തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

മാനഭംഗപ്പെട്ട ഭൂമി അഥവാ മാനഭംഗപ്പെടാത്ത നല്ല സ്ത്രീകള്‍

ഒ.എന്‍.വിയുടെ ഭൂമിക്കൊരു ചരമഗീതം വീണ്ടും വായിക്കുമ്പോള്‍

ഫ്യൂഡല്‍സമൂഹത്തില്‍നിന്ന് വ്യത്യസ്തമായി കേരളസമൂഹത്തെ നിര്‍വ്വചിച്ചതു് നവോത്ഥാനം അഥവാ ആധുനികതയെന്ന പ്രക്രിയയാണ്. ഈ പ്രക്രിയയില്‍ ജാതിയും മരുമക്കത്തായം പോലുള്ള സാമുഹ്യ - കുടുംബബന്ധങ്ങളും മാറ്റിമറിക്കപ്പെടുകയും കൊളോണിയല്‍ കാഴ്ചപ്പാടിലുള്ള സമൂഹക്രമം രൂപപ്പെടുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെ സങ്കീര്‍ണതകളിലാണ് മലയാളത്തിലെ ആധുനികസാഹിത്യവും സാംസ്കാരികപ്രവണതകളും സൃഷ്ടിക്കപ്പെടുന്നത്. ഫ്യൂഡല്‍പുരുഷനും പെണ്ണും ആധുനിക സ്കൂളുകളിലൊക്കെ പഠിച്ച് പുതിയ കര്‍തൃത്വങ്ങളായി മാറി. ഇതിലെ
ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒന്നാണ് പുതിയ സ്ത്രീ നിര്‍മ്മിതി. നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെയും മറ്റും വ്യവഹരിക്കപ്പെട്ട സ്ത്രീസങ്കല്പം എന്നത് പുരുഷന് ഭിന്നമായ ശരീരഘടനയും ഭിന്നമായ സാമൂഹ്യധര്‍മ്മങ്ങളും ഉള്ള വ്യക്തിത്വമായാണ് ആവര്‍ത്തിക്കപ്പെട്ടത്. പുരുഷന്‍ കരുത്തനും പരുക്കനും പുറംലോകത്തിന്റെ ഉടമയും അതിനാല്‍ അക്രമോത്സുകനും സ്വാതന്ത്ര്യമുള്ളവനുമായിരിക്കുമ്പോള്‍ സ്ത്രീയാകട്ടെ ഇതിനു നേരെ വിരുദ്ധമായ, മൃദുലയും അകംലോകമായവളും വീടിനകത്തിരിക്കുന്നവളും സ്വാതന്ത്ര്യമില്ലാത്തവളുമായി ചിത്രീകരിക്കപ്പെട്ടു. ഈയൊരു സ്വത്വസങ്കല്പത്തിലൂന്നിയാണ് സ്ത്രീയെ വീടിന്റെ അലങ്കാരവും ഗൃഹചക്രവര്‍ത്തിനിയും മാതൃത്വത്തിന്റെ അടയാളവുമായി നിരന്തരം വ്യവഹരിച്ചത്. സാഹിത്യത്തിലും സാംസ്കാരിക ഇടങ്ങളിലും കലകളിലും മറ്റും വാഴ്ത്തപ്പെട്ടത് ഈ സ്ത്രീയാണ്.

ഇതിനു വിരുദ്ധമായി സ്ത്രീ മാറുമ്പോഴാണ്, നല്ലസ്ത്രീയും ചീത്തസ്ത്രീയും വേര്‍തിരിക്കപ്പെടുന്നത്. നല്ലവള്‍ കുടുംബിനിയും അംഗീകാരവുമുള്ളവളാകുമ്പോള്‍ ചീത്ത സ്ത്രീ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വേശ്യയായി അരികുവത്കരിക്കപ്പെടുന്നു. ഈ സ്ത്രീനിര്‍മ്മിതിയില്‍ ജാതിസങ്കല്പങ്ങളും കൂടിച്ചേരുകയും നല്ല സ്ത്രീയായി, പുരുഷനായി വരുന്നത് സവര്‍ണസങ്കല്പങ്ങളാണെന്നും കാണാം, കീഴാളരെല്ലാം പലതരത്തില്‍ 'ചീത്ത'യുടെ നിര്‍വ്വചനത്തിലേക്ക് 'സ്വാഭാവിക'മായി വന്നുചേരുന്നതായും. നവോത്ഥാന പ്രക്രിയകളിലെ ജാതിയുടെ അടിയൊഴുക്കിലേക്കുള്ള സൂചകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഈ സ്ത്രീസങ്കല്പങ്ങളിലൂടെ നമ്മുടെ സാഹിത്യവ്യവഹാരങ്ങളിലെ സ്ത്രീയെങ്ങനെ നിര്‍വ്വചിക്കപ്പെടുന്നു എന്നത് ഒട്ടേറെ പഠിക്കപ്പെട്ടിട്ടുണ്ട്. സാമൂഹ്യമാറ്റത്തിന്റെ വിപ്ലവകരമായ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള സാഹിത്യകൃതികളിലും കാണുന്നത് ഇത്തരത്തിലുള്ള സ്ത്രീ, പുരുഷ മൂശയാണെന്നു കാണാം. നവോത്ഥാനത്തിന്റെ സാംസ്കാരികമായ അടിയൊഴുക്കുകളില്‍ നിന്നു കാവ്യജീവിതം തുടങ്ങിയ ഒ എന്‍ വി കുറപ്പിന്റെ കവിതകളിലെ സ്ത്രീകര്‍തൃത്വങ്ങള്‍ ഈ പശ്ചാത്തലത്തില്‍ ഒരു പരിശോധന ആവശ്യപ്പെടുന്നുണ്ട്.

