തര്‍ജ്ജനി

ശ്രീല.വി.വി.

ഇ മെയിൽ: sreelavv@gmail.com

Visit Home Page ...

കവിത

അസ്തമയം

തീപിടിച്ച കാറ്റിൽ
കാടാകെ കത്തിയെരിയുന്നതുകണ്ട്
കുന്നിറങ്ങുമ്പോൾ
പുറപ്പെട്ടിടത്തെ പുഴയും
വറ്റിപ്പോയിരുന്നു.
വെടിയൊച്ചകളിൽ ഞെട്ടിത്തെറിച്ച്
ഗ്രാമം വിട്ടു പോകുന്നവർ
ഒരു പിടി മണ്ണ് വാരിയെടുക്കുന്നു.
വിഭജനത്തിന്റെ നോവാറും മുമ്പ്
ഭീകരാക്രമണം.
മമതയുടെ ഞരമ്പുകൾ
പൊട്ടിച്ചെറിയാനാകാഞ്ഞ്
അസ്ഥികൂടമായ് ഒടുങ്ങിയവരുണ്ട്,
കണ്ണീരുപ്പുകലർന്ന കടൽക്കരയിലിരുന്ന്
പഴകും തോറും പ്രണയം മധുരിക്കുമെന്ന്
പാടുന്നുണ്ടൊരന്ധഗായകൻ..

പൊട്ടിയ വീണക്കമ്പിയിലെന്റെ
ഗാനം നിശ്ചലമായി
കടലിൽ താണുപോകുന്ന
സൂര്യനെക്കണ്ട് കരയുന്നകുഞ്ഞിനെ
'രാവൊടുങ്ങിയാൽ അത് വീണ്ടുമുയരുമെന്നാ'ശ്വസിപ്പിക്കേ
അത് വേറെയാകും
ഇതുമതിയെനിക്കെന്ന്
കരച്ചിലുച്ചത്തിലായി
ഇന്നു പോലാവുമോ നാളെ?
ഒരു പകലുമാവർത്തിക്കുന്നില്ല
ഉള്ളിലുയർന്ന
അടക്കാനാവാത്ത ഒരു നിലവിളിയോടെ
ഞാനും അസ്തമയം നോക്കിനിന്നു.

Subscribe Tharjani |