തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

സ്വന്തമായൊരു വാഹനം വേണം, യാത്രചെയ്യാന്‍

ലിംഗപരമായ ചിന്തയിലെ സങ്കീര്‍ണമായ പ്രശ്നമാണ് യാത്ര. ആനന്ദകരമായ അനുഭവം എന്നനിലയില്‍ വിവരിക്കപ്പെടുന്ന യാത്ര മിക്കസമൂഹത്തിലും അടയാളപ്പെടുന്നത് ആണ്‍കോയ്മയുടെ സവിശേഷ പ്രകടനമായിട്ടാണ്. സ്ത്രീ അകത്തിന്റെ ആളാണെന്നും വീടിന്റെ അകക്കോയ്മയിലൂടെയാണ് അവളുടെ സ്ത്രൈണത പ്രകാശിപ്പിക്കപ്പെടുന്നതെന്ന ചിന്തയുടെ ആവര്‍ത്തനമാണ് യാത്ര എന്ന സാമൂഹികസൂചകം. പുറംഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും അടയാളമാകുന്നു. കൂട്ടുമായിട്ടുവേണം സ്ത്രീ പുറത്തേക്കുപോകുവാന്‍ എന്ന് പുറം പഠിപ്പിക്കുന്നു. അല്ലിമലര്‍ക്കാവിലെ കൂത്തുകാണാന്‍ തന്റേടിയായ ഉണ്ണിയാര്‍ച്ച പോകാനായി ആങ്ങളയെ കാത്തിരുന്നതായി പാട്ടില്‍ പറയുന്നു. കൂട്ടില്ലാതെ പുറത്തേക്കുപോവുന്ന സ്വപ്നം, ഒറ്റക്കിറങ്ങിയുള്ള നടപ്പുകള്‍ ഉന്നയിക്കുന്ന ലിംഗപരമായ ഇളക്കിമറിക്കലുകള്‍ എന്തൊക്കെയാണെന്ന ചോദ്യം കൂടുതലായി ഉന്നയിക്കപ്പെടേണ്ടിയിരിക്കുന്നു.

ബി. അരുന്ധതി എഴുതുന്നു: സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാത്രി ഭയം മൂടിക്കിടക്കുന്ന തെരുവാണ്. ഇരുട്ടില്‍ നിന്നും തുറിച്ചുനോക്കുന്നവര്‍. പിന്നില്‍ പതുങ്ങി പിന്തുടരുന്നവര്‍. എപ്പോഴും തനിക്കുനേരേ നീണ്ടുവരാവുന്ന അജ്ഞാതമായ കൈകള്‍. രാത്രിയില്‍ നിരത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ കഴുകന്‍നോട്ടങ്ങളാല്‍ കൊത്തിവലിക്കപ്പെട്ടാണ് വീട്ടിലേക്ക് ഓടിരക്ഷപ്പെടുന്നത്.

സമയം വൈകുന്നേരം ആറ് മണി. ബസ്‌സ്റ്റോപ്പുകളില്‍ കൂടിനില്ക്കുന്നവരിലും ബസ്സുകളില്‍ തിക്കിത്തിരക്കി യാത്രചെയ്യുന്നവരിലും നല്ലൊരു പങ്ക് സ്ത്രീകളാണ്. വീട്ടിലെത്താനുള്ള പെടാപ്പാടിലാണ് സ്ത്രീകള്‍. എട്ടുമണി കഴിയുന്നതോടെ റോഡിലും ബസ്സുകളിലും സ്ത്രീകളുടെ തിരക്ക് കുറഞ്ഞുവരുന്നു. ഒമ്പത് മണിക്കുശേഷം നിരത്തുകളില്‍ സ്ത്രീകള്‍ നാമമാത്രമാകുന്നു. വൈകിപ്പോയതിന്റെ ആധിയും തിടുക്കവും അവരുടെ മുഖങ്ങളില്‍ ഒട്ടിച്ചുവച്ചിരിക്കും. രാത്രിയില്‍ ഇറങ്ങിനടക്കുക എന്ന ഭയത്തില്‍നിന്നും ആധിപിടിച്ച് ഓടിരക്ഷപ്പെടുന്ന സ്ത്രീകളെയാണ് നിരത്തുകളില്‍ കാണാനാവുക.

