തര്‍ജ്ജനി

കലാദേവി

സഖില,
അമ്പലത്തറ,
തിരുവനന്തപുരം
മെയില്‍ :kaladevi639@gmail.com

Visit Home Page ...

കവിത

നിധിയറിവുകള്‍

കുന്നിറങ്ങുമ്പോള്‍
വീണുപൊട്ടിയമുട്ടുമായിട്ടൊരു
പുസ്തകം,
നിലവിളിയാല്‍ കുതിര്‍ന്ന്
ക്ലാസ്സിനു പുറത്തിരിക്കുന്നു.

വയല്‍വരമ്പിലൂടെ പോരുമ്പോള്‍
ആമ്പലിറുക്കാനിറങ്ങി
ചെളിച്ചൂരു ചൂടിയ
പിന്നിയിട്ട
ഞാറുമുടികളുടെയൊരു
പുസ്തകം
നാണക്കേടാല്‍ മുഖംകുനിച്ച്
പിന്‍ബെഞ്ചിലിരിക്കുന്നു.

കശുമാവിനോട് കിന്നാരം പറഞ്ഞുപറഞ്ഞ്
നേരം വൈകിയൊരു
പുസ്തകം
ചൂരലിന്റെ
ചോരച്ച ചില്ലകള്‍ പേറി
ഗ്രൌണ്ടിലൂടെ നടന്നുപോകുന്നു.

നനഞ്ഞ കുപ്പായമിട്ട്
അടിവയര്‍ വേദനിച്ച്
ഞെരിപിരി കൊണ്ടൊരു
പുസ്തകം
ചോക്കേറുകൊണ്ട്
വിമ്മിഷ്ടപ്പെട്ടിരിക്കുന്നു.

ഉച്ചയാവത്തതിന്റെ
ആകൂലതയാല്‍
വിശപ്പിനോട് യുദ്ധംചെയ്ത്
തളര്‍ന്നൊരു
പുസ്തകം
വാടിയ ചേമ്പിന്‍തണ്ടുപോലെ
കുഴഞ്ഞിരിക്കുന്നു.

പുസ്തകങ്ങള്‍
ജീവന്റെ
സത്തകള്‍
നാളത്തെ
നിധിയറിവുകളും..
ധനങ്ങളും.

Subscribe Tharjani |