ഭൂമിയെ മാതാവാക്കുമ്പോള്‍....

സ്ത്രീജീവിതത്തെ സവിശേഷമായി ആഖ്യാനിച്ചതിലൂടെ ശ്രദ്ധനേടിയ ചില കവികകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഭൂമിക്കൊരു ചരമഗീതമാണ് അതില്‍ പ്രഖ്യാതം. പാരിസ്ഥിതികമായ തകര്‍ച്ചയുടെയും ഉത്കണ്ഠയുടെയും ആഴമുള്ള ആഖ്യാനമായിട്ടാണ് ഈ കവിത പൊതുവില്‍ വായിക്കപ്പെടുന്നത്. ഭൂമിയെ മാതാവായി കാണുകയും ഭൂമിയുടെ മക്കളായ മനുഷ്യരാശി ഭൂമിയോടു ചെയ്ത ക്രൂരതകളാല്‍ അവള്‍ മരണത്തിലേക്കു പോകുന്നതുമാണ് ഇതിന്റെ പ്രമേയം. ഭൂമിയെ മാതാവായി, സ്ത്രീയായി കല്പിക്കുന്നിടത്ത് ഉന്നയിക്കുന്ന ഉപമകളും അലങ്കാരങ്ങളും ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ മറ്റൊരു വായന ആവശ്യപ്പെടുന്നതാണ് ഇവിടെ സൂചിപ്പിക്കുന്നത്. പ്രകൃതിയെ, ദേശത്തെ സ്ത്രീയോടുപമിക്കുന്ന നിരവധി ആഖ്യാനങ്ങള്‍ സാഹിത്യത്തിലും മറ്റും കാണാവുന്നതാണ്. ഭാരതാംബ ഉദാഹരണം. ഇത്തരം ഉപമകളും പ്രയോഗങ്ങളും കവിതകളില്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മം എന്താണെന്ന ചോദ്യം ഇവിടെ ഉന്നയിക്കേണ്ടതുണ്ട്. ഭൂമി/ദേശവും സ്ത്രീയാണെന്നു പറയുന്നിടത്ത് പ്രകൃതിപരമായ പ്രശ്നങ്ങള്‍ മാത്രമാണോ ഉയര്‍ത്തപ്പെടുന്നത്? അതോ സ്ത്രീത്വപരമായ പ്രശ്നവല്കരണങ്ങളോ? ഭൂമിയെ/പ്രകൃതിയെ സ്ത്രീത്വത്തോട് ബന്ധിപ്പിക്കുന്ന ഈ വായനകള്‍ സ്ത്രീത്വപരമായ അവസ്ഥകളെ എങ്ങനെ നിര്‍മിക്കുന്നു എന്ന പ്രശ്നം പരിഗണിക്കുമ്പോഴാണ് ഈ ആഖ്യാനങ്ങളെ മറ്റൊരു രീതിയില്‍ വായിക്കേണ്ടുന്നതിന്റെ പ്രസക്തി ഉന്നയിക്കപ്പെടുന്നത്.

ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി എന്നാണ് കവിത തുടങ്ങുന്നത്. അതായത് ഭൂമി മരിക്കാറായിരിക്കുന്നുവെന്നും അതിനുകാരണം മനുഷ്യരുടെ ചെയ്തികളാണെന്നും ഭൂമിയുടെ മക്കളില്‍ ഒരുവനാ/ളായ കവിക്ക് അന്ത്യതിലോദകം അര്‍പ്പിക്കുകയെന്ന ധര്‍മ്മാണ് ശേഷിക്കുന്നതെന്നുമാണ് കവിത പറയുന്നത്. ആ കര്‍മ്മം ചെയ്യുന്നതിന്റെ ഭാഗമായി ഭൂമിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കവി അയവിറക്കുന്നു. ഭൂമി/ പ്രകൃതി- മാതാവ്, സ്ത്രീ എന്ന നിര്‍വ്വചനത്തിലൂന്നിയാണ് കവിത ഉടന്നീളം പ്രവര്‍ത്തിക്കുന്നത്.

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നു
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

എന്നിങ്ങനെ ഭൂമിയെ അമ്മയായി, മാതൃത്വത്തിന്റെ നിറകുടമായി മക്കളെ ലാളിക്കുകയും സ്നേഹിക്കുകയും മാത്രം ചെയ്യുന്ന ബിംബമായിട്ടാണ് അവതരിപ്പിക്കുന്നത്. ഒ.എന്‍.വി കവിതകളിലെല്ലാം ഇത്തരത്തില്‍ സ്ത്രീയെ മാതൃത്വത്തിന്റെ ചിഹ്നങ്ങളാല്‍ മൂടുന്നതുകാണാം. ഈ മാതൃത്വത്തിന്റെ ആകെത്തുകയാണ് സര്‍വ്വംസഹയെന്ന ചിഹ്നം. പ്രതികരണവും പ്രതികാരവുമില്ലാത്ത സ്ത്രീ എന്തൊക്കെ പീഡനങ്ങളുണ്ടായാലും അതെല്ലാം സഹിക്കുന്നവളാണെന്നു വ്യക്തമാക്കുന്നതിലൂടെ പറഞ്ഞുവയ്ക്കുന്നത് പെണ്ണിനെക്കുറിച്ചുള്ള നവോത്ഥാനസങ്കല്പമാണ്. ശാരീരികമായ കരുത്തില്ലാത്ത, എന്നാല്‍ മാനസികമായി എന്തും സഹിക്കാന്‍ കരുത്തുള്ളവളാണ് സ്ത്രീ എന്നതാണ് ഈ കവിതയിലെ സ്ത്രീയുടെ അടിസ്ഥാനതലം. ആ സങ്കല്പത്തിലേക്ക് ഭൂമിയെ ചേര്‍ത്തുവയ്ക്കുകയാണ് കവി. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ കണ്ട് യാതൊരു പ്രതികരണവുമില്ലാതെ കണ്ണീരൊഴുക്കി നില്ക്കുന്ന അമ്മ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകലായ് പേടിതീര്‍ക്കുന്നതും.....

പ്രകൃതിയെ/ഭൂമിയെ സാമ്പ്രദായികമായ സ്ത്രൈണസങ്കല്പങ്ങളാലാണ് കവിത ചിഹ്നവല്‍കരിക്കുന്നത്. താരാട്ട്, ഊഞ്ഞാലിടല്‍, തുള്ളല്‍, പ്രാവിന്റെ കുറുകല്‍, വര്‍ണകുടകള്‍ മാറല്‍ എന്നിങ്ങനെ മനോഹരവും ലളിതവുമായ ബിംബങ്ങളിലൂടെയാണ് ഭൂമി എന്ന അമ്മയുടെ ജീവിതം വരച്ചിടുന്നത്. പരുക്കത്തം നിറഞ്ഞതോ ശക്തിയുടെ അടയാളങ്ങളാകുന്നതോ ആയ പ്രകടനരൂപങ്ങള്‍ ഇവിടെ ഉന്നയിക്കപ്പെടുന്നില്ല. കൂടുതലായും മാതൃത്വവുമായും ഗാര്‍ഹികതയുമായും ബന്ധപ്പെട്ടുനില്ക്കുന്ന 'സ്ത്രൈണം' എന്നു വിശേഷിപ്പിക്കപ്പെടുന്ന സങ്കല്പങ്ങളാണ്. കേരളീയഗ്രാമീണത ഇവിടെ നിറഞ്ഞു വഴിയുന്നു.

