തര്‍ജ്ജനി

മഹേഷ് മംഗലാട്ട്

മംഗലാട്ട്, ചൂടിക്കൊട്ട, മയ്യഴി - 673 310
ഇ-മെയില്‍: mangalat@chintha.com
വെബ്: മഹേഷ് മംഗലാട്ട്

Visit Home Page ...

സിനിമ

ആന്ദ്രെ വൈദ : പിതൃബിംബമായി മാറിയ ചലച്ചിത്രകാരൻ


ആന്ദ്രെ വൈദ

പോളണ്ടിന്റെ കലുഷമായ ചരിത്രത്തില്‍നിന്ന് ലോകസിനിമയിലെ മികച്ച രചനകള്‍ക്ക് രൂപംകൊടുത്ത മഹാനായ ചലച്ചിത്രപ്രതിഭ ആന്ദ്രേ വൈദ അന്തരിച്ചു. ആറ് പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ കലാജീവിതത്തില്‍ നാല്പതിലധികം ഫീച്ചര്‍ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ആയുഷ്കാലസംഭാവനകള്‍ക്ക് ഓസ്കാര്‍ പുരസ്കാരം നേടിയ ചലച്ചിത്രകാരനാണ് വൈദ. പോളണ്ടിന്റെ മുന്‍പ്രധാനമന്ത്രിയും ഇപ്പോള്‍ യൂറോപ്യന്‍ കൌണ്‍സിലിന്റെ തലവനുമായ ഡൊനാള്‍ഡ് ടസ്ക് വൈദയുടെ മരണവാര്‍ത്തയറിഞ്ഞ് ഇപ്രകാരം ട്വീറ്റ് ചെയ്തു: ഞങ്ങളൊക്കെ വൈദയില്‍ നിന്ന് കുരുത്തവരാണ്. പോളണ്ടിനെയും ഞങ്ങളെത്തന്നെയും ഞങ്ങള്‍ നോക്കിക്കണ്ടത് വൈദയിലൂടെയായിരുന്നു. ഞങ്ങള്‍ക്ക് നന്നായി മനനസ്സിലാക്കാന്‍ കഴിഞ്ഞു. ഇനിയത് പ്രയാസമാണ്. ഇത് അതിശയോക്തിയല്ല. പോളിഷ് ജനത തങ്ങളെ പ്രതിബിംബിച്ചുകാണുന്ന കണ്ണാടിയായി വൈദയേയും അദ്ദേഹത്തിന്റെ രചനകളെയും കണക്കാക്കി. അദ്ദേഹത്തെ കരുത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കി. പ്രചോദനത്തിനായി അദ്ദേഹത്തെ ആശ്രയിച്ചു. അദ്ദേഹം എല്ലാവര്‍ക്കും താങ്ങും തണലുമായിരുന്നു. സിനിമയില്‍ മാത്രമല്ല, പോളിഷ് ജീവിതത്തിലെ പിതൃബിംബമായിരുന്നു വൈദ.