മറ്റൊരു വാര്‍ത്ത ഇപ്രകാരമാണ്- സ്ത്രീകള്‍ തനിച്ച് സഞ്ചരിക്കുന്ന കാഴ്ച നമ്മുടെ നാട്ടില്‍ അധികമുണ്ടാവില്ല. എന്നാല്‍ ആഗോളതലത്തിലുള്ള കണക്കുകളെടുത്താല്‍, ഒരു പക്ഷെ, കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ഏകാംഗസഞ്ചാരം നടത്തുന്ന സ്ത്രീകള്‍ ടൂറിസംരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയാണെന്നാണ് സര്‍വെകള്‍ പറയുന്നത്. ടൂറിസം മേഖലകള്‍ക്ക് വലിയ മാറ്റങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും സര്‍വെ പറയുന്നു. കഴിഞ്ഞ അന്തര്‍ദേശീയ വനിതാദിനത്തില്‍ നടന്ന സര്‍വേയിലാണ് സ്ത്രീകള്‍ ഏകരായി സഞ്ചരിക്കുന്നത് ടൂറിസം വ്യവസായത്തിന് ഗുണകരമാണെന്നു കണ്ടെത്തിയത്. വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വെയില്‍ 41 ശതമാനത്തോളം സ്ത്രീകളും ഒറ്റക്ക് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നായിരുന്നു കണ്ടെത്തല്‍. ഈ മേഖലകളില്‍ കൂടുതല്‍ മുന്നേറ്റങ്ങളാണ് ഇപ്പോഴും നടക്കുന്നത്...... ഒറ്റയ്ക്ക് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. എന്നാല്‍ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ യാത്ര ചെയ്യാന്‍ കൂടുതല്‍ പരിമിതികള്‍ പലപ്പോഴും സ്ത്രീകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആ ചിന്തകള്‍ക്ക് മാറ്റം വരികയാണിപ്പോള്‍. മാറിക്കൊണ്ടിരിക്കുകയാണെന്നു പറയുമ്പോഴും സ്ത്രീ ഒറ്റയ്കു യാത്രചെയ്യുന്ന സ്വപ്നം കൂടുതലായി നാം നിര്‍മ്മിക്കേണ്ടിയിരിക്കുന്നു.

