തര്‍ജ്ജനി

അബ്ദുള്ള പേരാമ്പ്ര

Visit Home Page ...

ലേഖനം

കുടിയേറ്റത്തിന്റെ ഭൂമിയും കുടിയേറുന്നവരുടെ വർത്തമാനവും

അരനൂറ്റാണ്ട് മുമ്പ് കേരളത്തിലെ അഭ്യസ്തവിദ്യരും, അവിദഗ്ദ്ധതൊഴിലാളികളും ഒരേപോലെ മണലാരണ്യത്തിലേക്ക് യാത്ര പോയത് സ്വന്തം ജീവിതം പച്ചപിടിക്കുന്നത് മാത്രം സ്വപ്നം കണ്ടായിരുന്നില്ല. ഒരു കുടുംബം അരപ്പട്ടിണിയില്‍നിന്നും ഇല്ലായ്മകളില്‍നിന്നും കരകയറുമല്ലോ എന്ന മോഹമാണ് അവനെ സാഹസങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. രാവോ പകലോ നോക്കാതെ അന്നത്തെ ഗള്‍ഫ് നാടുകളുടെ പരിമിതികള്‍ക്കിടയില്‍ നിന്ന് സഹിച്ചും പൊറുത്തുമാണ് മലയാളിസമൂഹം അതിജീവിച്ചതെന്ന് നമുക്കറിയാം. അതിന്റെ ഫലം വലുതായിരുന്നു. ആരുടെ മുന്നിലും നെഞ്ചുയര്‍ത്തിപ്പിടിച്ച് നടക്കാന്‍ നാം പ്രാപ്തരായി. കേരളം എന്ന കൊച്ചുസംസ്ഥാനം വേഗത്തില്‍ പുരോഗതി പ്രാപിച്ചു. ഇവിടെ നല്ല റോഡും പാലങ്ങളും ഉണ്ടായി. വീടുകള്‍ ആകാശംമുട്ടെ ഉയര്‍ന്നു . മൂന്നു നേരവും ഭക്ഷിക്കാമെന്നായി. സാംസ്കാരികമായും വിദ്യാഭ്യാസപരമായും നാം അയല്‍നാടുകളെപ്പോലും പിന്തള്ളി. ലോകത്തുതന്നെ കേരളം പലനിലയ്ക്കും മാതൃകയാവുന്നത് പ്രവാസികളുടെ അദ്ധ്വാനഫലമായാണ്. നമ്മുടെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ല് ആ അദ്ധ്വാനത്തിന്റെ ഫലപ്രാപ്തിയാണ്.

അതവിടെ നില്ക്കട്ടെ. ഇന്ന് കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന മറുനാട്ടുകാരുടെ വാര്‍ത്തകള്‍ നമ്മുടെ ദൃശ്യ-പത്രമാദ്ധ്യമങ്ങളില്‍ ഒരു നിത്യശീര്‍ഷകമായി മാറിയിട്ടുണ്ട്. ഒന്നുകില്‍ അത് കുറ്റകൃത്യവുമായോ അതല്ലെങ്കില്‍ അവരുടെ ജീവിതപ്രശ്നവുമായോ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ജിഷയുടെ വധവുമായി ബന്ധപ്പെട്ട് അസമില്‍ നിന്നുള്ള പ്രതി പിടിക്കപ്പെട്ടപ്പോള്‍ കേരളീയസമൂഹം ഒന്നടങ്കം മറുനാടന്‍ തൊഴില്‍സമൂഹത്തെ വെറുപ്പോടെയും ആശങ്കയോടെയും നോക്കിത്തുടങ്ങി. കേരളത്തിലേക്കുള്ള കുടിയേറ്റത്തൊഴിലാളികളുടെ പ്രവാഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലാണ് അധികരിക്കുന്നത്. എന്നാല്‍ അതിനും എത്രയോ മുമ്പ് ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് തൊഴില്‍തേടി മറുനാട്ടുകാര്‍ എത്തിയതിന് ചരിത്രരേഖകളുണ്ട്. കായികാദ്ധ്വാനം ഏറെ ആവശ്യപ്പെടുന്ന തൊഴില്‍മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നമ്മുടെ പുതുതലമുറ മടിക്കുന്നതാണ് മറുനാട്ടുകാരുടെ രംഗപ്രവേശനത്തിന് ആക്കംകൂട്ടുന്നത്. തൊഴില്‍മേഖലകളില്‍ നേരിടുന്ന അവിദഗ്ദ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യം നമ്മെ മറുനാട്ടുകാരെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു.

