തര്‍ജ്ജനി

ഷൈന ഷാജന്‍

മെയില്‍: shainashajan@gmail.com
ബ്ലോഗ്: http://alayothungiya.blogspot.com/

Visit Home Page ...

ലേഖനം

മീരയില്‍നിന്ന് വായിച്ചെടുത്ത പെണ്മയും പ്രണയവും

ജീവിതത്തിന്റെ പൊള്ളലുകളില്‍ സര്‍ഗ്ഗാത്മകതയുടെ തേന്‍പുരട്ടുന്നൊരു കഥാകാരിയുണ്ട്. തേനിനു മധുരമാണ്, ലഹരിയൂറുന്നതുമാണ്. ഒരിക്കല്‍ നാക്കിലൊന്നു തൊട്ടുനോക്കിയാല്‍, ആശ്ചര്യമേയല്ല, വീണ്ടും വീണ്ടും വിരല്‍ത്തുമ്പ് തേനിലേക്കു നീളുന്നത്. അതുപോലെയാണീ കഥാകാരിയുടെ രചനകള്‍. ഒരിക്കലൊരെണ്ണം ആസ്വദിച്ചുകഴിഞ്ഞാല്‍ അടുത്തത് തിരഞ്ഞ് വായനക്കാര്‍ ചെല്ലുന്ന അവസ്ഥ. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളുടെ പിരിയന്‍ വഴികളിലൂടെ എത്ര അനായാസമായാണ് വേരുകള്‍ക്കിടയില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന പെണ്‍ചിന്തകളും പ്രണയവും പെണ്‍പ്രതീക്ഷകളും പെറുക്കിക്കൂട്ടിയുള്ള കഥാകാരിയുടെ യാത്ര..!

ഒരു കഥയിലും സ്ത്രീകളുടെ പരാതിപ്പെടലുകളില്ല, ഫെമിനിസത്തിന്റെ വാഴ്ത്തപ്പെടലുകളിലില്ല, പെണ്ണെഴുത്തുകാരി എന്ന ലേബലില്‍ താല്പര്യവുമില്ല. എന്നാല്‍ കഥകളിലെ സ്ത്രീകളെല്ലാവരുംതന്നെ ശക്തമായൊരു പ്രതിരോധത്തിന്റെ മേലുടുപ്പണിഞ്ഞിരിക്കുന്നവരും ഉറച്ച കാല്‍വെയ്പുകളോടെ തികഞ്ഞ സ്വത്വബോധത്തോടെ ലോകത്തെ നോക്കി ചിരിക്കുന്നവരുമാണ്. ജീവിതത്തിന്റെ വെയിലുപൂക്കുന്ന വഴികളില്‍ വാടാതെ യാത്രതുടരുന്ന സ്ത്രീകള്‍. കെ. ആര്‍. മീര എന്ന എഴുത്തുകാരിയുടെ കഥകളില്‍ വായനക്കാര്‍ക്ക് കാണാവുന്ന പ്രത്യേകതയാണിത്. യൌവനത്തിന്റെ കൂസലില്ലായ്മയും ധിക്കാരവും നിറഞ്ഞ കഥകള്‍. സ്ത്രീപക്ഷവേദികളില്‍ ഘോരഘോരം പ്രസംഗിക്കുന്നതായോ, സ്ത്രീവേദികളുടെ ആള്‍ക്കൂട്ടത്തിലോ മീരയെ കണ്ടെത്താനാവില്ല. പക്ഷേ, സ്ത്രീയുടെ സമകാലീനാവസ്ഥകളോട് ഇത്ര സര്‍ഗ്ഗാത്മകമായി പ്രതികരിക്കുന്ന ചുരുക്കം എഴുത്തുകാരികളില്‍ ഒരാളാണ് മീര. ഫെമിനിസം ഒരു പ്രത്യയശാസ്ത്രമാണെന്നുതന്നെ വിശ്വസിക്കുന്നു, ഈ എഴുത്തുകാരി. ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കുമപ്പുറത്ത് കൊണ്ടുപോയി ആവിഷ്കരിക്കുന്നുണ്ട്, ഇളംതലമുറക്കാരിയെങ്കിലും കഥകളില്‍ ഇരുത്തംവന്ന ഈ കഥാകാരി. കഥകളില്‍ ഇഷ്ടംപോലെ വിന്യസിച്ചിരിക്കുന്ന കറുത്ത ഫലിതങ്ങള്‍ തന്നെ മീരയില്‍ ചെറുപ്പകാലത്തേ ഉരുത്തിരിഞ്ഞിരിക്കുന്ന പക്വത വായനക്കാരന് കാണിച്ചുതരും. പല കഥകളും നമ്മെ മുറിവേല്പിക്കും, നാണക്കേടുണ്ടാക്കും, വേദനിപ്പിക്കും, ഉറക്കംകെടുത്തും. അതോടൊപ്പം പൊള്ളയായ സ്ത്രീ ശാക്തീകരണത്തെ തുറന്നുകാണിക്കുന്നുമുണ്ട് പല കഥകളിലും.

