തര്‍ജ്ജനി

സംഗീത നായര്‍

അസിസ്റ്റന്റ് പ്രൊഫസർ,
ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്,
എസ്.എൻ. കോളേജ്,
ചേളന്നൂർ.

Visit Home Page ...

ലേഖനം

ശ്രീകുമാരന്‍ തമ്പി എന്ന ചലച്ചിത്രപ്രതിഭ

ഏറ്റവും പ്രിയപ്പെട്ട മലയാള ചലച്ചിത്രഗാനങ്ങളേതൊക്കെ എന്നുചോദിച്ചാൽ ഏതൊരു മലയാളിയുടെയും ലിസ്റ്റിൽ ശ്രീകുമാരൻതമ്പിയുടെ ഒരുപിടി ഗാനങ്ങളെങ്കിലുമുണ്ടാവുമെന്നു തീർച്ച. മലയാണ്മ തുളുമ്പുന്ന വരികളാൽ, സാംസ്കാരികബിംബങ്ങൾ സമന്വയിപ്പിച്ച് മലയാളഭാഷയേയും കാവ്യഭാവുകത്വത്തെയും സ്വാധീനിച്ച ശ്രീകുമാരൻതമ്പിയുടെ സിനിമാഗാനങ്ങളും ലളിതഗാനങ്ങളും ഇന്നും ജനപ്രിയതയിൽ മുന്നിട്ടുനില്ക്കുന്നു. പാട്ടെഴുത്തിന്റെ അമ്പതാംവർഷം ആഘോഷിക്കുന്ന ഈ കവി, 1966ൽ 'കാട്ടുമല്ലിക' എന്ന ചിത്രത്തിനു വേണ്ടി 'താമരത്തോണിയിലാലോലമാടി.......' എന്ന പാട്ടെഴുതിയാണ് സിനിമാഗാനരംഗത്തേക്കു കടന്നുവന്നത്. സിനിമയുടെ സംവിധാനം, നിർമ്മാണം, തിരക്കഥാരചന, സംഗീതസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള ഒരേയൊരു പാട്ടെഴുത്തുകാരൻ എന്ന അപൂർവ്വത ശ്രീകുമാരൻ തമ്പിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.

