തര്‍ജ്ജനി

എസ്. കലാദേവി

സഖില,
അമ്പലത്തറ,
തിരുവനന്തപുരം
മെയില്‍ :kaladevi639@gmail.com

Visit Home Page ...

കവിത

അതിര്‍ത്തികള്‍

ഒരേ
രാജ്യത്ത്,
നാട്ടിൽ,
പ്രാദേശിക ഭൂപടത്തിൽ
ഒരേ
സ്വാതന്ത്ര്യത്തില്‍
നിയമത്തില്‍
ഭരണകുടത്തിനു കീഴില്‍
മതിലുകള്‍
വെറുമൊരു മറമാത്രമല്ല
അസ്വസ്ഥജടിലമാം
അതിര്‍ത്തികള്‍..
നിതാന്തജാഗ്രതയോടെ
കാവലിന്റെ
അദൃശ്യപട്ടാളക്രൂരത.
കണ്ണുതെറ്റിപോകുമ്പോഴെക്കെയും
വലിച്ചടയ്ക്കപ്പെടുന്ന
ജാലകങ്ങള്‍..
വര്‍ത്തമാനച്ചെത്തങ്ങളെ
തടഞ്ഞു നിര്‍ത്തി
പരിശോധിച്ച് മടക്കിയയ്ക്കുന്ന
കഠിനതടസ്സങ്ങള്‍,
മതിലുകള്‍
മനുഷ്യനിലേക്ക് വേരുകളാഴ്ത്തുന്നു,
മതിലുകള്‍ ചുമന്ന്
ഒറ്റപ്പെട്ട തുരുത്തു ജീവിതങ്ങളായി
നാം നടന്നു പോകുന്നു
നിരവധി
മനുഷ്യജീവനുകള്‍ക്കിടയിലൂടെ...

Subscribe Tharjani |