അല്‍ ബാഹ്ജ ബുക്സ്‌ നല്കിയ ഒമാന്‍ കേരള സാഹിത്യപുരസ്കാരം സ്വീകരിക്കുന്നതിനായി മസ്കറ്റില്‍ എത്തിയപ്പോഴാണ് മനസ്സില്‍ ഏറെ നാളുകളായി ആരാധിച്ചുനടന്നിരുന്ന ഈ പ്രിയകഥാകാരിയെ അടുത്തറിഞ്ഞത്. ഒമാനിലെ ഒരുകൂട്ടം വായനാസ്നേഹികള്‍ ഉള്‍പ്പെട്ട വായനക്കൂട്ടം സംഘടിപ്പിച്ച തുറന്ന സംവാദത്തില്‍ വെച്ചാണ് കഥാകാരി മനസ്സ് തുറന്നത്.

സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ഒക്കെ തനിക്കു ചുറ്റും സൃഷ്ടിച്ച വെള്ളിവെളിച്ചത്തിന്റെ പ്രഭാവലയത്തിനുള്ളില്‍നിന്നും ഞങ്ങളുടെ പ്രവാസജീവിതത്തിന്റെ പച്ചനിമിഷങ്ങളിലേക്ക് ചിരിച്ചും കളിച്ചും ഒരു കുട്ടിക്കഥ പറയുന്ന ലാഘവത്തോടെ മീര ഇറങ്ങിവന്നു. ഔപചാരികതയൊന്നുമില്ലാതെ മനസ്സ് തുറന്നു.