മലയാള ചലച്ചിത്രഗാനങ്ങൾ മലയാളിയുടെ കാവ്യാസ്വാദനത്തെയും സംഗീതബോധത്തെയും ബന്ധുരമാക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് അര നൂറ്റാണ്ടോളമായി. ഈ കാലയളവിനുള്ളിൽ മലയാളിയുടെ ഭാഷയെയും ഭാവനയെയും ബോധമണ്ഡലത്തെയും സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നതിൽ ഈ ഗാനങ്ങൾ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സിനിമയിൽ പാട്ടിനുള്ള സ്ഥാനം 'സിറ്റുവേഷണൽ സോങ്ങ്' എന്ന നിലയ്ക്കാണ് . കഥാഘടനയ്ക്കനുസരിച്ച്, കഥാപാത്രങ്ങളുടെ മാനസികവികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിലെഴുതുന്ന കവിതയാണ് സിനിമാഗാനങ്ങൾ. പഴയകാല മലയാളചലച്ചിത്രഗാനങ്ങളിൽ കാണാൻ കഴിയുന്ന ഏറ്റവും വലിയ പ്രത്യേകത, രാഗവും താളവും പദവും തമ്മിലുള്ള സമ്പൂർണ്ണ ലയവിന്യാസമാണ്. ഗാനസംവിധായകനും ഗാനരചയിതാവും ഒരുമിച്ചിരുന്ന് സിനിമാസംവിധായകന്റെ മനസ്സിലെ ദൃശ്യഭാഷയെ സംഗീതഭാഷയാക്കി വിവർത്തനംചെയ്യുന്ന ഒരു രാസപ്രക്രിയയാണിത്‌. പാശ്ചാത്യസംഗീതജ്ഞർ വിശേഷിപ്പിക്കുന്ന 'മൂഡ്‌ മ്യൂസിക്' - അതാണ്‌ സിനിമയിൽ സംഗീതം. മനുഷ്യഹൃദയത്തിലെ വിഭിന്നവികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന സംഗീതത്തോട്‌ ചേർന്നുനില്ക്കുന്നതായിരിക്കണം വരികൾ. സിനിമയുടെ കഥയ്ക്കും സന്ദർഭത്തിനും മൊത്തമുള്ള മൂഡിനും യോജിക്കുന്നതായിരിക്കണം, അവ. ഇവിടെയാണ്‌ ഒരു ഗാനരചയിതാവിന്റെ വൈദഗ്ദ്ധ്യം പ്രസക്തമാകുന്നതും പ്രസിദ്ധമാകുന്നതും. മലയാളസിനിമാഗാനശാഖയിലെ രണ്ടാംതലമുറയിൽപ്പെട്ട ഗാനരചയിതാക്കളാണ് വയലാർ, പി ഭാസ്കരൻ, ഓ. എൻ. വി, ശ്രീകുമാരൻതമ്പി തുടങ്ങിയവർ. ഇവരോടൊപ്പം ദക്ഷിണാമൂർത്തി, ബാബുരാജ്, എം.എസ് വിശ്വനാഥൻ, ദേവരാജൻ, കെ. രാഘവൻ, സലിൽ ചൌധരി, എം. കെ അർജുനൻ തുടങ്ങിയ സംഗീതജ്ഞരും എ. എം. രാജ, കമുകറ, യേശുദാസ്, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ, പി. സുശീല, എസ്. ജാനകി, വാണി ജയറാം തുടങ്ങിയ ഗായകരും സജീവമായിരുന്ന അറുപത് - എഴുപത് കാലഘട്ടത്തെ മലയാളസിനിമാഗാനങ്ങളുടെ 'സുവർണ്ണ കാലഘട്ടം' എന്ന് വിശേഷിപ്പിക്കാവുന്നതാണ്. അന്നത്തെ പ്രതിഭാശാലികളായ പാട്ടെഴുത്തുകാരിൽ നിന്നും ഏറെ വ്യത്യസ്തനായ കവിയാണ്‌ ശ്രീകുമാരൻതമ്പി. ശ്രീകുമാരൻതമ്പിയുടെ ചലച്ചിത്രഗാനങ്ങളെക്കുറിച്ചുള്ള ഒരു കാവ്യാന്വേഷണമാണ് ഈ ലേഖനം.

ഗാനസന്ദർഭത്തിനനുസരിച്ച് അഭ്രപാളിയിലാവിഷ്ക്കരിക്കാനുതകുന്ന രീതിയിൽ വരികൾ മെനഞ്ഞെടുക്കാൻ തമ്പിക്കുള്ള കരവിരുത് അസാമാന്യമാണ്. ദൃശ്യഭാഷയ്ക്ക് ഏറ്റവും ഉതകുന്ന കാവ്യഭാഷ നല്കാൻ അനുഗ്രഹീതനായ കവിയ്ക്കേ കഴിയൂ. 'സിനിമാറ്റിക്' ആയ പാട്ടുകളാണ് തമ്പിയുടെത്. അതുകൊണ്ട് തന്നെ സംവിധായകർക്ക് അദ്ദേഹം പ്രിയപ്പെട്ടവനും. തമ്പിയുടെ മൂവായിരത്തോളം ഗാനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ മലയാളഭാഷയ്ക്കും മലയാളിയുടെ ഭാവുകത്വത്തിനും തമ്പി നല്കിയിട്ടുള്ള 'മാജിക്കൽ ടച്ച് ' അനുഭവിച്ചറിയാൻ കഴിയും.

