തര്‍ജ്ജനി

നസീർ കടിക്കാട്

പോസ്റ്റ് ബോക്സ് നമ്പര്‍ 5473
അബു ദാബി.

ബ്ലോഗ് : www.samkramanam.blogspot.com

Visit Home Page ...

കവിത

നിലം നികത്തുമ്പോൾ

1. ഇടനാഴി

ഇടനാഴിയിൽ മഴ പെയ്യുന്നു
കുതിരകൾ കാട്ടിലേക്കു കുളമ്പെടുക്കുന്നു
പുഴ നീന്തി മനുഷ്യരും ദൈവങ്ങളും വരുന്നു.

ഹൃദ്രോഗിയായ മദ്ധ്യവയസ്കൻ പറഞ്ഞു:
ഇവിടെമാകെ നെൽ വയലുകളായിരുന്നു
കൃഷിക്കാരുടെ പാട്ടും സന്തോഷവുമായിരുന്നു
കിഴക്കുള്ള കുറ്റിക്കാടുകളിൽ നിന്നു
പലതരം പക്ഷികൾ പറന്നെത്തുമായിരുന്നു…

ഇടനാഴി പക്ഷിക്കൂടുകളായി
നെല്ലോലകളുടെ കാറ്റും കോളും വീശി
കൃഷിക്കാരുടെ ഉടൽമണം പരന്നു
തൂവൽ നിറങ്ങൾ കൊഴിഞ്ഞു
ആകാശം വിരലുകളിലേക്കു ചാഞ്ഞു
മേഘങ്ങളിൽ നിന്നു മത്സ്യങ്ങളെത്തി.

ആരോ തൊട്ടു,
തൊട്ടടുത്തിരുന്ന വൃദ്ധ
കണ്ണിൽ കല്ലുപ്പ് തന്നു.
ആശ്വസിപ്പിക്കുവാനുള്ള വാക്ക്
പണ്ടത്തെ നെൽ വയലുകളുടെ വരമ്പിൽ
എന്തോ കൊത്തി തിന്നു കൊണ്ടിരുന്നു.

2. ബെഞ്ചുകൾ

പല മരങ്ങളിൽ
ബെഞ്ചുകളിൽ
പല മുഷിപ്പിൽ

എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നു
ബെഞ്ചുകൾ ആഗ്രഹിക്കുന്നുണ്ടാകണം
മരങ്ങളായി തന്നെ
ചുവരുകൾ പിളർന്നു വളരണമെന്നെങ്കിലും.
മനുഷ്യരെ ചുമന്ന്
മനുഷ്യരുടെ പഴക്കം ചെന്ന മണം
ബെഞ്ചുകൾക്കും

മനുഷ്യൻ ജനിച്ചതിന്റെ
കൈകാലുകൾ അനങ്ങുന്നതിന്റെ
കണ്ണുകൾ വെട്ടി മിഴിച്ച് ആശ്ചര്യപ്പെടുന്നതിന്റെ
വാക്കിൽ കുരുങ്ങി പിടയുന്നതിന്റെ
നെഞ്ചിടിപ്പിൽ കിളികൾ അടയിരിക്കുന്നതിന്റെ
അരക്കെട്ടിൽ കാടുകൾ തഴയ്ക്കുന്നതിന്റെ…

എണ്ണി നോക്കി
എണ്ണം തെറ്റി
നിരന്നിരിക്കുന്നവർക്കിടയിലൂടെ
ചില ബെഞ്ചുകൾ തല നീട്ടി നോക്കി
ചിലത് എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമായി
മോഹാലസ്യപ്പെട്ടു വീണു
ആരെയൊക്കെയോ ഉറക്കെയുറക്കെ വിളിച്ചു
ദൈവങ്ങളുടെ മടിയിലേയ്ക്കു ഉരുണ്ടു പോയി
കുതിരപ്പുറത്തിരുന്ന് വേദാന്തിയായി
ചോരയിലേക്കു ഒഴുകി…
എണ്ണം തെറ്റി കൊണ്ടേയിരുന്നു.

