തര്‍ജ്ജനി

ഷിലിന്‍ പരമേശ്വരന്‍

പരമേശ്വരവിലാസം,
കടയ്ക്കാവൂര്‍,
തിരുവനന്തപുരം. 695 306.

Visit Home Page ...

കഥ

ആരൂഢം

അല്ല ഇത് എന്തോരിരിപ്പാ! വന്നിട്ട് നാല് മണിക്കൂർ ആയിക്കാണും. ഇരുന്നിരുന്ന് നടുവ് വേദനിച്ചു തുടങ്ങി. തന്റെ ഔദ്യാഗികജീവിതത്തിൽ ഇത് ആദ്യമായിട്ടാണ് ഒരു ജ്യോത്സ്യനെ കാണാൻ വരുന്നത്, അതും ഉദ്യോഗസംബന്ധമായി. കാരണം അടുത്തകാലത്തായി എസ് ഐ സുദേവന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വളരെ വിചിത്രമായിരുന്നു.

കാവടി പോലീസ് സ്റ്റേഷനിൽ സുദേവൻ ചാർജ്ജെടുത്തിട്ടു രണ്ടുമാസമേ ആയിട്ടുള്ളു. നഗരത്തിന്റെ തിരക്കിൽനിന്നും ഒരു കുഗ്രാമത്തിലേക്കുള്ള സ്ഥലംമാറ്റം സുദേവന് വലിയൊരു ആശ്വാസമായിരുന്നു. അല്ലറ ചില്ലറ കള്ളന്മാരും ചില രാത്രികാല സാമൂഹ്യ വിരുദ്ധരും ഒഴിച്ചാൽ സ്വച്ഛവും സുന്ദരവുമായ സ്ഥലം. ചാർജ്ജെടുത് ആദ്യമാസം വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ കഴിച്ചുകൂട്ടി. രണ്ടാംമാസത്തിൽ സ്റ്റേഷനിൽ പുതിയ ഒരു ജീപ്പ് സർക്കാരിൽ നിന്നു അനുവദിച്ചു കിട്ടി. അവിടുന്ന് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇതുവരെ ഒരു അറുതി കാണാൻ പറ്റിയിട്ടില്ല.

ഒരു മാസത്തിനുള്ളിൽ പന്ത്രണ്ടു പേരെയാണ് ആ ജീപ്പ് ഇടിച്ചു വീഴ്ത്തിയത്. പന്ത്രണ്ട് പേരെ അശുപത്രിയിൽ കയറ്റിയെങ്കിലും ജീപ്പിന് ഇന്നുവരേയ്ക്കും ഒരു പോറൽ പോലും ഉണ്ടായില്ല. എന്താണ് കാര്യം എന്നു മാത്രം മനസ്സിലാകുന്നില്ല. ജീപ്പ് ചിലനേരം നിയന്ത്രണം വിട്ടങ്ങ് പായും, വഴിയാത്രക്കാരനെ ആശുപത്രിയിലുമാക്കും. അങ്ങനെ ആളെഇടിയൻ ജീപ്പിന് നാട്ടുകാർ ഒരു പേരുമിട്ടു 'കൊല കൊല്ലി' യെന്ന്. അതിന്റെ ദൂരെ നിന്നുള്ള വരവ് കണ്ടാൽ ആൾക്കാർ ഭയന്ന് ഓടിത്തുടങ്ങി.

ഈ ഒരു ജീപ്പ്കാരണം നാട്ടിലെ എല്ലാരും നന്നേ പോറുതി മുട്ടി. അവസാനം സ്റ്റേഷനിൽ ചായ കൊണ്ടുവരുന്ന കണാരനാണ് അച്ചുക്കുറുപ്പിന്റെ കാര്യം ആദ്യമായി പറഞ്ഞത്. നാട്ടിലെ പ്രഗത്ഭനായ ജ്യോത്സ്യൻ ആയിരുന്നു അച്ചുക്കുറുപ്പ്. പട്ടണത്തിൽ നിന്നുപോലും ആൾക്കാർ എത്താറുണ്ട്, അച്ചുക്കുറുപ്പ് പറഞ്ഞാൽ അച്ചട്ടാണ്. എന്തായാലും കുറുപ്പിന്റെ മുറ്റത്ത് കിടന്ന മൂന്ന് നാല് തടി ബെഞ്ചുകൾ നിരങ്ങി നിരങ്ങി അവസാനം അച്ചുക്കുറുപ്പിരിക്കുന്ന മുറിയുടെ പടിക്കൽ എത്തി.

