തര്‍ജ്ജനി

ശ്രീജിത്ത് കാര്യാട്ട്

Visit Home Page ...

കഥ

നായിഡു

ആത്മഹത്യ പാപമാണ്.
ആത്മഹത്യാനന്തര ജീവിതം നരകമാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
ആത്മഹത്യ…………………………………………
ആത്മഹ…….…………………………………………
ആത്മ………….…………………………………………
ആ..............................................................
....................................................................
....................................................................

ആത്മഹത്യകളെക്കുറിച്ച് ദിനം പ്രതി കാണുന്ന, കേൾക്കുന്ന, വായിക്കുന്ന ആധികാരികവും അനാധികാരികവുമായ അവലോകനങ്ങൾ…..!!! പക്ഷെ ഇതിനകം രണ്ടുതവണ വിജയകരമായി ആത്മഹത്യ ചെയ്ത് മൂന്നാം തവണയും പ്രത്യേകിച്ചൊരു മാനസികസമ്മർദ്ദവുമില്ലാതെ ആത്മഹത്യക്കൊരുങ്ങുന്ന എനിക്ക് ഇതൊക്കെ കാണുമ്പോൾ എന്തുമാത്രം തമാശ തോന്നുന്നുണ്ടാവും? ഒന്നാലോചിച്ചു നോക്കൂ....!
ഹുഹുഹുഹുഹു......

ബൈ ദി ബൈ, പരിചയപ്പെടുത്താൻ മറന്നു പോയി.
ഞാൻ.....
നായിഡു, ചന്ദ്രബാബു നായിഡു. കഥയുടെ തലക്കെട്ടിൽ കാണുന്ന അതേ നായിഡു തന്നെ. ചില പൊളിറ്റിക്കൽ കാരണങ്ങൾ കൊണ്ടാണ് ചന്ദ്രബാബു നായിഡു എന്ന പേര് ചുരുക്കിയത്. അത് താങ്കൾ മനസ്സിലാക്കുമല്ലോ. അതേ സമയം, ചന്ദ്രബാബു നായിഡു എന്ന പേരുള്ള ഒരുത്തന് കേറി നിരങ്ങാനുള്ളതാണോ മലയാളം എന്ന് പുരികം ചുളിക്കാൻ വരട്ടെ, എനിക്ക് നല്ല മണിമണിയായി മലയാളം അറിയാം, അതും നല്ല അടിപൊളി കോട്ടയം സ്ലാങ്ങില്....

അങ്ങ് നാട്ടില്, പഴയ ആന്ധ്രയിലെ ചിറ്റൂർ ഗവണ്മെന്റ് ആശുപത്രിയിൽ വിട്ടുമാറാത്ത പല്ലുവേദനക്ക് ചികിത്സയിലായിരുന്ന അമ്മയുടെ പല്ല് പറിക്കുന്നതിന് മുമ്പേ, അത്ഭുതങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന് ആശുപത്രിക്കട്ടിലിന് മുമ്പിൽ സ്ത്രോത്രപ്രവചനം നടത്തിയ പാസ്റ്റർ ജയൻ മേനോൻ, പിന്നീട് യേശുവിന്റെ വഴിയിൽ നടക്കാൻ തുടങ്ങിയ ശേഷമായിരുന്നു, ഇന്റർ മീഡിയേറ്റ് പരീക്ഷയെഴുതി റിസൽട്ട് കാത്തിരുന്ന എന്നോട് നഴ്സിംഗിനെക്കുറിച്ച് പറഞ്ഞത്. സത്യത്തിൽ നേഴ്സിന് സ്ത്രീലിംഗവും പുല്ലിംഗവും ഉണ്ടെന്ന സത്യം ഞാൻ മനസ്സിലാക്കിയതും അന്നായിരുന്നു.

കണ്ണീരൊഴുക്കിക്കൊണ്ട്, കൈകൊട്ടിക്കൊണ്ട് അതിദയനീയമായും ചിലപ്പോൾ ഭീഷണിരൂപത്തിലും പ്രാർത്ഥിച്ചുകൊണ്ട് ദൈവത്തിൽ നിന്നും പല ആനുകൂല്യങ്ങളും, സംവരണങ്ങളും പിടിച്ചു പറ്റുന്ന എളുപ്പവഴിയിലേക്ക് ഞാൻ കയറി. പല്ലുവേദന മാറിയെങ്കിലും നന്ദികേട് കാട്ടിയ അച്ഛനും അമ്മയും സഹോദരങ്ങളും പാപം നിറഞ്ഞ പൂർവസ്ഥാനത്ത് നിന്ന് അനങ്ങിയതുമില്ല. പുതിയ വഴി ശുഭ്രവും സുന്ദരവുമായിരുന്നു. എനിക്ക് മുമ്പേ മാനസാന്തരപ്പെട്ടവർക്കൊപ്പം ഞാനും പ്രതീക്ഷാനിർഭരമായ നാളെയിലേക്ക് കണ്ണും നട്ട് നിരനിരയായി ഇരുന്നു. കാത്തിരിപ്പിന്റെ നാലാം നാളിൽ ഞങ്ങളെയെല്ലാവരെയും ജ്ഞാനസ്നാനപ്പെടുത്തിക്കൊണ്ട് മഴ പെയ്യുകയും മേനോൻ പാസ്റ്റർ കൈകളുയർത്തി തന്റെ സാക്ഷ്യം കൃത്യപ്പെടുത്തിയ ദൈവത്തിന് നന്ദി പറയുകയും ചെയ്തു.