കേരളത്തിലേക്ക് ആദ്യമായി കൂട്ടത്തോടെയുള്ള പ്രവാസി തൊഴിലാളികളുടെ ഒഴുക്ക് ഉണ്ടാവുന്നത് തടിവ്യവസായമേഖലകളിലേക്കായിരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലേക്കായിരുന്നു ആ ഒഴുക്ക്. രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് തടിമില്ലുകളില്‍ ജോലി ചെയ്യാന്‍ തയ്യാറാവാതിരുന്ന മലയാളികളെ പിന്തടള്ളി അവിടേക്ക് ആസ്സാമില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെത്തി. മെച്ചപ്പെട്ട വേതനം, ഭക്ഷണം, ജീവിത ചുറ്റുപാട് എന്നിവയില്‍ തൃപ്തരായാണ് അവരിവിടെ തൊഴില്‍ നോക്കിയതെന്നു കാണാം. ഒഡീഷയിലെ ഫുല്വാത്തി, ബൗധ്, ധെങ്കനാല്‍ പ്രദേശങ്ങളില്‍ നിന്നും ഉപജീവനം തേടി ഇവിടെ എത്തിയവരും കുറവല്ലായിരുന്നു. ഇന്ന് നഗര-ഗ്രാമ വ്യത്യാസമില്ലാതെ പ്രവാസ തൊഴിലാളികളെ നമുക്ക് കണ്ടെത്താം. കേരളത്തിലിന്ന് അന്യദേശത്തെ തൊഴിലാളികളെ ഇറക്കുമതി ചെയ്യാനും തൊഴില്‍മേഖലകളില്‍ ഇടപെട്ട് ഏജന്റുമാരായി പ്രവര്‍ത്തിക്കാനും ആളുകളുണ്ട്. ഒരേസമയം അന്യനാട്ടിലെ തൊഴിലാളികളും അവരെ നിയന്ത്രിക്കുന്ന ദല്ലാളുമാരും ജീവിക്കുന്നു എന്നര്‍ത്ഥം. പാവപ്പെട്ട അന്യദേശക്കാരെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് മെച്ചപ്പെട്ട വേതനം ഇവിടെ കിട്ടുന്നുണ്ട്. അതിജീവിക്കാന്‍ അനുഗുണമായ കാലാവസ്ഥ, നല്ല വെള്ളവും പ്രകൃതിയും, രാഷ്ട്രീയ രംഗത്തെ ശാന്തത, ക്രിമിനലുകളുടെ വിളയാട്ടമില്ലായ്മ എന്നിവയെല്ലാം അന്യദേശക്കാരെ ഇവിടേക്ക് ആകര്‍ഷിിപ്പിക്കുന്ന ഘടകങ്ങളാണ്. കേരളത്തില്‍ തൊഴില്‍ ചെയ്ത് തിരിച്ച് സ്വന്തം മണ്ണില്‍ മടങ്ങിയെത്തുന്ന ഒരു തൊഴിലാളി, വീണ്ടും കേരളത്തിലെത്തുന്നത് തന്റെ ഉറ്റ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൂട്ടിയാവും. ഇങ്ങനെ ഓരോ വര്‍ഷവും കേരളത്തിലെത്തിപ്പെടുന്ന പ്രവാസിതൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് കേരളത്തില്‍ എത്ര പ്രവാസി തൊഴിലാളികള്‍ ഉണ്ടെന്നതിന് കൃത്യമായ കണക്ക് ആരുടെ കയ്യിലുമില്ല. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്റെ ഒരു കണക്കു പ്രകാരം 2013-ല്‍ ഇവരുടെ എണ്ണം 25 ലക്ഷത്തിലേറെയാണ്. ദീര്‍ഘദൂര തീവണ്ടികളെ അടിസ്ഥാനമാക്കി തയ്യാര്‍ ചെയ്തതാണ് ഈ കണക്ക്. എന്നാല്‍, തീവണ്ടികളിലല്ലാതെ കേരളത്തിലെത്തുന്ന മറുനാടന്‍ തൊഴിലാളികളുടെ എണ്ണം കൂടി കൂട്ടിയാല്‍ ഇത് എത്രയോ കൂടുതലായിരിക്കാം. തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസ്സാം, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മുഖ്യമായും തൊഴിലാളികള്‍ കേരളീയമണ്ണില്‍ എത്തിപ്പെടുന്നത്. അപൂര്‍വ്വമായി നേപ്പാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്നവരുമുണ്ട്.

