തര്‍ജ്ജനി

ശോഭ ശ്യാം

Visit Home Page ...

കഥ

നാലുമണിപ്പൂക്കള്‍

ഇന്ന് എന്റെ ജീവിതത്തിലെ സുന്ദരമായ ഒരു ദിനം ആണ്. ഈ ഒത്തുചേരല്‍ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോളേജിലെ ‘നാലുമണിപ്പൂക്കൾ’ എന്ന് അറിയപ്പെട്ടിരുന്ന ഞാൻ, നിമ്മി, ലീന, ആശ എന്ന നാലുസുഹൃത്തുക്കൾ ഇന്ന് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഈ കോഫിഷോപ്പില്‍ ഒരുമിച്ചു. ഒരേ ക്ലാസ്സിലും ഒരേ ഹോസ്റ്റലിലും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി ഉറ്റസുഹൃത്തുക്കളായവര്‍. സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും എല്ലാം ഞങ്ങള്‍ അന്ന് പങ്കുവച്ചു. പക്ഷെ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ഞങ്ങളെ വിവാഹം, ജോലി എല്ലാം പല സ്ഥലങ്ങളില്‍ എത്തിച്ചു. വല്ലപ്പോഴുമുള്ള കത്തും ഫോണ്‍കോളും ആയിരുന്നു അന്ന് ആശ്രയം. പതിയെ ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ആ സുഹൃദ്‌ബന്ധം അറ്റുപോയി.

ഞങ്ങളെ ഇന്ന് വീണ്ടും ഒരുമിപ്പിക്കാന്‍ ഒരു ഫേസ്‌ബുക്ക്‌ വേണ്ടിവന്നു. വളരെ പ്രയാസപ്പെട്ട് ഞാന്‍ ഫേസ്‌ബുക്ക്‌ വഴി മൂന്നുപേരെയും കണ്ടുപിടിച്ചു. എല്ലാവരും ഈ മഹാനഗരത്തിന്റെ പല കോണുകളില്‍ത്തന്നെയാണ് താമസം എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ത്രില്ലടിച്ചു. ഉടന്‍ തന്നെ ഈ കോഫിഷോപ്പില്‍ വച്ചു കണ്ടുമുട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ആ പഴയ നാലുമണിപ്പൂക്കള്‍ നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ഈ കോഫിഷോപ്പില്‍ വച്ച് ഒത്തുചേര്‍ന്നു. പഴയ ഓര്മ്മകളുടെ മാധുര്യം നുണഞ്ഞ് കളിയും ചിരിയുമായി ഞങ്ങള്‍ ഇരുന്നു. ഞങ്ങള്‍ ആ പഴയ കൂട്ടുകാരായി. മുപ്പത്തിനാലു വയസ്സ് രൂപത്തില്‍ തോന്നുമെങ്കിലും ഞങ്ങളുടെ മനസ്സിന് ആ കോളേജ് പ്രായം തന്നെ ആയിരുന്നു. പന്ത്രണ്ടു വര്‍ഷത്തെ വിശേഷങ്ങള്‍ എല്ലാവരും പങ്കുവച്ചു. മനസ്സു തുറന്നൊന്ന്‍ സംസാരിച്ചു, ചിരിച്ചു, കരഞ്ഞു. ആ കോഫിഷോപ്പില്‍ ഞങ്ങള്‍ സന്ധ്യയാകുവോളം ഇരുന്ന് സംസാരിച്ചു. അവിടെനിന്നും വിടപറഞ്ഞ് ഇറങ്ങുമ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു, ഈ നാലുമണിപ്പൂക്കള്‍ ഒരിക്കലും പിരിയില്ല.

ഞാന്‍ എന്റെ കാറില്‍ കയറി. വീട്ടില്‍ വിളിച്ച് മകള്‍ ദിയയോട് വേഗം എത്താം എന്ന് പറഞ്ഞ് ഡ്രൈവ് ചെയ്തു തുടങ്ങി. ഒത്തിരി നാളുകള്ക്കുശേഷം മനസ്സ് ഒന്നു തെളിഞ്ഞതുപോലെ. വീട്ടില്‍ എത്താന്‍ ഒരു മണിക്കൂറോളം എടുക്കും. മനസ്സ് മുഴുവനും എന്റെ പ്രിയസുഹൃത്തുക്കളുടെ ജീവിതവും അവര്‍ പങ്കുവച്ച വിശേഷങ്ങളും ആയിരുന്നു.