I

ഇം ജൂലി (തുര്‍ക്കിഷ്-ജര്‍മ്മന്‍ സംവിധായകന്‍ഫതിഹ് അകിന്‍, 2000) എന്ന സിനിമ രസകരമായ ഒരു റോഡ് ചലച്ചിത്രമാണ്. ഡാനിയേല്‍ എന്ന അദ്ധ്യാപകന്‍ ഈസ്താംബൂളിലേക്ക് പോകുന്നു. ഇതിനിടെ അദ്ദേഹം ജൂലി എന്ന കച്ചവടക്കാരിയില്‍നിന്ന് ഒരു മോതിരം വാങ്ങുന്നു. ആ മോതിരത്തില്‍ മായന്‍ സൂര്യമുദ്രകുത്തിയിട്ടുണ്ട്. ആഗ്രഹിക്കുന്നതൊക്കെ കിട്ടുമെന്ന് പറഞ്ഞാണ് ജൂലി അവന് മോതിരം നല്കുന്നത്. ഡാനിയലിനോട് അടുപ്പവും അവള്‍ക്കു തോന്നിയിരുന്നു. ഒരു പാര്‍ട്ടിയിലേക്ക് ജൂലി അയാളെ ക്ഷണിക്കുന്നു. അവിടെവച്ച് മെലക് എന്ന യുവതിയെ ഡാനിയേല്‍ കാണുകയും അവര്‍ അവരുടെ മുറിയിലേക്ക് പോവുകയും ചെയ്യുന്നു. അതു കാണുന്ന ജൂലി നിരാശയിലാവുകയും ആ നഗരം വിട്ടു യാത്രയാവുന്നു. എന്നാല്‍ മെലകിനെ യാത്രയാക്കിയ ശേഷം സുഹൃത്തിന്റെ കാറില്‍ വരുന്ന ഡാനിയേല്‍ ജൂലിയെ കാണുകയും അവരൊന്നിച്ച് യാത്ര ആരംഭിക്കുകയും ചെയ്യുന്നു. ഒരു യാത്രക്കാരിയെന്ന മട്ടിലാണ് ജൂലി വരുന്നത്. യൂറോപിലും ഏഷ്യയിലും അവള്‍ സഞ്ചരിച്ചിട്ടുണ്ടെന്നു പറയുന്നുണ്ട്. അവളുടെ സ്വതന്ത്രമായ ശരീരഭാഷ യാത്രയുടെ ഭാഷയെ സൂചിപ്പിക്കുന്നു. യാത്രതുടങ്ങിയപ്പള്‍ അവരുടെ കാറ് കേടാകുന്നു. അതിലേ വന്ന ലോറിയില്‍ അവര്‍ യാത്രചെയ്യുന്നു. ലോറിക്കാരന്‍ ഒരു ബാറില്‍ വച്ച് ജൂലിയെ ആക്രമിക്കുന്നുവെങ്കിലും അവര്‍ തിരിച്ചടിച്ച് രക്ഷപ്പെടുന്നു. ഒരു ബോട്ടില്‍ അവര്‍ അഭയം തേടുന്നു. ബോട്ടില്‍വച്ച് ഡാനിയലിനെ കള്ളനെന്നാരോപിച്ച് വെള്ളത്തിലെറിയുന്നു. അതോടെ ഡാനിയല്‍ വേറൊരു നഗരത്തിലെത്തുന്നു. അവിടെവച്ച് ഒരു സ്ത്രീയുടെ വണ്ടിയില്‍ കേറുന്ന ഡാനിയലിനെ പറ്റിച്ച് അവന്റെ പേഴ്സും മോതിരവും അവള്‍ തട്ടിയയെടുക്കുന്നു. എല്ലാം നഷ്ടപ്പെട്ട ഡാനിയല്‍ ഹംഗറിയുടെ അതിര്‍ത്തിയിലെത്തുന്നു. അവിടെവച്ച് ജൂലിയെ കാണുന്നു. വീണ്ടുമവര്‍ ഒന്നിക്കുന്നു. യാത്രക്കായി ഒരു കാറ് മോഷ്ടിക്കുന്നു. ആ കാറ് ഒരു പുഴകടക്കവേ വെള്ളത്തിലാകുന്നു. അവിടെ വച്ച് വഴക്കുകൂടുന്ന അവരിരുവരും പിരിയുന്നു. ജൂലി അവനെ ഉപേക്ഷിച്ച് തനിയേ പോകുന്നു. ഡാനിയേല്‍ ഇതിനിടെ മെലക്കിന്റെ കാമുകനൊപ്പം യാത്രചെയ്യുകയും പോലീസ് പിടിയിലാവുകയുമൊക്കെ ചെയ്യുന്നു. അവിടുന്നൊക്കെ രക്ഷപെട്ട് ഈ ഈസ്താംബൂളിലെത്തവേ അവിടെവച്ച് ജൂലിയെ കണ്ടുമുട്ടുകയും അവരുടെ പ്രണയം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