ബാംഗ്ലൂരിലെ നഴ്സിംഗ് സ്കൂളിൽ വെച്ചായിരുന്നു എന്റെ മലയാളം എഴുത്തിനിരുത്ത്. ഞാനൊഴികെ ബാക്കി മൊത്തം മല്ലൂസ്, ഞങ്ങൾ ഏഴ് ബോയ്സും ബാക്കി ഗേൾസും.... മലയാളഭാഷയിൽ ക,പ,മ കാരങ്ങളുടെ അത്യന്താപേക്ഷികതയും പ്രയോഗസാദ്ധ്യതകളും എഴുപേരിൽ നിന്നും മാറിമാറി ശിഷ്യപ്പെട്ട് ഞാൻ സ്വായത്തമാക്കി. അതേ സമയം മകാരവാരികകളിൽ തുടരനായി പ്രസിദ്ധീകരിക്കുന്ന കഥകളുടെ സാംഗത്യവും, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ആഗോളസിനിമയിലെ തന്നെ അഭിനയചക്രവർത്തിമാരാണ് എന്ന മല്ലുരഹസ്യവുമായിരുന്നു സ്ത്രീസമൂഹത്തിൽ നിന്നും വെളിപ്പെട്ടത്.

കോളേജ് ഹോസ്റ്റലിന് പുറകിൽ വിശാലമായ കൃഷിയിടങ്ങളായിരുന്നു. രാത്രികാലങ്ങളിൽ കഞ്ചാവുമണമുള്ള കാറ്റ് അവിടേക്കൊഴുകിയിറങ്ങി. വിസ്കിപ്പൂക്കൾ വിരിയുന്ന യാമങ്ങളിൽ ഞങ്ങൾ ശ്രീശാന്ത് വിഷയത്തിലെ ധോണിയുടെ നിലപാടിലെ ധാർഷ്ട്യത്തെ ചോദ്യം ചെയ്തു. സിരകളിലേക്ക് സന്തോഷസിറിഞ്ചുകൾ കയറ്റി ശക്തിയാർജ്ജിച്ച് പറന്ന് സിഗരറ്റുപുക കൊണ്ട് ആകാശത്ത്‌ മേഘങ്ങൾ തുന്നിച്ചേർത്തു. നന്ദിസൂചകമായി നക്ഷത്രങ്ങൾ ചന്ദ്രക്കലാകൃതിയിലുള്ള, ഉപ്പും കുരുമുളകുപൊടിയുമിട്ട് മൊരിയിച്ച കശുവണ്ടികൾ പൊഴിച്ചു.

അങ്ങനെയങ്ങനെ മൂന്നും ഒന്നും നാല് കൊല്ലത്തെ നഴ്സിംഗും ഇന്റേൺഷിപ്പും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അരമുക്കാൽ മലയാളം പാണ്ഡിത്യത്തോടൊപ്പം കോട്ടയംകാരി സാലി ജോർജ്ജും എന്റെ കൂടെയിങ്ങ് സിറ്റിയിലോട്ട് പോന്നു. കല്യാണം വെഞ്ചരിച്ചത് മേനോൻ പാസ്റ്റർ തന്നെയായിരുന്നു എങ്കിലും റോമൻ കാത്തോലിക്കായ സാലി "എനിക്ക് കമ്മലും മാലയുമൊന്നും ഊരാൻ മേല" എന്ന് പാസ്റ്ററുടെ മുഖത്ത് നോക്കി പറഞ്ഞത് ഞങ്ങളുടെ ആദ്യരാത്രിയുടെ ആദ്യചരണത്തെ തന്നെ ചെറുതായി അലോസരപ്പെടുത്തി എന്ന് പറയാതെ വയ്യ കേട്ടോ. ദിവസങ്ങൾ ആഴ്ചകളിലേക്കും മാസങ്ങളിലേക്കും മതപരിവർത്തനം നടത്തിക്കൊണ്ടിരിക്കേ, വിവരങ്ങൾ അറിയാൻ ഇത്തിരി താമസിച്ചുപോയ സാലിയുടെ അപ്പൻ ജോർജ് തോമസ്‌, സാലിയുടെ അമ്മാവന്മാരായ മൂന്ന് തടിയന്മാരേയും കൂട്ടി, ഇപ്പോൾ ഇവിടെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും എന്ന ഭാവത്തിൽ വീട്ടിൽ വന്നുകയറിയെങ്കിലും കോളിംഗ് ബെല്ല് കേട്ട് കതകു തുറന്ന സാലിയുടെ അഞ്ച് മാസം വലിപ്പമുള്ള വയറിൽ പരവശപ്പെട്ട്, സാലി തന്നെ അനത്തിക്കൊടുത്ത കട്ടൻ ചായയിൽ സമാധാനിച്ചു. തക്കിടിമുണ്ടൻ അമ്മാവന്മാർക്ക് പാർസൽ വാങ്ങിയ ബിരിയാണിക്കൊപ്പം ഒരു കുപ്പി റോയൽ സ്റ്റാഗ് വെച്ചുകൊടുത്ത് ഉപദംശമായി നോൺ വെജിറ്റേറിയൻ തെലുഗു തമാശകൾ മലയാളത്തിൽ ട്രാൻസ്ലേറ്റ് ചെയ്ത് വിളമ്പി, നല്ല ഒന്നാം ക്ലാസ്സ് മരുമകൻ എന്ന സർട്ടിഫിക്കറ്റ് ഞാൻ സമ്പാദിക്കുകയും ചെയ്തു.