ഞങ്ങളുടെ ഇടയില്‍ ഏറ്റവും നന്നായി പഠിച്ചിരുന്നത് ലീന ആയിരുന്നു. കോളേജ് ടോപ്പര്‍ ആയിരുന്നു അവള്‍. ഇനിയും തുടര്ന്ന് പഠിക്കണം, ഉയര്‍ന്ന ജോലി, സ്വന്തമായ ഒരു സംരംഭം അങ്ങനെ എന്തൊക്കെ സ്വപ്നങ്ങള്‍ ആയിരുന്നു അവള്‍ക്ക്. ലീന അവള്‍ ആഗ്രഹിച്ച കരിയര്‍ നേടിക്കാണും എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ അവളുടെ വിശേഷങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന ഒരു പാവം വീട്ടമ്മയുടെ റോളിലായിരുന്നു അവള്‍.

തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിച്ച അവളെ വീട്ടുകാര്‍ നിര്‍ബ്ബന്ധിച്ച് ജോര്‍ജ്ജുമായി വിവാഹം നടത്തി. ജോര്‍ജ്ജിനും വീട്ടുകാര്‍ക്കും അവള്‍ പഠിക്കുന്നതോ ജോലി ചെയ്യുന്നതോ ഒന്നും ഇഷ്ടമല്ലായിരുന്നു. വീട്, അടുക്കള, മക്കള്‍, ജോര്‍ജ്ജിന്റെ മാതാപിതാക്കള്‍ എന്നിവരെയെല്ലാം നോക്കി ലീന വീട്ടില്‍ ഇരിക്കുന്നതായിരുന്നു അവര്‍ക്ക് ഇഷ്ടം. ഇതിനെല്ലാംവേണ്ടി ലീനയ്ക്ക് സ്വന്തം സ്വപ്നങ്ങള്‍ മറക്കേണ്ടിവന്നു. പക്ഷെ സ്വന്തം വിഷമങ്ങള്‍ മറച്ചുവെച്ച് അവള്‍ തന്റെ എല്ലാ ജോലികളും നന്നായിത്തന്നെ ചെയ്തു. എന്നാലും ജോര്‍ജ്ജിനും വീട്ടുകാര്‍ക്കും ഒരു നല്ലവാക്കിനു പകരം നൂറു പരാതികള്‍ ആയിരുന്നു അവളോട്‌ എന്നും പറയാന്‍ ഉണ്ടായിരുന്നത്. പലവട്ടം തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്കണം എന്നവള്‍ പറയാന്‍ ശ്രമിച്ചു. പക്ഷെ എല്ലാം വിഫലമായി.

മികച്ച നേട്ടങ്ങള്‍ കൈവരിക്കേണ്ട അവളുടെ അവസ്ഥ ആലോചിച്ച് ഞാന്‍ ദുഖിച്ചു. സ്വന്തം സ്വപ്നങ്ങള്‍, വിഷമങ്ങള്‍, അസുഖങ്ങള്‍ എല്ലാം മറച്ചുവച്ച് ഒരു പരാതിയുമില്ലാതെ ദിനരാത്രം കഷ്ടപ്പെടുന്നവളാണോ യഥാര്‍ത്ഥഭാര്യയും മരുമകളും? എന്തൊക്കെ ചെയ്തിട്ടും വീട്ടില്‍ ഒരു അംഗീകാരവും ഇല്ലാതെ ജീവിക്കേണ്ടിവരുന്ന എത്രയോ ഹതഭാഗ്യര്‍ ഉണ്ട് നമുക്ക് ചുറ്റും എന്ന് ഞാന്‍ ആലോചിച്ചു പോയി. ഈ വീര്‍പ്പുമുട്ടിക്കുന്ന ബന്ധങ്ങളും ബന്ധനങ്ങളും എല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും പോകണം എന്ന് പലപ്പോഴും തനിക്കു തോന്നാറുണ്ട് എന്ന് ലീന ഞങ്ങളോട് കോഫിഷോപ്പില്‍ വച്ച് വിഷമത്തോടെ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. പക്ഷെ സ്വന്തം മക്കളുടെ ഭാവി ആലോചിച്ചും, സമൂഹത്തെ പേടിച്ചും, സ്വന്തം വീട്ടുകാരുടെ സമാധാനത്തിനുവേണ്ടിയും ഒക്കെ ലീനയെപ്പോലെ പാവം എത്രയോ സ്ത്രീകള്‍ എല്ലാം സഹിക്കുന്നു, സ്വന്തം ജീവിതം ത്യാഗം ചെയ്യുന്നു.

