തര്‍ജ്ജനി

മുഖമൊഴി

അസഹിഷ്ണുതയുടെ കൊലവിളികള്‍

കര്‍ണ്ണാടകസംസ്ഥാനത്തിലെ ഹംപി, കന്നട സര്‍വ്വകലാശായുടെ വൈസ് ചാന്‍സിലറായിരുന്ന പ്രശസ്ത കന്നടകവിയും ഗ്രന്ഥകാരനുമായ എം.എം.കല്‍ബുര്‍ഗി, അദ്ദേഹത്തിന്റെ ധാര്‍വാറിലെ വീട്ടില്‍വെച്ച് കൊല്ലപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരാളെ നിശ്ശബ്ദമാക്കുകയായിരുന്നുവെന്ന് കൊലയാളികളുടെ ഉദ്ദേശ്യം എന്നതില്‍ ആര്‍ക്കും സംശയമില്ല. നേരത്തെ തന്നെ തീവ്രഹിന്ദുത്വവിഭാഗങ്ങളില്‍ നിന്നും വധഭീഷണി നേരിട്ടയാളാണ് ഈ പണ്ഡിതകവി.ഇദ്ദേഹത്തിന്റെ വധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രതികരിച്ചതും തീവ്രഹിന്ദുത്വവാദികള്‍ തന്നെ. അപ്പോള്‍ ഈ നിഷ്ഠുരഹിംസയുടെ പിറകിലാരെന്ന് ഏറെ തലപുകയേണ്ടതില്ല.

മല്ലേശപ്പ മടിവാലപ്പ കല്‍ബുര്‍ഗി ഇന്നത്തെ ബീജാപൂര്‍ ജില്ലയില്‍ ഒരു കര്‍ഷകകുടുംബത്തിലാണ് ജനിച്ചത്. ഗ്രാമത്തിലെ വിദ്യാലയത്തില്‍ പഠനം ആരംഭിച്ച ഇദ്ദേഹം ധാര്‍വാറിലെ കര്‍ണ്ണാടക സര്‍വ്വകലാശാലയില്‍നിന്ന് സ്വര്‍ണ്ണമെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് പോസ്റ്റ്ഗ്രാജുവേറ്റ് പഠനം പൂര്‍ത്തിയാക്കിയത്. കര്‍ണ്ണാടകസര്‍വ്വകലാശാലയില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പടിപടിയായി ഉയര്‍ന്ന് കന്നട വകുപ്പിന്റെ തലവനും ബസവേശ്വരപീഠത്തിന്റെ അദ്ധ്യക്ഷനുമായി. പിന്നീട് അദ്ദേഹം ഹംപിയിലെ കന്നട സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി നിയമിക്കപ്പെട്ടു. എളിയ നിലയില്‍ നിന്ന് ആരംഭിക്കുകയും അക്കാദമികവും ഔദ്യോഗികവുമായ ഔന്നത്യങ്ങള്‍ പ്രാപിക്കുകയും ചെയ്ത ജീവിതമാണ് മതാന്ധരുടെ വെടിയുണ്ടകള്‍ക്ക് ഇരയായത്.

വചനസാഹിത്യത്തിന്റെ മേഖലയിലെ സര്‍വ്വാദരണീയനായ പണ്ഡിതനും പുരാലിഖിതവിജ്ഞാനത്തില്‍ വിദഗ്ദ്ധനുമായിരുന്നു.നൂറ്റിമൂന്ന് പുസ്തകങ്ങളും നാന്നൂറിലധികം പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മാര്‍ഗ്ഗ എന്ന് പേരിട്ട ഒരു പരമ്പര ഇദ്ദേഹത്തിന്റേതായുണ്ട്. മാര്‍ഗ്ഗ 1 പുസ്തകത്തില്‍ വീരശൈവരുടെ ആരാധനാമുര്‍ത്തിയായ ബസവയെക്കുറിച്ചും ഭാര്യയെക്കുറിച്ചും സഹോദരിയെക്കുറിച്ചും ഇദ്ദേഹം പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ ലിംഗായത്ത് വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായി. ലിംഗായത്ത് ക്ഷേത്രാധിപന്മാരുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത അവസ്ഥയില്‍ തന്റെ കണ്ടെത്തലുകള്‍ അദ്ദേഹത്തിന് പിന്‍വലിക്കേണ്ടിവന്നു. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: എന്റെ കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാനായി എനിക്കത് ചെയ്യേണ്ടിവന്നു. പക്ഷെ എന്റെ ധൈഷണികജീവിതത്തിന്റെ ആത്മഹത്യയായിരുന്നു, അത്.1989ലായിരുന്നു ഈ സംഭവം.