ഓഹ്..... പറഞ്ഞു കാട് കയറി, നമുക്ക് നമ്മുടെ വിഷയമായ ആത്മഹത്യയിലേക്ക് വരാം. യഥാർത്ഥത്തിൽ ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളേയല്ല എന്ന് വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിൽ തിരിച്ചറിഞ്ഞവാനാണ് ഞാൻ. ദൈവീകദാനമെന്ന് ബാല്യം മുതലേ പറഞ്ഞു കേട്ടിട്ടുള്ള മനുഷ്യജന്മത്തെ സ്വയം ഇല്ലായ്മ ചെയ്യാൻ ചില്ലറ ധൈര്യമാണോ വേണ്ടത്?! മരണാനന്തര സ്വർഗ്ഗനരകങ്ങളെയും കൊടും വിചാരണകളെയും തൃണവൽഗണിച്ച് തള്ളി സ്വന്തം നിയമം സൃഷ്ടിക്കുന്ന ധീരതയാണത്, നവീനമായ സ്വയംമരണരീതികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകത കൂടിയാണത്, അഥവാ ആത്യന്തികമായി, ജനിക്കുക എന്ന കർമ്മതീരുമാനം ജനിക്കപ്പെടുന്നവന് ഇല്ലാത്തിടത്തോളം ഏറ്റവും ചുരുങ്ങിയത് മരിക്കുക എന്ന ക്രിയയെങ്കിലും സ്വന്തം അവകാശമാക്കാനുള്ള, സ്വന്തം ഇച്ഛക്കനുസരിച്ചാക്കാനുള്ള വിപ്ലവമാർഗ്ഗം എന്ന് വിളിച്ചാലും തെറ്റാകില്ല.

ഞാനെന്റെ ഒന്നാം ആത്മഹത്യാന്വേഷണ പരീക്ഷണങ്ങൾ ആരംഭിക്കുന്ന സമയത്ത് സത്യത്തിൽ ഇത്ര കണ്ടൊന്നും ചിന്തിച്ചിട്ടിട്ടുണ്ടായിരുന്നില്ല. നൈറ്റ്‌ ഡ്യൂട്ടി സമയത്ത് ഡ്രസ്സിംഗ് റൂമിൽ നിന്നും കേവലം ഒരു ക്വാർട്ടർ മദ്യക്കുപ്പി കിട്ടി എന്ന എന്റേതല്ലാത്ത കുറ്റത്തിന് ജോലിയിൽ നിന്നും ടെർമിനേറ്റ് ചെയ്യപ്പെട്ട ദിവസമായിരുന്നു ഞാൻ ആദ്യമായി ആത്മഹത്യ ചെയ്തത്. അതിനുമുമ്പ് രണ്ടുതവണ എന്റേതല്ലാത്ത കുറ്റം കൊണ്ട് ഡ്രസ്സിംഗ് റൂമിൽ നിന്നും മദ്യക്കുപ്പികൾ കിട്ടിയപ്പോളൊക്കെയും "ഇത്തവണത്തേക്ക് ക്ഷമിക്കൂ സാർ....ഇനിയൊരു തവണ കൂടി ഇങ്ങനെ സംഭവിച്ചാൽ നായിഡുവിന് (അവളും അങ്ങനെ തന്നെയാണ് എന്നെ വിളിക്കാറ്) നിങ്ങൾക്കിഷ്ടമുള്ള ശിക്ഷ കൊടുത്തോളൂ സാർ" എന്ന് മെഡിക്കൽ സൂപ്രണ്ടിനോട്‌ അഭ്യർത്ഥന ഭാവേന പറഞ്ഞ് മൂന്നാം തവണ എന്നെ ടെർമിനേറ്റ് ചെയ്യിക്കാൻ പരോക്ഷമായി പ്രേരിപ്പിച്ച സാലിയോടുള്ള പ്രതികാരമായിരുന്നു ഞാൻ ഒന്നാം ആത്മഹത്യയിലൂടെ നടപ്പാക്കിയത്. അന്ന് ടെർമിനേഷൻ നോട്ടീസ് കൈപ്പറ്റി വീട്ടിൽ പോകുംവഴി സ്ഥിരം ഇടത്താവളത്തിലെ ഇരുണ്ട മൂലയിൽ ഇരുന്ന് ഞാൻ ആശുപത്രിയിൽ പിണഞ്ഞ നാണക്കേടിൽ ഖിന്നനായി. മെഡിക്കൽ സൂപ്രണ്ടിനു മുമ്പിൽ തൊണ്ടി ഹാജരായ സത്യസാഹചര്യം ചില്ലുഗ്ലാസ്സിൽ ഐസായി അലിഞ്ഞു തെളിയുന്നത് ഞാനറിഞ്ഞു. സത്യത്തോടൊപ്പം ഹൃദയവും അലിയാൻ തുടങ്ങി. അലിഞ്ഞലിഞ്ഞ് എനിക്ക് തൂറാൻ മുട്ടിത്തുടങ്ങി. ടോയ്‌ലറ്റിലേക്ക് പോകാൻ വേണ്ടി എഴുന്നേറ്റതും, ആശ്ചര്യമേന്നേ പറയേണ്ടു, മുട്ടൽ മേലോട്ട് കയറിത്തുടങ്ങി. ജനനേന്ദ്രിയവും നാഭിയും ആമാശയവും പിന്നിട്ട് മുട്ടൽ, ഹൃദയത്തിന് മുകളിലിരുന്ന് മുട്ടാൻ തുടങ്ങി. അങ്ങനെ ആ നിമിഷം, ആത്മഹത്യ ചെയ്യാൻ മുട്ടുന്ന ഹൃദയത്തിന്റെ വെമ്പൽ ഞാൻ തിരിച്ചറിയുകയായിരുന്നു. അടുത്ത ക്ഷണം സാലിയുടെ ബെസ്റ്റ് ഫ്രണ്ട് സ്നേഹ പീറ്ററിന് ഫോൺ ചെയ്ത് അക്കിനേനി നാഗേശ്വര റാവുവിനെ മനസ്സിൽ ധ്യാനിച്ച്‌ ഞാനൊരു കാച്ചു കാച്ചി. "സ്നേഹേ.... എന്നും എന്നെ നല്ലൊരു സുഹൃത്തായി, സഹോദരനായി കണ്ടിട്ടുള്ള നിന്നോട് മാത്രമേ എനിക്ക് യാത്ര പറയാനുള്ളൂ..... ബൈ ബൈ.... ബൈ ബൈ ഫോർ എവെർ....."