ചില ബെഞ്ചുകൾ കൃഷിക്കാരെപ്പോലെ
അവർക്കു മാത്രം അറിയാവുന്ന താളത്തിൽ പാടി
ചിലത് പക്ഷികളെപ്പോലെ
അവർക്കു മാത്രം അറിയാവുന്ന ഏകാന്തതയിൽ കൊക്കുരച്ചു
കതുരുകളായെന്നു വിജനതയിലേക്ക് മഞ്ഞച്ചു വിളഞ്ഞു
കൊഴിയാറായെന്ന് ചെളി തണുപ്പിലേക്കു അടർന്നു.

ഇരുട്ടു മാത്രമുള്ള ചില ആകാശങ്ങൾ വന്ന്
ബെഞ്ചുകളിൽ തുമ്പികളായി
അപ്പോൾ വെയിലുകളുടെ ചുഴലിയുണ്ടായി
ചുവരാകെ നിഴലുകൾ പരുങ്ങി
ആരോ തൊട്ടു
തൊട്ടടുത്തിരുന്ന കുട്ടി
ഹൃദയം പിഴുതെടുത്ത് എനിക്കു നീട്ടി
ഞാൻ നെൽ വയലുകൾക്കു മുകളിൽ വട്ടമിട്ടു
പുരാതനനായ കഴുകനായി

3. ചുവരുകൾ

ചുവരുകൾ
വയൽക്കരയിലെ വീടുകൾ
വയൽക്കരയിലെ വൃക്ഷങ്ങൾ

എന്റെ വീട് ആ വയൽക്കരയിലായിരുന്നു
എന്റെ വീട് ആ ആഞ്ഞിലിത്തണലിലായിരുന്നു
വയലിലേക്കിറങ്ങുമ്പോൾ അമ്മ നോക്കി നിൽക്കുന്നു
എല്ലാ അമ്മമാരും നോക്കി നിൽക്കുന്നു
ആ കണ്ണുകളിൽ നിന്നു പക്ഷികൾ കൂടെ വരുന്നു
മരച്ചില്ലകളും അണ്ണാറക്കണ്ണന്മാരും വരുന്നു
മഴപ്പൊട്ടും വെയിൽക്കണ്ണാടിയും വരുന്നു
ചിരികളും കരച്ചിലും വരുന്നു
പാഠപുസ്തകങ്ങളും പദ്യങ്ങളും വരുന്നു

മരിച്ചു പോയവരുടെ കുഴിമാടങ്ങൾ
മറന്ന വാക്കുകളുടെ ചെവിപ്പാടകൾ
രാത്രികളുടെ മാത്രമായ ചിലമ്പൊച്ചകൾ
വാരിപ്പുണർന്ന ഉടൽ തണുപ്പുകൾ
നക്ഷത്രങ്ങളിൽ നിന്നു അടർന്നു വീണ പിറുപിറുപ്പുകൾ
കാണാതായ കൂട്ടുകാരിയുടെ മുടിയിഴകൾ
അച്ഛൻ ഉപേക്ഷിച്ചെറിഞ്ഞ കണ്ണടച്ചില്ലുകൾ…
ഒറ്റയ്ക്ക് പോകല്ലേയെന്ന്
ഏറ്റവും സ്നേഹമുള്ള പേരുകൾ വിളിച്ച്
എല്ലാവരും കൂടെപ്പോരുന്നു.