ഉത്സവാഘോഷങ്ങളുടെ കവിയാണ്‌ ശ്രീകുമാരൻതമ്പി. കേരളത്തിന്റെ തനതുവാദ്യഘോഷങ്ങളും നൃത്തനൃത്യാദികളുമെല്ലാം തമ്പിയുടെ തൂലികത്തുമ്പിൽ കാവ്യനടനമാടുമ്പോൾ അവ മലയാളിയുടെ സാംസ്കാരികതയുടെ പ്രതീകങ്ങളായി മാറുന്നു. കൂത്തമ്പലവും കൂടിയാട്ടവും കഥകളിവിളക്കും നവരാത്രിമണ്ഡപവും ഓണവില്ലടിപ്പാട്ടും തൃക്കാർത്തികയും ചെട്ടിക്കുളങ്ങര ഭരണിയും ചാലക്കമ്പോളവും ഒപ്പനപ്പാട്ടും മൈലാഞ്ചിക്കയ്യും അമ്പലപ്പുഴപാൽപ്പായസവും വൈക്കത്തഷ്ടമിയും ആലപ്പുഴപ്പട്ടണവും അച്ചൻകോവിലാറും കാവാലം ചുണ്ടനും തിരുവാതിരഞാറ്റുവേലയും വലിയ നോയമ്പും കെസ്സുപാട്ടും ഓച്ചിറക്കളിയും അഷ്ടമുടിക്കായലും ഭരണങ്ങാനം പെരുന്നാളും വേമ്പനാട്ടുകായലും ഇടവപ്പാതിയും കുലച്ചചെന്തെങ്ങും .... ഇങ്ങനെയിങ്ങനെ നിരവധി ഗ്രാമീണ-സാംസ്കാരിക ബിംബങ്ങളാൽ സമൃദ്ധമാണ്‌ തമ്പിയുടെ സിനിമാപ്പാട്ടുകൾ. ഇന്ന് മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടിൻപുറക്കാഴ്ചകൾ വരും തലമുറയ്ക്ക് വേണ്ടി അടയാളപ്പെടുത്തി വെച്ചിരിക്കുന്നു ഈ പാട്ടുകൾ.


ലേഖിക ശ്രീകുമാരന്‍തമ്പിയോടൊപ്പം

''കേരളം, കേരളം, കേളികൊട്ടുയരുന്ന കേരളം
കേളീകദംബം പൂക്കും കേരളം
കേരകേളീ സദനമാം എൻ കേരളം....''(മിനിമോൾ). 'കേരളം' എന്ന പേരിനൊപ്പം എന്നെന്നും ചേർത്തു വെയ്ക്കാൻ മലയാണ്മ തുളുമ്പുന്ന ഈ വരികൾ നമുക്ക് തന്ന ശ്രീകുമാരൻതമ്പി തന്നെയാകും ഒരുപക്ഷെ കേരളീയബിംബങ്ങൾ, പ്രത്യേകിച്ച് പ്രാദേശികമുദ്രകൾ പാട്ടുകളിൽ ഏറ്റവുമധികം സമന്വയിപ്പിച്ചിട്ടുള്ളതും.

''മലയാളഭാഷ തൻ മാദകഭംഗി നിൻ
മലർമന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിൻ
പുളിയിലക്കരമുണ്ടിൽ തെളിയുന്നു...'' (പ്രേതങ്ങളുടെ താഴ്വര). ഈ വരികൾ മലയാളിയുടെ ഭാഷാഭിമാനത്തെ തെല്ലൊന്നുമല്ല സൌന്ദര്യവൽക്കരിച്ചത്. ഓണത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ എല്ലാ ഓർമ്മകളും തൊട്ടുണർത്തുന്ന തമ്പിയുടെ മറ്റൊരു ഗാനമാണ്
''തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി ..''(തിരുവോണം)