വീട്ടിലെത്തിയ ശേഷം സാലിക്കൊരു എസ്.എം.എസ്സും.....

എഴുനൂറ്റമ്പത് മില്ലിലിറ്റർ റോയൽ സ്റ്റാഗ് വെള്ളവും സോഡയും അനുസാരികളുമില്ലാതെ തീർക്കുന്നതിനേക്കാൾ കൂടുതൽ സമയമെടുക്കും സിറ്റി ട്രാഫിക്കിൽ നാലഞ്ച് കിലോമീറ്റർ തരണം ചെയ്യാൻ...... ഉറപ്പ്. അത്രയും സമയം വളരെ വിപ്ലവാത്മകമായ മാറ്റങ്ങളായിരുന്നു എന്റെ ജീവിതത്തിൽ വരുത്തിയത്. എന്റെ ശരീരത്തിന് ഭാരം കുറയുകയും ഭൂഗുരുത്വാകർഷണം നഷ്ടപ്പെട്ട് വായുവിലുയരുകയും ചെയ്തു. കൈകൾ ചിറകുകളാക്കി ഞാൻ പറക്കാനാരംഭിച്ചു. ഇതിനകം വീട്ടിലെത്തിയ സാലി എന്റെ പറക്കൽ കണ്ട് പുറകെയോടാൻ തുടങ്ങി. അവൾ ചാടിപ്പിടിക്കാൻ നോക്കി പരാജയപ്പെട്ട്, ദേഷ്യം വരുമ്പോൾ വിളിക്കുന്ന കനം കുറഞ്ഞ മലയാളം തെറി വിളിച്ചു. ഞാൻ പിന്നെയും ചിറകടിച്ചു പറന്നു. കീഴെ ദ്രുതചലനങ്ങള്‍ നിറുത്തിവെച്ച് നഗരം എന്നെ അന്തംവിട്ടു നോക്കുന്നു. മെട്രോ റെയിൽപാതയ്ക്ക് മുകളിൽ നിന്ന് എഞ്ചിനീയർമാരും തൊഴിലാളികളും എളിയിൽ കൈകുത്തി മറുകൈ നെറ്റിക്ക് മുകളിൽ വെച്ച് അതിശയത്തോടെ കണ്ണുമിഴിച്ചു. വലിയൊരു കെട്ടിടത്തിന്റെ മേലാപ്പിൽ ചീട്ടുകളിച്ചു കൊണ്ടിരുന്ന ചില കുരുത്തംകെട്ട ചെറുപ്പക്കാർ കല്ലെറിഞ്ഞപ്പോൾ ഞാൻ ഗിയറ് മാറ്റി പറക്കൽ കുറച്ചുകൂടെ ഉയരത്തിലേക്കാക്കി. എയർപോർട്ടിനു മുകളിൽ എത്തിയപ്പോൾ ബഹുരസം. താഴെ റൺവേയിൽ നിരന്നുനിന്ന് യൂണിഫോമിലുള്ള പൈലറ്റുമാരും അസംഖ്യം എയർഹോസ്റ്റസുമാരും ടാറ്റാ തരുന്നു. പറക്കും ചുംബനങ്ങൾ തരുന്നു.

ഇനിയുള്ള ഭാഗങ്ങൾ ശ്രദ്ധിച്ചു വായിക്കണം. കാരണം, എന്റെ കഥയിലെ ഞാൻ തന്നെ നിർമ്മിച്ച ഒന്നാമത്തെ ട്വിസ്റ്റ്‌ ഇവിടെനിന്നും തുടങ്ങുന്നു. അങ്ങനെ പറന്നുകൊണ്ട് താഴെ നോക്കുമ്പോൾ ഇപ്പോൾ ഞാൻ കാണുന്നത് നഗരമല്ല. പച്ച വിരിച്ചതും വിരിക്കാത്തതുമായ ഗ്രാമങ്ങൾ.....

എനിക്ക് ചില ഐഡിയകളൊക്കെ വന്നു. ഞാൻ മേഘങ്ങളെ ചവിട്ടുപടികളാക്കി ഭൂമിയിലെക്കിറങ്ങാൻ തുടങ്ങി. ന്യൂനമർദ്ദത്തിൽ അപ്പൂപ്പൻതാടിപോലെ തെന്നിത്തെന്നി വന്നുവീണത് ഐ.സി.യു കിടക്കയിൽ.

യൂദാസിന്റെ മുഖച്ഛായയുയുള്ള ഡോക്ടർ ശിവപ്രസാദ്: "നോ നോ സാലി.... നായിഡു മദ്യമല്ലാതെ വേറൊന്നും കഴിച്ചിട്ടില്ല. നീ വെറുതെ പേടിക്കുകയാണ്. ഇവൻ നിനക്ക് മെസ്സേജ് ചെയ്തത് പോലെ പോയ്‌സൻ ഒന്നും കഴിച്ചിട്ടില്ല. രണ്ടു ദിവസം റെസ്റ്റ്‌ എടുത്താൽ മതി. ഹി വിൽ ബി ഓൾ റൈറ്റ്”.

