തര്‍ജ്ജനി

രാജേന്ദ്രൻ എടത്തുംകര

മലയാളവിഭാഗം,
ഗവ. കോളേജ്,മടപ്പള്ളി,
മടപ്പള്ളി കോളേജ് പി. ഒ.
വടകര.

Visit Home Page ...

കവിത

അതുകൊണ്ട്

പാടത്തില്ല എന്ന്
നീ അശുദ്ധഭാഷ പറഞ്ഞതിനാൽ
നിന്റെ ദൈവം ഇല്ല.

പാടുകയില്ല എന്ന്
ശുദ്ധഭാഷ പറഞ്ഞതിനാൽ
എന്റെ ദൈവം ഉണ്ട്.

ഇല്ലാത്തത് നിന്റെ ദൈവം
ഉള്ളത് എന്റെ ദൈവം.
നിന്റെ ദൈവം ഇല്ലാത്തതിനാൽ
എന്റെ ദെവം ഉള്ളത്.

രണ്ട് ദൈവങ്ങൾ ഉണ്ടെങ്കിൽ
രണ്ട് ഭൂമിയും വേണം
രണ്ട് ആകാശം, രണ്ട് സ്വർഗ്ഗം, രണ്ട് പാതാളം..
അതെല്ലാം വലിയ മെനക്കേടാണ്.
വീണ്ടും ഒന്നുമുതൽ തുടങ്ങേണ്ടിവരും,
അതിനൊന്നും ഇനി നേരവുമില്ല.

അതകൊണ്ട് നിന്റെ ദൈവം ഇല്ല,
നീ കൂടുതൽ തർക്കിക്കേണ്ട.

മൃതഭാഷ

ചിലന്തിവലയിൽ
ഒരു പ്രാണിവീണു,
ചിലന്തി സന്തോഷിച്ചു.
ചിലന്തിവലയിൽ
ഒരു അണ്ണാൻ വീണു,
ചിലന്തി ഓടിക്കളഞ്ഞു
അണ്ണാനും ഓടിക്കളഞ്ഞു
ചിലന്തിയും ഓടിക്കളഞ്ഞു
കുഞ്ഞുപ്രാണിയ്ക്കു മാത്രം ഓടാനായില്ല.
അതിനെ ചിലന്തി തിന്നു
ഇതു നീതിയാണോ
എന്നു കുഞ്ഞുപ്രാണിയ്ക്ക് ചോദിക്കണമെന്നുണ്ടായിരുന്നു.
അതിന്
ചിലന്തിയുടെ ഭാഷ അറിയില്ല,
ചിലന്തിയുടെ ഭാഷയാണ്
ചിലന്തിവല
എന്ന് അറിയാമായിരുങ്കെിൽ
അത് കുറെക്കൂടി കരുതൽ
കാണിക്കുമായിരുന്നു.
ചത്തുപോയ പ്രാണിയുടെ ഭാഷ
ഇന്നുമുതൽ
മൃതഭാഷ.
ഇതു നീതിയാണോ എന്ന ചോദ്യം
ആ ഭാഷയിൽ മാത്രമേ ഉള്ളൂ
ചിലന്തിയുടെ ഭാഷയിലേക്ക്
അത് വിവർത്തനം ചെയ്യാനാവില്ല.
അഥവാ ആയാലും
അതു പറഞ്ഞുതരാൻ
ഇപ്പോൾ പ്രാണിയുമില്ല
അതിന്റെ ഭാഷയുമില്ല.

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2016-11-06 16:19.

നിരൂപകന്റെ കവിത! നന്നായിട്ടുണ്ട്.