ലാളിത്യമാണ് തമ്പിയുടെ ഗാനങ്ങളുടെ മുഖമുദ്ര. പാട്ടിന്റെ വരികൾ, പ്രത്യേകിച്ചും തുടക്കത്തിലുള്ള വരികൾ, പ്രസാദാത്മകവും ലളിതസുന്ദരവുമാകണമെന്ന് നിർബ്ബന്ധമുള്ളയാളാണ് ഈ കവി. അതിനാൽ പദങ്ങളുടെ തിരഞ്ഞെടുപ്പിലും പ്രാസഭംഗിയിലും അദ്ദേഹം സൂക്ഷ്മത പുലർത്തുന്നു. കഥാസന്ദർഭത്തിനു യോജിക്കുന്ന തരത്തിലുള്ള വാങ്മയചിത്രങ്ങൾ രചിക്കാനുള്ള നൈപുണ്യമാണ് മറ്റൊന്ന്. ഏതൊരുവനും 'വിഷ്വലൈസ്' ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഗാനങ്ങളെഴുതി തമ്പി കേവലകാല്പനികതയെ ജനപ്രിയഗാനങ്ങളാക്കി മാറ്റി. സ്ത്രീകളെ സംബോധന ചെയ്യുമ്പോൾ ആരാധനയും ആദരവും കലർന്ന പ്രണയഭാവമാണ് അധികമായി കാണാറുള്ളത്‌. തീവ്രമായ പ്രണയവും രതിയും ആവിഷ്ക്കരിക്കുമ്പോൾപ്പോലും ശ്രീകുമാരൻതമ്പിയുടെ ഭാവന അതിന്റെ ലാളിത്യവും ആർദ്രതയും കൈവിടുന്നില്ല. ഹൃദയേശ്വരിയുടെ നെടുവീർപ്പിൽ പോലും മധുരസംഗീതം ശ്രവിക്കുന്നു ഈ കാമുകഹൃദയം. ശ്രീകുമാരൻതമ്പിയുടെ പ്രണയിനി 'ഹൃദയേശ്വരി'യും 'രാജീവനയന'യും 'കർമ്മധീരയാം പ്രാണേശ്വരി'യും 'താരകരൂപിണി'യും 'ഹൃദയസരസ്സിലെ പ്രണയപുഷ്പവു'മാണ്. 'ചിലമ്പു പോലെ ചിരിക്കുന്നവ'ളാണവൾ. 'ആകാശനീലം അരവിന്ദമാക്കിയ അത്ഭുതമായാവിനി'യാണവൾ. 'അവൾ ചിരിച്ചാൽ മുത്തു ചിതറും', അവൾ നടന്നാലോ ഭൂമി തരിക്കും’. 'നീയെന്ന മോഹനരാഗമില്ലെങ്കിൽ ഞാൻ നിശ്ശബ്ദവീണയായേനെ' എന്ന് കൊതിക്കുകയും 'പുണർന്നാൽ പൂക്കുന്ന കടമ്പാണല്ലോ, ഇടവപ്പാതിയ്ക്കും വിയർത്തോളല്ലോ' എന്ന് എഴുതി രതിയുടെ ഊഷ്മളതയും മാദകത്വവും ധ്വനിപ്പിക്കുകയും ചെയ്യുന്നു ഈ കവി.

താളാത്മകമാണ് തമ്പിയുടെ ഗാനങ്ങൾ. സുവ്യക്തമായ താളവ്യവസ്ഥയും പ്രാസഭംഗിയും അലങ്കാരപ്രയോഗങ്ങളും ഈ കവിയുടെ പദാവലികളെ അനുയാത്ര ചെയ്യുന്നു. അടിസ്ഥാനപരമായി സംഗീതമറിയാവുന്ന ആളായതിനാൽ പാട്ടെഴുതി ട്യൂണിട്ടാലും ട്യൂണിനനുസരിച്ച് പാട്ടെഴുതിയാലും കൃത്യമായ താളബോധവും രാഗബോധവും കാത്തു സൂക്ഷിക്കാനാകുന്നു. ഒട്ടനവധി രാഗങ്ങളുടെ പേരുകൾ - കല്യാണി, മോഹനം, ഹിന്ദോളം, സാവേരി, തോടി, ഭൂപാളം, ആരഭി, ആനന്ദഭൈരവി, ഷണ്മുഖപ്രിയ, ദേവഗാന്ധാരി, സിന്ധുഭൈരവി, നീലാംബരി - ഇവയെല്ലാം തന്റെ ഗാനങ്ങളിൽ അറിഞ്ഞോ അറിയാതെയോ സന്നിവേശിക്കപ്പെട്ടതിന്റെ അടിസ്ഥാനവും കവിയുടെ സംഗീതജ്ഞാനമായിരിക്കാം. രംഗകലകളിലുള്ള പ്രാഗത്ഭ്യവും ശാസ്ത്രീയസംഗീതത്തിലുള്ള അവഗാഹവും ഈ കവിയുടെ ഗാനങ്ങൾ വേറിട്ട്‌ കേൾക്കാൻ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