കുടുംബം

കാസിമിയേര്‍സ് വായ്ദ എന്നാണ് ആന്ദ്രയുടെ അച്ഛന്റെ പേര്. പോളണ്ടിലെ ഉള്‍നാടന്‍ പ്രദേശമായ സാറോവിലെ തികച്ചും ഗ്രാമീണരായ നാല് സഹോദരന്മാരില്‍ ഒരാള്‍. അച്ഛന്‍​ പതിനാറാം വയസ്സില്‍ ഒന്നാം ലോകമഹായുദ്ധകാലത്തെ പോളിഷ് വിമോചനസേനയില്‍ ചേര്‍ന്നു. അച്ഛനെപ്പോലെ സഹോദരന്മാരും പഠിക്കുകയും സ്വന്തം ജീവിതം കെട്ടിപ്പടുക്കുവാനായി ജന്മദേശംവിട്ട് ജീവിച്ചവരായിരുന്നു. വിമോചനസേനയില്‍ ചേര്‍ന്ന അച്ഛന്‍ പിന്നീട് അതില്‍ ഒരു ഓഫീസറായി. അദ്ദേഹത്തിന്റെ സഹോദരന്മാരില്‍ ഒരാള്‍ റെയില്‍വേയിലായിരുന്നു. രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതുവരെ കാര്‍കോവില്‍ റെയില്‍വേയുടെ ഡയറക്ടറായിരുന്നു അദ്ദേഹം. മറ്റൊരാള്‍ സ്വന്തമായി ഒരു വലിയ പൂട്ട് നിര്‍മ്മാലശാല ആരംഭിച്ചു. ഈ പണിശാലയില്‍ ജര്‍മ്മന്‍ അധിനിവേശകാലത്ത് ആന്ദ്രെ ജോലി ചെയ്തിരുന്നു. മറ്റൊരു സഹോദരന്‍ ഒരു കര്‍ഷകനേതാവായിരുന്നു, അകാലത്തില്‍ മരിച്ചു. അച്ഛനും സഹോദരങ്ങളും ജീവിച്ചതുപോലെ ഗ്രാമത്തിനുപുറത്തേക്ക് രക്ഷപ്പെടാനും എവിടെയെങ്കിലും കുടുങ്ങിക്കിടക്കാതെ ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള ത്വര തന്നിലും ഉണ്ടായിരുന്നതായി ആന്ദ്രെ കരുതുന്നു.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ ആന്ദ്രെ ക്രാക്കോവിലേക്ക് പോയി. അവിടുത്തെ അക്കാദമി ഓഫ് ഫൈല്‍ ആര്‍ട്സാണ് തന്റെ ജീവിതത്തെ രൂപപ്പെടുത്തുകയെന്ന് അദ്ദേഹം ആശിച്ചു. അവിടെനനിന്ന് ലോഡ്സിലേക്ക് പോയി. അവിടെ ഫിലിം സ്കൂള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അതായിരിക്കും തന്റെ സ്ഥലമെന്ന് തോന്നി. പക്ഷെ സിനിമയുടെ തീരുമാനങ്ങളെല്ലാം വാര്‍സോവിലാണ്. അതാണ് കഴിയാന്‍ പറ്റിയ ഇടം. പക്ഷെ ക്രാക്കോവിലേക്ക് തന്നെ ആന്ദ്രെ തിരിച്ചുവന്നു. അവിടെയാണ് സ്റ്റാറി തിയ്യേറ്റര്‍. ഞാന്‍ നില്ക്കുന്നിടത്തല്ല ജീവിതമെന്ന്, ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയിലല്ല അതെന്ന് എനിക്ക് എല്ലായ്പോഴും തോന്നിയിരുന്നുവെന്ന് പില്ക്കാലത്ത് വൈദ ഒരിടത്ത് ഓര്‍ക്കുന്നുണ്ട്. ഉത്തമവിശ്വസത്തോടെ, തികച്ചും പ്രസക്തവും പ്രധാനവുമാണ് താന്‍ നിര്‍മ്മിക്കുന്ന സിനിമകളും സംവിധാനം ചെയ്യുന്ന നാടകങ്ങളെന്ന് കരുതുമ്പോഴും അതിനപ്പുറം തന്നെ നയിക്കുന്ന എന്തോ ഒന്ന് വൈദയെ അലോസരപ്പെടുത്തിയിരുന്നു. അജ്ഞേയമായ അതിനെ തെരഞ്ഞ്, അതിനെ വേട്ടയാടിപ്പിടിക്കാന്‍ ആഞ്ഞ് .... നിര്‍വ്വചിക്കാനാവാത്ത ഒരു അലച്ചിലായി ജീവിതം.

ആന്ദ്രയെക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ അമ്മയുടെയും അമ്മാവന്‍മാരുടെയും സംരക്ഷണയിലായിരുന്നു. സൈനികപരിശീലനത്തിന് പോവാന്‍ ആഗ്രഹിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. അതിനാല്‍, അക്കാലത്ത് താല്പര്യം തോന്നിയ ചിത്രരചന പഠിക്കാന്‍ നിശ്ചയിച്ചു. പക്ഷെ അധിനിവേശകാലത്ത് അത് പ്രയാസകരമായിരുന്നു. വല്ല ജോലിയും ചെയ്യുന്നുവെന്ന സാക്ഷ്യപത്രമുണ്ടെങ്കില്‍ പുറത്തിറങ്ങി നടക്കാം. അതിനാല്‍ ഇളയച്ഛന്റെ പൂട്ടുനിര്‍മ്മാണക്കമ്പനിയില്‍ ജോലിക്കുചേര്‍ന്നു. കായികാദ്ധ്വാനം എന്നാല്‍ എന്തെന്ന് തനിക്കറിയാമെന്നും താനും ഒരിക്കല്‍ ഒരു തൊഴിലാളി ആയിരുന്നുവെന്നും പില്‍ക്കാലത്ത് പലപ്പോഴും വൈദ അനുസ്മരിക്കുന്നത് ഈ യുദ്ധകാലാനുഭവത്തിന്റെ വെളിച്ചത്തിലാണ്.