ഞാന്‍ കാര്‍ പെട്രോള്‍ പമ്പിലേക്ക് കയറ്റി. പെട്രോള്‍ അടിച്ച് വീണ്ടും യാത്ര തുടര്‍ന്നു . സമയം ഏഴര അടുപ്പിച്ചായി. നല്ല തിരക്കുണ്ട്‌ ഇന്ന് റോഡില്‍ . റോഡരികില്‍ ഒരമ്മ തന്റെ കുഞ്ഞിനെ ലാളിക്കുന്നത് കണ്ടു. അപ്പോള്‍ ഞാന്‍ വേദനയോടെ ആശയെ കുറിച്ച് ഓര്‍ത്തു. അവള്‍ക്കു കുട്ടികളെ വല്ല്യ ഇഷ്ടമായിരുന്നു. കുട്ടികളെ കൊഞ്ചിക്കാനും അവരോടൊപ്പം കളിക്കാനും ഒക്കെ. കോളേജില്‍ വച്ച് ഞങ്ങള്‍ അവളെ കളിയാക്കുമായിരുന്നു, അവള്‍ക്ക് ഒത്തിരി കുട്ടികള്‍ ഉണ്ടാകും എന്നും ഓരോ കുഞ്ഞിനെ തോളിലും ഒക്കത്തും വച്ച് നടക്കും, അങ്ങനെ എന്തൊക്കെ!! പാവം അവള്‍, എത്ര കളിയാക്കിയാലും അവള്‍ നിറചിരിയോടെ നില്ക്കുമായിരുന്നു.

പക്ഷെ വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ ആയിട്ടും ആശയ്ക്കും വിനീതിനും ഇതുവരെ കുഞ്ഞുങ്ങള്‍ ഇല്ല . അവര്‍ ചികിത്സകളും പ്രാര്‍ത്ഥനകളുമായി ജീവിക്കുന്നു. ഏറ്റവും പ്രയാസം വിനീതിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങളും കളിയാക്കലും ആണ് എന്നു പറഞ്ഞ് അവള്‍ കോഫി ഷോപ്പില്‍ വച്ച് പൊട്ടിക്കരയുമ്പോള്‍ അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ ഞങ്ങള്‍ സുഹൃത്തുക്കള്‍ വിഷമിച്ചുപോയി. ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ പോലും വിനീതിന്റെ വീട്ടുകാര്‍ സമ്മതിക്കുന്നില്ല എന്ന് ആശ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ അവളുടെ കൈകള്‍ എന്റെ കൈകളില്‍ എടുത്ത് മുറുക്കിപ്പിടിച്ചു. അവള്‍ എന്നെ ആശ്ലേഷിച്ചു, ഒത്തിരി കരഞ്ഞു.

ആശ ചെയ്ത എന്തോ പാപം കൊണ്ട് ആണ് അവള്‍ക്ക് കുട്ടികള്‍ ആകാത്തത് എന്ന് വിശ്വസിക്കുന്ന വിദ്യാസമ്പന്നരായ അവളുടെ ഭര്‍ത്തൃവീട്ടുകാരോട് എനിക്ക് പുച്ഛം തോന്നി. അവളുടെ മനസ്സില്‍ ഒരമ്മ ആകാനുള്ള വെമ്പലായിരുന്നു, സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള അതിയായ ആഗ്രഹം ആയിരുന്നു. ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണ്ണമാകുന്നത് അമ്മ ആകുമ്പോള്‍ മാത്രമാണ് എന്നാണ് സമൂഹം വിശ്വസിക്കുന്നത്. പക്ഷെ അമ്മ ആകാന്‍ ഭാഗ്യം ലഭിക്കാത്തവരെ പഴിക്കേണ്ടത് ഉണ്ടോ? വിഫലമായ ചികിത്സകളും, ചുറ്റുമുള്ളവരുടെ കുത്തുവാക്കുകളും, അമ്മയാകാനുള്ള കാത്തിരിപ്പിനും ഇടയിലൊക്കെ പിടയുന്ന ആ സ്ത്രീ മനസ്സുകളെ എന്തു കൊണ്ട് ഈ സമൂഹത്തിനു മനസിലാക്കാന്‍ കഴിയുന്നില്ല ?

