തര്‍ജ്ജനി

സജു മയ്യനാട്‌

Visit Home Page ...

കവിത

നമ്മുടെയും ഭൂമി

ഉരുട്ടുവാന്‍ കല്ലോ കുന്നോ ഇല്ലാതെ
മനുഷ്യനു ഭ്രാന്തു പിടിയ്ക്കുന്നു.
തിക്കിലും തിരക്കിലും പെട്ട്
സ്വപ്നാടകന്‍ ചവിട്ടേറ്റുമരിക്കുന്നു.
ഭ്രമണവേഗം സ്വയമറിയാത്ത ഭൂമി
ഒച്ചുകളെ ചുഴറ്റിയെറിയാതെ കാക്കുന്നു.
കുയിലുകള്‍ പാടുന്നു, സ്വയമേറ്റുപാടുന്നു,
താനേ കലമ്പുന്നു,
അന്നവുംതേടി പറന്നുപോകുന്നു.

നീര്‍പ്പോളകള്‍,
നിസ്സാരതയിലെ വിശ്വസൗന്ദര്യരഹസ്യങ്ങള്‍
സ്വയം കൊട്ടിഘോഷിക്കാതെ
നാണിച്ചുടഞ്ഞു മറഞ്ഞുപോകുന്നു.
പൂക്കള്‍ കവിയെയോര്‍ക്കുന്നു
താരകള്‍ വാന്‍ഗോഗിനേയും
ഈണങ്ങള്‍ ഇത്തിരി മൂകതയേയും.

ഓര്‍മ്മിക്കുന്നത്‌
മ്ലേച്ഛമെന്നോര്‍ത്ത്‌
നാം മിണ്ടാതെ
ഇന്നലെകള്‍ പാടാതെ
ശബ്ദഘോഷങ്ങളില്‍ അലിയാതെ
മുങ്ങിക്കിടക്കുന്നു.

Subscribe Tharjani |