അങ്ങനെ ഒന്നാം ആത്മഹത്യ വളരെ ഭംഗിയായി പൂർത്തീകരിച്ച ശേഷമാണ് ഞാൻ നേരത്തേ പറഞ്ഞ ട്വിസ്റ്റ്‌, അതെ, ഈ കഥയിലെ ഒന്നാം ട്വിസ്റ്റിലേക്ക് ഒടിച്ചുകയറുന്നത്. അതിൻപ്രകാരം നഴ്സിംഗ് ജോലി എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നു എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച് ഞാൻ റിയൽ എസ്റ്റേറ്റ്‌ ബിസിനസ്സിലേക്കിറങ്ങി. ട്വിസ്റ്റിൽ കണ്ട നഗരപ്രാന്തത്തിലെ, നാഗരികസുരതം കൊതിക്കുന്ന അചുംബിതഗ്രാമങ്ങൾ മദ്ധ്യസ്ഥതക്കായി എന്നെ മാടിവിളിച്ചു. അരിയും, പാലക്കും, തക്കാളിയും, കപ്പലണ്ടിയും, വിളയിച്ച്‌ വിരസയായ മണ്ണ് കെട്ടിടസമുച്ചയങ്ങൾക്കും ഷോപ്പിംഗ്‌ മാളുകൾക്കും മൾട്ടിപ്ലെക്സുകൾക്കും വേണ്ടി ദാഹിക്കുന്നത് ഞാനറിഞ്ഞു. പാറയും പൊടിമണ്ണും കുറ്റിച്ചെടികളും നിറഞ്ഞ ഏക്കറുകണക്കിന് ഭൂമിയിൽ ഗോദാവരി ജില്ലയിൽ നിന്നും കുറഞ്ഞ കൂലിക്ക് നൂറുകണക്കിന് തൊഴിലാളികളെ നിയോഗിക്കാൻ ഞാൻ പദ്ധതിയിട്ടു. ഭൂമി നിരപ്പാക്കാൻ, ഒരുക്കാൻ ഡസൻ കണക്കിന് ജെ.സി.ബി കളും അവയ്ക്ക് ഡ്രൈവർമാരെയും സഹായികളെയും. അങ്ങനെ നോക്കെത്താദൂരത്ത് പരന്നുകിടന്ന ഗ്രാമങ്ങളെ പ്ലോട്ടുകളും, കോളനികളും, ടൌൺഷിപ്പുകളുമായി പടുത്തുയർത്തണമെന്ന് ഞാൻ സ്വപ്നം കാണുന്നതിനിടെ പ്രാഥമികമായി മുതലിറക്കിയ, മോനോൻ പാസ്റ്റർ പറഞ്ഞിട്ടും ഊരാതിരുന്ന, ലാഭക്കണക്കുകളിൽ വശംവദയായി, എന്നിട്ടും മനസ്സില്ലാമനസ്സോടെ ഊരിത്തന്ന, സാലിയുടെ 55 പവൻ ആഭരണങ്ങൾ, കേരളത്തീന്ന് തന്നെയുള്ള വേറൊരു അച്ചായന്റെ ബ്ലേഡ് കമ്പനിക്ക് എന്നെന്നേക്കുമായി മുതൽക്കൂട്ടായി.

അന്ന് രാത്രിയായിരുന്നു സാലിയെ എനിക്ക് സംശയം തോന്നിയത്. അല്ല, എന്നെ കുറ്റം പറയണ്ട, നിങ്ങളായാലും സംശയിക്കും. പോക്കറ്റ് ഇത്തിരി ഞെരുക്കത്തിലായതിനാൽ താവളത്തിൽ വളരെ കുറവ് സമയം ചിലവഴിച്ച് ഇത്തിരി നേരത്തെ വീട്ടിലെത്തിയതുകൊണ്ട് മാത്രമായിരുന്നു "ഒന്നിനും കൊള്ളാത്തവനായി നായിഡു" എന്ന് സാലി, മേനോൻ പാസ്റ്ററിനോട് പറയുന്നത് ഞാൻ കേട്ടത്. ആ നിമിഷമാണ് ഞാൻ ഈ കഥയിലെ രണ്ടാം ട്വിസ്റ്റ്‌ ആയി രേഖപ്പെടുത്തുന്നതും വീണ്ടും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതും. തൽക്ഷണം തന്നെ ഞാൻ തിരികെ ബ്ലേഡ് കമ്പനിയിലേക്ക് പോകുകയും വിരലിൽ കിടന്ന വിവാഹമോതിരം പണയം വെച്ച്, ശേഷം വീണ്ടും താവളത്തിലെത്തി, ഇത്തവണ എങ്ങനെ വിജയകരമായി ആത്മഹത്യ ചെയ്യണം എന്ന് ഗഹനമായി ചിന്തിച്ച് സാഹചര്യ അപഗ്രഥനസഹായികളായ ഏതാനും ദ്രാമുകൾക്കൊടുവിൽ, ഇന്ത്യൻ പീനൽ കോഡ് അംഗീകരിച്ചിട്ടുള്ള, അല്ലെങ്കിൽ അനുശാസിക്കുന്ന അന്ത്യം വരെയുള്ള തൂങ്ങിമരണമാണ് അഭികാമ്യം എന്ന അഭിമാനകരമായ തീരുമാനത്തിൽ എത്തിച്ചേർന്നു.