മീരയിലെ പെണ്മ, മീരയുടെ എഴുത്തിനെ എങ്ങനെയൊക്കെയായിരിക്കും നയിച്ചുകൊണ്ടുപോയിരിക്കുക എന്നറിയാനായിരുന്നു എന്റെ ശ്രമം. മീരയുടെ പല കഥകളിലും കാണാവുന്ന നര്‍മ്മബോധം, പരിഹാസം, ഐറണി ഇവയൊക്കെ പലപ്പോഴും ഒരമ്പരപ്പ്‌ സൃഷ്ടിക്കാറുണ്ട്, വായനക്കാരില്‍. ഇത്രയൊക്കെ പരിഹാസം ഒരു പെണ്ണില്‍നിന്നോ എന്ന അമ്പരപ്പിനെ, ''പെണ്ണിനെ എല്ലാവരും അണ്ടര്‍എസ്റ്റിമേറ്റ്‌ ചെയ്യുകയാണെപ്പോഴും'' എന്ന് ചിരിച്ചുതള്ളി എഴുത്തുകാരി. ഒരു പെണ്ണ് ഇങ്ങനെയൊക്കെയേ എഴുതൂ എന്ന ധാരണയെ പാടെ തകര്‍ത്തുകളഞ്ഞ്, ഒരു പെണ്ണില്‍നിന്ന് പ്രതീക്ഷിക്കാത്തത് കൊടുത്ത് വായനക്കാരെ ഞെട്ടിക്കാനാണ് എനിക്കിഷ്ടം എന്ന് ഒരു കുസൃതിച്ചിരിയോടെ പെണ്‍പഞ്ചതന്ത്രക്കാരി പറഞ്ഞു. സമൂഹത്തില്‍ നിന്നകലെ മാറി, ഈ സമൂഹത്തെ ഒരുകൂട്ടം ജനങ്ങള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളായി നോക്കിക്കാണുകയാണ് പെണ്‍പഞ്ചതന്ത്രത്തില്‍ മീര, മറ്റൊരു ഗ്രഹത്തില്‍ നിന്നെന്നപോലെ. അങ്ങനെ നോക്കിക്കാണുമ്പോള്‍ നമ്മളൊക്കെ എങ്ങനെയാണ് ജീവിക്കുന്നത്, നമ്മളൊക്കെ ഏതുതരം കഥയിലെ കഥാപാത്രങ്ങളാണ് എന്നൊരു തിരിച്ചറിവില്‍ നിന്നാണ് മീരയുടെ പല കഥകളും ഉണ്ടാകുന്നത്. ‘’ഇത്രയും വേദനിക്കുമ്പോള്‍, ഇത്രയും അഴുക്കുചാലിലൂടെ വീണുരുണ്ടു കൊണ്ടേയിരിക്കുന്ന ഒരു ജനസമൂഹമായി മുന്നോട്ടുപോകേണ്ടി വരുമ്പോള്‍ എന്നെപ്പോലുള്ള ഒരാള്‍ക്ക് ‌സമൂഹത്തെ നോക്കി പരിഹസിച്ചു ചിരിക്കാനേ കഴിയൂ.’’ നാറുന്ന ഈ സമൂഹത്തോടുള്ള തന്റെ പരിഹാസം ചുണ്ടിന്‍കോണിലെ ഒരു ചിരിയായി ഒതുക്കി മീര പറഞ്ഞു.

ഒരു പെണ്ണെഴുത്തുകാരി എന്ന ലേബലില്‍ ഒരിക്കലും താല്പര്യം കാട്ടുന്നില്ല ഈ എഴുത്തുകാരി. എന്നാലോ എഴുതുന്ന കഥകള്‍ മുഴുവനും ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍കൊണ്ടും അവരുടെ ദയനീയാവസ്ഥകളില്‍ അവര്‍ക്കുള്ള പ്രതിഷേധവും പ്രതിരോധവുംകൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരിടത്തും പെണ്ണെന്ന നിലയിലുള്ള പരാതിപ്പെടലുകള്‍ കാണാനുമാവില്ല. ഈ പ്രതിരോധത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചുമൊക്കെ മീര വാചാലയായത് ഇങ്ങനെയാണ് – "ഈ പ്രതിരോധം എനിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ തൊട്ട് എന്നില്‍ വളര്‍ന്നു വന്നതാണ്. ഒരിക്കല്‍ ഒന്നാം ക്ലാസ്സില്‍ കേട്ടെഴുത്തിന് പത്തില്‍ പത്തുമാര്‍ക്കും വാങ്ങിയ എന്നോട് ഒരാണ്‍കുട്ടീ ഇങ്ങനെയൊരു കമന്റ് പറഞ്ഞു: "അല്ലെങ്കിലും പെണ്‍കുട്ടികള്‍ക്ക് സാറന്മാര്‍ ഇഷ്ടംപോലെ മാര്‍ക്കിട്ടു തരുമല്ലോ ..!’ അങ്ങനെ പറയുന്ന ആണ്‍മനസ്സിന്റെ മനഃശാസ്ത്രം ഇന്നും എന്നെ അലട്ടുന്നുണ്ട്. പിന്നീട് ഇരുപതു വയസ്സുള്ളപ്പോള്‍ എം. എ. കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പഠിക്കാന്‍ ഗാന്ധിഗ്രാമില്‍ ചേര്ന്നു. അവിടെ ആദ്യപരീക്ഷയില്‍ കഷ്ടപ്പെട്ട് പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചും ക്ലാസ്സില്‍ ഒന്നാം സ്ഥാനം ലഭിച്ച എന്നോട് ക്ലാസ്സിലെ ഒരു മലയാളിപയ്യന്‍ പറഞ്ഞതും ഇങ്ങനെയായിരുന്നു: "അതുപിന്നെ പെണ്പിള്ളാര്‍ക്കല്ലെ നല്ല മാര്‍ക്ക് കിട്ടൂ..!’ അഞ്ചാം വയസ്സില്‍ അനുഭവപ്പെട്ട അതേ അപമാനം വീണ്ടും. എന്തുതരം മൂല്യബോധമാണ് നമ്മളീ ആണ്കുട്ടിക്ക്‌ പകര്‍ന്നുകൊടുക്കുക? എന്തുതരം മൂല്യബോധമാണ് ഇതുകേട്ട് വളരുന്ന പെണ്കട്ടിയുടെ മനസ്സില്‍ ഉണ്ടാവുക..? അപ്പോള്‍ എന്നെ ഇങ്ങനെ ആക്കിത്തീര്‍ത്തതിന് അഞ്ചുവയസ്സുള്ള ആ ആണ്കുട്ടിയോടുവേണം ഞാന്‍ നന്ദി പറയാന്‍.’’