വീണ്ടും മുക്കാൽ മണിക്കൂർകൂടെ നീണ്ടുനിന്നു ആ കാത്തിരിപ്പിനു ഒരു വിരാമമിടാൻ. കുറുകിയ ഒരു കറുത്ത മദ്ധ്യവയസ്കനായ മനുഷ്യൻ. നെറ്റി നിറയേ പല നിറത്തിൽ ഉള്ള സ്റ്റിക്കർ നീട്ടി ഒട്ടിച്ചതു പോലെ കുറേ കുറികൾ ഇട്ടിട്ടുണ്ട്. കഴുത്തിൽ ഒരു കെട്ട് മാലകളും അണിഞ്ഞിരിക്കുന്നു. മുമ്പിൽ ഇരിക്കുന്ന കവടിപ്പലകയിൽ ഒരു ചെറിയ കവടിക്കുന്ന്. കണ്ണുകളിലേക്ക് തുളച്ച് കയറുന്ന നോട്ടം. " രാജതുല്യനായ താങ്കളുടെ നോട്ടം കൊണ്ടു തന്നെ പറയാം, താങ്കൾ ഒരു നിയമപാലകനാണല്ലേ?" അച്ചുക്കുറുപ്പിന്റെ കൃത്യമായ ചോദ്യം സുദേവനെ അമ്പരപ്പിച്ചു. പോരാത്തതിന് ഉള്ള വിശ്വാസം ഇരട്ടി ബലപ്പെടുത്തുകയും ചെയ്തു.

കാര്യം എസ് ഐ സുദേവൻ പറഞ്ഞുകഴിഞ്ഞപ്പോൾ മോതിരങ്ങൾ നിറഞ്ഞ കുറുപ്പിന്റെ കൈകൾ കസേരയുടെ കൈയിൽ മെല്ലെ താളം പിടിച്ചു തുടങ്ങി. അച്ചുക്കുറുപ്പ് ചിന്താനിമഗ്നനായി. കുറുപ്പിന്റെ കൈകൾ മെല്ലെ കവടിപ്പലകയിലേക്ക് നീങ്ങി. കുറച്ച് നേരം കവടികൾ ഉഴിഞ്ഞശേഷം, അതിനെയെല്ലാം പലതായി പങ്കുവെച്ച് പലകയുടെ പല ദിക്കിലേക്ക് നീക്കിവച്ചു. അച്ചുക്കുറുപ്പ് മൂക്കത്ത് വിരൽവെച്ച് എന്തോ ചിന്തിച്ചു തുടങ്ങി. നിശ്ശബ്ദത ഭേദിച്ച് അച്ചുക്കുറുപ്പ് മുരടനക്കിക്കൊണ്ട് എന്തോ കണ്ടെത്തിയതുപോലേ മെല്ലെ മുന്നോട്ട് ആഞ്ഞിരുന്ന് തന്റെ കണ്ടെത്തൽ വെളിപ്പെടുത്തി തുടങ്ങി.

