ചിരിയുമായി നോക്കി നിന്നു.
റോഡിനു വലതു വശത്തായി ഒരു ചെറിയ ഹോട്ടൽ, അതിലേക്കു കണ്ണുടക്കിയതും അവളറിയാതെ വിശപ്പ്‌ കാലുകളെ അങ്ങോട്ട്‌ ചലിപ്പിച്ചു. ചീറി വരുന്ന വാഹനങ്ങളെ കാറ്റിൽ പറത്തി അവൾ റോഡിലിറങ്ങി, ടയറും റോഡും കരഞ്ഞു, "ചാവാനിറങ്ങിയതാണോടി" പല തലകളിൽ നിന്നും കേട്ട ആക്രോശങ്ങൾ ഒരു അശരീരിയായി മുഴങ്ങി, ഇപ്പോഴും തിരിഞ്ഞു നോക്കാതെ അവൾ നടന്നു. നിർത്താതെ ഉള്ള ഹോൺ മുഹക്കത്തിൽ കാക്കകൾ കരഞ്ഞു കൊണ്ട് പറന്നു. ഹോട്ടലിനു മുന്നിലായി ജീർണിച്ച കണ്ണുകളുമായി അവളെ തന്നെ നോക്കി നിന്നിരുന്ന ഭ്രാന്തി തള്ള എന്തൊക്കെയോ പുലമ്പികൊണ്ട് ഓടി അകന്നു.

പുറത്തുനിന്നു കാണുന്നതിലും വിശാലവും സുന്ദരവും ആയിരുന്നു ഹോട്ടൽ, ഒരു ആർട്ട്‌ ഗാലറി പോലെ മനോഹരമായി ചുവരുകളിൽ തൂങ്ങി നില്ക്കുന്ന ചിത്രങ്ങൾ. അവയിലേക്കു മാത്രം ചെറിയ LED കത്തി നിൽക്കുന്നുണ്ട്. വളരെ പതിഞ്ഞ ശബ്ദത്തിൽ ഇൻസ്ട്രുമെന്റ് മ്യൂസിക്ക് കേൾക്കുന്നുണ്ട്. ഒഴിഞ്ഞ കോണിലായി കസേര വലിച്ചവൾ ഇരുന്നു. എല്ലാവരുടെയും ശ്രദ്ധ അവളിലെക്കായി, പക്ഷെ അതൊന്നും വകവെയ്ക്കാതെ കസേര മേശക്കരുകിലേക്ക് വീണ്ടും വലിച്ചടുപ്പിച്ചു. വായിച്ചുതീരാത്ത മെസ്സേജുകളുടെ നീണ്ടനിര. അവയിലൊന്നുപോലും തനിക്ക് ഉപകാരപ്പെടില്ല എന്ന വിശ്വാസത്തോടെ വാട്സ് ആപ്പ്ഡിലീറ്റ്ചെയ്തു. അടുത്തേക്ക് വന്ന ചെറുപ്പക്കാരനെ നോക്കാതെ അവൾ തെല്ലുറക്കെ പറഞ്ഞു " ഒരു സ്ട്രോങ്ങ് ചായ", മുഴങ്ങികേട്ട ശബ്ദം ജനാലകളും കതകും കടന്നു.
ഫേസ്ബുക്ക് പ്രൊഫൈൽ, ഇനി ഈ പേജിൽ ആരും അലഞ്ഞു തിരിഞ്ഞു നടക്കില്ല, എന്നെന്നേക്കുമായി അതിവിടെ അവസാനിക്കട്ടെ. അല്ലെങ്കിലും ഇതിൽ നിന്നും കിട്ടിയ ലൈക്കിനും കമന്റിനും എന്ത്മൂല്യമാണുള്ളത് ? ഈ അജ്ഞാത വാസത്തിന്റെ അരക്കില്ലത്തിൽ എല്ലാം എരിഞ്ഞടങ്ങട്ടെ, മൊബൈലിന്റെ ഫാക്ടറി റീസെറ്റ് ചെയ്യുമ്പോൾ എന്തോ ഭാരം ഒഴിഞ്ഞപോലെ അവൾക്കു തോന്നി, ഇനിയും എന്തൊക്കെയോ ബാക്കിനില്ക്കുന്നു. മൊബൈലിൽനിന്നും സിം ഊരിമാറ്റി മേശപ്പുറത്തിരുന്ന ഫ്രോക്ക്കൊണ്ടു പല തവണ ആഞ്ഞുകുത്തി, എല്ലാകണ്ണുകളും തെല്ലൊരു അത്ഭുതത്തോടെ അവളെനോക്കി. ചായയുമായി വന്ന ചെറുപ്പകാരൻ അകന്നു മാറി നിന്നു.
അലസമായി മേശമേൽ ഫോൺ എടുത്തുവച്ചു, ഇനിയെന്തിന്, അതിനുള്ളിലെ ഒര്മകളെ ഒരുവിരൽതുമ്പാൽ മായിച്ചു കളഞ്ഞില്ലെ. ഒരുപക്ഷെ വരുന്ന നാളെകളിൽ, നമുക്കും ഇതേപോലെ ആവശ്യ മെന്നു തോന്നിയാൽ ഒരു റീസെറ്റിങ്ങ് സാധിച്ചേക്കും. ചൂട്ചായ തൊണ്ടയിൽ നിന്നും ആമാശയത്തിലേക്ക് ഉരുകി ഇറങ്ങി, നാക്കിൻ തുമ്പിലെ തരു തരുപ്പിൽ ഒരു നിമിഷം ലയിച്ചിരുന്നു.

