തര്‍ജ്ജനി

മുഖമൊഴി

തര്‍ജ്ജനി ഒരു ഇടവേളയ്ക്കുശേഷം

ഒരു ഇടവേളയ്ക്കുശേഷം തര്‍ജ്ജനി പുറത്തിറങ്ങുകയാണ്. 2015 സപ്തംബര്‍ ലക്കമാണ് ഒടുവില്‍ ഇറങ്ങിയത്. ഇത് 2016 ഒക്ടോബര്‍ ലക്കം. അതായത് പന്ത്രണ്ട് ലക്കങ്ങളുടെ ഇടവേള. ഈ കാലയളവില്‍ തര്‍ജ്ജനിക്ക് എന്തു പറ്റിയെന്ന് അന്വേഷിച്ച് നിരവധി മെയിലുകളും മെസ്സേജുകളും ഫോണ്‍വിളികളും ലഭിക്കുകയുണ്ടായി. വായനക്കാര്‍ തര്‍ജ്ജനിയെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് നേരിട്ടറിയാന്‍ അത് സഹായകമായി. അതിലേറെ തര്‍ജ്ജനിയുടെ ഒഴിവ് നികത്തുന്ന വേറൊരു പ്രസിദ്ധീകരണം ഇല്ലെന്ന ഓര്‍മ്മപ്പെടുത്തലുകളാണ് ഈ തിരിച്ചുവരവിന് ഞങ്ങള്‍ക്ക് ഊര്‍ജ്ജം നല്കുന്നത്.

വാണിജ്യേതര-സന്നദ്ധസേവന മാതൃകയില്‍ പ്രസിദ്ധീകരിക്കുന്നതാണ് ചിന്ത ഡോട്ട് കോമും അതിലെ സാംസ്കാരികപ്രസിദ്ധീകരണമായ തര്‍ജ്ജനി മാസികയും. ഇതിന്റെ പ്രവര്‍ത്തകരുടെ ഊര്‍ജ്ജവും സമയവും ധനവുമാണ് മുതല്‍മുടക്ക്. വേറെ മുതല്‍മുടക്ക് ഇല്ല. അതിനാല്‍ ലാഭമുണ്ടാക്കാനുള്ള ഒരു സംരഭമായല്ല ഈ മാസിക പ്രവര്‍ത്തിച്ചിരുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് ഈ പ്രസിദ്ധീകരണം ആരംഭിക്കുമ്പോള്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് വിനിയോഗിക്കാനാകാവുന്നത്ര സമയം ഇപ്പോള്‍ നല്കാനാവുന്നില്ല. സന്നദ്ധപ്രവര്‍ത്തനം എന്നത് കേള്‍ക്കാനും പറയാനും എളുപ്പമുള്ള വാക്കാണ്. പ്രയോഗത്തില്‍ വരുമ്പോള്‍ അതിനായി അധികം ആരെയും കിട്ടില്ല. പുതിയ ഒരു സംഘത്തെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് ഇനിയും സാധിച്ചില്ല. എങ്കിലും 2015 സപ്തംബര്‍ വരെ ഒരു ലക്കം പോലും മുടങ്ങാതെ ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇനിയും മുമ്പോട്ട് പോകുവാന്‍ തന്നെയാണ് തീരുമാനം.

യൂനിക്കോഡ് എന്‍കോഡിംഗില്‍ മലയാളം ഉപയോഗിച്ച ആദ്യത്തെ വെബ് പോര്‍ട്ടലാണ് ചിന്ത ഡോട്ട് കോം. മലയാളത്തില്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങുന്ന കാലം. കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ പ്രത്യേകമായി പഠിപ്പിച്ചുകൊടുക്കേണ്ടുന്ന കാലം. അക്കാലത്ത് കയ്യെഴുത്തില്‍ തപാലില്‍ വന്ന മാറ്ററുകള്‍ ടൈപ്പ് ചെയ്തും പേജ് രൂപകല്പനചെയ്തുമാണ് തര്‍ജ്ജനി പ്രസിദ്ധീകരിച്ചിരുന്നത്. ഇന്ന് അച്ചടിയിലൊഴികെ എല്ലായിടത്തും യൂനിക്കോഡ് എന്‍കോഡിംഗിലുള്ള മലയാളമാണ്. ഇക്കാലത്ത് സ്മാര്‍ട്ട്ഫോണുകളില്‍ മലയാളം ഉപയോഗിക്കാത്ത മലയാളികള്‍ വിരളമാണ്. അതാവട്ടെ അനായാസം സാദ്ധ്യമാവുകയും ചെയ്യും. ഇപ്പോള്‍ മെയിലിലൂടെ മലയാളത്തില്‍ ടൈപ്പ് ചെയ്ത മാറ്ററുകളാണ് കിട്ടുന്നത്. അതില്‍ പ്രസിദ്ധീകരിക്കാവുന്നവ കണ്ടെത്തി പ്രകാശിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്തുപോന്ന കാര്യം. അതിനാല്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ പ്രമേയാധിഷ്ഠിതമായ ആസൂത്രണം തര്‍ജ്ജനിയുടെ സ്വഭാവമല്ല.

