തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

പൊതുമരാമത്തുവകുപ്പ് മന്ത്രി അറിഞ്ഞ് നടപടിയെടുക്കാൻ

ജനാധിപത്യവ്യവസ്ഥിതിയും പ്രബുദ്ധമായ കേരളീയസമൂഹവുമാണെങ്കിലും ഹിസ് എക്സലൻസി, ഓണറബിൾ എന്നിവയുടെ മലയാളം ഉപയോഗിക്കാതെ മുഖ്യമന്ത്രിയെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ പറയാറില്ലല്ലോ, നമ്മൾ. എത്രത്തോളം വിനയവും വിധേയത്വവുമുണ്ടോ അത്രയും മികച്ച പൌരൻ എന്ന നിലയിലാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ആനയും അമ്പാരിയും താലപ്പൊലിയും വെടിക്കെട്ടുമൊന്നുമില്ലാതെ ജനാധിപത്യഭരണത്തിലെ മന്ത്രിമാർക്കും മറ്റ് ഭരണസാരഥികൾക്കും എഴുന്നള്ളാനാവില്ലെന്ന നില മാറുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ആദ്യപ്രഖ്യാപനങ്ങളിൽ സൂചിപ്പിക്കപ്പെട്ടത്. ഓരോ ഫയലും ഒരോ ജീവിതമാണെന്നെല്ലാമുള്ള കാവ്യാത്മകമായ പ്രഖ്യാപനം കർണ്ണമധുരം തന്നെ. മുഖ്യമന്ത്രിയെക്കാളും ഇത്തരം കാര്യങ്ങളിൽ കർക്കശനിലപാടുകാരനാണ് പൊതുമരാമത്തുവകുപ്പ് ഭരിക്കുന്ന മന്ത്രി ജി.സുധാകരൻ എന്നാണ് ഞങ്ങളുടെ വിശ്വാസം. അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാൻ വകുപ്പുമായി ബന്ധപ്പെട്ട ചിലപ്രശ്നങ്ങൾ ഉന്നയിച്ചുകൊള്ളട്ടെ.

കേരളസംസ്ഥാനം നിലവിൽ വരുന്നതിനു മുമ്പേ തന്നെ വാഹനങ്ങൾക്ക് സഞ്ചരിക്കാനും വഴിയാത്രക്കാർക്ക് നടന്നുപോകാനുമായുള്ള റോഡുകൾ പണിയുന്ന രീതി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നല്ലോ. പണ്ട് കേരളത്തിൽ എഞ്ചിനിയറിംഗ് പഠനവും വൈദ്യശാസ്ത്രപഠനവും ഉണ്ടായിരുന്നില്ലെന്നതിനാൽ സംസ്ഥാനത്തിന് പുറത്തുപോയി പഠിച്ചവരാണ് ഈ ജോലികളുടെ സാങ്കേതികകാര്യങ്ങൾ നോക്കിയിരുന്നത്. ഇന്ന് സ്ഥിതിയാകെ മാറി. നമ്മുക്ക് സർക്കാർ ഉടമസ്ഥതയിലും മനേജ്മെന്റ് ഉടമസ്ഥതയയിലും എഞ്ചിനിയറിംഗ് കോളേജുകൾ ഉണ്ട്. അതിനുപുറമെ സ്വാശ്രയകോളേജുകളും. എഞ്ചിനിയറിംഗ് പഠിക്കാൻ അവസരം ഇഷ്ടംപോലെ. ധാരാളം കുട്ടികൾ പ്രവേശനപരീക്ഷയെഴുതി എഞ്ചിനിയറാവാൻ ഓരോ വർഷവും കഠിനപരിശ്രമം ചെയ്യുന്നു. അങ്ങനെ കേരളത്തിൽ പഠിച്ച് എഞ്ചിനിയർമാരായവർ നമ്മുടെ പൊതുമരാമത്ത് വകുപ്പിൽ സേവനം അനുഷ്ഠിക്കുന്ന നില കൈവന്നു.

പക്ഷെ, കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളെല്ലാം അങ്ങോളം ഇങ്ങോളം കുണ്ടും കുഴിയുമാണ്. എത്രയോ കാലമായി ഇതാണ് അവസ്ഥ. മഴക്കാലം കഴിയുന്നതോടെ താറുമാറാകുന്ന റോഡുകള്‍ വഴിയാത്രക്കാര്‍ക്കും വാഹനം ഉപയോഗിക്കുന്നവര്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കും. മഴവെള്ളം കെട്ടിക്കിടക്കുന്ന റോഡുകളില്‍ കുഴിയുടെ ആഴം അറിയാതെ വണ്ടിയിറക്കുന്ന ഇരുചക്രവാഹനക്കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുന്നു. മുന്നിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വാഹനം വെട്ടിച്ച് എടുക്കുന്നതിനിടയില്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാകുന്നു. ഓരോ വര്‍ഷവും വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഒരു പക്ഷേ കേരളത്തില്‍ ഏറ്റവും അധികം മരണത്തിന് കാരണമാകുന്നത് റോഡുകളുടെ മോശം അവസ്ഥയായിരിക്കും. ട്രാഫിക് ബോധവത്കരണത്തിനായി എത്ര പരിശ്രമിച്ചാലും റോഡിന്റെ മോശം അവസ്ഥകാരണം ഉണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാനാവില്ല.