അടച്ചിട്ട മുറിക്കുള്ളിൽ, ഒളിച്ച് ആത്മഹത്യ ചെയ്യുന്നത് ഭീരുക്കളാണ്. ശത്രുവാരോ, അവർക്ക് മുന്നിൽ വെച്ച് വേണം ധീരന്മാർ ആത്മഹത്യ ചെയ്യേണ്ടത്. അത് ശത്രുവിനെ മാനസികമായി തളർത്തും, തകർക്കും. തീരദേശആന്ധ്രയിൽ ഉല്പാദിപ്പിക്കുന്ന ഇഴയടുപ്പം ഒട്ടുമില്ലാത്ത കയറിന് ഇടക്കൊക്കെ ബ്ലേഡ് കൊണ്ട് അനാവശ്യഇഴകൾ പൊട്ടിച്ച് കൂടുതൽ സുരക്ഷിതത്വം വരുത്തിയെങ്കിലും കഴുത്തിലെ തൊലി പോയതിനാലും, ഇടത്തെ കാല് ഉളുക്കിയതിനാലും എനിക്ക് കുറച്ചു ദിവസം വീട്ടിൽ തന്നെ കഴിച്ചു കൂട്ടേണ്ടിവന്നു എങ്കിലും, ഒന്നാം ആത്മഹത്യയേക്കാളും താരതമ്യേന കൂടുതൽ വിജയകരമായിരുന്നു രണ്ടാം ആത്മഹത്യ.

ജോലിക്ക് പോകാതെ ഒരാഴ്ച എനിക്ക് കാവലിരുന്നു സാലി. നമുക്കൊരു സൈക്യാട്രിസ്റ്റിനെ കാണാമെന്ന അവളുടെ കരച്ചിൽ ഞാൻ പുല്ലുപോലെ തള്ളിക്കളഞ്ഞു. പക്ഷെ ഞാനും കൊച്ചും നാട്ടിൽപോകും എന്ന അവളുടെ ഭീക്ഷിണിക്ക് വഴങ്ങി മേലാൽ ഇങ്ങനെ ചെയ്യില്ല എന്ന് കൊച്ചിന്റെ തലയിൽ തന്നെ കൈവെച്ച് മലയാളത്തിൽ സത്യം ചെയ്യേണ്ടി വന്നു.

ഇതിനകം തന്നെ മേനോൻ പാസ്റ്ററിലൂടെ മാത്രമേ സത്യമാർഗ്ഗം പൂകാനാകൂ എന്ന് അവിചാരിതമായി തിരിച്ചറിവുണ്ടായ സാലി അവശേഷിച്ച താലിമാലയും ഊരിവെച്ച് കൈകളുയർത്തി സ്ഥിരമായി ഹലേലൂയ പാടാൻ തുടങ്ങിയിരുന്നു. സ്നേഹാ പീറ്ററും അവളുടെ ചേട്ടൻ ജോമോൻ പീറ്ററും പലപ്പോളും പ്രാർത്ഥനകളിൽ പങ്കുചേർന്ന് എന്റെ നല്ലനടപ്പിനുവേണ്ടി ദൈവത്തോട് വക്കാലത്ത് പറഞ്ഞു. പ്രാർത്ഥനകൾക്ക് ശേഷം, ഞായറാഴ്ച മദ്ധ്യാഹ്നങ്ങളിൽ മേനോൻ പാസ്റ്റർ എന്നെ സ്ഥിരമായി ഉപദേശിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കണ്ണുനീർ സ്ത്രോത്രങ്ങളിൽ സോഡയുടെ തെളിമ ഞാൻ കണ്ടു. അതിനുശേഷം ഒരിക്കലും എനിക്ക് സമാധാനത്തോടെ മദിരയിൽ സോഡ ചേർക്കാൻ സാധിച്ചില്ല. സന്ദേഹങ്ങളെ ഐസ് ക്യൂബുകളോടൊപ്പം അലിയിച്ച് ഞാൻ നിരന്തരം നിർവ്വീര്യമാക്കിക്കൊണ്ടിരുന്നു എങ്കിലും "ഒന്നിനും കൊള്ളാത്തവനായി നായിഡു" സിഗരറ്റ് പുക പോലെ എന്റെ തലക്ക് ചുറ്റും ഘനീഭവിച്ചുനില്ക്കുകയും സുരതവേളകളിൽ സാന്ദ്രത കുറഞ്ഞ് താഴോട്ടിറങ്ങി ആശങ്കകളെ ശീഘ്രസ്‌ഖലിപ്പിക്കുകയും ചെയ്തു. "ഭാംഗ് കഴിച്ചാൽ പത്തു മീറ്റർ ഓടാൻ കപ്പാസിറ്റിയുള്ളവനോക്കെ പിന്നെ നൂറ് മീറ്റർ ഈസിയായി ഓടും" എന്ന അയൽപക്കക്കാരൻ ബീഹാറി രാം കിഷോറിന്റെ രതിസിദ്ധാന്തം എനിക്കോർമ്മ വന്നു. രഹസ്യമായി രാം കിഷോറിൽ നിന്നും സംഘടിപ്പിച്ച ശക്തിമരുന്നു കൊണ്ടാർജ്ജിച്ച അധികകുതിരശക്തിയിൽ ഞാൻ മാരത്തോൺ ഓടി. കിതപ്പില്ലാതെ, കൂടുതൽ കുതിപ്പോടെ സമയമാപിനികളെ സാക്ഷിയാക്കി ഓരോ തവണയും ബഹുദൂരം സാലിയെ പുറകിലാക്കിയെങ്കിലും വാഷ് റൂമിൽ കയറുമ്പോൾ അവളുടെ മുഖത്തു തെളിഞ്ഞ അവജ്ഞ, തോൽവി സമ്മതിക്കാതിരിക്കാനുള്ള അവളുടെ ദാർഷ്ട്യം തന്നെയാകും എന്നതിൽ എനിക്ക് ലവലേശം പോലും സംശയമില്ലാതിരുന്നു.