മറ്റു പാട്ടെഴുത്തുകാർക്കില്ലാത്ത വേറൊരു സവിശേഷത ഇദ്ദേഹം സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു എന്നതാണ്. സിനിമാസംവിധായകനായും സംഗീതസംവിധായകനായും തിരക്കഥാകൃത്തായുമൊക്കെ പ്രവർത്തിച്ച് സിനിമയുടെ സാങ്കേതികത മുഴുവൻ സ്വായത്തമാക്കിയതിനാൽ ഒരു ഗാനം കഥയുടെ ഏതു സന്ദർഭത്തിൽ വരണമെന്നും അതിൽ എന്തെല്ലാം ഘടകങ്ങൾ വേണമെന്നും വളരെ കൃത്യമായി ഊഹിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. തന്റെ പാട്ടുകൾ മികച്ച ഒരു ദൃശ്യാനുഭവമാക്കാൻ ഇത്തരം വൈവിദ്ധ്യമാർന്ന അനുഭവങ്ങൾ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവാം .

മലയാളിയുടെ യൗവ്വനത്തെ പുഷ്ക്കലമാക്കിയ ഭാവഗീതങ്ങളാണ് തമ്പിയുടെ പ്രണയഗാനങ്ങൾ. 'പാടുന്ന പുഴ ' എന്ന ചിത്രത്തിലെ
''ഹൃദയസരസ്സിലെ പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയൂ ..'' എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിലൊന്നാണ്.
''ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ..'', ''താരകരൂപിണി ...'', ''നിൻ മണിയറയിലെ ...'', ''ആ നിമിഷത്തിന്റെ നിർവൃതിയിൽ..'', ''ആയിരം അജന്താ ചിത്രങ്ങളിൽ .....'', ''അകലെയകലെ നീലാകാശം ..'', ''കസ്തൂരി മണക്കുന്നല്ലോ കാറ്റേ ..'',''വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..'', ''ചുംബനവർണ്ണ പതംഗങ്ങളാൽ നീയാം....'', ''ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ..'', ''കാട്ടുചെമ്പകം പൂത്തുലയുമ്പോൾ ...'', ''ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു....'' തുടങ്ങിയ, പ്രകൃതിയും പ്രണയവും വിരഹവിഷാദവുമെല്ലാം പരസ്പരം ചുംബിച്ചു തൊട്ടുരുമ്മി നില്ക്കുന്ന ഗാനങ്ങൾ നിരീക്ഷിച്ചാൽ പ്രണയഗാനങ്ങളെഴുതാൻ ഇദ്ദേഹം സവിശേഷമായൊരു രചനാശൈലിതന്നെ രൂപപ്പെടുത്തിയതായി കാണാം. വയലാർ, പി. ഭാസ്കരൻ, ഓ. എൻ. വി എന്നിവരെല്ലാം പിന്തുടർന്നുപോന്ന ക്ലാസ്സിക്കൽ /വരേണ്യഭാഷയെ തനിക്കുമാത്രം സാദ്ധ്യമാവുന്ന ലാളിത്യത്താൽ നേർപ്പിച്ചെടുത്തു സാധാരണക്കാരുടെ കാവ്യഭാവുകത്വത്തെ പൂരിപ്പിക്കാൻ ഈ ഗാനങ്ങളിലൂടെ തമ്പിയ്ക്ക് സാധിച്ചു . മലയാളികൾ അന്നുവരെ പരിചയിച്ചിട്ടില്ലാത്ത പദാവലികളാൽ മെഴുകി മിനുക്കിയതാണ് അവ മിക്കതും. ''ഇനിക്കും നാവിലെൻ പാട്ടുണ്ടല്ലോ...'' എന്ന വരിയിലെ 'ഇനിക്കും' എന്നാൽ 'മധുരിക്കും' എന്നർത്ഥം. 'ഇനിപ്പ്' എന്ന വാക്ക് മലയാളികൾ പരിചയിച്ചത് ഈ പാട്ടിലൂടെയാണ്. ''തേൻചൊടിപ്പൂവിലെൻ നാദം മെഴുകി...'', ''ഇടവപ്പാതിക്കും വിയർത്തോളല്ലോ...'' എന്നിങ്ങനെയുള്ള പ്രയോഗങ്ങളും, 'കർമ്മധീരയാം പ്രാണേശ്വരി', 'ശബ്ദവാഗീശ്വരി', 'അത്ഭുതമായാവിനി', 'താരകരൂപിണി', 'രാജീവനയന ', 'സ്നേഹഗായിക' തുടങ്ങിയ സംബോധനകളും വിശേഷണങ്ങളും 'മേദിനി', 'നീലനീരാളം', 'മൌനവത്മീകം', 'ആകാശത്താമര', 'നിരാലംബശയ്യ ', 'നീലാരവിന്ദായതാക്ഷി' തുടങ്ങിയ പദാവലികളും ഉപമ, ഉൽപ്രേക്ഷ, രൂപകം, അർത്ഥാന്തരന്യാസം, അപ്രസ്തുതപ്രശംസ, ശ്ലേഷം തുടങ്ങിയ കാവ്യാലങ്കാരങ്ങളുടെ സമൃദ്ധിയും തമ്പിയുടെ പാട്ടുകളെ വ്യത്യസ്തമാക്കുന്നു.