നിശ്ചിതമായ ലക്ഷ്യങ്ങളുണ്ടെങ്കിലും യാത്രയുടെ രസം അപ്രവചനീയതകളിലൂടെ കടന്നുപോകുന്നതാവണം. ഈ സിനിമയില്‍ ജൂലി- ഡാനിയല്‍ യാത്രയ്ക്കു സമാന്തരമായി മറ്റൊരു യാത്രകൂടിയുണ്ട്. അമ്മാവന്റെ ശവശരീരവുമായി കാറില്‍പോകുന്ന ഒരു യുവാവിന്റെയും അവനെ സഹായിക്കാനായി പോകുന്ന അവന്റെ കാമുകി മെലക്കിന്റെയും. ഈ യാത്രകളെല്ലാം ചിലയിടത്തുവച്ചു കൂട്ടിമുട്ടുകയും മറ്റിടത്തുവച്ച് വേര്‍പിരിയുകയും ചെയ്യുന്നു. ഇതാണ് സിനിമയെയും ഇതിലെ യാത്രയെയും അതീവ ഹൃദ്യമാക്കുന്നത്. അപ്പോഴും യാത്ര തുടരുന്നു. ജീവിതം യാത്രയാണെന്ന ആശയത്തെ അതിലൂടെ സുന്ദരമായി കോര്‍ത്തെടുക്കുന്നു. പ്രണയം ഇത്തരത്തില്‍ കയറ്റിറക്കങ്ങളും പിരിയലുകളുമുള്ള ഒന്നാണെന്നും പറഞ്ഞുവയ്ക്കുന്നു. ചുരുക്കത്തില്‍ ഇതിലെ കഥാപാത്രങ്ങളെല്ലാം മിക്കപ്പോഴും യാത്രയിലാണെന്നും സാരം. നിരന്തരം സ്ഥലങ്ങളും ദേശങ്ങളും അതിര്‍ത്തികളും മാറിക്കൊണ്ടിരിക്കുന്നു. അതിര്‍ത്തികള്‍ കടക്കുന്നതാണ് ഇവിടെ പ്രധാന പ്രശ്നം. പാസ്പോര്‍ട്ട് അവരുടെ കൈമോശം വരുന്നു. സ്നേഹത്തിന്റെ തന്ത്രങ്ങളിലൂടെയാണ് അവ മറികടക്കുന്നത്.

ഇതിലെ ശ്രദ്ധേയമായ കാര്യം, ജൂലിയുടെ യാത്രകളാണ്. കടുംബബന്ധമോ വൈവാഹികതയോ ഇവിടെ വിഷയമേ ആവുന്നില്ല. സ്വതന്ത്രവ്യക്തികളെ മാത്രമേ സിനിമയില്‍ കാണുന്നുള്ളൂ. എവിടെയും പോകാന്‍ കഴിയുന്നവര്‍. മിക്കപ്പോഴും യാത്രയിലായിരിക്കുന്നവര്‍. എല്ലാവരും ഏതു വാഹനവും ഓടിക്കുന്നവരാണ്. വാഹനങ്ങളിലാണ് മിക്ക രംഗങ്ങളും. അഥവാ യാത്രയുടെ രൂപത്തില്‍. ജൂലി തന്റെ യാത്രകളും പ്രണയവും സ്വയം നിര്‍ണ്ണയിക്കുന്നു. യാത്രാബാഗുമായാണ് ജൂലിയെ മിക്കപ്പോഴും കാണുന്നത്. സ്വാതന്ത്ര്യമുള്ള ശരീരഘടനയാണ് അവളുടേത്. ഒരു പുരുഷന്റെ പോലെ. ബീഡിയും സിഗരറ്റും വലിച്ച് ബിയറും കുടിച്ച് ഭയരഹിതയായി ജീവിതം നയിക്കുകയാണവള്‍. അടക്കവുമൊതുക്കവുമുള്ള ശരീരമല്ല അവളുടേത്. ഡാനിയലിനേക്കാള്‍ തീവ്രവും ചടുലവുമായ രീതിയിലാണവള്‍ പെരുമാറുന്നത്. ഡാനിയലിനെ കഞ്ചാവ് വലിപ്പിക്കാന്‍ പഠിപ്പിക്കുന്നത് അവളാണ്. അത് വളരെ നേരം കാണിക്കുന്നത് ശ്രദ്ധിക്കണം. ലോറി ഡ്രൈവര്‍ ചതിക്കുമെന്നറിഞ്ഞിട്ടും അവനോടുകൂടി ഡാന്‍സ് ചെയ്യുകയും ബിയര്‍ കുടിക്കുകയും ചെയ്യുന്നവള്‍. ഡാനിയലും അവളും മിക്കപ്പോഴും കിടന്നുറങ്ങിയത് തുറസ്സായ സ്ഥലങ്ങളിലാണെന്നതും പറയണം. ലൈംഗികത അവള്‍ക്ക് ഭയപ്പെടേണ്ടുന്ന ഒന്നാവുന്നില്ല. അബോധത്തിലും സ്ത്രീ ജാഗരൂകയായിരിക്കണമെന്ന കേരള സമൂഹത്തിലെ ലിംഗബോധമൊന്നും അവളില്‍ പ്രവര്‍ത്തിക്കുന്നതേയില്ല. അങ്ങനെ ജീവിതത്തെ അതിന്റെ ആഴത്തിലും പരപ്പിലും സ്നേഹിക്കുകയാണ് ജൂലി എന്ന കഥാപാത്രം.

