തര്‍ജ്ജനി

എസ്. ജയേഷ്

ഇ-മെയില്‍ :jayeshsa@yahoo.com

വെബ് : www.jayeshnovel.blogspot.com, www.jayeshsan.blogspot.com

Visit Home Page ...

ലേഖനം

ഹോളിവുഡും ശീതയുദ്ധവും

രണ്ടാം ലോകമഹായുദ്ധശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതയുദ്ധം ഇരുരാജ്യങ്ങളിലേയും രാഷ്ട്രീയവിഷയങ്ങളില്‍ മാത്രമല്ല, ജീവിതത്തിലെ സമസ്തമേഖലകളിലും പ്രതിഫലിച്ചിരുന്നു. തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും അറിയിക്കാനും സര്‍വ്വോപരി സ്വന്തം ജനതയോടും ലോകത്തോടും സംവാദത്തിലേര്‍പ്പെടാനും അവര്‍ സിനിമ ഉപയോഗിച്ചു. സിനിമ ഏറ്റവും ജനകീയമായ കല എന്ന നിലയില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള കുറുക്കുവഴിയായിത്തീര്‍ന്നു, അവര്‍ക്ക്. ഒട്ടേറെ പുസ്തകങ്ങള്‍ അക്കാലത്ത് എഴുതപ്പെട്ടെങ്കിലും സിനിമയിലൂടെയുള്ള വഴക്ക് പ്രധാനമായിരുന്നു. ഹോളിവുഡും തങ്ങളുടെ ആയുധങ്ങള്‍ ഉപയോഗിച്ച് ശീതയുദ്ധം പരസ്യമാക്കിയപ്പോള്‍ സോവിയറ്റ് യൂണീയനും അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തുടങ്ങി.

ശീതയുദ്ധം അവസാനിച്ചശേഷവും ഹോളിവുഡ് അതിന്റെ സ്മരണകളില്‍നിന്നും മുക്തമായിട്ടില്ലെന്നതിന്റെ സൂചനയാണ്, തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന ത്രില്ലറുകളും വാര്‍ മൂവീസും. ആദ്യം സിനിമ ഒരു ആയുധമായിരുന്നെങ്കില്‍ ഇപ്പോള്‍ അതിന്റെ ധര്‍മ്മം ജനങ്ങളെ ശീതയുദ്ധത്തിന്റെ ഓര്‍മ്മകളില്‍ പിടിച്ചുനിര്‍ത്തുക എന്നതാണ്. ഗൃഹാതുരതയുണര്‍ത്തുന്ന രീതിയില്‍ ഹോളിവുഡില്‍ യുദ്ധസിനിമകളും ത്രില്ലറുകളും നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോഴും തുടരുന്നു (ഹോളിവുഡിന്റെ മറ്റൊരു പ്രിയപ്പെട്ട വിഷയമാണ് രണ്ടാം ലോകമഹായുദ്ധകാലത്തെ ജൂതന്മാരുടെ യാതനകള്‍. ഹോളോകാസ്റ്റ് സിനിമകളും ധാരാളം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്).

സ്റ്റീഫന്‍ സ്പീല്‍ബര്‍ഗിന്റെ Bridge of Spies (2015) എന്ന സിനിമയും മറ്റൊന്നുമല്ല ചെയ്യുന്നത്. സിനിമയിലെ ഒരു രംഗം: അഭിഭാഷകനായ ഡോനോവര്‍ ഒരു ദിവസം കാണുന്നത് തന്റെ മകള്‍ ബാത്ത് ടബ്ബില്‍ വെള്ളം നിറച്ച് ഒരു മാപ് പരിശോധിക്കുന്നതാണ്. അതിന്റെ കാരണം ചോദിച്ചപ്പോള്‍ അവൻ പറഞ്ഞത് ബോംബ് ആക്രമണം ഉണ്ടായാല്‍ വെള്ളത്തിന് ക്ഷാമമുണ്ടാകും, അതുകൊണ്ട് ബാത്ത് ടബ് നിറച്ച് വയ്ക്കണമെന്നാണ്. അവൻ എപ്പോഴും ഒരു ബോംബ് ആക്രമണം പ്രതീക്ഷിച്ച് രക്ഷപ്പെടാന്‍ തയ്യാറാവുകയാണ്.