ചിത്രകലാപഠനം

ഫൈന്‍ ആര്‍ട്സ് അക്കാദമി പാരീസില്‍ പഠനം നടത്തിയ അദ്ധ്യാപകരുടെ കേന്ദ്രമായിരുന്നു. ഫ്രഞ്ച് പോസ്റ്റ് ഇംപ്രഷണിസ്റ്റ് രീതിയുള്ള മനോഹരമായ ചിത്രരചനയായിരുന്നു അവരുടേത്. അധിനിവേശകാലത്ത് അവിടെ വിദ്യാര്‍ത്ഥികള്‍ വറുതിയിലായിരുന്നു. നേരാംവണ്ണമുള്ള വസ്ത്രംപോലും അവര്‍ക്ക് ഉണ്ടായിരുന്നില്ല. ആന്ദ്രേ, അച്ഛന്റെ പഴയകാല സൈനികയൂനിഫോം നീലച്ചായത്തില്‍ മുക്കിയായിരുന്നു ധരിച്ചിരുന്നത്. സഹപാഠികള്‍ പലരും പട്ടാളത്തില്‍നിന്ന് വന്നവരായിരുന്നു. അവര്‍ക്കും യൂനിഫോമല്ലാതെ വേറെ വസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. അവര്‍ പൊതുവില്‍ പങ്കിട്ട ജീവിതാനുഭവങ്ങളും യാഥാര്‍ത്ഥ്യവും അവര്‍ പഠിക്കുന്ന കലയും തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല. അവര്‍ പൂക്കളും നിശ്ചലദൃശ്യങ്ങളും നഗ്നശരീരവും വരച്ചുപഠിച്ചു. അധിനിവേശത്തിന്റെ എല്ലാ വൃത്തികേടുകളുമാണ് ചുറ്റും കണ്ടത്. വിദ്യാര്‍ത്ഥികള്‍ ഫാക്ടറികളില്‍ പണിചെയ്തു. ശ്മശാനത്തിലെ ചിമ്മിനികളില്‍നിന്ന് ഉയരുന്ന പുക, അറസ്റ്റുകള്‍, തെരുവില്‍ വട്ടമിട്ട് പിടിച്ച് വധിക്കല്‍, വാഴ്സോ കലാപം... വൈദ അക്കാലത്തെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്: ഞങ്ങളുടെ അനുഭവവും ഞങ്ങള്‍ക്ക് പറയാനുള്ളതും വേറെ പലതായിരുന്നു. ഞങ്ങളുടെ ജീവിതവും കളയും തമ്മിലുള്ള അന്തരമായിരുന്നു ഞങ്ങളെ അലട്ടിയത്. പക്ഷെ ഞങ്ങളുടെ അദ്ധ്യാപകര്‍, അവര്‍ സെസാനെപ്പോലെയായിരുന്നു. പ്രഷ്യക്കാര്‍ പാരീസിനെ കീഴടക്കുമ്പോള്‍ നിങ്ങളെന്ത് ചെയ്യുകയായിരുന്നുവെന്ന ചോദ്യത്തിന് സെസാന്‍ മറുപടി പറഞ്ഞു, ഞാന്‍ ലാന്റ്സ്കേപ്പുകള്‍ വരയ്ക്കുകയായിരുന്നു!! അത് ഒരു പ്രതിരോധമായിരുന്നു. യുദ്ധത്തിനെതിരെ ജര്‍മ്മന്‍ അധിനിവേശത്തിന്റെ ഭാഗമായി പോളണ്ടില്‍ വന്നതിനെല്ലാം എതിരെയുള്ള പ്രതിരോധം. പ്രകൃതിദൃശ്യങ്ങളും നിശ്ചലദ്രശ്യവും വരഞ്ഞ് അവര്‍ പ്രതിഷേധിക്കുകയായിരുന്നു. യുദ്ധം അവസാനിച്ചപ്പോള്‍ ഞങ്ങള്‍ കരുതിയത് ഇനി കലയെ വ്യത്യസ്തമായരീതിയില്‍ നമ്മുക്ക് കൈകാര്യം ചെയ്യാനാവുമെന്നായിരുന്നു. പക്ഷെ, സംഭവിച്ചത് മറ്റൊന്നായിരുന്നു. അക്കാദമിക്കകത്തെ പാര്‍ട്ടി യൂനിയനായിരുന്നു എന്തു വരക്കണം, എങ്ങനെ വരക്കണം എന്നതിനെക്കുറിച്ചുള്ള നയം ഉണ്ടാക്കിയിരുന്നത്. അത് സോഷ്യലിസ്റ്റ് റിയലിസത്തിന്റെ കാലമായിരുന്നു. പുതിയ യാഥാര്‍ത്ഥ്യത്തെ വരക്കാനായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ടത്. തൊഴിലാഴികള്‍, കര്‍ഷകര്‍.... വിഷയങ്ങള്‍ അങ്ങനെയൊക്കെയായിരുന്നു. അത് വരക്കുന്നതില്‍ വിഷമമില്ലായിരുന്നു. പക്ഷെ സോവിയറ്റ് ചിത്രകലയുടെ പകര്‍പ്പുകള്‍ ഉണ്ടാക്കുകയെന്നതായിരുന്നു അവസ്ഥ. സോവിയറ്റ് വത്കരണം. അതോടെ ചിത്രകലാപഠഠനം ഉപേക്ഷിക്കാന്‍ നിശ്ചയിച്ചു. അക്കാലത്താണ് ലോഡ്സില്‍ ഫിലിം സ്കൂള്‍ ആരംഭിച്ചതായി പത്രത്തില്‍ വായിക്കുന്നത്. ചിത്രകലാപഠനം ഉപേക്ഷിച്ചെങ്കിലുംം തന്റെ കലാപരിശീലനം ക്രക്കോവില്‍ നിന്നായിരുന്നുവെന്നാണ് വൈദ പറയുക. കാരണം, തങ്ങളുടെ അദ്ധ്യാപകരോട് വിയോജിക്കുകയും തര്‍ക്കിക്കുകയും ചെയ്യുമ്പോഴും കലയാണ് അവിടത്തെ ചിന്തയുടെ മുഖ്യവിഷയവും ചര്‍ച്ചാവിഷയവും. ഫിലിം സ്കൂള്‍ സാങ്കേതിക പഠനമാണ് നല്കിയത്. എങ്ങനെ സിനിമ നിര്‍മ്മിക്കാം, എങ്ങനെ രാഷ്ട്രീയസാഹചര്യങ്ങളുമായി വിഷയത്തെ സംയോജിപ്പിക്കാം എന്നൊക്കെയാണ് അവിടെ പഠിച്ചതെന്ന് വൈദ പറയുന്നുണ്ട്.