പ്രവാസിതൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍

സ്വന്തം നാട്ടില്‍ ജീവിക്കാന്‍ ഗതിയില്ലാതെ വരുമ്പോഴാണ് ഒരാള്‍ മറ്റൊരു ദേശത്തേക്ക് കുടിയേറുന്നത്. ഇത്തരക്കാര്‍ എവിടെയും അസംഘടിതരാണെന്ന കാര്യത്തില്‍ സംശയമില്ല. ദിവസേന പത്തിലേറെ മണിക്കൂര്‍ തൊഴില്‍ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് പലരും. തൊഴില്‍രംഗത്ത് കിട്ടുന്ന ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നു മാത്രമല്ല, മദ്ധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന തദ്ദേശിയരും മറ്റും കിട്ടുന്ന വേതനത്തിന്റെ ഒരു പങ്ക് ചൂഷണം ചെയ്യുന്നവരുമാണ്. തൊഴില്‍ അസ്ഥിരത, സാമൂഹികസുരക്ഷിതത്വമില്ലായ്മ എന്നിവ ബഹുഭൂരിപക്ഷം തൊഴിലാളികളെയും ബാധിക്കുന്ന ഘടകങ്ങളാണ്. അന്തര്‍ദ്ദേശീയതൊഴില്‍കുടിയേറ്റം സംബന്ധിച്ച നിയമങ്ങള്‍ നിലവില്‍ നമ്മുടെ സംസ്ഥാനത്തുണ്ടെങ്കിലും അവയെല്ലാം ഇവരെ സംബന്ധിച്ച് അപ്രാപ്യമാണ്. 1979-ല്‍ തന്നെ ഈ നിയമം പാസ്സാക്കപ്പെട്ടെങ്കിലും പ്രവര്‍ത്തി ഫലത്തില്‍ സാദ്ധ്യമാവുന്ന രീതിയിലുള്ളതല്ല. കേരളത്തിലേക്ക് കുടിയേറിയ അവിദഗ്ദ്ധ തൊഴിലാളികളില്‍ പലര്‍ക്കും രാഷ്ട്രീയപാര്‍ട്ടികളിലോ മറ്റ് സംഘടനകളിലോ അംഗത്വമില്ലാത്തതിനാല്‍, ഇവരുടെ പരാതി കേള്‍ക്കാന്‍ പലപ്പോഴും ആളില്ലാതാവുന്നു. നീതിപാലകരായ പോലീസുകാരുടെ ഇടപെടല്‍ മാത്രമാണ് ഒരു ആശ്വാസം. അവിടെയും ഭാഷ ഒരു തടസ്സമായി നില്ക്കുന്നു. ഇതുകാരണം പലരും പോലീസ് സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ മടിക്കുന്നു. ഒരു പ്രാന്തവല്കൃതസമൂഹമെന്ന നിലയില്‍ മറുനാടന്‍ തൊഴിലാളിസമൂഹത്തെ മാറ്റിനിര്‍ത്തുന്ന രീതിയിലാണ് നീതിപാലകരുടെ സമീപനവും.