ചരിത്രപരമായ വസ്തുതകളെ ആധാരമാക്കിയുള്ള ഗവേഷണമാണ് കല്‍ബുര്‍ഗി നിര്‍വ്വഹിച്ചത്. അടിസ്ഥാനമില്ലാത്ത ഐതിഹ്യങ്ങള്‍ ഉദ്ധരിക്കുകയും അവ ചരിത്രമെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന ധൈഷണികകാപട്യത്തിന്റെയും ബുദ്ധിപരമായ പിന്നോക്കാവസ്ഥയുടെയും എതിര്‍ദിശശയിലായിരുന്നു അദ്ദേഹം എക്കാലത്തും സഞ്ചരിച്ചിരുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അയവില്ലാത്ത നിലപാടുകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. തന്റെ ഗവേഷണപഠനങ്ങളിലെല്ലാം ഉന്നതമായ ധൈഷണികതയുടെ പ്രകാശം അദ്ദേഹം പ്രസരിപ്പിച്ചു. പക്ഷെ, പഴങ്കഥകള്‍ ചരിത്രമാണെന്നും അനാചാരങ്ങള്‍ ശാസ്ത്രമാണെന്നും ധരിക്കുന്ന പിന്നോക്കാവസ്ഥയുള്ളവര്‍ക്ക് കല്‍ബുര്‍ഗിയോട് അനുരഞ്ജനത്തിന് സാധിക്കുമായിരുന്നില്ല. അവര്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു.

അനാചാരങ്ങള്‍ക്കെതിരെയുള്ള നിയമനിര്‍മ്മാണത്തെക്കകുറിച്ചുള്ള ഒരു സെമിനാറില്‍ യു.ആര്‍.അനന്തമുര്‍ത്തിയുടെ നഗ്നപൂജ എന്തുകൊണ്ടാണ് തെറ്റാവുന്നത് എന്ന പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ച് കല്‍ബുര്‍ഗി സംസാരിക്കുകയുണ്ടായി. കല്‍പ്രതിമകളില്‍ ദൈവം ഉണ്ടോ എന്ന് നോക്കാനും അതിനുമേല്‍ മൂത്രമൊഴിച്ചാല്‍ ദൈവകോപം ഉണ്ടാവുമോ എന്നും നോക്കാനായി കുട്ടിക്കാലത്ത് ശിലാപ്രതിമകള്‍ക്കുമേല്‍ മൂത്രമൊഴിക്കകാറുണ്ടായിരുന്നുവെന്ന് അനന്തമൂര്‍ത്തി എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസംഗിച്ചു. ഈ പ്രസംഗം വിശ്വഹിന്ദുപരിഷത്ത്, ശ്രീരാമസേന, ബജ്രംഗ് ദള്‍ എന്നിവരുടെ കടുത്ത ആക്രമണം കല്‍ബുര്‍ഗിക്കും അനന്തമൂര്‍ത്തിക്കുമെതിരെ തിരിയുവാന്‍ കാരണമായി.1996ല്‍ അനന്തമൂര്‍ത്തി പ്രസിദ്ധീകരിച്ച പുസ്തകം വിവാദമാകുന്നത് 2014 ജൂണിലാണ്.