യാത്രയെയാണ് ഇവിടെ ജൂലി പ്രണയിക്കുന്നതെന്നും പറയാം. രാജ്യാതിര്‍ത്തികളോ മറ്റ് സാമൂഹികവഴക്കങ്ങളോ അവളെ ഭയപ്പെടുത്തുന്നില്ല. ചുരുക്കത്തില്‍ യാത്രയെന്നത് ആണിനും പെണ്ണിനും തുല്യമായ അനുഭവത്തിന്റെയും അവസരത്തിന്റേതും ആകുന്ന കാഴ്ചകളാണ് ജൂലി പറയുന്നത്. അടങ്ങിയൊതുങ്ങി അനുഭവിക്കേണ്ടുന്നതല്ല യാത്ര; ജീവിതവും. തുറന്ന ജീവിതത്തെ തുറന്ന ശരീരത്തോടെ നേരിടുകയാണ് വേണ്ടത്. കേരളത്തിലെ സ്ത്രീകളെ ഭയപ്പെടത്തുന്ന രാത്രിയാത്ര എന്നത് ജൂലിയിലില്ല. സമയത്തിന്റെയും അസമയത്തിന്റെയും ലിംഗബോധത്തെ അവള്‍ ഉടച്ചുകളയുന്നു.യാത്രയുടെ സവിശേഷമായ രാഷ്ട്രീയം ജൂലി പങ്കുവയ്ക്കുന്നു. ആണ്‍കോയ്മയുടെ രാഷ്ട്രീയത്തെ തച്ചുടയ്ക്കുന്ന യാത്രാരേഖയാണ് ജൂലിയുടെ യാത്രകള്‍. സുരക്ഷിതമായ പാതകളിലൂടെ സംരക്ഷണകവചങ്ങളില്‍ ഇരുന്നുള്ള പെണ്‍യാത്രാസങ്കല്പങ്ങളെ അവള്‍ മാറ്റിവരയ്ക്കുന്നു. അരക്ഷിതമായ പാതകളിലൂടെ യാത്രചെയ്ത് ആണ്‍കോയ്മയുടെ പാതകളെ നോട്ടങ്ങളെ തിരുത്തുകയാണ് ഈ പെണ്‍യാത്രകളുടെ രാഷ്ട്രീയം.

അപര്‍ണാ സെന്നിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് അയ്യരെന്ന ചിത്രത്തെ (2002) ജൂലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ പെണ്‍യാത്രകളുടെ രാഷ്ട്രീയം പിടികിട്ടും. ഈ സിനിമയില്‍ സവര്‍ണ്ണയുവതി ഒരു മുസ്ലീമിനാല്‍ രക്ഷിക്കപ്പെടുന്ന പലായനകഥയാണ്. വര്‍ഗ്ഗീയലഹള നടക്കുന്ന സ്ഥലത്തുകൂടെ പോകുന്ന അവരുടെ യാത്ര ദുരന്തമുഖങ്ങളിലൂടെ കടന്ന് ഒടുവില്‍ അവരുടെ സ്നേഹത്തിലെത്തുന്നു. അധീരയായ സ്ത്രീ അവസാനം ചെറിയതോതില്‍ ധീരയാകുന്നു. ഇന്ത്യയിലെ ജാതിയും മതവും ഒക്കെ കൂടിക്കുഴഞ്ഞ പെണ്ണവസ്ഥകളും അവളുടെ യാത്രകളും യൂറോപ്പിലെ സ്വതന്ത്രമായ പെണ്‍ജീവിതവും താരതമ്യപ്പെടുത്തുന്നിടത്ത് ലിംഗബോധത്തിന്റെ നിലവിലെ കണ്ണാടികള്‍ ഉടഞ്ഞുപോകും. സാരിയെന്ന വസ്ത്രവും ധരിച്ചുള്ള യാത്രകളും മുട്ടറ്റം വരെയുള്ള പാന്‍റും ടീഷര്‍ട്ടും ധരിച്ചുള്ള യാത്രകളും തികച്ചും ഭിന്നമായ അവസ്ഥകളെ കുറിക്കുന്നു. എപ്പോഴും ശരീരത്തെക്കുറിച്ചോര്‍മ്മിപ്പിക്കുന്ന സാരിയും അതുന്നിയിക്കാത്ത ടീഷര്‍ട്ടും ലിംഗാവസ്ഥയുടെ തന്നെ വ്യത്യസ്തങ്ങളായ അടയാളങ്ങളാണെന്നു പറയാം. സ്വതന്ത്രമായി യാത്രചെയ്യുക എന്നത് ഭയരഹിതമായ - എല്ലാ അര്‍ഥത്തിലും - സാമൂഹികാവസ്ഥയുടെ പ്രകടന പത്രികയാണ്. ലിംഗപരമായ മതിലുകളെ ഉടയ്ക്കുന്ന പ്രക്രിയയാണ്.