സമൂഹത്തില്‍ സ്വന്തം കഴിവ് പ്രകടിപ്പിക്കുന്ന ഓരോ സ്ത്രീക്കും നേരിടേണ്ടിവരുന്ന വെല്ലുവിളിയാണിത്. നിരാസത്തിന്റെ നിസ്സഹായതയ്ക്കും പാര്ശ്വവല്ക്കരിക്കപ്പെടുന്നതിന്റെ വേദനയ്ക്കുമിടയില്‍ ഇത്തരം അപമാനം വീണ്ടും വീണ്ടും നേരിടേണ്ടിവരുന്ന ഓരോ സ്ത്രീക്കും ഇരട്ടബാദ്ധ്യതയാണ് ഉള്ളത്. നിങ്ങള്‍ക്ക് കഴിവുണ്ടെന്നു നിങ്ങളെ ബോദ്ധ്യപ്പെടുത്തുക, ഒപ്പം അത് ലോകത്തേയും ബോദ്ധ്യപ്പെടുത്തുക.

മീര വീണ്ടും പറഞ്ഞുതുടങ്ങി. "നിങ്ങള്‍ക്ക് കഴിവുണ്ടെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം നിങ്ങള്‍ സ്വയം ന്യായീകരിച്ചുകൊണ്ടിരിക്കണം.- ഇത് ഒരു സ്ത്രീയായത്തിന്റെ പേരില്‍, നിങ്ങള്‍ക്കൊരു ശരീരമുണ്ടായതിന്റെ പേരില്‍, നിങ്ങളൊരു പുഞ്ചിരി സമ്മാനിച്ചതിന്റെ പേരില്‍ കിട്ടുന്നതല്ല; മറിച്ച് നിങ്ങളുടെ കഴിവ് കൊണ്ടാണ്, നിങ്ങളുടെ അദ്ധ്വാനം കൊണ്ടാണ്, നിങ്ങളിത് അര്‍ഹിക്കുന്നുണ്ട് എന്ന് നിങ്ങളോടും ലോകത്തോടും നിരന്തരം ഓര്‍മ്മിച്ചുകൊണ്ടിരിക്കാന്‍, നമ്മള്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരായ ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇതൊരു അതിജീവനത്തിന്റെ ഭാഗമാണ്. എനിക്കുപിന്നാലെ വരുന്ന എഴുത്തുകാരോട് ഞാനിത് നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും"