ചുവരാകെ ചിത്രശേഖരം
നിശ്ശബ്ദത പാലിക്കുക എന്ന അടയാളത്തിൽ
ഉറക്കെ ചിരിച്ച് നിശ്ശബ്ദത
സംഘം ചേർന്നു പാട്ടുകൾ പാടി നിശ്ശബ്ദത
ഉടൽ നിവർത്തി നൃത്തമാടി നിശ്ശബ്ദത

വയലുകൾക്കു മുകളിൽ വൈകുന്നേരം വരുന്നു
ആരോ തൊട്ടു
തൊട്ടടുത്തിരുന്ന വൃദ്ധ
ഉമിനീരു കൊണ്ടെന്ന് നനയ്ക്കുന്നു
ഞാൻ ആഞ്ഞിലി മരത്തിന്റെ ഉയരത്തെ കൊമ്പിൽ
കൂടു കെട്ടുന്നു

4. വാതിലുകൾ

വാതിലുകൾ
അകത്തേയ്ക്കു മാത്രം തുറക്കുന്നവ
തലയോട്ടി തുരന്ന് ഓർമ്മയെ തൊടുന്ന
ചെവിയറുത്ത് ആദ്യത്തെ കരച്ചിലിൽ എത്തുന്ന
കണ്ണുകൾ പിഴുത് ഇരുട്ടിലേക്കു നടക്കുന്ന
നാവു മുറിച്ച് നാരകയിലയുടെ രുചിയറിയുന്ന
വാരിയെല്ലടർത്തി പർവ്വതങ്ങൾ കയറുന്ന
ഹൃദയത്തിൽ തൊട്ട് രക്തസാക്ഷിത്വത്തിലേക്കു നനയുന്ന
കുടലുകൾ വാരിവലിച്ച് തിരകളിലേക്കു മുങ്ങുന്ന
വൃഷണങ്ങൾ ഛേദിച്ച് കർക്കരി ഖനികളിലേക്കിറങ്ങുന്ന
കാൽമുട്ടുകൾ ഉടച്ച് മഹാശില്പങ്ങൾ കൊത്തുന്ന
അടഞ്ഞ വാതിലുകൾ
വാതിലുകൾ തീരുന്നില്ല
അകത്തേക്കുള്ള അനക്കങ്ങളിലൂടെ
ശരീരം തീവണ്ടികൾ ഓടിച്ചു പോയി
പാളങ്ങൾക്കരുകിലെ നാടുകളോടിച്ചു പോയി
നാടുകൾക്കുള്ളിലെ വീടുകളോടിച്ചു പോയി
വീടുകൾ കാത്തിരുന്ന കാറ്റുകളോടിച്ചു പോയി
കാറ്റുകൾ കരുതിവച്ച കാട്ടുതീയോടിച്ചു പോയി
കാട്ടുതീ പൊള്ളിച്ചെടുത്ത കിനാവുകളോടിച്ചു പോയി
വാതിലുകൾ
കിതപ്പുകൾ തീരുന്നില്ല
ദൈവത്തിന്റെ വിളിപ്പേരുകളിൽ

പൂർവ്വജന്മങ്ങളുടെ താമരത്തണ്ടുകളിൽ
കുട്ടിക്കാലങ്ങളുടെ വിഷക്കായകളിൽ
ഇടവഴിപ്പൊത്തുകളുടെ ഒളിപ്പാർപ്പുകളിൽ
ഗോവണിപ്പടികളുടെ മഴത്താഴ്ചയിൽ
പാലങ്ങളുടെ ആകാശ ഗോപുരങ്ങളിൽ…

ഒഴിഞ്ഞ വയലുകളുടെ തീക്കൂനകൾക്കു ചുറ്റും
നഗ്നരായ കൃഷിപ്പണിക്കാർ
വിശപ്പിനേയും ദാഹത്തേയും മെരുക്കുന്ന
വാതിലുകൾ

വാതിലുകളിൽ നിലാവു പരക്കുന്നു
ആരോ തൊട്ടു
തൊട്ടടുത്തിരുന്ന യുവതി
ഗർഭത്തിലേക്കെന്നെ ക്ഷണിക്കുന്നു
ഞാൻ വയലുകളുടെ നീരുറവകളിലേക്കു
മറഞ്ഞു പോകുന്നു

5. പക്ഷി

ഭൂമിക്കു കുറുകെ
വയൽ വരമ്പ്
ഒരു നീളൻ വര വരയ്ക്കുന്നു,
ചിറകുകളില്ലാതെ
ഹാ…

Subscribe Tharjani |