തര്‍ജ്ജനി

സാഹിതീയം

കുഞ്ഞുണ്ണിക്കവിതകള്‍ തമിഴില്‍

മലയാളികളുടെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണിമാഷുടെ കവിതകള്‍ തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. ശ്രീപതി പദ്മനാഭയയാണ് വിവര്‍ത്തകന്‍.

ശിവപ്പു മട്ടും എങ്കളുക്ക്
രത്തം മുഴുക്ക ഉങ്കളുക്കാ

ഒരു സിരിയ മരം അതില്‍
ഒരു പെരിയ വനം
അതുതാന്‍ എന്‍ മനം

കിഴക്കയും മേക്കയും തിരിയതു സൂരിയന്‍
തെക്കയും വടക്കയും തിരിയറത് എന്‍ വേലൈ

ഈ ഈരടികള്‍ തമിഴ് മൊഴിയുടെ തനിമ പ്രകടമാക്കുന്നവയാണ്, വാക്കിലും പൊരുളിലും. അക്കാരണത്താല്‍ത്തന്നെ ശ്രീപതി തന്റെ ഫേസ് ബുക്ക് പേജില്‍ കുഞ്ഞുണ്ണിമാഷുടെ ഏതാനും കവിതകള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. കുഞ്ഞുണ്ണിക്കവിതകളുടെ ഒരു സമാഹാരം തമിഴില്‍ പുറത്തിറക്കാന്‍ അദ്ദേഹത്തിന് പ്രേരണ നല്കിയതും ആ പ്രതികരണവും പ്രോത്സാഹനവുമാണ്. മലയാളകവി വിജയകുമാര്‍ കുനിശ്ശേരിയുടെ ആമുഖത്തോടൊപ്പമാണ് കുഞ്ഞുണ്ണിക്കവിതകള്‍ തമിഴില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

പുതു എഴുത്ത് എന്ന സ്ഥാപനമാണ് കുഞ്ഞുണ്ണിക്കവിതകളുടെ തമിഴിലെ പ്രസാധകര്‍. സെപ്തംബര്‍ നാലിന് മധുരയില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പ്രമുഖ തമിഴ് കവിയായ ദേവേന്ദ്ര ഭൂപതി, പ്രമുഖഎഴുത്തുകാരന്‍ ചാരു നിവേദിതയ്ക്ക് നല്കി പുസ്തകം പ്രകാശിപ്പിച്ചു. മലയാളക്കരയോരം എന്ന ശീര്‍ഷകത്തില്‍ കേരളം വിഷയമായുള്ള ശ്രീപതിയുടെ ലേഖനങ്ങളുടെ സമാഹാരവും കുഞ്ഞുണ്ണിക്കവിതകളുടെ പ്രസാധനത്തോടൊപ്പം പ്രകാശിപ്പിക്കപ്പെട്ടു.

Subscribe Tharjani |