ഓരോ സ്ത്രീക്കും രണ്ടുതരം സ്ത്രൈണതയുണ്ടെന്നൊരു പറച്ചിലുണ്ട്. സമൂഹം അവളില്‍ അടിച്ചേല്പിക്കുന്ന സ്ത്രൈണതയും അവള്‍ സ്വയം വീണ്ടെടുക്കേണ്ട സ്ത്രൈണതയും. രണ്ടാമത് പറഞ്ഞ സ്ത്രൈണതയിലൂടെയാണ് മീര പറഞ്ഞ പ്രതിരോധവും പ്രതിഷേധവും അവര്‍ ആര്ജ്ജിച്ചെടുക്കേണ്ടത്. അതിക്രമം നേരിടുന്ന ഓരോ പെണ്കുട്ടിയും അതിക്രമിയെ നോക്കി നീ അതിക്രമിയാവുന്നതിന്റെ കാരണം ഇതാണ്.... നിന്റെ അതിക്രമത്തിന്റെ ലക്ഷ്യം എനിക്ക് മനസ്സിലാവുന്നുണ്ട്.... എന്ന് മുഖത്ത് ചൂണ്ടിപ്പറയാനുള്ളൊരു ധൈര്യവും ആര്ജ്ജവവും വീണ്ടെടുക്കേണ്ടതുണ്ട്. ആ പ്രതിരോധത്തിന്റെ മേലുടുപ്പാണ് ഓരോ പെണ്കുട്ടിയും എടുത്തണിയേണ്ടത്. അവിടെയാണ് അവര്‍ ജയിക്കുക,അതിജീവിക്കുക. അവിടെനിന്നുമാണ് പാര്ശ്വവല്ക്കരിക്കപ്പെട്ടിടത്തുനിന്നും അവര്‍ സമകാലീനസമൂഹത്തിലേക്ക് ഇരമ്പിക്കയറേണ്ടത്.

മീരയുടെ കഥകള്‍ ഒരിക്കലും ഏതെങ്കിലുമൊരു ആശയത്തെ പുറത്തുകൊണ്ടുവരണമെന്ന് കരുതി നേരത്തെകൂട്ടി തീരുമാനിച്ചെഴുതുന്നവയല്ല. എഴുത്തുകാരി തന്റെ എഴുത്തിനെ മാവില്‍ പൂക്കളുണ്ടാവുന്നതിനോട് ഉപമിച്ചു. "ഒരു മാവില്‍ എന്തുകൊണ്ട് ചെമ്പകപ്പൂക്കള്‍ വിടരുന്നില്ല..? മാവ് അനുഭവിച്ച മണ്ണും മാവ് സ്വീകരിച്ച വളവും മാവ് അറിഞ്ഞ ആകാശവും അത് ആനന്ദിച്ച കാറ്റും ചേര്ന്നാണ് അതില്‍ മാമ്പൂക്കളെ വിടര്‍ത്തുന്നത്. മാവിന്റെ അനുഭവപരിസരത്തുനിന്ന് അത് ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കളുടെയും ഹോര്‍മോണുകളുടെ പരിണതഫലമാണ് മാമ്പൂക്കള്‍. അതിന്റെ ലക്ഷ്യം, അതിന്റെ ഗന്ധം, അതിന്റെ സ്വഭാവം എല്ലാം". മറ്റുള്ളവരെപ്പോലെ പൂക്കാന്‍ എന്തുകൊണ്ട് എനിക്കാവുന്നില്ല എന്ന് മാമ്പൂക്കളെ കൂട്ടുപിടിച്ച് രസകരമായി വിവരിച്ചുതന്നു.