അന്ധവിശ്വാസത്തിന്റെയും ജാത്യാചാരങ്ങളുടെയും കൂത്തരങ്ങുകളാണ് കേരളത്തിനപ്പുറത്തുള്ള എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളും. ജന്മിത്തത്തിന്റെ കാലം അവിടെയൊന്നന്നും ഇനിയും അവസാനിച്ചിട്ടില്ല. പരമ്പരാഗതമായ ജീവിതരീതിക്കപ്പുറത്തേക്കു കടക്കുവാന്‍ നാടുവിട്ടുപോവുകയല്ലാതെ വേറെ വഴിയില്ലാത്തവരാണ് സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം ഈ പതിറ്റാണ്ടുകളെല്ലാം താണ്ടിയിട്ടും ഇന്ത്യന്‍ ജനത. ചിന്താപരമായി ഈ ജനസമൂഹങ്ങളെ ചങ്ങലയ്ക്കിടുന്നത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉപയോഗപ്പെടുത്തിയാണ്. സമൂഹത്തിലെ മഹാഭൂരിപക്ഷംവരുന്ന ജനങ്ങളെ മനുഷ്യജീവിതത്തിന്റെ അന്തസ്സോടെ ജീവിക്കാന്‍ അനുവദിക്കാത്ത പ്രാകൃതത്വമാണ് ഇത്തരം സമൂഹങ്ങളുടെ സവിശേഷത. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ കേരളത്തിലെ ആത്മീയാചാര്യന്മാരുടെ പ്രവര്‍ത്തനഫലമായി രൂപപ്പെട്ട നവോത്ഥാനമാണ് കേരളീയസമൂഹത്തെ ഇന്ത്യയിലെ മറ്റ് ദേശങ്ങളില്‍നിന്ന് വ്യത്യസ്തമാക്കിയത്. മതവിശ്വാസത്തിന്റെ പേരില്‍, പരമ്പരാഗതമായ ആചാരങ്ങളുടെ പേരില്‍ നടക്കുന്ന അനീതികള്‍ക്കെതിരെയുണ്ടായ നിശ്ശബ്ദമായ കലാപമായിരുന്നു കേരളീയനവോത്ഥാനം. നവോത്ഥാനമൂല്യങ്ങള്‍ പൊതുസമൂഹത്തിലേക്ക് വ്യാപിക്കുന്നതില്‍ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളും കേരളത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും അതിനുള്ള ഏറ്റവും ശക്തമായ തെളിവുകളാണ്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി നമ്മുടെ നാടിനെക്കാണാന്‍ ശ്രീനാരായണഗുരുനോടൊപ്പം പ്രബുദ്ധരായ മലയാളികളെല്ലാം ആഗ്രഹിച്ചു. ആ ആഗ്രഹം സാക്ഷാത്കരിക്കാന്‍ അവര്‍ ഏവരും പ്രവര്‍ത്തിച്ചു. അതിന്റെ സദ്ഫലം അനുഭവിക്കാനുള്ള ഭാഗ്യമാണ് മലയാളിസമൂഹത്തിനുണ്ടായത്.

ജാതി മേധാവിത്വത്തിന്റെ കാല്‍ക്കീഴില്‍നിന്ന് മണ്ണ് ഒലിച്ചുപോവുന്നതു തടയുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയപ്രസ്ഥാനവും പുരോഗമനചിന്തയും ഇന്ത്യയില്‍ വേരൂന്നുന്ന കാലത്ത് തന്നെ ആരംഭിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി തങ്ങളുടെ അധികാരത്തിന്റെ നുകത്തിനുകീഴില്‍ അടിമകളെപ്പോലെ കഴിഞ്ഞവരെ സ്വാതന്ത്രത്തിന്റെ ശുദ്ധവായുവോ ആകാശവിസ്തൃതിയോ കാണുവാന്‍ അനുവദിക്കാതിരിക്കുവാന്‍ സവര്‍ണ്ണഭൂസ്വാമികള്‍ ശ്രമിച്ചു. ആ പാരമ്പര്യം ഇപ്പോഴും തുടരുന്നു. തങ്ങളുടെ അധികാരത്തിന്റെ അടിത്തറയായ പ്രാകൃതധാരണകളില്‍ നിന്ന് വഴിമാറിപ്പോകാനിടയാക്കുന്ന എല്ലാ പുരോഗമന-ആധുനിക ആശയങ്ങളെയും ചെറുക്കുകയെന്നതാണ് അവരുടെ മാര്‍ഗ്ഗം. തങ്ങളുടെ താത്പര്യങ്ങള്‍ക്കെതിരായ എല്ലാറ്റിനേയും തികഞ്ഞ അസഹിഷ്ണുതയോടെ നേരിടുകയാണ് അവരുടെ രീതി. തങ്ങളുടെ അധികാരത്തോട് വിധേയം പുലര്‍ത്താന്‍ വിസമ്മതിക്കുന്നവരെ കൊന്നൊടുക്കുകയെന്ന പ്രാകൃതത്വമാണ് അവരുടെ പ്രവര്‍ത്തനരീതി.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിക്കുകയുംം തന്റെ ഗവേഷണപഠനങ്ങളിലൂടെ പഴയകാലത്തെ തെറ്റായധാരണകള്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്ത കവിയും ചിന്തകനും അദ്ധ്യാപകനുമായ എം.എം.കല്‍ബുര്‍ഗി വെടിയേറ്റു മരിക്കുമ്പോള്‍, അത് സമൂഹത്തിന് നല്കുന്ന സന്ദേശം ഭീഷണമായ ഒന്നാണ്. ഇതാ, അസഹിഷ്ണുതയുടെ കൊലവിളികള്‍ വര്‍ത്തമാനകാല ഇന്ത്യന്‍സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വ്യാപിച്ചുതുടങ്ങിയിരിക്കുന്നു എന്നതാണ് ആ സന്ദേശം.

Subscribe Tharjani |