ചലച്ചിത്രലോകം


ലെക് വലേസ ആന്ദ്രെ വൈദയുടെ ഒരു സിനിമയിൽ

ഐസന്‍സ്റ്റീനും സോവിയറ്റ് സിനിമയുമല്ലാതെ ഫ്രഞ്ച് സിനിമകള്‍ കാണാനും പഠിക്കാനും അവസരം ലഭിക്കുന്നത് ഫിലിം സ്കൂളിലെ റെക്ടര്‍ പാരീസില്‍നിന്ന് കൊണ്ടുവന്ന അവാങ്ഗാര്‍ദ് സിനിമകളിലൂടെയാണ്. അക്കാലമത്രയും നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍നിന്ന് വ്യത്യസ്തവും സങ്കല്പങ്ങളില്‍പ്പോലും ഒരിക്കലും കടന്നുവന്നിട്ടില്ലാത്തതുമായ ഒരു ലോകമാണ് അതിലൂടെ തുറന്നുകിട്ടിയത്. നയത്തിന്റെ ഭാഗമായി ഫിലിം സ്കൂള്‍ സോഷ്യലിസ്റ്റ് റിയലിസ്റ്റ് സിനിമകള്‍ നിര്‍മ്മിച്ചുവെങ്കിലും യുറോപ്യന്‍സിനിമയുടെ കേന്ദ്രത്തില്‍ നില്ക്കുന്ന സ്ഥാപനമായാണ് റെക്ടര്‍ ജെര്‍സി തോപ്ലിറ്റ്സ് ഫിലിം സ്കൂളിനെ കണ്ടത്. അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് തന്നെ യഥാര്‍ത്ഥകലയിലേക്ക് നയിച്ചതെന്ന് വൈദ അനുസ്മരിക്കുന്നുണ്ട്.