പെട്ടെന്ന് എന്റെ ഫോണ്‍ റിംഗ് ചെയ്തു. സ്പീക്കര്‍ ഓണാക്കി ഞാന്‍ സംസാരിച്ചു. നിമ്മി ആയിരുന്നു അത്. ഞാന്‍ വീട്ടിലേക്ക് എത്തിയോ എന്ന് അന്വേഷിക്കാന്‍ വിളിച്ചതാണ് അവള്‍. എത്തിയിട്ട് തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് ഞാന്‍ കോള്‍ വെച്ചു.

പിന്നെ നിമ്മിയെ കുറിച്ചായി എന്റെ‍ ചിന്ത. അവളുടേത് ഒരു പ്രണയവിവാഹം ആയിരുന്നു. കൂടെ ജോലി ചെയ്ത മനു ആണ് അവളെ വിവാഹം ചെയ്തത്. നിമ്മിയുടെ ഒരു സാധാരണ കുടുംബവും മനുവിന്റേത് ഒരു വലിയ സമ്പന്നകുടുംബവും. മനുവിന്റെു വിവാഹം അവരുടെ തന്നെ ഒരു ബന്ധുവിന്റെ മകളുമായി ഉറച്ച് വന്നപ്പോഴായിരുന്നു നിമ്മിയുടെ കാര്യം മനു വീട്ടില്‍ അവതരിപ്പിച്ചത്. മനുവിന്റെ വീട്ടുകാര്‍ക്ക് നിമ്മിയുമായുള്ള വിവാഹത്തിനോട് എതിര്‍പ്പായിരുന്നു. പക്ഷെ മനു എങ്ങനെയോ വീട്ടുകാരെ അനുനയിപ്പിച്ച് നിമ്മിയുമായുള്ള വിവാഹം നടന്നു.

പക്ഷെ മനുവിന്റെ വീട്ടുകാര്‍ക്ക് നിമ്മിയെ മനസ്സുകൊണ്ട് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അവരുടെ അവഗണനകളും കുറ്റപ്പെടുത്തലും കാരണം മനുവിനും നിമ്മിക്കും ഒത്തിരി പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. അവരെ വേറെ ഒരു കുടുംബമായേ മനുവിന്റെ വീട്ടുകാര്‍ക്ക് കാണാന്‍ സാധിച്ചുള്ളൂ. മനുവും നിമ്മിയും വേറെ വീട്ടിലേക്ക് തന്നെ മാറി താമസിക്കേണ്ടി വന്നു.

മനുവിന്റെയും മക്കളുടെയും സ്നേഹത്തിനു മുന്നില്‍ നിമ്മി എല്ലാം സഹിച്ചു, ക്ഷമിച്ചു, എല്ലാ വിഷമങ്ങളും മറക്കാന്‍ ശ്രമിച്ചു. കോഫിഷോപ്പില്‍ വച്ച് അവളുടെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടു. നിമ്മി നിറകണ്ണുകളോടെ പറഞ്ഞു “മക്കളുടെയും മരുമക്കളുടെയും കുടുംബ കലഹങ്ങള്‍ മാറാന്‍ ദൈവത്തെയും ജ്യോത്സ്യരെയും അഭയം പ്രാപിച്ച് കണ്ണീരുമായി എത്ര മാതാപിതാക്കള്‍ ഉണ്ട് നമുക്ക് ചുറ്റും. അപ്പോള്‍ ഞാനും മനുവേട്ടനും സന്തോഷമായി ജീവിക്കുന്നതില്‍ അവരും സന്തോഷിക്കണ്ടേ. ഇത് വരെ ഒരു കാര്യത്തിനു പോലും ഞങ്ങള്‍ അവരെ ബുദ്ധിമുട്ടിച്ചിട്ടില്ല, ഒരു വിഷമങ്ങളും അറിയിച്ചിട്ടില്ല "