രാധാമാധവസങ്കല്പം ഏറ്റവും മനോഹരമായി സിനിമാപ്പാട്ടുകളിൽ സന്നിവേശിപ്പിച്ച കവിയാണിദ്ദേഹം. പ്രകൃതിയുടെ വിവിധഭാവങ്ങളെ ഹൃദയവികാരങ്ങളോടൊപ്പം ചേർത്തുവെയ്ക്കുന്ന ഈ ഗാനം തന്നെ ഉത്തമോദാഹരണം:

''പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണു
സ്വർണ്ണപീതാംബരമുലഞ്ഞു വീണു
കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ
സുന്ദരി വനറാണിയനുകരിച്ചു...''(നൃത്തശാല).
ഇവിടെ പ്രണയികളോടൊപ്പം പ്രകൃതിയും രതിനടനമാടുന്നു. സന്ധ്യയാകുന്ന ഗോപസ്ത്രീയുടെ തളിർമെയ്യിൽ നഖക്ഷതങ്ങളേല്പിക്കുന്ന താരകളെ തമ്പിയുടെ ഭാവനയിലല്ലാതെ വേറെങ്ങും കണ്ടിട്ടില്ല. രാധാമാധവസങ്കല്പം ചാരുതയേകിയ തമ്പിയുടെ വേറെയും ചില ഗാനങ്ങളുണ്ട്:

''യദുകുലരതിദേവനെവിടെ? രാധേ
യദുകുല രതിദേവനെവിടെ...'' (റസ്റ്റ്‌ഹൗസ്),
''ഗോപീചന്ദനക്കുറിയണിഞ്ഞു
ഗോമതിയായവൾ മുന്നിൽ വന്നു..''(ഫുട്ബാൾ ചാമ്പ്യൻ).
''മണിവർണ്ണനില്ലാത്ത വൃന്ദാവനം....'' (മിസ്‌ മേരി),
''രാഗം..താനം..പല്ലവി പാടാം..രാഗിണീ നിനക്കായ്....'' (മധുര സ്വപ്നം).

ശ്രീകുമാരൻ തമ്പിയുടെ താരാട്ടുപാട്ടുകളിൽ തുളുമ്പുന്ന സ്നേഹസൗന്ദര്യവും വാത്സല്യഭാവവും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
''മലർക്കൊടി പോലെ വർണ്ണത്തുടി പോലെ
മയങ്ങൂ ...നീയെൻ മടിമേലെ….'',
'' രാജീവനയനേ നീയുറങ്ങൂ..
രാഗവിലോലെ..നീയുറങ്ങൂ…'',
''ശാരദരജനീ ദീപമുയർന്നു...
താരാമണ്ഡലമുണർന്നു .....'',
''ചുംബനപ്പൂ കൊണ്ടു മൂടി.....
എന്റെ തമ്പുരാട്ടീ നിന്നെ ഉറക്കാം ....'' എന്നിവയെല്ലാം മലയാളിയുടെ ഉറക്കുപാട്ടാവുന്നതും ഈ കറകളഞ്ഞ സ്നേഹാതിരേകം കൊണ്ടുതന്നെ.