നിഴലുപോലെ അവൾക്കു പുറകിലൂടെ പുറത്തേക്കു പോയ ആളിന് പിന്നാലെ കടയിൽ നിന്നും ആരൊക്കെയോ ഓടി. ബഹളത്തിനിടയിൽ വലയ ഒരു സബ്ദവും നിർത്താതെ ഉള്ള ഹോൺ മുഴക്കവും കേട്ടവൾ കണ്ണുകൾ തുറന്നു, ഹോട്ടൽ വിജനമായി കഴിഞ്ഞിരുന്നു, പുറത്ത് നിന്നും കടന്നു വന്ന മധ്യവയസ്കൻ അവളോടായി പറഞ്ഞു, "നിന്റെ മൊബൈലുമയിട്ടാണവൻ ഓടിയത്, പാവം!", എഴുന്നേൽക്കുമ്പോൾ ഉൾബോധ മനസ്സിൽ നിന്നും തികട്ടി വന്ന ചോദ്യം അവളെ കസേരയിൽ തന്നെ ഇരുത്തി. എന്റെ എന്ന് പറയാൻ ഇനി എന്താണതിൽ ഉള്ളത് ? അത് എപ്പോഴേ ഉപേക്ഷിച്ചു കളഞ്ഞതല്ലെ. ഇനി അതൊരിക്കലും തന്റെ സ്വന്തമാവില്ല.

ചായയുടെ അവസാന ചൂടും വിഴുങ്ങി അവൾ പുറത്ത് കടന്നു. ഇപ്പോഴും ഒഴുകി വരുന്ന ജനകൂട്ടത്തിൽ നിന്നും ഉച്ചത്തിലുള്ള സംസാരം കേട്ടു, അവിടിവിടെആയി മൊബൈലുകൾ മിന്നി തെളിഞ്ഞു. റോഡരുകിലായി ചോര തെറിച്ച മൊബൈൽ കഷ്ണങ്ങൾ കാലുകൊണ്ടു തട്ടി ഓടയിലേക്കിട്ടവൾ നടന്നു. ചുട്ടുപൊള്ളുന്ന പ്രകൃതിയെ കുളിരണിയിക്കൻ എത്തിയേക്കാവുന്ന മഴയുടെ വിളമ്പര ധ്വനികൾ മുഴങ്ങി കേട്ടു.