പെട്ടെന്ന് കണ്ണുകള്‍ തുടച്ച് അവള്‍ ധൈര്യത്തോടെ പറഞ്ഞ വാക്കുകള്‍ എന്റെ മനസ്സില്‍ പതിഞ്ഞു. “ മനുവേട്ടന്റെ വീട്ടുകാര്‍ എന്നെ സ്നേഹിക്കും, മനസില്ലാക്കും, കൂടെ നില്ക്കും എന്ന പ്രതീക്ഷ ഞാന്‍ കൈവിട്ടു. നമ്മള്‍ മറ്റുള്ളവരില്‍ നിന്നും പലതും പ്രതീക്ഷിക്കുന്നു, അത് കിട്ടാതെ വരുമ്പോള്‍ നമ്മുടെ മനസ്സ് അസ്വസ്ഥമാകുന്നു. പക്ഷെ ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ അത് പോലെ സ്വീകരിക്കാന്‍ ശ്രമിച്ചാല്‍ മനസ്സ് ശാന്തമാകും. ഇപ്പോള്‍ ഞാന്‍ ഒന്നും അവരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. എനിക്ക് അതുകൊണ്ട് അവരോട് പൊറുക്കാന്‍ പറ്റി. യാതൊരു ദേഷ്യമോ സങ്കടമോ ഇപ്പോള്‍ എനിക്ക് അവരോടില്ല ”

നിമ്മി പറഞ്ഞത് എത്ര ശരി എന്ന് ഞാന്‍ ഓര്‍ത്തു പോയി. ജീവിതത്തിലെ കൊച്ചു കൊച്ചു സത്യങ്ങള്‍ നമ്മള്‍ തിരിച്ചറിയുമ്പോള്‍ ജീവിതം ലളിതമായി തോന്നും അല്ലേ? ഒരാളോട് പ്രണയം തോന്നുന്നതും ഒരുമിച്ച് ജീവിക്കാന്‍ കൊതിക്കുന്നതും ഒരു മഹാപാതകം എന്നാണ് ഇപ്പോഴും സമൂഹത്തിലെ പലരുടെയും വിശ്വാസം. അങ്ങനെ രണ്ടു പേര്‍ കൊച്ചു സ്വപ്നങ്ങളുമായി പുതിയ ജീവിതത്തിലേക്ക് കാല്‍ വയ്ക്കുമ്പോള്‍ എത്ര പെട്ടെന്നാണ് അവരുടെ വീട്ടുകാര്‍ അവരെ അന്യരാക്കുന്നത്, അനാഥരാക്കുന്നത്, സ്വപ്നങ്ങള്‍ ചവിട്ടി മെതിക്കുന്നത്.

പെട്ടെന്ന് എന്റെ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. മകള്‍ ദിയ ആണ്.
“അമ്മ എത്താറായില്ലേ ? ”
“ ഒരു പതിനഞ്ചു മിനിട്ട് ”
“ അമ്മേ , അച്ഛന്‍ എന്നെ വിളിച്ച് ഇപ്പോള്‍ കുറെ നേരം സംസാരിച്ചു. ഈ ആഴ്ച ഞാന്‍ അങ്ങോട്ട്‌ വരുമോ എന്ന് ചോദിച്ചു ”
“ ഞാന്‍ വേഗം എത്താം. നീ പോയി പഠിക്ക് ” എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.