വണ്ടിയിൽ ഒരു ബാധയുണ്ട്, വെറും ബാധയല്ല. വണ്ടി ഇനിയും അപകടങ്ങൾ ഉണ്ടാക്കും അത് ഒരു മരണം കണ്ടേ നിർത്തൂ. വണ്ടി നശിപ്പിച്ചു കളയണം. പരിഹാരം കേട്ടപ്പോൾ എസ് ഐ സുദേവൻ ഒന്ന് ഞെട്ടി, അയാൾ ആകെ ധർമ്മസങ്കടത്തിൽ ആയി. സർക്കാർ മുതൽ നശിപ്പിക്കാനോ? "എന്തെങ്കിലും ഒരു പോംവഴി ഉണ്ടാകുമോ?" സുദേവൻ ജിജ്ഞാസയോടെ അച്ചുക്കുറുപ്പിന്റെ മുഖത്തേക്ക് ഉറ്റ് നോക്കി. വീണ്ടും അച്ചുക്കുറുപ്പ് കണ്ണുകൾ മുറുക്കിയടച്ച് വീണ്ടും ചിന്തയിലേക്ക് ഊളിയിട്ടു. ചിന്തയിൽ നിന്നുണർന്ന് അച്ചുക്കുറുപ്പ് ഒരു നിർദ്ദേശം നല്കി, ഒരു വഴിയേ ഉള്ളു, ഒരു ഉഗ്രപൂജ ഉടൻ നടത്തണം. അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. പുറത്തുനിന്ന് ആളെ വരുത്തി പൂജ ചെയ്താൽ ഒരു വലിയ തുകതന്നെ ചിലവാകും, അതിനും ഒരു പോംവഴി ഉണ്ട്. പൂജ അച്ചുക്കുറുപ്പ് തന്നെ കർമ്മിയായി നടത്തും. കാശ് അടച്ചാൽ മതി, എല്ലാം കൂടെ ഒരു എഴുപതിനായിരം രൂപയാകും. അതും ഇരുചെവിയറിയാതെ നടത്തിത്തരും. ആരെങ്കിലും അറിഞ്ഞാൽ ഇതിൽപ്പരം ഒരു നാണക്കേടുണ്ടാവില്ല. പോലീസ് സ്റ്റേഷനിൽ പൂജയോ? കേൾക്കുന്നവർ മൂക്കത്ത് വിരൽ വച്ചു പോകും. എസ്. ഐ സുദേവൻ മറ്റൊന്നും ആലോചിച്ചില്ല. കുറുപ്പിന്റെ കൈ പിടിച്ചുകുലുക്കികൊണ്ടു കരാർ ഉറപ്പിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് രാത്രി നേരത്ത് അച്ചുക്കുറുപ്പിന്റെ കാർമ്മികത്വത്തിൽ സ്റ്റേഷനിൽ വച്ചു തന്നെ പൂജ നടന്നു, ഡൂട്ടിയിൽ ഉണ്ടായിരുന്ന കുറച്ച് പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ. കുറേ നേരം നീണ്ടുനിന്ന പൂജയുടെ അവസാനം, അച്ചുക്കുറുപ്പ് ബാധാ സങ്കല്പത്തെ ഒരു കുടത്തിൽ ആവാഹിച്ചു, കുടത്തിന്റെ വായ മൂടിക്കെട്ടി സ്റ്റേഷന്റെ തന്നെ മൂലയിൽ നിന്ന ഒരു ആഞ്ഞിലിമരത്തിനു ചുവട്ടിൽ കുഴിച്ചിട്ടു. പിന്നീട് ഒരോ ചുവന്ന ചരടുവീതം സറ്റേഷനിൽ ഉള്ള എല്ലാ പോലീസുകാർക്കും നല്കി.. " ഇനി ഭയക്കാനൊന്നുമില്ല, എല്ലാം മംഗളമായി. മരണപ്പെട്ട ഒരാത്മാവായിരുന്നു ജീപ്പിൽ കുടിയേറിയിരുന്നത്. താൻ മരണപ്പെടാൻ കാരണമായ ശത്രുവിനെ തേടി നടക്കുകയായിരുന്നു. ഇനി ഒരു ശല്യവും മേലിൽ ഉണ്ടാകില്ല. ഇനി ധൈര്യമായിരിക്കാം." അച്ചുക്കുറുപ്പ് മൊത്തം പണവും ഒരണ കുറവില്ലാതെ വാങ്ങി തന്റെ പൂജാസാമഗ്രികൾ കൊണ്ടുവന്ന ഭാണ്ഡത്തിനുള്ളിൽ വച്ചുകൊണ്ട് പറഞ്ഞു.

സ്റ്റേഷനിലെ പോലീസുകാരിൽ നിന്നും പിരിച്ചതും പിന്നെ തന്റെ തന്നെ ബാങ്കിൽ കിടന്നതും ചേർത്ത പണമാണ് എണ്ണികൊടുത്തത്. "ഭഗവാനേ, ഇതോടെ എല്ലാം ശരിയാകണേ!" എസ് ഐ സുദേവൻ നെഞ്ചിൽ കൈവച്ചു മനസ്സുരുകി വിളിച്ചു.