ഉരുകി ഒഴുകുകയാണ് ശരീരം, റോഡരുകിലായി കരിഞ്ഞുണങ്ങിയ പുല്ലുകൾ. കഴിഞ്ഞ കുറെ ദിവസങ്ങളായി ചൂടേറിയിരിക്കുകയാണ്, മാനം മൂടി വരുന്നതല്ലാതെ മഴ ഇതുവരെ കനിഞ്ഞതില്ല. ഇടതു വശത്തായി ഉണ്ടായിരുന്ന ചെറുകടകളും കുടിലുകളും നീക്കം ചെയ്തിരിക്കുന്നു, ഇനി മാനം മറച്ചൊരു കോൺക്രീറ്റ് കോമ്പ്ലെക്സ് ഉയരും. ചെടികളും മരങ്ങളും കുടിലുകളും റോഡരുകിൽ നിന്നും എവിടേക്കോ മറഞ്ഞു കഴിഞ്ഞിരിക്കുന്നു. നഗരം വളരുന്നു, മെഘപാളികളെ കീറി മുറിച്ചു കൊണ്ടുയരുന്ന കെട്ടിടങ്ങൾ, പാശ്ചാത്യ ചിട്ടവട്ടങ്ങളിലേക്കുയരുകയാണല്ലോ നമ്മുടെ പുരോഗതി. മരങ്ങൾ മാറി മലകൾമാറി വയലുകൾ മാറി വലിയ വലിയ കെട്ടിടങ്ങൾ. ചേക്കേറാനൊരു ചില്ല തേടി കാക്കകൾ എന്നെ പറന്നകന്നു.

പാലം കയറി ഇറങ്ങുമ്പോൾ ഇടതു വശത്തേക്ക് ഒരു ഇടവഴി ഉണ്ട്, വഴി അവസ്സാനിക്കുന്നത് നിരന്നു നില്ക്കുന്ന കടകൾക്ക് അരുകിലാണ്. നാല് കടകൾക്കപ്പുറം നീല ചുവരുകൾക്കുള്ളിൽ വലിയ കണ്ണട വച്ച കുറിയ മനുഷ്യൻ എന്തൊക്കെയോ കടലാസിൽ കുറിച്ചു കൊണ്ടിരിക്കുന്നു. പതിയെ പടവുകൾ കയറി അവൾ ചില്ല് അലമാരയുടെ മതിൽ ചാരി നിന്നു. കണ്ണട ഒന്നുയർത്തി തല അല്പം ചരിച്ചു അവളെ നോക്കി. ഒരു സ്റ്റേ ഫ്രീ തരുമോ, മേശമേൽ നിന്നും വലിയ ഒരു ന്യൂസ്‌ പേപ്പർ കഷ്ണവുമായി അയാൾ താഴേക്കു കുനിഞ്ഞു, കടലാസിൽ പോതിഞ്ഞു അവൾക്കരുകിലേക്കു വച്ചു, കടലാസുമാറ്റി ഒന്നോടിച്ചു നോക്കി പഴയപോലെ വയ്ക്കുമ്പോൾ അവൾ തിരക്കി, alprazolam 0.5 mg അഞ്ച ണ്ണം. ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നിട്ട് അയാള് ഗുളികകൾ അടുക്കി വച്ചിരിക്കുന്ന പല ട്രേകളും എടുത്തു മറിച്ചു നോക്കി, അവസാനം ഗുളികയുടെ സ്ട്രിപ്പുമായി അവൾക്കരുകിൽ എത്തി, ഒരു ഭാവ വെത്യാസവും ഇല്ലാതെ അവൾ അത് നോക്കി നിന്നു. പ്രിസ്ക്രിപ്ഷൻ ഉണ്ടല്ലോ അല്ലെ. "ഉം" എന്ന മൂളലിൽ എല്ലാം ഒതുക്ക. ബാലൻസ് വാങ്ങി അവൾ ഇറങ്ങി നടക്കുമ്പോളും അയാൾ ഇമ വെട്ടാതെ അവളെ നോക്കി നിന്നു.