എന്റെ മനസ്സ് ആകെ അസ്വസ്ഥമായി. ഞാന്‍ കാറിന്റെ വേഗത കൂട്ടി. ഇരുട്ട് നിറഞ്ഞ പാതകളിലൂടെ ഞാന്‍ മുന്നോട്ട് നീങ്ങി . ആ ഇരുണ്ട ദിനങ്ങള്‍ മനസ്സില്‍ അലയടിച്ചു. എത്ര സന്തോഷവും സമാധാനവും ആയിരുന്നു പണ്ട് ഞങ്ങളുടെ ജീവിതത്തില്‍. ഞാന്‍, വിനോദേട്ടന്‍, പിന്നെ ഞങ്ങളുടെ മകള്‍ ദിയ. പക്ഷേ, കരിയറില്‍ ഞാന്‍ അദേഹത്തെക്കാളും മുന്നേറി. ശമ്പളവും എനിക്കായിരുന്നു കൂടുതല്‍. ആദ്യമൊക്കെ എന്റെ വിജയത്തില്‍ വിനോദേട്ടനും സന്തോഷിച്ചു. പിന്നെ അത് ഒരു അപകര്‍ഷതയായി മാറി. ഭാര്യ തന്നെക്കാള്‍ മുന്നേറുന്നത് സഹിച്ചില്ല. പതുക്കെ ഞങ്ങളുടെ ജീവിതത്തിന്റെറ താളം തെറ്റി. പിന്നെ എപ്പോഴും വിനോദേട്ടന് വഴക്കും സംശയങ്ങളും ആയി. അത് പിന്നീട് മദ്യത്തിനോടുള്ള അടിമപ്പെടലില്‍ കലാശിച്ചു. ഞാന്‍ എന്റെ കരിയര്‍ ഉപേക്ഷിക്കാം എന്ന് പല തവണ പറഞ്ഞു. ദിയയെ എങ്കിലും ഓര്‍ത്തെങ്കിലും ജീവിതത്തിലേക്ക് മടങ്ങണം എന്ന് ഞാന്‍ കെഞ്ചി. പക്ഷെ അദ്ദേഹം ഒന്നിനും തയ്യാറായില്ല.

ഇപ്പോള്‍ ഞങ്ങള്‍ രണ്ടു വീടുകളില്‍ ആണ് താമസം. ദിയ എന്റെ കൂടെ ആണ്. വിവാഹ മോചനത്തിന് ശ്രമിക്കാന്‍ എന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍പ്പെട്ട ദിയയുടെ മനസ്സ് എന്നെ വേദനിപ്പിക്കുന്നു. ഒറ്റയ്ക്ക് ആണ്‍ തുണയില്ലാതെ മകളെ വളര്‍ത്തുമ്പോള്‍ ചുറ്റുമുള്ള ആളുകളുടെ വല്ലാത്ത നോട്ടവും അടക്കം പറച്ചിലും ആണ് സഹിക്കാന്‍ വയ്യാത്തത്. ഒരു വിവാഹബന്ധം വേര്‍പെടുമ്പോള്‍ മിക്കവരും കുറ്റക്കാരി എന്ന് മുദ്രകുത്തുന്നത് സ്ത്രീയെ ആയിരിക്കും. പക്ഷെ ഞാന്‍ ആരുടെയും വാക്കും നോട്ടവും ശ്രദ്ധിക്കുന്നില്ല. കാരണം എനിക്ക് ജീവിക്കണം, എന്റെ മകള്‍ക്കു വേണ്ടി !!

വീട് എത്താറായി. മറക്കാനാവാത്ത ഒരു ദിനമായിരുന്നു ഇന്ന്. ‘നാല് മണിപ്പൂക്കള്‍’ ഒത്തു ചേര്‍ന്ന ഈ സുദിനം. ഞങ്ങള്‍ നാലു പേരുടെയും ജീവിതം എത്ര മാറിയിരിക്കുന്നു. ഓരോരുത്തരും ജീവിതയാത്രയിലെ വ്യത്യസ്ഥ പരീക്ഷണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അന്ന് ആ കോളേജ് വരാന്തയില്‍ ഇരുന്ന് ഒരിക്കല്‍ പോലും വിചാരിച്ചുകാണില്ല ഞങ്ങളുടെ ജീവിതം ഇങ്ങനെ ഒക്കെ ആയിത്തീരുമെന്ന്. അന്ന് നെയ്തെടുത്ത സ്വപ്നങ്ങളും ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ അന്തരം ഏറെ ആണ്. എന്നാലും ഇനി നാലുമണിപ്പൂക്കള്‍ എന്നും ഒരുമിച്ചു ഉണ്ടാകും,പരസ്പരം ശക്തിയായി, താങ്ങായി.

Subscribe Tharjani |