പിറ്റേന്ന് കാലത്ത് സുദേവൻ തന്റെ സ്റ്റേഷനിൽ എത്തുമ്പോൾ മുറ്റത്ത് ജീപ്പില്ല, അവിടെ എല്ലാപേരുടെ മുഖത്തും ഒരാകാംക്ഷ കാണപ്പെട്ടു. സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ പൂജ കഴിഞ്ഞ ശേഷമുള്ള ജീപ്പുമായി ഒരു പരീക്ഷണഓട്ടത്തിനു പോയിരിക്കുന്നു. ഗേറ്റ് കടന്ന് സുരക്ഷിതമായി തിരിച്ചെത്തുന്ന ജീപ്പിലിടാൻ ഒരു പുഷ്പഹാരവും അവർ അവിടെ കരുതിയിരുന്നു. സമയത്തിന്റെ ദൈർഘ്യം കൂടിവന്നു, പലരുടെയും ശ്വാസഗതിയിൽ വ്യതിയാനങ്ങളും, അടക്കംപറച്ചിലുകളും. അതാ, ഗേറ്റ് കടന്ന് ഓടിവരുന്നു ചായകൊണ്ടുവരുന്ന കണാരൻ. പരിഭ്രമിച്ചുള്ള ആ ഓട്ടത്തിൽ തന്നെ ഒരു പന്തികേട് മണത്തു. പടി കയറിവന്ന കണാരൻ കിതച്ചുകൊണ്ട് പറഞ്ഞു "സാറേ, ആ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. ജീപ്പ് തവിടുപൊടിയായിപ്പോയി. ഭാഗ്യത്തിനു ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണതുകൊണ്ട് രക്ഷപ്പെട്ടു."

എല്ലാപേരും ഒന്ന് ആശ്വസിച്ചു, ഭാഗ്യം. അച്ചുക്കുറുപ്പിന്റെ പൂജയുടെ ഫലം. കണാരൻ ശ്വാസം ഒന്നുവലിച്ചെടുത്ത് തുടർന്നു ''പക്ഷേ സാറേ, വഴിയേ നടന്നുപോയ ഒരാളെയും കൊണ്ടാണു സാറേ ജീപ്പ് കൊക്കയിലേക്ക് ചാടിയത്. അപ്പോത്തന്നെ ആളെ ആസ്പത്രീലേക്ക് കൊണ്ടു പോയിട്ടുണ്ട്. ആളു പോയീന്നാണു സാറേ പറേണത്." എസ് ഐ സുദേവന്റ നെഞ്ചിൽ ഒരു കൊള്ളിയാൻ പാഞ്ഞു.

തിങ്ങി നിറഞ്ഞ സർക്കാർ ആശുപതിയുടെ വരാന്തയിലേക്ക് കയറി ചെന്നപ്പോൾത്തന്നെ വണ്ടിയോടിച്ച കോൺസ്റ്റബിൾ പരിക്കും വച്ചുകെട്ടി പുറത്തിരിപ്പുണ്ടായിരുന്നു. വേറൊന്നും ചോദിക്കാൻ തോന്നിയില്ല "അയാൾക്ക് എങ്ങനെയുണ്ട്?" "വരുന്ന വഴിക്കുതന്നെ എല്ലാം കഴിഞ്ഞു, സാർ. അയാൾ മരിച്ചു." കോൺസ്റ്റബിൾ മറുപടി നല്കി. " അറിയാവുന്ന ആരെങ്കിലും ആണോ?" എസ് ഐ യുടെ ചോദ്യത്തിനു പതിഞ്ഞ സ്വരത്തിൽ കോൺസ്റ്റബിൾ മറുപടി നല്കി "അത്, അച്ചുക്കുറുപ്പായിരുന്നു സാർ."

ഒരായിരം ചിന്തകളാൽ ഗ്രസിക്കപ്പെട്ട് എസ് ഐ സുദേവൻ ആശുപത്രിക്കു പുറത്തു നില്ക്കുന്ന പോസ്റ്റിൽ തൂങ്ങിക്കിടക്കുന്ന അച്ചുക്കുറുപ്പിന്റെ ജ്യോതിഷാലയത്തിന്റെ പരസ്യ ബോർഡ് നോക്കിനിന്നു. "ആരൂഢം നോക്കി ഫലം പറയും. നൂറു ശതമാനം വിശ്വസനീയം."

Subscribe Tharjani |