മീര എന്ന സ്ത്രീ എവിടെയാണോ ജനിച്ചത്‌, അവര്‍ ഏതുതരം അനുഭവങ്ങളിലൂടെയാണ് കടന്നു പോയത്, എങ്ങനെയൊക്കെയുള്ള ലോകമാണ് സ്വപ്നം കണ്ടത്, അവരുടെ രാഷ്ട്രീയ നിലപാടുകള്‍ എന്തൊക്കെയാണ് ഇതൊക്കെ ചേര്‍ന്നാണ് മീരയുടെ കഥകള്‍ രൂപപ്പെടുന്നത് എന്ന് തീര്‍ച്ചയാണ്.

പ്രണയമില്ലാതെ മീരയില്ല. ജീവിക്കണമെങ്കില്‍ എന്തിനോടെങ്കിലുമുള്ള പ്രണയം കൂടിയേ തീരൂ എന്നുപറയുമ്പോഴും മീരയിലെ പ്രണയം പൂക്കളില്‍നിന്നും നിലാവില്‍നിന്നും പുഴയില്‍നിന്നുമൊക്കെ ഒരു പാട് ദൂരം അകലെയാണ്. അത് സര്‍പ്പത്തോടും വിഷത്തോടുമൊപ്പം അതിന്റെ തീവ്രതയാല്‍ വായനക്കാരെ കരിനീലിപ്പിച്ചു കളയുന്നു.
തീവ്രതകൊണ്ട് വായനക്കാരെ കരിനീലിപ്പിച്ചു കളയുന്ന പ്രണയത്തെക്കുറിച്ച് മീര ഇങ്ങനെ പറഞ്ഞുതുടങ്ങി ...

"നിലാവും പുഴയും പൂക്കളുമൊക്കെയുള്ള പ്രണയം കേട്ടുകേട്ട് നമുക്കൊക്കെ മടുത്തില്ലേ ? നമ്മള്‍ പ്രണയം എങ്ങനെയാണ് മനസ്സിലാക്കിത്തുടങ്ങുന്നത്? അതെങ്ങനെ ആയിരിക്കണമെന്ന് ആരാണ് നമ്മളെ പഠിപ്പിച്ചത്? ഇതെല്ലാം പുരുഷന്മാരായ എഴുത്തുകാരാണ് പഠിപ്പിച്ചത്. അവരാണ് പറഞ്ഞത്‌, ഒരു സ്ത്രീ ഇങ്ങനെ വേണം നടക്കേണ്ടത്‌, ഇങ്ങനെ വേണം പ്രണയിക്കേണ്ടത്, പ്രണയിക്കുമ്പോള്‍ അവള്‍ പുരുഷന് കൊടുക്കേണ്ട ആനന്ദം ഇതാണ്... കാലങ്ങളായി ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഇതല്ലാത്തൊരു പ്രണയമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തിയില്ലെങ്കില്‍, നമ്മുടെ വര്‍ത്തമാനകാലസത്യങ്ങള്‍ നാളേക്കുവേണ്ടി ആവിഷ്കരിക്കുന്ന എഴുത്തെന്ന ഈ പ്രക്രിയ എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥരഹിതമാണ്".