അങ്ങനെ ഒരു ദിവസം വീണ്ടും മാരത്തോണിൽ പരാജയം പിണഞ്ഞ് "എന്തിനാ നായിഡൂ നീ വെറുതെ സമയം മെനക്കെടുത്തുന്നത്"എന്ന് സാലി പറഞ്ഞ രാത്രിയായിരുന്നു എനിക്കെതിരെ നടക്കുന്ന അതിഭയങ്കരമായ ഗൂഡാലോചനകളുടെ സൂചനകൾ എനിക്ക് കിട്ടിത്തുടങ്ങിയത്. സാലി കഴുകി പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ ഗൂഡാലോചന കൂട്ടുപ്രതികൾ ഇരുട്ടിൽ നിന്നും എനിക്ക് നേരെ പല്ലിളിച്ചു കാട്ടി. "എന്തോന്നാഡേ ഇത്" എന്ന പുച്ഛഭാവത്തിൽ ചെറുവിരലും മോതിരവിരലും ചരിച്ചു മടക്കി, ബാക്കി വിരലുകൾ ക്രമരഹിതമാക്കി വിടർത്തി കൈ ചരിച്ചുമലർത്തി മേനോൻ പാസ്റ്ററും, തള്ളവിരൽ വായിലിട്ടു പലതവണ ചപ്പി വലിച്ച് വ്യംഗ്യത്തിൽ അസഭ്യം പറഞ്ഞ് ജോമോൻ പീറ്ററും ഇരുട്ടിൽ കൂടെ നടന്ന് യേശുവിന്റെ ചിത്രമുള്ള കലണ്ടറിന് പുറകിലേക്ക് കയറി മറഞ്ഞു.
പിറ്റേന്ന്, അതായത് ഇന്ന് കാലത്ത്, ഷട്ടർ തുറക്കുന്നതിന് മുമ്പേ ഹാജരായ എന്നോട് എന്താ ഭായ് നേരം വെളുക്കുമ്പ തന്നെ എന്ന് ചോദിച്ച ബെയറർ പയ്യനോട് നിന്റെ ഓശാരം വാങ്ങാനല്ലല്ലോഡാ ഞാൻ ഇങ്ങോട്ട് വരണത് നഞ്ചക്കൊട്ക്കാ*...ന്ന് പറഞ്ഞ് ഞാൻ വായടപ്പിച്ചു.

ബാറിലെ അരണ്ട വെളിച്ചത്തിൽ പരേതാത്മാക്കളെപ്പോലെ നിഴലുകൾ ചലിച്ചുകൊണ്ടിരുന്നു. നരച്ച ഇരുട്ടിന് ജീവിതത്തിന്റെ നിറമാണെന്നെനിക്ക് തോന്നി. ഒഴിയുന്ന ചഷകങ്ങൾക്കൊപ്പം സ്ഥിതിഗതികൾ ക്രോഡീകരിക്കപ്പെടുന്നുണ്ടായിരുന്നു. സത്യക്കുമിളകൾ മദ്യോപരിതലത്തിൽ പൊങ്ങിവന്ന് എന്റെ മുഖത്തേക്ക് പൊട്ടിത്തെറിച്ചു. എനിക്ക് മനം പിരട്ടി. ടിവി സ്ക്രീനിൽ പൂച്ചനടത്തം ചെയ്തുകൊണ്ടിരുന്ന FTV സുന്ദരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ പാടുപെട്ടു. നിഴലും വെളിച്ചവും ഇടകലർന്ന റാമ്പിൽ ചടുലമായി നടന്ന അവർക്കൊന്നും ഇന്ത്യൻ മുഖച്ഛായ ഇല്ലായിരുന്നു. ആശ്വാസം. അങ്ങനെ ഒരുവിധത്തിൽ തലേദിവസരാത്രിയെ ഞാൻ മറന്നുകൊണ്ടിരിക്കെയായിരുന്നു രണ്ട് ഡസനോളം സുന്ദരികൾക്കൊടുവിൽ വേദിയിലേക്ക് വന്ന രണ്ട് ഡിസൈനർമാർക്കൊപ്പം സാലി വീണ്ടും പ്രത്യക്ഷപ്പെട്ടത്. വളരെ സുതാര്യമായ ഒരു മേൽ വസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. കൂർത്തുനിന്ന മാറിടങ്ങളുടെ അഗ്രഭാഗത്ത് ചുവന്ന് ഉണങ്ങിക്കിടന്നത് എന്റെ ചങ്കിലെ ചോരയായിരുന്നു. കൊഞ്ചൽ ഭാവത്തോടെ അവൾ ഇരുവരുടെയും കൈകളിൽ ഊഞ്ഞാലാടാൻ ശ്രമിച്ചു. പൊടുന്നനെ രണ്ടു ഡിസൈനർമാർക്കും രൂപാന്തരം വരികയും മേനോൻ പാസ്റ്ററും ജോമോൻ പീറ്ററുമായി പരിണമിക്കുകയും ചെയ്തു. അവരിരുവരേയും അവൾ മാറിമാറി ചുംബിച്ചു. ജോമോൻ പീറ്ററിന്റെ ഉറച്ച ഭുജപേശികളെ അവൾ ആരാധനയോടെ നോക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നടക്കും നേരം സാലിയെ ജോമോൻ അനായാസം എടുത്തുപൊക്കി. അവന്റെ കൈകളിൽക്കിടന്ന് അവൾ ഇക്കിളിപൂണ്ട് ചിരിച്ചു. തെല്ലൊരു ജാള്യതയോടെയാണെങ്കിലും പ്രതീക്ഷ കൈവിടാതെ മേനോൻ പാസ്റ്ററും അവരെ അനുഗമിച്ചു. അനന്തരം റാമ്പിൽ ഇരുട്ടുപരക്കുകയും THE END എന്ന വാക്യം തെളിയുകയും ചെയ്തു. എല്ലാം അവസാനിപ്പിക്കാൻ നിയുക്തരായ ആംഗലേയഅക്ഷരങ്ങൾ എന്നെ നോക്കി പരിഹസിച്ച് അട്ടഹസിച്ചു.

