തര്‍ജ്ജനി

അമ്പിളി. സി. ആര്‍

ചൂരച്ചിറ,
ആയിരംകൊല്ലി,
അമ്പലവയല്‍.പി.ഒ
വയനാട്. 673 593

Visit Home Page ...

കഥ

പഴയ പാഠങ്ങള്‍

''കൃത്യമോ, കൃത്യമല്ലാത്തതോ ആയ ഇടവേളകളില്‍ ചരിത്രം ശരീരങ്ങളെ കൂട്ടമായി മറവുചെയ്യുന്നു.''

ശകുനങ്ങളില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. കൂടെനിന്ന് ഒറ്റുന്ന സുഹൃത്തിനെപ്പോലുള്ള ശകുനങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും.

അതെന്തുതന്നെയായാലും അന്ന് ആകാശത്ത് ഒറ്റ മേഘംപോലുമില്ലായിരുന്നു. അതവന്റെ നിര്‍ദ്ദേശമായിരുന്നു. ചൂടുകാറ്റും പെരുമഴയുമില്ലാത്ത സമയത്താകണം യാത്രയെന്ന് തീരുമാനിക്കപ്പെട്ടത്.

തോല്‍വികളുടെ നീണ്ടചരിത്രത്തില്‍നിന്നും അത്രയെങ്കിലും പ്രായോഗികമതികളായേ പറ്റുമായിരുന്നുള്ളൂ ഞങ്ങള്‍ക്ക്. എല്ലാ ശകുനങ്ങളും ഒത്തുവന്നിട്ടും, പടിയിറങ്ങാന്‍ നേരത്ത് ഞങ്ങള്‍ വഴക്കിട്ടു. കാണാതെപോയ താക്കോലായിരുന്നു കാരണം. വീടിനുള്ളിലെ മുഴുവന്‍ കാണാതാകലുകള്‍ക്കുംമേല്‍ ഒരു താക്കോല്‍ക്കിലുക്കംകൂടി എനിക്കുമേല്‍ വീണു. കാശിക്കു പോകുമ്പോള്‍ ആരും വീടുപൂട്ടാറില്ലെന്നു ഞാന്‍ വൃഥാ വാദിച്ചുനോക്കി. പക്ഷേ, മുടങ്ങിയ യാത്രകളോളം തന്നെ പഴക്കമുള്ളവയായിരുന്നു ഞങ്ങളുടെ കലഹങ്ങളുമെന്നതിനാല്‍ അതു വിലപ്പോയില്ല.

തോല്‍വികളുടെ ചരിത്രത്തിനൊപ്പം ഞങ്ങളുടെ കലഹത്തിന്റെ ചരിത്രം ചരിത്രകാരന്മാരും എഴുതിക്കണ്ടില്ല. തോറ്റു പോകുവരുടെ കുടുംബവഴക്കുകള്‍ക്ക് എന്തു ചരിത്രപ്രസക്തിയെന്ന് കരുതിയിരിക്കാം അവര്‍.

ഞാനവനോടും അവനെന്നോടും മിണ്ടാതെ പിന്നിട്ട യാത്രയുടെ ആദ്യപകുതിയില്‍ ഇത്തരമൊരു യാത്രക്കായി എന്റെയും അവന്റെയും വംശത്തെ കൂട്ടിയിണക്കിയ കാര്‍മ്മികനെ/കാര്‍മ്മികയെയോര്‍ത്ത്, ചേരായ്മകളെ തമ്മില്‍ച്ചേര്‍ത്തതിലെ യുക്തിയോ അയുക്തിയോ ഓര്‍ത്ത്, കലഹത്തിലും ചേരായ്മയിലും എനിക്കുണ്ടാകുന്ന പ്രേമമോര്‍ത്ത് ഞാന്‍ തനിച്ചുചിരിച്ചു, പിടക്കോഴിയെപ്പോലെ. ആ താക്കോലുപയോഗിച്ച് നമുക്കിനി ഒരു പൂട്ടും തുറക്കാനില്ലെന്ന സന്ധിചെയ്യല്‍ നിര്‍ദ്ദേശവും സ്വീകാര്യമായിരുന്നില്ല, അവന്. ഇനി കല്ലിലും മുള്ളിലും തട്ടി, കുണ്ടിലും കുഴിയിലും വീണ് മിണ്ടാതെ നടക്കാമെനിക്ക്.
കാര്യങ്ങള്‍ എപ്പൊവേണമെങ്കിലും മാറിമറിയാമെന്ന പൊതുതത്വപ്രകാരവും എല്ലാ കഥകളുടേയും വഴിത്തിരിവ് സെക്കന്റ് ഹാഫിലായിരിക്കണമെന്ന് നിയമമുള്ളതുകൊണ്ടും,

പിന്നെ പറഞ്ഞുറപ്പിച്ചതുപോലെ കാറ്റുവീശി മഴപെയ്തു. എല്ലാവര്‍ക്കുമറിയുന്ന എല്ലാവരും പറയുന്ന ഒരു കഥയുടെ പരിണാമഗുപ്തി ഇനിയും വിവരിക്കേണ്ട ആവശ്യമില്ല. അതുമാത്രമല്ല, ഞങ്ങള്‍ക്കു സമയവുമില്ലായിരുന്നു. അതൊരു ചെറിയ പിണക്കം മാത്രമായിരുന്നുവെന്ന് പറയാന്‍കൂടി ഇടകിട്ടിയില്ല. ആവര്‍ത്തനങ്ങളുടെ ചരിത്രത്തിലെ ദുരന്തത്തിലോ പ്രഹസനത്തിലോ ഞങ്ങളെന്ന് തിരിച്ചറിയാനും.

എങ്കിലും അവനെക്കുറിച്ച് പറയേണ്ടതുണ്ട്. പറയാതിരിക്കുക അസാദ്ധ്യം. അവസാനതരിയും മഴയില്‍ അലിയുംവരെ അവനെന്റെ പേരുവിളിച്ചിട്ടുണ്ടാകാം. ഒഴുകിപ്പോയ ജലത്തില്‍നിന്നു മറ്റനേകമെന്നപോലെ അവന്റെ ശരീരവും വീണ്ടെടുക്കപ്പെടുകയില്ല...

ഇത്രയൊക്കെക്കൊണ്ട് അറിയപ്പെടുന്ന കഥ തീരേണ്ടതാണ്. പക്ഷേ, അറിയാത്ത കഥയില്‍ ഞങ്ങള്‍ക്ക് ചരിത്രനിഷേധികളായി തുടരണം..

ആ കഥ ഇങ്ങനെയാണ്.

എങ്ങോട്ടെല്ലാമോ ചിതറിപ്പോയിട്ടും ഞങ്ങള്‍ കാത്തുകിടന്നു. മറ്റൊരു കാലത്ത് കാശിയില്‍നിന്നു മടങ്ങിയെത്തുന്ന രണ്ടു യാത്രക്കാര്‍ക്കു വേണ്ടി. അവര്‍ കലഹിക്കാത്തവരും, കാലില്‍ ദീര്‍ഘയാത്രയുടെ നീരുപേറുന്നവരുമാകും. നിലംപറ്റിയ ഇലഞരമ്പുകളിലും മണല്‍ത്തരിയിലും അവര്‍ ഞങ്ങളെ, ഞങ്ങള്‍ക്കും മുമ്പേ തോറ്റവരെ കണ്ടെത്തും. അപ്പോള്‍ ഞാനവര്‍ക്ക് വീടിന്റെ താക്കോല്‍ എവിടെയാണെന്ന് പറഞ്ഞുകൊടുക്കും.

Subscribe Tharjani |