പ്രവാസിതൊഴിലാളികളും കേരളത്തിലെ കുറ്റകൃത്യങ്ങളും

കുടുംബം പുലര്‍ത്താനാണ് ഒരു പ്രവാസിതൊഴിലാളി ഇവിടെയെത്തുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. അല്ലാതെ നാടുചുറ്റി കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ വരുന്നവര്‍ ടൂറിസ്റ്റിന്റെ വേഷത്തിലാണല്ലോ വരിക. കുടുംബഭാരം ചുമലിലുള്ള ഒരാള്‍ പൊതുവെ, കുറ്റകൃത്യങ്ങളിലേക്ക് സ്വമനസ്സാലെ എത്തിപ്പെടുക സാധാരണമല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം കുറ്റവാളിയാവുന്നവര്‍ ഇല്ലാതല്ല. അത് ഏത് സമൂഹത്തിലും നമുക്ക് പ്രതീക്ഷിക്കാമല്ലോ. എങ്കിലും പ്രവാസിതൊഴിലാളികളുടെ കുടിയേറ്റം മൂലം കേരളത്തില്‍ അല്ലറചില്ലറ കുറ്റകൃത്യങ്ങള്‍ നടക്കാതെയില്ല. അതില്‍ ഏറ്റവും വിവാദപരമായിരുന്നു ജിഷയുടെ വധം. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, കളവ് എന്നിങ്ങനെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ഉണ്ടെങ്കിലും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഇവര്‍ ഒരിക്കലും വലിയ ഭീഷണിയായി മാറിയിട്ടില്ല. 2015-ല്‍ കേരളത്തില്‍ 653976 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മറുനാടന്‍ മലയാളികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ വെറും ഒരു ശതമാനം മാത്രമാണെന്നാണ് കണക്ക്. ഭാഷ അറിയാത്തതും, ഇടപെടാന്‍ വ്യക്തികള്‍ ഇല്ലെന്നതും ഇവരെ കുറ്റകൃത്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍, കേരളത്തിലെ പല കേസുകളിലും ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് മറുനാട്ടുകാരാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുക എന്ന അവസ്ഥയാണിത്. തദ്ദേശീയരില്‍നിന്ന് ഇവര്‍ക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ ഒരു പോലീസ് സ്റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ് പതിവ്. ജിഷയുടെ കൊലപാതകാനന്തരം കോട്ടയത്ത് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് വിധേയമായി പൊരിവെയിലില്‍ കെട്ടിയിടപ്പെടുകയും ഒടുവില്‍ മരണപ്പെടുകയും ചെയ്ത കൈലാസ് ജ്യോതിബോറ എന്ന ആസ്സാം നാട്ടുകാരനെ നാം എത്രവേഗമാണ് മറന്നുപോയത്. ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളാണ് ഉണ്ടായിരുന്നതെങ്കില്‍ കൈലാസ് ബോറ മരിച്ചത് ശരീരത്തില്‍ 56 മുറിവുകളുമായിട്ടായിരുന്നു.

അതേസമയം, മറുനാടന്‍ തൊഴിലാളിസമൂഹത്തെ കുറ്റകൃത്യങ്ങളിലേക്ക് വലിച്ചിഴക്കുന്ന ചില പൊതുരീതികള്‍ ഇവിടെ നിലനില്ക്കുന്നുണ്ട്. അതിന് ചുക്കാന്‍പിടിക്കുന്നത് പല വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ദല്ലാള്‍ സമൂഹം തന്നെയാണ്. മയക്കുമരുന്നുകളുടെ വിപണനം അധികവും മറുനാടന്‍ പ്രവാസികളിലൂടെയാണ് കേരളത്തിലെത്തുന്നത്. ഈയിടെ ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ വന്‍മയക്കുമരുന്ന് വേട്ട നടത്തിയപ്പോള്‍ കണ്ടെടുക്കപ്പെട്ടത് 4000 ടണ്‍ മയക്കുമരുന്നാണ്. മറുനാടന്‍ തൊഴിലാളികളുടെ ക്യാമ്പിലായിരുന്നു ഈ വേട്ട. ഇവരില്‍ പലരും നിരപരാധികളാവാം. യഥാര്‍ത്ഥകുറ്റവാളി നിയമത്തിന്റെ മുമ്പില്‍ വരാതെ ഞെളിഞ്ഞുനടക്കുന്നുമുണ്ടാവാം. കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ജയിലടക്കപ്പെടുന്ന ഒട്ടുമിക്ക മറുനാടന്‍ തൊഴിലാളികള്‍ക്കും ശരിയായ നീതി ലഭിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. എറണാകുളം ജില്ലയില്‍ പൊള്ളലേറ്റ് മരിക്കാന്‍ ഇടയായ ഒരു ഒഡിയ സ്വദേശിയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ ഒടുക്കം ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെടേണ്ടി വന്നിട്ടുണ്ട്.