പലരും തന്നോട് ചോദിക്കുന്നത്, മറ്റുള്ളവര്‍ക്ക് സിനിമ നിര്‍മ്മിക്കുവാന്‍ സാധിക്കാത്തപ്പോള്‍ എങ്ങനെ താങ്കള്‍ക്ക് സാധിക്കുന്നു, മറ്റുള്ളവര്‍ക്ക് വിജയിക്കാന്‍ കഴിയാത്തിടത്ത് താങ്കള്‍ക്ക് വിജയിക്കാന്‍ സാധിക്കുന്നു എന്നിങ്ങനെയാണെന്ന് ഒരു പ്രഭാഷണത്തില്‍ വൈദ പറയുന്നുണ്ട്. ഓഷ്വിറ്റ്സിലെ തടവറയിലോ അടിമത്തൊഴിളികളുടെ ഇടയിലോ ഒടുങ്ങിപ്പോവേണ്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ധീരന്മാരും ചെറുത്തുനില്ക്കാന്‍ ആഗ്രഹിച്ചവരും ആയുധമെടുത്തവരുമെല്ലാം കൊല്ലപ്പെട്ടു. അവരായിരുന്നു നല്ലവര്‍. അങ്ങനെ ഒരു കാലത്തില്‍നിന്നും സ്വാതന്ത്ര്യത്തിനെ കാലത്തിലേക്ക് പോളണ്ട് ചെന്നെത്തി. അവിടെ കലാകാരന്മാര്‍ക്ക് വേണ്ടത് ഒരല്പം സ്വാതന്ത്ര്യമായിരുന്നു. സെന്‍സര്‍മാരുടെ നിയന്ത്രണത്തിന് ഒരല്പം ഇളവ്. അതുണ്ടായാല്‍ ആഷസ് ആന്റ് ഡയമണ്ട്സ് (Popiol i diament എന്നാണ് പോളിഷ് പേര്) പോലത്തെ സിനിമ നിര്‍മ്മിക്കാം. വൈദയുടെ യുദ്ധചലച്ചിത്രത്രയം എന്ന പേരില്‍ അറിയപ്പെടുന്ന പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് ആഷസ് ആന്റ് ഡയമണ്ട്സ്. എ ജനറേഷന്‍(1954), കനാല്‍(1956) എന്നിവയ്ക്ക് ശേഷമാണ് ഈ സിനിമ നിര്‍മ്മിക്കപ്പെടുന്നത്. ലോകസിനിമയിലെ എക്കാലത്തെയും മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് ആഷസ് ആന്റ് ഡയമണ്ട്സ്. അമേരിക്കന്‍ സിനിമയിലെ മഹാരഥന്മാര്‍ പലരും തങ്ങള്‍ക്ക് ഏറ്റലും പ്രിയപ്പെട്ട സിനിമകളിലൊന്നായി എടുത്തുപറയുന്ന രചനയുമാണത്.

മൂന്ന് ഹ്രസ്വചിത്രങ്ങള്‍ക്ക് ശേഷമാണ് 1954ല്‍ എ ജനറേഷന്‍ എന്ന മുഴുനീളസിനിമ വൈദ നിര്‍മ്മിക്കുന്നത്. അത് ഒരു ചലച്ചിത്രത്രയത്തിന്റെ ഭാഗമായി പരിണമിക്കുകയും ചെയ്തു. 2016ല്‍ നിര്‍മ്മിച്ച ആഫ്ടര്‍ ഇമേജാണ് വൈദയുടെ അവസാനചിത്രം. അമ്പത്തിരണ്ട് വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തില്‍ ലോകസിനിമയിലെ മികച്ച നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ വൈദയ്ക്ക് സാധിച്ചു. പോളണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിഭരണത്തിന്‍ കീഴില്‍ ആയുരുന്നപ്പോള്‍ അദ്ദേഹം പാര്‍ട്ടി അംഗമാവീന്‍ വിസമ്മതിച്ചു. സ്വതന്ത്രനായിരിക്കുകയെന്നതാണ് പ്രധാനം എന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ രചനാലോകം വ്യത്യസ്തമായിത്തീരുന്നത് സ്വാതന്ത്രത്തിനായുള്ള ഈ അഭിവാഞ്ഛയിലൂടെയാണ്. നാല്പത്തിയേഴ് മുഴുനീള സിനിമകള്‍, അതില്‍ ചിലത് ടെലിവിഷന് വേണ്ടി നിര്‍മ്മിച്ചതാണ്, അദ്ദേഹം സാക്ഷാത്കരിച്ചു.