വി. എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഇടക്കാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കാനിടയായ ഡോ.തോമസ് എെസക് പൊട്ടിപ്പൊളിഞ്ഞ റോഡിനെക്കുറിച്ച് കോലാഹലം നടക്കുന്ന കാലത്ത് നിയമസഭയില്‍ കേരളത്തിലെ റോഡുകളിലെ കുഴികളുടെ എണ്ണം സഭയില്‍ അറിയിക്കുകയുണ്ടായത് താങ്കള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. മാത്രമല്ല, അന്ന് അദ്ദേഹം ഇങ്ങനെകൂടി പറഞ്ഞു. കുഴികളുടെ എണ്ണം പകുതിയായി കുറക്കും. ഇത് കേട്ട് സരസനായ ഒരു സുഹൃത്ത് പറഞ്ഞു, അതിനായി മന്ത്രിയോ പൊതുമരാമത്ത് വകുപ്പോ ഒന്നും ചെയ്യേണ്ടതില്ല, കുറച്ച് ദിനസം കാത്തിരുന്നാല്‍ മതിയാവും. അടുത്തടുത്തുള്ള കുഴികളെല്ലാം അരികുകള്‍ പൊട്ടി വലിയ ഒന്നായി മാറിക്കോളും. അപ്പോള്‍ പാതിയല്ല, മിക്കവാറും കുഴികളുടെ എണ്ണം നാലിലൊന്നായി കുറയുമെന്ന്. വാസ്തവം തന്നെയാണിത്. റോഡില്‍ ചെറിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ചെറിയ കുഴികള്‍ ഉണ്ടാവുമ്പോള്‍, അവ നന്നാക്കാന്‍ വല്ല പരിശ്രമവും ഫൊതുമരാമത്ത് വകുപ്പില്‍നിന്നും ഉണ്ടായിരുന്നെങ്കില്‍ ഈ ദുരവസ്ഥയുണ്ടാവില്ലായിരുന്നു. സഭയുടെ അന്തസ്സിന് തന്നെ കളങ്കം വരുത്തുന്ന രീതിയിലുള്ള വിശദൂകരണവും മറുപടിയുമായിരുന്നു തോമസ് എെസക്കിന്റേത് എന്നതില്‍ സംശയമില്ല.

താങ്കളുടെ കവിതയെക്കുറിച്ചും കവിതയ്ക്ക് താങ്കള്‍ക്ക് ലഭിച്ചുവെന്ന് പറഞ്ഞ പ്രതിഫലത്തിന്റെയും കാര്യത്തില്‍ വിയോജിപ്പ് ഈ പംക്തിയില്‍ ഞാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ, ഒരു രാഷ്ടീയപ്രവര്‍ത്തകനെന്ന നിലയില്‍ താങ്കള്‍ കെെക്കൊള്ളുന്ന പല നിലപാടുകളോടും സ്വീകരിക്കുന്ന നടപടികളോടും പൂര്‍ണ്ണമായ യോജിപ്പ് പുലര്‍ത്തുന്നുവെന്ന് അറിയിക്കുവാന്‍ ഈ സന്ദര്‍ഭം തന്നെ വിനിയോഗിച്ചുകൊള്ളട്ടെ. എന്തുതന്നെയായാലും, ഡോ. തോമസ് എെസക് ചെയ്തതുപോലെ റോഡിലെ കുഴികളുടെ എണ്ണത്തിന്റെ കള്ളക്കണക്ക് പറഞ്ഞ് കേള്‍ക്കുവരെല്ലാം വിഡ്ഢികളാണെന്ന നിലപാട് താങ്കള്‍ കെെക്കൊള്ളില്ലെന്ന് വിശ്വസിക്കുന്നു.

കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ പരമ്പരാഗതമായി അഴിമതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ സ്ഥാനം ഉറപ്പിച്ചതാണ് പൊതുമരാമത്ത് എന്നതില്‍ ആരെങ്കിലും വിയോജിക്കുമെന്ന് തോന്നുന്നില്ല. പൂര്‍വ്വസൂരികള്‍ വെട്ടുത്തുറന്ന അഴിമതിയുടെ രാജവീഥികള്‍ പിന്‍തലമുറയ്ക്ക് ആശയും ആവേശവുമായി നില്പുണ്ട്. ഓരോ തുണ്ട് കടലാസും പൊതുമരാമത്ത് വകുപ്പില്‍ നീങ്ങണമെങ്കില്‍ ശതമാനക്കണക്കുപറഞ്ഞ് കെെക്കൂലിപിരിക്കുന്ന സമ്പ്രദായം നിറുത്തലാക്കാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. പക്ഷെ, പകല്‍ക്കൊള്ള നിറുത്തുവാനാകും. നിലവാരം കുറഞ്ഞ നിര്‍മ്മാണവസ്തുക്കള്‍, നിലവാരം കുറഞ്ഞ പണി എന്നിവയിലൂടെ അതിവേഗം തകര്‍ന്നും അര്‍ന്നും വീഴുന്ന കെട്ടിടങ്ങളും പാലങ്ങളും നിര്‍മ്മിച്ച് പണം പിടുങ്ങുന്ന സമ്പ്രദായത്തിന് തടയിടാന്‍ താങ്കള്‍ക്ക് കഴിയില്ലേ? നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ ബാങ്ക് ലോണെടുത്തും സമ്പാദ്യം മുഴുക്കെ ചിലവഴിച്ചും നിര്‍മ്മിക്കുന്ന വീടുകളെക്കാള്‍ ചെറിയ കെട്ടിടങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ്ചിലവഴിക്കുന്ന പണം എത്രയെന്ന് താരത്യപ്പെടുത്തിനോക്കുന്നത് നല്ലതാണ്. എം.പി ഫണ്ട്, എം.എല്‍.എ ഫണ്ട് എന്നിവ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ബസ് കാത്തിരിപ്പ് ഷെഡ്ഡുകള്‍ക്ക് ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്.അതാവട്ടെ, നിര്‍ല്ലജ്ജം വലിയ അക്ഷരങ്ങളില്‍ എഴുതി പ്രദര്‍ശിപ്പിച്ച് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നിത്യസ്മാരകങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. പൊതുമരാമത്ത് വകുപ്പിന് അതില്‍ നാണക്കേട് തോന്നില്ല, അവരുടെ കേമത്തമായാണ് അവരത് കണക്കാക്കുക. എന്നാല്‍ ജനപ്രതിനിധികള്‍ക്ക് അത് അപമാനകരം തന്നെയാവേണ്ടതാണ്.

സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജുകളില്‍ പഠിച്ച് ജോലിനേടിയ പഴയകാലത്തെ എഞ്ചിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ, ആകാശത്ത് കാര്‍മേഘം കാണുമ്പോള്‍ത്തന്നെ തകരുന്ന റോഡുകളുടേതാണ്. മഴക്കാലം പുരോഗമിക്കുന്നതോടെ റോഡും തോടും തമ്മില്‍ വലിയ വ്യത്യാസം കാണില്ല. അഴിമതിമരാമത്തിന്റെ തലതൊട്ടപ്പന്മാരില്‍ നിന്നും ശിഷ്യര്‍ പഠിച്ച വിദ്യ ഒരു തടസ്സവുമില്ലാതെ പുരോഗമിക്കുന്നു. ഏറ്റവും മോശം ഹെെവേ നിലനില്ക്കുന്ന സംസ്ഥാനമായി കേരളം മാറി. പഴയ കുതിരകളില്‍നിന്ന് പഠിച്ചപാഠങ്ങള്‍ കൂടുതല്‍ ആവേശത്തോടെ നടപ്പാക്കാനുള്ള തലമുറയാണ് സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളിലൂടെ പുറത്തുവരുന്നത്. വലിയ കാശ് ചിലവാക്കി പഠിച്ചവര്‍ എത്രയും പെട്ടെന്ന് മുടുക്കുമുതല്‍ തിരിച്ചെടുക്കാനായി പരിശ്രമിക്കും. അവര്‍ വന്നടിയുന്ന ഒരു സ്ഥലം താങ്കളുടെ വകുപ്പായിരിക്കും.

പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കരാറുകാരാണ് റോഡുകളും പാലങ്ങളും പണിയുന്നത്. എടുത്ത പണിക്ക് അവര്‍ വല്ല ഗ്യാരന്റിയോ വാറന്റിയോ നല്കുന്നുണ്ടോ? ഇല്ലെങ്കില്‍ അത് വേണം. പൊതുമരാമത്ത് വകുപ്പ് നേരിട്ട് പണി ചെയ്താലെന്താണ് കുഴപ്പം? ജോലിക്കാരെ കരാറിന് നിയമിച്ച് പണിയെടുപ്പിക്കാമല്ലോ. എന്തിനാണ് അതിനിടയില്‍ ഒരു ഇടനിലക്കാരനായ കരാറുകാരന്‍. കോളേജിലും സ്കൂളിലും എന്നുവേണ്ട എല്ലായിടത്തും കരാര്‍ നിയമനങ്ങളല്ലേ? അപ്പോള്‍ ഇവിടെയും വേണമെങ്കില്‍ ആവാം. മാത്രമല്ല റോഡ് പൊട്ടിപ്പൊളിഞ്ഞാല്‍ അത് നിര്‍മ്മിച്ച എഞ്ചിനിയര്‍ ഉത്തരവാദിയാവുകയും ചെയ്യും. അതല്ലേ സര്‍ വേണ്ടത്? താങ്കള്‍ക്കല്ലാതെ വേറെ ആര്‍ക്കാണ് ഇത്തരം ഒരു കാര്യം ഏറ്റെടുത്ത് നടത്താനാവുക?

Subscribe Tharjani |