എങ്കിലും, കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മറുനാടന്‍ സ്വദേശികളുടെ കടന്നുകയറ്റം പല കുറ്റകൃത്യങ്ങളും നടപ്പിലാക്കാന്‍ എളുപ്പമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിലെ കൊടുംകുറ്റവാളികള്‍ മുതല്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍വരെ ഇവിടേക്ക് നുഴഞ്ഞുകയറാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഈയിടെ ഒരു നാഗാലാന്റ് തീവ്രവാദിയെ അറസ്റ്റു ചെയ്തത് പത്രത്താളുകളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിന് തടയിടാന്‍ നമ്മുടെ സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പോലീസിന് മാത്രം കഴിയുന്ന ഒരു കാര്യമല്ല അത്. സ്വന്തം ദേശത്ത് കുടിയേറിപ്പാര്‍ത്ത് തൊഴില്‍ ചെയ്തുവരുന്ന മറുനാട്ടുകാരുടെ മീതെ നമ്മുടെയും ഒരു കണ്ണ് ഉണ്ടായെങ്കില്‍ നന്ന്. സര്‍ക്കാാര്‍ ഇക്കാര്യത്തില്‍ ഒരു പുനരാലോചന നടക്കേണ്ടതുണ്ട്. കേരളത്തില്‍ ഇന്ന് അധിവസിക്കുന്ന തൊഴില്‍സമൂഹത്തിന്റെ യഥാര്‍ത്ഥകണക്ക് കിട്ടിയേ തീരൂ. ഇക്കാര്യത്തില്‍ ചില മുന്‍കരുതലുകള്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. തൊഴില്‍തേടി ഇവിടെയെത്തിയ അന്യദേശക്കാരുടെ കണക്ക് ഡിജിറ്റൈഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. അതോടൊപ്പം മലമ്പനിപോലെയുള്ള സാംക്രമികരോഗങ്ങള്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നു എന്ന ഭീഷണി പൊതുസമൂഹത്തിന്റെ ഇടയില്‍ നിലനില്ക്കുന്നുണ്ട്. തിരിച്ചുവരുന്ന സാംക്രമികരോഗങ്ങളെ ഫലപ്രദമായി നേരിടാന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ബോധവല്‍ക്കരണവും, പ്രതിരോധകുത്തിവെയ്പും നടക്കേണ്ടതുണ്ട്. ഇന്ന് പ്രവാസി തൊഴിലാളികളുടെ മക്കളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാനുള്ള ശ്രമം സര്‍വ്വശിക്ഷാഅഭിയാന്‍ നടത്തിവരുന്നുണ്ട്. 2010-ല്‍ കുടിയേറ്റതൊഴിലാളി ക്ഷേമപദ്ധതി രൂപീകരിച്ചിരിക്കുന്നു. അത് കൂടുതല്‍ ഊര്‍ജ്ജസ്വലമായി ഇന്ന് രംഗത്തുണ്ട്. കേരള വിഷന്‍ 2030 പ്രവാസി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടത്തുന്നതിലും അത് വിപുലമായ ഒരു ഡാറ്റയായി മാറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

പുതുതലമുറയുടെ മണ്ണിനെ മറന്നുള്ള സാമൂഹിക കാഴ്ചപ്പാട് തുടരുന്ന കാലത്തോളം, കേരളം പൂര്‍ണ്ണമായും പ്രവാസിതൊഴിലാളികളെ ആശ്രയിക്കേണ്ട സാഹചര്യം സംജാതമാകുന്നു. ഒരു മണിയോര്‍ഡര്‍ സമ്പദ്‌വ്യവസ്ഥയാണ് കേരളത്തിലിന്ന് നിലനില്ക്കുന്നത്. അതിന് ആക്കം കൂട്ടാനേ ഇത് സഹായിക്കൂ. മുഖ്യധാരാജീവിതത്തിന്റെ പന്ഥാവിലേക്ക് മറ്റുള്ളവരെ പിന്തള്ളി കടന്നുവരുന്ന ഈ സമൂഹത്തെ വെറുക്കുന്നതിനു പകരം അവരെക്കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോവാനേ ഇനി തരമുള്ളൂ. അപ്പോഴും ഈ കൊച്ചു കേരളത്തിന്റെ പരിമിതി കൂടി നാം ഉള്‍ക്കൊണ്ടേ മതിയാവൂ. നാം നന്നാവാത്തതിന് മറ്റുള്ളവരെ പഴിചാരിയിട്ടെന്ത്?

Subscribe Tharjani |