തര്‍ജ്ജനി

ഷീബ ഷിജു

പി ബി നമ്പര്‍: 42149
ദുബായ്‌.
യു. എ. ഇ.
മെയില്‍ : sheebashij@gmail.com

Visit Home Page ...

കവിത

പ്രണയ(വ)ശിഷ്ടം!

പാമരര്‍ നിരക്ഷരര്‍ ആദിഗുഹയില്‍
കല്ലുപിളര്‍ന്നു കോറിയിട്ട കറുപ്പേ
ക്ലീഷേയെന്നു പഴിയ്ക്കിലും തീകൊത്തിയ
കിളിയ്ക്ക് പാടാതാവില്ലതിന്‍ ഭാഗബാക്കി!

ജിബ്രാന്റെ കോപ്പയിലെ വീഞ്ഞിലുദിച്ച്,
പാബ്ലോയില്‍ വിറകൊണ്ട നക്ഷത്രമേ,
ഗബോയെ പിടിച്ച പകര്‍ച്ചവ്യാധിയായ്
ഇടപ്പള്ളിയാത്മാവിനെ കുരുക്കിപ്പകുത്തിട്ടും;

നീലക്കടമ്പില്‍, ചുവന്ന സൂര്യകാന്തിയായ്,
ഉന്മാദനാട്ടിലെ സുല്‍ത്താന്റെ മരത്തിലെ
ചെമ്പനിനീര്‍ തേനൂറ്റി, ഖസാക്ക് ചുറ്റി
നീര്‍മാതളത്തില്‍ വയലറ്റ് വിരിയിച്ചിട്ടും;

ആഭേരിയായ് നേവയില്‍, യമുനയില്‍,
സരയുവില്‍, പെരിയാറില്‍, നിളയിലും,
വായ്പാട്ടുകെട്ടി നിഴല്‍ക്കോമരമായ്
കണ്ണീരിലിരുള്‍ ചാലിച്ചാടിത്തീര്‍ത്തിട്ടും;

അതിശയം! കൊടുംവേനലിലുമാ മഴക്കുഴികള്‍
വേവറിയിക്കാതെ തുളുമ്പുന്നുണ്ടീ ഹൃത്തില്‍,
വരണ്ട മണലുവിണ്ടുണങ്ങിയ കാല്പാടില്‍
പടപ്പന്‍ കറുകയായ്‌ പുഴ കിളിര്‍ത്ത പോലെ;

തപസ്സാണാതീരേ ജീവന്റെ കൊറ്റിയൊറ്റക്കാലില്‍
നിശ്വാസച്ചെറുകുമിള പൊങ്ങുമ്പോള്‍ മുങ്ങി
നിവരാറുണ്ടാ തിണ്ടില്‍, കൊക്കില്‍ ചെറു
മഴവില്ലായ്‌ ചേരും പോരാളി മീനുമായി!

Subscribe Tharjani |