ജങ്ങ്ഷനിലേക്കു കടന്നാൽ റോഡരുകിലായി ഇലക്ട്രിക്ക് പോസ്റ്റിന്റെ ഒടിഞ്ഞ തൂണുകളിൽ പ്രതീക്ഷയോടെ യാത്രക്കാരെ കാത്തിരിക്കുന്ന ഓട്ടോ ക്കാരെ കാണാം, അവർക്ക് പുറകിലെ ചുവരുകളിൽ അടുത്തിടെ ഇറങ്ങിയ സിനിമയുടെ പോസ്ററുകൾ, അവയ്ക്കിടയിലൂടെ പഴയ കാല ചുവരെഴുത്ത്തിന്റെ ഒഴുകിയ നിറങ്ങൾ തെളിഞ്ഞു നിൽക്കുന്നു. ഇരുവശത്തും ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്ക് മുകളിലായി വലിയ ഫ്ലെക്സ് ബോർഡുകൾ, അവയിലെ മോഡലുകൾ നിരത്തിലൂടെ പോകുന്ന യാത്രക്കാരെ നോക്കി പുഞ്ചിരിക്കുന്നു. എന്നോ നിലച്ച സിഗ്നല്‍ കാത്തു നില്ക്കുന്ന വാഹനങ്ങളെ കൈ കാട്ടി വിളിക്കുന്ന പോലീസുകാരന്‍ തളർന്നിരുന്നു. അയാൾക്ക്‌ പുറകിലായി പുകതുപ്പി കിതച്ചു നിൽക്കുന്ന വാഹങ്ങൾക്കിടയിലൂടെ അവൾ റോഡു മുറിച്ചു കടന്നു. ആദ്യം കണ്ട മെഡിക്കൽ സ്റ്റോറിലേക്കു കയറി. നിർത്തിയിട്ട ബസിൽ നിന്നും ഒരാൾ ഓടി ഇറങ്ങി. "ചേട്ടാ പനിക്കുള്ള ഗുളികയുണ്ടോ?" പനി മാത്രമേ ഉള്ളോ? ശരീര വേദനയും ഉണ്ട്. 4 എണ്ണം പോരെ?" ഗുളിക വാങ്ങി വന്ന വേഗത്തിൽ അയാൾ ബസിൽ കയറി.

കടയിലെ ചുവരുകളിൽ നിരന്നിരിക്കുന്ന മരുന്നുകളിൽ കണ്ണുകൾ പായിച്ചു കൊണ്ടവൾ തിരക്കി ആ മരുന്ന് കഴിച്ചാൽ നല്ല വണ്ണം വെക്കും അല്ലെ, അവൾ ചുണ്ടിയ ഭാഗത്തേക്ക് നോക്കി അയാൾ മൂളി. എങ്കിൽ തനിക്കതിൽ ഒരണ്ണം വാങ്ങി കഴിച്ചു കുടെ? മരുന്നുകൾ തിങ്ങി നില്ക്കുന്ന അലമാരയുടെ ചില്ലിൽ നിന്നു കാണുന്ന കുഴിഞ്ഞ കണ്ണുകളും, മെലിഞ്ഞ സരീരവും ഉള്ള നിഴൽ നോക്കി അയാൾ തിരക്കി. ചേച്ചിക്കെന്താ വേണ്ടെ? ഒരു കിലോ പഞ്ചസാര. ഉണ്ടോ? വട്ടാണല്ലേ, ഇത് മെഡിക്കൽ സ്ട്ടോറ, ഇവിടെ പലചരക്കു സാധനം കിട്ടില്ല, ജീവൻ രക്ഷ മരുന്നുകൾ കിട്ടും. വെള്ളം കിട്ടുമോ, പച്ച വെള്ളം!! അല്പം അമർഷത്തോടെ അയാൾ അവളെ നോക്കി, ഹേ ദേഷ്യപ്പെടാതെ വെള്ളം ഒരു ജീവൻ രെക്ഷ മരുന്നാണ്. alprazolam ഉണ്ടോ 0.5mg? അത് വെറുതെ കൊടുക്കാൻ പറ്റില്ല, ഡോക്ടറുടെ ചീട്ടുണ്ടോ? അതെയോ, അല്പം മുൻപേ ഇവിടെ നിന്നും മരുന്ന് കൊടുത്തതും അതെ പോലെ ചീട്ടു വാങ്ങിയിട്ടല്ലല്ലോ. അത് പോലെ അല്ലല്ലോ. എനിക്ക് 5 ഗുളിക തന്നാൽ മതി, അത് കഴിച്ചാൽ ചത്തു പോകത്തൊന്നുമില്ല. ഒന്ന് മടിച്ചു നിന്നിട്ട്, ശല്യം ഒഴിഞ്ഞു പോകട്ടെ എന്ന് കരുതി അയാൾ ഗുളിക പരതി എടുത്തു. 3 എണ്ണമേ തരാൻ പറ്റു, ഇതിൽ കൂടുതൽ തരണമെങ്കിൽ ചീട്ടു കൊണ്ടു വരണം. ഇനി വരുമ്പോൾ ചീട്ടുമായി വരാം.