ഭക്തിഗാനങ്ങളെഴുതാനും അസാമാന്യപാടവമുണ്ട് ഈ കവിയ്ക്ക്.
''മനസ്സിലുണരൂ ഉഷസ്സന്ധ്യയായ്...'',''സത്യനായകാ മുക്തിദായകാ...'',
''സ്വർഗ്ഗനന്ദിനി ! സ്വപ്നവിഹാരിണി..'', ''ശ്രീപദം വിടർന്ന സരസീരുഹത്തിൽ...'' എന്നിവയെല്ലാം അദ്ദേഹത്തിൻറെ വളരെ പ്രശസ്തമായ ഭക്തിഗാനങ്ങളാണ്.

തത്വചിന്തയിലൂന്നി നില്ക്കുന്ന ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ മറ്റൊരു സവിശേഷതയാണ്.
''സുഖമൊരു ബിന്ദു..ദുഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു
പെൻഡുലമാടുന്നു ...ജീവിതം, അതു ജീവിതം..''(ഇത് മനുഷ്യനോ?). സുഖദുഖങ്ങളുടെ ഊഞ്ഞാലാട്ടം തന്നെയാണല്ലോ ജീവിതം. എഞ്ചിനീയറായ കവിയ്ക്ക് ഈ ആന്ദോളനം പെൻഡുലത്തിന്റെ ദോലനമായി തോന്നിയത് തികച്ചും സ്വാഭാവികം.

''കാലമൊരജ്ഞാത കാമുകൻ
ജീവിതമോ പ്രിയ കാമുകി
കനവുകൾ നല്കും കണ്ണീരും നല്കും
വാരിപ്പുണരും വലിച്ചെറിയും......''(കാലചക്രം).
വളരെ ഋജുവായ തത്വചിന്തകൾ സാമാന്യജനത്തിനു ബോധിക്കുന്ന തരത്തിൽ ലളിതമായി അവതരിപ്പിക്കുവാൻ അസാമാന്യമായ ഭാവനാശക്തി തമ്പിക്കുണ്ട്.

''ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും
കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും...
സുഖമൊരു നാൾ വരും വിരുന്നുകാരൻ
ദുഖമോ പിരിയാത്ത സ്വന്തക്കാരൻ .....''(കടൽ).

ആസ്വാദകരെ ഏറ്റവുമധികം സ്വാധീനിച്ച മറ്റൊരു ഗാനമിതാ :
''സ്വന്തമെന്ന പദത്തിനെന്തർത്ഥം ?
ബന്ധമെന്ന പദത്തിനെന്തർത്ഥം ?
ബന്ധങ്ങൾ സ്വപ്‌നങ്ങൾ ജലരേഖകൾ ...''(മോഹിനിയാട്ടം)

ഈ പാട്ടിന്റെ അനുപല്ലവിയിലെ വരികളോർക്കുമ്പോൾ ഉള്ളുകൊത്തിവലിക്കുന്ന വേദന അനുഭവിക്കാത്തവർ ആരുണ്ട്‌ ?

''പുണരാനടുക്കുമ്പോൾ പുറന്തള്ളും തീരവും
തിരയുടെ സ്വന്തമെന്നോ ?
മാറോടമർത്തുമ്പോൾ പിടഞ്ഞോടും മേഘങ്ങൾ
മാനത്തിൻ സ്വന്തമെന്നോ ?
പൂവിനു വണ്ട്‌ സ്വന്തമോ ?
കാടിന് കാറ്റ് സ്വന്തമോ ?
എനിക്ക് നീ സ്വന്തമോ ? ഓമനേ
നിനക്ക് ഞാൻ സ്വന്തമോ ?''
ഇപ്പോൾ നമ്മൾ ന്യൂ ജെനെറേഷൻ എന്ന് വിളിക്കുന്ന പുതുതലമുറക്കാരുടെയിടയിൽപ്പോലും ഈ ഗാനങ്ങൾ ഹിറ്റ്‌ ആണെന്നതാണ് രസകരം . മനുഷ്യമനസ്സിന്റെ സ്ഥായീഭാവങ്ങൾ എക്കാലവും ഒന്നാണ് എന്നതാവാം അതിനു കാരണവും.