ശരിയാണ്.. മീരയുടെ കഥകളില്‍ പ്രണയം.... വിഷംപോലെ, സര്‍പ്പംപോലെ, ഒരു ഗില്ലറ്റിന്‍പോലെ...ചിലപ്പോള്‍ രോഗത്താല്‍ മഞ്ഞിച്ച് മഞ്ഞിച്ച്... ചിലപ്പോള്‍ കണ്ണിന്റെ കാഴ്ചപോലും കെടുത്തിക്കളഞ്ഞ്, ചിലപ്പോഴൊക്കെ ഒരു കയര്‍കുരുക്കിനാല്‍ ചുറ്റപ്പെട്ട്.... ഒക്കെയാണ്. ഇങ്ങനെ തീവ്രമായി, അതിതീക്ഷ്ണതയോടെ പ്രണയിക്കുന്ന കഥാപാത്രങ്ങളാണ് മീരയുടെത്‌. വേദനയുടെയും അപമാനത്തിന്റെയും നിത്യമായ ഏകാന്തതയുടെയും അന്തരീക്ഷമാണ് തീക്ഷ്ണപ്രേമത്തിന്റെ ഫലം. എങ്കിലും അതൊരിക്കലും അവസാനിക്കുന്നില്ല. ജീവിതം മുഴുവന്‍ മനസ്സിനെ, അതിന്റെ തീവ്രതയാല്‍ കരിനീലിപ്പിച്ചുകൊണ്ട് കൂടെയുണ്ടാകും.ചില കഥകള്‍ വായിക്കുമ്പോള്‍ തീവ്രപ്രണയത്തിന്റെ വിഷജ്വാലകള്‍ ആളുന്ന ഒരു കയത്തിലേക്ക്, ആ ആഴത്തിന്റെ അമ്പരപ്പിലെക്ക് നമ്മള്‍ വീണുപോകും. ഓരോ പെണ്ണിനും ഹൃദയരക്തത്തോളം കൊഴുത്ത, പ്രാണനുരുക്കുന്ന പ്രണയം പകര്‍ന്നുനല്കുന്നു കഥാകാരി. ആണ്‍സമൂഹം തീരുമാനിച്ചുവെച്ചിട്ടുള്ള പ്രണയത്തിന്റെ രീതികളല്ല അത്.

താനെഴുതുന്നത് ഇപ്പോഴുള്ള ആരുടേയും അംഗീകാരം കിട്ടുന്നതിനല്ല.എന്നുകൂടി പറഞ്ഞ് അവാര്ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കുംവേണ്ടി പരക്കംപാഞ്ഞുനടക്കുന്ന പുതുതലമുറക്കാരില്‍ നിന്നും വ്യത്യസ്തയാകുന്നുണ്ട് മീര.

"ഞാനെഴുതുന്നത് ഞാന്‍ അനുഭവിക്കുന്ന ജീവിതസത്യം സാര്‍വ്വലൌലികസത്യമായി പരിണമിപ്പിക്കാനുള്ള ശേഷി എനിക്കുണ്ടെന്ന് ഭാവിതലമുറയെ ബോദ്ധ്യപ്പെടുത്താനാണ്. ഇക്കാലത്ത് ജീവിച്ചിരിക്കുന്ന ആരുടേയും അംഗീകാരം എനിക്കാവശ്യമില്ല. അമ്പതോ നൂറോ വര്ഷങ്ങള്‍ കഴിഞ്ഞ് വരാനിരിക്കുന്നൊരു തലമുറയ്ക്കുവേണ്ടിയാണ് ഞാനെഴുതുന്നത്. അവരത് മനസ്സിലാക്കി അംഗീകരിക്കുമ്പോള്‍ ആ കയ്യടിയും പൂച്ചെണ്ടുകളും ഏറ്റുവാങ്ങാന്‍ ഞാനുണ്ടായെന്നു വരില്ല. എനിക്കുശേഷം വരുന്ന എഴുത്തുകാരായിരിക്കും അതെല്ലാം ഏറ്റുവാങ്ങുന്നത്. എനിക്ക് മുമ്പേ വന്നവര്‍ ഏറ്റുവാങ്ങിയ കയ്യടിയും പൂച്ചെണ്ടുകളുമാണ് എനിക്കിപ്പോള്‍ കിട്ടുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു." നമ്മുടെയെല്ലാം ജീവിതം ഒരു റിലേ ആണെന്നും കത്തുന്ന പന്തവുമായി ഓടുന്ന ഓട്ടക്കാരെപ്പോലെയാണ് നമ്മളെല്ലാവരുമെന്നും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ഒരു കഥ ഓര്‍മ്മിച്ചുകൊണ്ട് മീര പറഞ്ഞപ്പോള്‍ പുതുവെഴുത്തിടങ്ങളിലെ എഴുത്തുകാര്‍ ഓരോരുത്തരും ഇത് ഓര്‍മ്മവെച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയി.

Subscribe Tharjani |