II

.

നമ്മുടെ ടിവികാഴ്ചകളില്‍ ഒട്ടേറെ കടന്നുവന്ന ഹീറോ ഹോണ്ടായുടെ 'പ്ലഷര്‍' എന്ന (സ്ത്രീകള്‍ക്കായി നിര്‍മ്മിച്ചതെന്നു പറയുന്ന ഗിയറില്ലാത്ത) ബൈക്കിന്റെ പരസ്യം ഒട്ടെറെ ശ്രദ്ധിക്കണം. ഒരു യുവതിയുടെ സ്വതന്ത്രമായ യാത്രയാണ് അതിന്റെ വിഷയം. നഗരത്തിലൂടയും ഗ്രാമത്തിലൂടെയും മലമുകളിലൂടെയും താഴ്വാരത്തിലൂടെയും പ്രപഞ്ചവും ചുറ്റുമുള്ള ലോകവും തനിച്ച് ആസ്വദിച്ച് അവള്‍ യാത്രചെയ്യുന്നു. പ്രഭാതവും ഉച്ചയും വൈകുന്നേരവും രാത്രിയും അവളുടെ യാത്രയിലൂടെ ഭയരഹിതമായി ആസ്വദിക്കുന്നു (പ്ലഷര്‍ എന്ന പേരിവിടെ അന്വര്‍ത്ഥമാകുന്നു). സംഗീതം ആസ്വദിച്ചുകൊണ്ട് മഴയും വെയിലും പുഴയുടെ കുളിര്‍മ്മയും സ്വന്തം ശരീരത്തില്‍ വാഹനത്തിലിരുന്നവള്‍ ഏറ്റുവാങ്ങുന്നു. കേവലമായ ഏറ്റുവാങ്ങലോ ആസ്വാദനമോ അല്ല മറിച്ച് ആര്‍ത്തിയോടെയുള്ള, ഇച്ഛയോടെയുള്ള പിടിച്ചെടുക്കലായാണ് അത് ദൃശ്യമാകുന്നത്. ഒടുവില്‍ തന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നു. അവിടെ അമ്മ കാത്തിരിക്കുന്നു. Why should boys have all the fun എന്ന വാചകം അവള്‍ ഉച്ചരിക്കുന്നു. ഇതുവരെയുള്ള വാഹനങ്ങളിലെ പെണ്‍യാത്രകളെല്ലാം മറ്റൊരു സ്ത്രീക്കോ പുരുഷനോ ഒപ്പമുള്ളതായിട്ടാണ് വാഹനക്കമ്പനികക്കാരും മറ്റും പറഞ്ഞിരുന്നത്. ലോകമാസ്വദിച്ച് സ്വന്തമായ യാത്രകള്‍ എന്ന ആശയം പുരുഷന്റെ വാഹനങ്ങള്‍ക്കാണ് പരസ്യക്കാര്‍ നല്കിയിരുന്നത്. എന്നാലതിനെയെല്ലാം റദ്ദാക്കിക്കൊണ്ട് തനിച്ചുള്ള യാത്രയുടെ പെണ്‍രാഷ്ട്രീയം വ്യക്തമായി പറയുന്നു ഈ പരസ്യം. എല്ലാം തമാശയാക്കുന്ന ആണിനെ ഉടച്ചുകൊണ്ട് യാത്രകളെ തമാശയാക്കി ആസ്വദിക്കുന്നു ഇവിടെ പെണ്ണ്. ഇടയില്‍ ഒരു യുവാവ് കൈകാണിക്കുന്നുണ്ടെങ്കിലും അവള്‍ അവനെ ഒഴിവാക്കുന്ന ദൃശ്യം വളരെ പ്രധാനമാണ്. പുരുഷന്‍ വാഹനത്തില്‍ വരുന്നതോടെ അവന്റെ നിയന്ത്രണത്തിലും അവന്റെ കാഴ്ചപ്പാടിലും വാഹനം പോകുന്നുവെന്നും അത് പെണ്ണിന്റെ കാഴ്ചകളെ വിലക്കുന്നുവെന്നും ഈ ഭാഗം ചൂണ്ടിക്കാണിക്കുന്നു.