അങ്ങനെ എല്ലാം വീണ്ടും അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്ന അവസരത്തിലാണല്ലോ ഞാൻ താങ്കളോട് കഥ പറഞ്ഞു തുടങ്ങുന്നത്. എല്ലാം വെളിപ്പെട്ട സ്ഥിതിക്ക് ഇനി ജീവിച്ചിരിക്കേണ്ട കാര്യമെന്ത്? ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് ക്രിയാത്മകവും അതിനൂതനവുമായി എങ്ങനെ ആത്മഹത്യ ചെയ്യണം എന്നതാകുന്നു.
കൈ ഞെരമ്പ് മുറിക്കാം.....
ഉറക്കഗുളികകൾ.......
പുഴയിൽ ചാടി.......
കെട്ടിടത്തിനു മുകളിൽനിന്നും......
ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത മരണസഹായ സാദ്ധ്യതകൾ......

ഓരോന്നിന്റെയും വിജയപരാജയ സാദ്ധ്യതകൾ ഗ്ലാസ്സിൽ പകർത്തി നുകർന്ന് വിശകലനം ചെയ്തുകൊണ്ടിരിക്കെ ഗംഭീരമായ ഒരു ആശയം ചൂളംകുത്തുകയും ആഹ്ലാദത്തോടെ ഗ്ലാസ്സിൽ അവശേഷിച്ചത് കൂടെ വലിച്ചുതീർത്ത്, ശേഷം ഫോൺ എടുത്ത് സാലിക്ക് ചുരുക്കസന്ദേശം നല്കുകയും ചെയ്തു.

തീവണ്ടിപ്പാളങ്ങൾക്ക് മരണത്തിന്റെ ഗന്ധമാണ്. മൃതശരീരങ്ങളുടെ തണുപ്പും. കണിശമായ അവസാനം ഉറപ്പുവരുത്തി മരണാനന്തരലോകത്തെക്കുള്ള വഴിത്താരകൾ അനന്തമായി നീണ്ടു. വഴികാട്ടികളായ സിഗ്നൽ വെളിച്ചങ്ങൾ സമ്മതഭാവത്തിൽ പച്ചയായി ചിരിച്ചു. അടുത്തുവരുന്ന പരമമായ സന്തോഷത്തിന്റെ വിജൃംഭനം പാളങ്ങളിൽ.... ഞാൻ വീണ്ടും ജയിക്കുകയാണ്. പോക്കറ്റിൽ നിന്നും അവസാനത്തെ കുപ്പിയെടുത്ത് പൊട്ടിച്ച് പകുതിയോളം ഒറ്റയടിക്ക് വലിച്ചുകുടിച്ച് ബാക്കി സിഗ്നൽ പോസ്റ്റിനു കീഴെ പാനൽ ബോർഡിനു മുകളിൽ വെച്ച് പാലത്തിനു വിലങ്ങനെ ഞാൻ കിടന്നു. തീവണ്ടിപ്പാളത്തിൽ ചെവിയോർത്താൽ കടലിരമ്പം കേൾക്കാം എന്ന് പണ്ടെങ്ങോ മേനോൻ പാസ്റ്റർ പറഞ്ഞത് എനിക്കോർമ്മ വന്നു. സുനാമിത്തിരകൾ പോലെ തീവണ്ടി കുതിച്ചു വരുന്നുണ്ടായിരുന്നു. അമാവാസിയാകാശത്തെ ഒറ്റ നക്ഷത്രം എന്റെ ധീരതക്ക് മുമ്പിൽ നിരന്തരം കണ്ണ് ചിമ്മി. എനിക്ക് ചെറുതായി തൊണ്ടവരളുന്നത്‌ പോലെ തോന്നി. പാനൽ ബോർഡിനു മുകളിൽ വെച്ചിട്ടുള്ള പാതി ബാക്കിയായ കുപ്പി എനിക്കോർമ്മ വന്നു. ഇല്ലാത്ത കാശ് കൊടുത്ത് വാങ്ങിയതാണ്. കളയാൻ പറ്റില്ല. ഫോൺ ശബ്ദിക്കുന്നു. സാലിയാണ്. പച്ചബട്ടണമർത്തി വിളി സ്വീകരിച്ച ശേഷം ഫോൺ പാളത്തിൽ തന്നെ വെച്ച് ഞാൻ എഴുന്നേറ്റു. പാനൽ ബോർഡിനു മുകളിൽ നിന്നും കുപ്പിയെടുത്ത് തുറന്ന് അവശേഷിച്ചതും വലിച്ചു തീർത്ത്‌, ഒഴിഞ്ഞ കുപ്പി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് തിരിഞ്ഞപ്പോളേക്കും പാളത്തിൽ വെച്ച ഫോണിൽ നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്ന സാലിയെ ചതച്ചരച്ച് നിശബ്ദയാക്കി തീവണ്ടി ബഹുദൂരം പിന്നിട്ടിരുന്നു.
*************
*നഞ്ചക്കൊട്ക്ക: സാമാന്യനിലവാരം പുലർത്തുന്ന ഒരു തെലുഗു വികടവാണി. ഇതേ വാക്കിന്റെ കൃത്യമായ അർത്ഥം ആവശ്യമുള്ളവർക്കും ഇതേ പോലുള്ള മറ്റ് തെലുഗു ആഢ്യപദങ്ങളെ കുറിച്ച് കൂടുതൽ അറിയണമെന്നുള്ളവർക്കും ശ്രീമാൻ നായിഡുവിനെ ബന്ധപ്പെടാവുന്നതാണ്.
ശ്രീജിത്ത്

Subscribe Tharjani |