നവീനവും മൌലികവുമായ ചിന്തകള്‍ വെബ്ബില്‍ മലയാളത്തില്‍ പ്രകാശിപ്പിക്കാന്‍ ഒരിടം എന്ന മഹത്തായ ലക്ഷ്യമാണ് തര്‍ജ്ജനിക്കും ചിന്ത ഡോട്ട് കോമിനും ഉള്ളത്. പക്ഷെ ഈ ലക്ഷ്യം സാധിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചുവെന്ന് അവകാശപ്പെടുന്നില്ല. പക്ഷെ, പതിനൊന്നു വര്‍ഷം, വാണിജ്യേതര-സന്നദ്ധപ്രവര്‍ത്തനമായി ഒരു പ്രസിദ്ധീകരണം ഒരു ലക്കം പോലും മുടങ്ങാതെ നിലനിറുത്തിയെന്നത് നിസ്സാരമല്ലാത്ത നേട്ടമാണ്. അതാവട്ടെ, ഞങ്ങള്‍ക്കുശേഷം ഈ രംഗത്തുവന്ന മികച്ച പ്രസിദ്ധീകരണങ്ങളായ ഹരിതകം, നാലാമിടം, നാട്ടുപച്ച എന്നിവ ഇടയ്ക്ക് രംഗംവിട്ട സാഹചര്യത്തില്‍ വളരെ പ്രധാനം തന്നെയാണ്. മൌലികചിന്തയും വിപ്ലവാത്മകമായ ആശയങ്ങളും പ്രതിഫലം കിട്ടാനിടയില്ലാത്ത ഇടത്ത് പ്രസിദ്ധീകരിക്കാന്‍ സന്നദ്ധരല്ലാത്ത ബുദ്ധിജീവിസമൂഹം നിലനില്ക്കുന്ന മലയാളികളുടെ ഇടയില്‍ ഞങ്ങളുടെ നിലനില്പ് ഇന്നും പ്രസക്തമാണ്.

മലയാളത്തിന്റെ വെബ്ബുള്ളടക്കത്തിന്റെ അവസ്ഥയെന്തെന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. ഏത് വിവരത്തിനും വെബ്ബ് തെരയുന്ന ഇക്കാലത്തും മലയാളം വെബ്ബില്‍ മുടന്തിയും ഇഴഞ്ഞുമാണ് നീങ്ങുന്നതെന്ന് പറഞ്ഞല്‍ അതില്‍ അതിശയോക്തിയില്ല. ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ക്ലാസ്സ് പ്രോജക്ട് തയ്യാറാക്കാനുള്ള വിവരം മലയാളത്തില്‍ വെബ്ബില്‍ ലഭ്യമാണോ? മലയാളം വിക്കിപീഡിയ പോലും ഇക്കാര്യത്തില്‍ സഹായത്തിനെത്തുകയില്ല. മലയാളത്തിലെ ഒരു പ്രധാനപ്പെട്ട എഴുത്തുകാരനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാനുള്ള വിവരം ലഭ്യമാണോ, വെബ്ബില്‍? വെബ്ബില്‍ വായിക്കാന്‍ കിട്ടുന്ന സാഹിത്യകൃതികള്‍? സ്വതന്ത്ര വെബ്ബ് ഉള്ളടക്കം എന്ന നിലയില്‍ ചിന്ത ഡോട്ട് കോമിന്റെ പ്രസക്തി ഒരു പതിറ്റാണ്ടിന് ശേഷവും ഇപ്പോഴും പ്രസക്തമാണെന്ന് ഇത് വ്യക്തമാക്കുന്നു. അച്ചടി മലയാളത്തിലെ ഏറ്റവും അധികം വായനക്കാരുള്ള ആഴ്ചപ്പതിപ്പിനെക്കാളും (മകാരം പ്രസിദ്ധീകരണങ്ങളെ ഇവിടെ പരിഗണിച്ചിട്ടില്ല) വായനക്കാര്‍ ചിന്ത ഡോട്ട് കോമിനുണ്ട്. ആ വായനാസമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയോടെ, നിലവാരമുള്ള വെബ്ബ് ഉള്ളടക്കം എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ മുന്നോട്ടു പോകുന്നുവെന്ന് അറിയിച്ചുകൊണ്ട്, തര്‍ജ്ജനിയെ നിങ്ങള്‍ക്കു മുന്നില്‍ വിനയപൂര്‍വ്വം, വിശ്വാസപൂര്‍വ്വം സമര്‍പ്പിക്കുന്നു.

ചിന്ത ഡോട്ട് കോം, തര്‍ജ്ജനി ടീം

Subscribe Tharjani |