സ്വന്തമായ ഇടവും സ്വന്തമായ കാഴ്ചകളുടെയും പൂരണമാണ് സ്വന്തമായ യാത്രകളും. ബാല്യത്തില്‍ അച്ഛനും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മക്കളും നോക്കുമെന്ന പുരുഷ മനുസ്മൃതിയന്‍ ധാരണകളെ കൊന്നുകുഴിച്ചുമൂടേണ്ടത് തന്റെ ഇടം, തന്റെ യാത്രകള്‍ തന്റെ ജീവിതമെന്നിങ്ങനെയുള്ള വ്യവഹാരങ്ങള്‍ കൊണ്ടാണ്. അത്തരമൊരു പ്രഖ്യാപനത്തെ ഈ ചെറുപരസ്യം സവിശേഷമായി കാണിക്കുന്നത് ആഹ്ലാദത്തോടെയേ കാണാന്‍ കഴിയൂ. കുട്ടികളുടെ കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍ പറയുന്നത് വാഹനങ്ങള്‍ ആണ്‍കുട്ടികളും മറ്റ് പാവകള്‍ പെണ്‍കുട്ടികളും എന്ന നിലയിലാണ്. വിവേചനത്തിന്റെ കടുത്ത പാഠങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് ഇവിടങ്ങളിലൂടെയാണ്. വാഹനങ്ങളൊക്കെ ആണിനേ വഴങ്ങൂ എന്ന് പഠിപ്പിക്കപ്പെടുന്നു. ഇത്തരം കാഴ്ചകളെയും പഠിപ്പിക്കലുകളും നിര്‍മ്മിക്കപ്പെടുന്നത് നമ്മുടെ ആണ്‍കോയ്മാപരിസരത്താണ്. ജീവിതാസ്വാദനത്തിന്റെ അതിരുകള്‍ ഉടയ്ക്കപ്പെടട്ടെ. വാഹനസംസ്കാരത്തിന്റെ ആണത്ത എഞ്ചിനീയറിംഗിനെ തകര്‍ത്തുകൊണ്ട് എല്ലാ വാഹനങ്ങളും ലിംഗഭേദമില്ലാതെ എല്ലാവരും ഓടിക്കുന്ന കാലത്തിന്റെ സ്വപ്നങ്ങളിങ്ങനെ നിര്‍മ്മിക്കപ്പടട്ടെ. എല്ലാവഴികളും ലിംഗഭേദമില്ലാതെ പോകുവാന്‍ കഴിയുന്നതാവട്ടെ. ആണ്‍കോയ്മ തുറിച്ചുനോക്കാത്തതാവട്ടെ നമ്മുടെ വാഹനങ്ങളും വഴികളും, യാത്രാസങ്കല്പങ്ങളും. പക്ഷേ ഈ ആഗ്രഹം എന്നാണ് സഫലമാവുക?

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2016-10-02 12:45.

Good article.