പുരസ്കാരങ്ങള്‍

ഓസ്കാര്‍ പുരസ്കാരത്തില്‍ മികച്ച വിദേശഭാഷാചിത്രം എന്ന വിഭാഗത്തില്‍ വൈദയുടെ നാല് സിനിമകള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1957ല്‍ ഇംഗ്മര്‍ ബെര്‍ഗ്മാന്റെ സെവന്‍ത് സീലിനൊപ്പം വൈദയുടെ കനാല്‍ പ്രത്യേകജൂറി പുരസ്കാരം പങ്കിട്ടു. പ്രോമിസ്ഡ് ലാന്റ് (1975) മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ സുവര്‍ണ്ണപുരസ്കാരം നേടി. മാന്‍ ഓഫ് അയേണ്‍(1981) കാന്‍ ചലച്ചിത്രമേളയില്‍ പാം ദ് ഓര്‍ നേടി. 2000ത്തില്‍ അദ്ദേഹത്തിന് ആദരസൂചകമായി ഓസ്കാര്‍ പുരസ്കാരം നല്കി. ഇതിനിടെ ലോക ചലച്ചിത്രമേളകളുടെ ഭൂപടത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ചെന്നെത്താത്ത ഇടങ്ങളില്ല. പോളണ്ടിലെ ഏറ്റവും ആദരിക്കപ്പെടുന്ന കലാകാരന്‍ എന്ന നിലയില്‍ നിന്ന് ഒരു വിശ്വപൌരനിലേക്കുള്ള വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ കലാജീവിതം വരച്ചുവെക്കുന്നത്.

പിതൃബിംബം


മേൻ ഓഫ് മാർബിൾസിലെ ഒരു രംഗം

അധിനിവേശകാലത്ത് സേവിയറ്റ് സൈനികരാലാണ് വൈദയുടെ അച്ഛന്‍ കൊല്ലപ്പെടുന്നത്. വറുതിയുടെയും അനാഥത്വത്തിന്റെയും നാളുകളിലൂടെ കടന്നുപോന്ന അദ്ദേഹത്തിന്റെ മനസ്സില്‍ കമ്യൂണിസത്തോടുള്ള വെറുപ്പ് എന്നും ഉണ്ടായിരുന്നു. സോവിയറ്റ് നിയന്ത്രണത്തില്‍ പോളണ്ട് കഴിയുന്ന കാലത്തും പാര്‍ട്ടി അംഗമാവാന്‍ വിസമ്മതിക്കുന്നത് ഇക്കാരണത്താലാണ്. അദ്ദേഹത്തിന്റെ സ്വതന്ത്ര്യവാഞ്ഛയുടെ വേരുകള്‍ കുട്ടിക്കാലത്തെ അനുഭവങ്ങളിലാണെന്ന് കാണാം. വാഴ്സോ കലാപവും പില്‍ക്കാലത്തെ സോളിഡാരിറ്റിയുടെ സമരങ്ങളും അദ്ദേഹത്തിന്റെ സിനിമകളുടെ പശ്ചാത്തലത്തില്‍ കടന്നുവരുന്നുണ്ട്. മാന്‍ ഓഫ് അയേണ്‍, മാന്‍ ഓഫ് മാര്‍ബിള്‍ എന്നീ സിനിമകളില്‍ സോളിഡാരിറ്റി പ്രസ്ഥാനവും സമരങ്ങളും നേരിട്ടുതന്നെ കടന്നുവരുന്നുണ്ട്. സോളിഡാരിറ്റിയുടെ നേതാവായ ലെക് വലേസ നേരിട്ട് തന്നെ മാന്‍ ഓഫ് മാര്‍ബിളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

പോളിഷ് ജനതയുടെ മനസ്സില്‍ കുടികൊണ്ടിരുന്ന സ്വാതന്ത്ര്യമോഹമാണ് ആന്ദ്രേ വൈദയില്‍ ഒരു പിതൃബിംബത്തെ കാണാന്‍ അവരെ പ്രേരിപ്പിച്ചത്. സോവിയറ്റ് വത്കരത്തിലൂടെ ഒരു ജനതയുടെ ആത്മാവി നഷ്ടപ്പെടുമ്പോള്‍ അതിനെതിരായ പ്രതിരോധമാണ് വൈദയില്‍ അവര്‍ കണ്ടെത്തിയത്.

Subscribe Tharjani |