ഇടവഴികൾ പലതും കടന്ന്, തെരുവുകളിൽ നിന്നും തെരുവുകളിലേക്കു അവൾ പറന്നു നടന്നു, നഗര വീഥികളെ പിന്നിട്ട് ഗ്രാമ അതിർ വരമ്പുകൾ താണ്ടിയ യാത്രയിൽ വാഴിയോര കടകളിൽ പലതിലും അവൾ കയറി ഇറങ്ങി, തിരികെ യാത്രയിൽ അവളുടെ കാലുകൾക്ക് ക്ഷീണം ബാദിച്ചിരുന്നു എങ്കിലും മായാത്ത പുഞ്ചിരി ഇപ്പോഴും തെളിഞ്ഞു നിന്നു. പ്രകൃതിയുടെ മുഖം ഇരുണ്ടു തുടങ്ങി, ഉണങ്ങി വരണ്ട ഭൂമിയെ കുളിരണിയിച്ചു കൊണ്ടു മഴ പൊഴിഞ്ഞു തുടങ്ങി. ഇടവഴി കടന്നു ആളൊഴിഞ്ഞ വീടിന്റെ മുന്നില് നിന്നവൾ ആദ്യമായി കാണുന്ന പോലെ മുകളിലേക്കു നോക്കി. ഇടിമിന്നലിൽ തെളിഞ്ഞു കണ്ട പടവുകൾ കയറി അവൾ മുകളിൽ എത്തി, ചാരിയ വാതിൽ തുറന്നു കിടക്കുന്നു, അവളെ കണ്ടു ഭയന്ന പോലെ അത് വിറച്ചു കൊണ്ടിരുന്നു. ഡയറി മറിച്ചു നോക്കികൊണ്ടിരുന്ന കാറ്റ് പെട്ടെന്ന് നിശബ്ദനായി. ശക്തനായ മഴ ഇടനാഴിയിലേക്ക്‌ ഇറങ്ങി തുടങ്ങി, കാറ്റ് അവനെ പാതി തുറന്ന വാതിൽ പഴുതിലൂടെ മുറിക്കുള്ളിലേക്ക് കടത്തി വിട്ടു. ഒരു നിമിഷം വാതിലിൽ ചാരി ഇടറുന്ന ഗേറ്റുകൾ കടന്ന് വിജനമായ ഇടവഴിയിലേക്കു നോക്കി അവൾ നിന്നു, മിന്നലിൽ തെളിഞ്ഞു കണ്ട ആ മുഖത്ത് ചിരി മാഞ്ഞിരുന്നു. ഇനി ആരും ഈ ഇടനാഴികൾ കടന്നു വരില്ല എന്നാ വിശ്വാസത്തോടെ ആദ്യമായും അവസാനമായും ആ വാതിൽ ചേർത്തടച്ചു.

Subscribe Tharjani |