"നാലുകാലുള്ളോരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടോണ്ട് പോയ്‌....’’എന്ന മട്ടിലുള്ള തമാശപ്പാട്ടെഴുതാനും തമ്പിയ്ക്ക് നല്ല വശം തന്നെ. മലയാളികൾ ഒരുമിച്ചു കൂടുന്ന ആഘോഷവേളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു പാട്ടാണ് "അയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്..കൊടമ്പുളിയിട്ട് വെച്ച നല്ല ചെമ്മീൻകറിയുണ്ട്..തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട്..ഉപ്പിലിട്ട മാങ്ങയുണ്ട്, ഉണ്ണാൻ വാ മച്ചുനനെ.....'' ( വേനലിൽ ഒരു മഴ). പുതുതലമുറയിലെ കൊച്ചുകുട്ടികൾ പോലും പാടിനടക്കുന്നു എന്നതാണ് ഈ പാട്ടിന്റെ സവിശേഷത.

സിനിമയുടെ ദൃശ്യഭാഷ ആവശ്യപ്പെടുന്ന ഏതു സന്ദർഭത്തിനും യോജിക്കുന്ന തരത്തിൽ തൂലിക ചലിപ്പിക്കാനുള്ള തമ്പിയുടെ പാടവം അനന്യമാണ്. അത് പ്രണയമായാലും ദർശനമായാലും ഹാസ്യമായാലും ഭക്തിയായാലും നൃത്തഗാനങ്ങളായാലും കേൾക്കുന്നവരുടെയുള്ളിൽ കാല്പനികമായ അനുഭൂതികളുണർത്താൻ കെൽപ്പുള്ളവയാണ്. ശ്രീകുമാരൻതമ്പി എഴുതിത്തുടങ്ങിയ കാലത്തെ മലയാളികൾ അല്ല ഇന്ന് നാം. കാലം എത്ര കടന്നു പോയാലും, തലമുറകൾ മാറി മാറി വന്നാലും ഇന്നും ആ ഗാനങ്ങൾ ആസ്വദിക്കപ്പെടുന്നു എന്നത് ഉദാത്തമായ കലയുടെ അനശ്വരതയെ ഉദ്ഘോഷിക്കുന്നു. 18 വയസ്സ് മുതൽ മദ്രാസ് ആകാശവാണിയ്ക്കു വേണ്ടി ലളിതഗാനങ്ങളെഴുതിയിരുന്ന ഇദ്ദേഹം ഏകദേശം രണ്ടായിരത്തിലധികം ഗാനങ്ങൾ, റിലീസ് ആയതും റിലീസ് ആകാത്തതുമായ സിനിമകൾക്കു വേണ്ടി എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വരികൾ ഏറ്റവും കൂടുതൽ സ്വരപ്പെടുത്തിയിട്ടുള്ളത് ദക്ഷിണാമൂർത്തി സ്വാമികളും എം.കെ. അർജ്ജുനനുമാണ്. ഇന്നോളം 38 ചലച്ചിത്രങ്ങളും 22 കഥാചിത്രങ്ങളും 6 ടി.വി പരമ്പരകളും നിർമ്മിച്ച ഈ ബഹുമുഖപ്രതിഭ 78 ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. സിനിമാനിർമ്മാതാവ്, സംവിധായകൻ, സംഗീതസംവിധായകൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു . നോവലുകളും കവിതയുമെഴുതി. ചലച്ചിത്രഗ്രന്ഥരചനയിലും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജീവിതമേല്പിക്കുന്ന പ്രഹരങ്ങളെയെല്ലാം അതിജീവിക്കുന്ന മനോബലവും സർഗശേഷിയും ആത്മവിശ്വാസവും കൈമുതലായ, എപ്പോഴും എളിയജീവിതം നയിക്കാനിഷ്ടപ്പെടുന്ന ഈ അതുല്യപ്രതിഭയുടെ വാങ്മയങ്ങൾ ഇനിയുമിനിയും മലയാളിയുടെ കാവ്യജീവിതത്തെ പരിപോഷിപ്പിക്കാനുതകുമാറാകട്ടെ.

Subscribe Tharjani |