ഈ രംഗം സ്വന്തം അനുഭവത്തില്‍നിന്നും എടുത്തെഴുതിയതാണെന്ന് സ്പീല്‍ബര്‍ഗ് തന്നെ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. അമേരിക്കയെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരുന്ന അന്ത്യവിധിദിനം കുട്ടിയായിരുന്ന സ്പീല്‍ബര്‍ഗിനേയും ഭയപ്പെടുത്തിയിരുന്നത് സ്വാഭാവികം.

"It was on TV. It was in the newspaper, and the conversation that was on everyone's lips was about doomsday," സ്പീല്‍ബര്‍ഗ് അഭിമുഖത്തില്‍ പറയുന്നു. കുട്ടിക്കാലത്തെ ആ ഭയം ഇപ്പോഴും തന്നെ വിട്ടുപോയിട്ടില്ലെന്നതിന്റെ സൂചനയായിരിക്കുമോ പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്വന്തം ജീവിതത്തിലെ അനുഭവം സിനിമയില്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചത്? അതോ, ഇപ്പോഴും അമേരിക്കന്‍ ജനതയുടെ മനസ്സിലെവിടെയോ ഒരു ഭയം ഒളിഞ്ഞിരിക്കുന്നുണ്ടെന്നോ?

സ്പീല്‍ബര്‍ഗ് മറ്റൊരു അഭിമുഖത്തില്‍ പറയുന്നു: So many things were in my mind in the contemporary world. Drone missions. Guantanamo Bay. Cyber-hacking, because cyber-hacking is a form of spying. At the very beginning of technological spycraft in the late 50s, with the U-2 overflights, our fear was that the Sputnik was a spy satellite, which it turned out of course not to be, and there was also great suspicion and fear of nuclear holocaust. I grew up in that era. The stakes were very, very high. And yet today, there is much more dread and fear of who’s looking over our shoulders. There was a specific enemy, the Soviet Union, in the 1950s and ’60s. Today we don’t know our enemy. The enemy doesn’t have a specific face.

Bridge of Spies എന്ന സിനിമയില്‍ ശീതയുദ്ധകാലത്തെ ഒരു സ്പൈ എക്സ്ചേഞ്ച് ആണ് വിഷയമാക്കിയിരിക്കുന്നത്. യഥാര്‍ത്ഥ സംഭവം ആധാരമാക്കി നിര്‍മ്മിച്ച സിനിമയാണെങ്കിലും സിനിമയില്‍ നടക്കാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഡോനോവന്റെ വീട്ടില്‍ വെടിവയ്പ് ഉണ്ടാകുന്നതും ബെര്‍ലിനില്‍വച്ച് ഓവര്‍കോട്ട് തട്ടിയെടുക്കപ്പെടുന്നതും ബെര്‍ലിന്‍ മതില്‍ കടക്കാന്‍ ശ്രമിച്ച ചെറുപ്പക്കാരെ വെടിവയ്ക്കുന്നത് കണ്ടതും എല്ലാം വ്യാജമാണെന്നാണ് ആരോപണങ്ങള്‍. സിനിമ സംഭവബഹുലമാക്കാനും, കഥയ്ക്ക് യഥാര്‍ത്ഥ ശീതയുദ്ധകാലത്തിന്റെ നിറം നല്കാനും വേണ്ടി ഇതെല്ലാം ചേര്‍ത്തതാകാനും മതി.
എന്തായാലും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഇത്തരം സിനിമകള്‍ അമേരിക്കയ്ക്ക് ആവശ്യമാണെന്ന് തന്നെ വേണം പറയാന്‍. മുഖമില്ലാത്തതെങ്കിലും ഒരു ശത്രു തങ്ങള്‍ക്കുണ്ടെന്ന ബോധം ഇല്ലാതാകുമ്പോള്‍ അധികാരവൃന്ദങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട്. തങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മനുഷ്യക്കുരുതികള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും ഉത്തരം പറയേണ്ടിവരും എന്ന ഭീഷണിയും ഹോളിവുഡിനെ ആശ്രയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ടാകും.

Subscribe Tharjani |