കേരളീയതയുടെ രാഷ്ട്രീയം
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!....എന്നിങ്ങനെ പ്രകൃതിയെ കവി കാണുന്നത് മുട്ടവിരിയിക്കുന്നപോലത്തെ മാതൃത്വചിഹ്നങ്ങളായാണ്. കാല്പനികതയുടെ തരള ഭാഷയില്‍ ഇത് വാര്‍ന്നു വീഴുകകൂടി ചെയ്യുമ്പോള്‍ ഭൂമിസങ്കല്പത്തിന്റെ രാഷ്ട്രീയം സങ്കീര്‍ണമാകുന്നു. മാതൃത്വത്തിന്റെ ഗാര്‍ഹികതയില്‍ നിന്ന് പ്രകൃതിയെ കാണുമ്പോള്‍ ഭൂമി മൊത്തത്തില്‍ നവോത്ഥാനത്തിന്റെ സൃഷ്ടിയായ കേരളീയവീടായി (നാടും) മാറുന്നുവെന്നതാണ് കാണുന്നത്. ഈ വീട്ടില്‍ മക്കള്‍ക്കായി മാത്രം ജീവിക്കുന്ന അമ്മയാകുന്നു ഭൂമി. മനുഷ്യ സംസ്കാരത്തെത്തന്നെ കേരളീയമായ മിത്തിക് ഭാവനയായി മാത്രം കാണുന്നു. പറയിപെറ്റ പന്തിരുകുലത്തിലാണ് ആ കഥകള്‍ തുടങ്ങുന്നത്. കാലാദേശാതിവര്‍ത്തിയായ ഭൂമിയെ കേരളീയതയിലേക്ക് ഒതുക്കുന്നിടത്താണ് അതിലെ സ്ത്രീത്വം സവിശേഷമായി പ്രശ്നമായി മാറുന്നത്.

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

കേരളീയ ഗാര്‍ഹികജീവിതത്തിന്റെ ജനനവും മരണവുമായിഭൂമിയുടെ /പ്രകൃതിയുടെ ജീവിത്തെ അടയാളപ്പെടുത്തുന്നത്. ആവര്‍ത്തിക്കുന്ന രൂപകങ്ങളാലും ഉപമകളാലും ഭൂമിയുടെ വാഴ്വിനെ കേരളീയസാമൂഹികതയിലേക്ക് പറിച്ചുനടുകയാണ് ഇവിടെ. എന്നാലിവിടെ മുഴച്ചുനില്ക്കുന്ന കേരളീയത, പൊതുകേരളീയ ബിംബങ്ങളായി ആവിഷ്കരിച്ചിരിക്കുന്ന സവര്‍ണഹിന്ദുസ്വഭാവത്തെ പ്രകടിപ്പിക്കുന്ന കേരളീയതയാണെന്നുള്ളത് ഏറെ ശ്രദ്ധിക്കണം. ജനനംതൊട്ട് മരണം വരെയുള്ള ജീവിതമായി ആവിഷ്കരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ ജീവിതമാണ്. തിരുഹൃദയരക്തം, പ്രവാചകര്‍ പോലെയുള്ള ചില അലങ്കാരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാല്പനികമായി ആവിഷ്കരിക്കപ്പെടുന്നത് പ്രകൃതിയുടെ, ഭൂമിയുടെ പാരമ്പര്യകേരളീയതയാണ്. നവോത്ഥാനകാലത്തിനുശേഷം കൊണ്ടാടപ്പെട്ട കേരളീയ ഗ്രാമാന്തരീക്ഷമാണിവിടെ ഉയിരെടുക്കുന്നത്. ഈ കാല്പനികകേരളം ഒ.എന്‍.വി കവിതകളുടെ അന്തര്‍ധാരയാണെന്നും കാണാം.

മാനഭംഗവും നല്ല സ്ത്രീയും

മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി....

അമൃതം, മൃതിയുടെ ബലിക്കാക്ക, മുണ്ഡിതശിരസ്ക, ഭ്രഷ്ട്....തുടങ്ങിയവയെല്ലാം സൂചിതമാക്കുന്നത് ഹിന്ദുപാരമ്പര്യത്തിന്റെ ജീവിതക്രമമാണ്- മരണത്തിന്റെ അടയാളം. ഭൂമിയെന്ന സ്ത്രീ അവസാനം മക്കളാല്‍ ഭ്രഷ്ടയാക്കപ്പെടുന്നു. ഭ്രഷ്ട് കേരളീയ സംസ്കാരത്തില്‍ ജാതിവ്യവസ്ഥയുടെ ഘടകമാണ്. മറ്റൊരു ബന്ധം നമ്പൂതിരിമാരുടെ സ്മാര്‍ത്തവിചാരവുമായിട്ടാണ്. ഭ്രഷ്ടയാക്കപ്പെടുന്നവള്‍ വീട്ടില്‍നിന്നു പുറത്താക്കപ്പെടുകയും പെരുവഴിയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. ഭ്രഷ്ടിന്റെ കാരണം അവളുടെ ലൈംഗികതയാണെന്നുള്ളതും പ്രധാനമാണ്. സ്ത്രീയുടെ ലൈംഗികതയ്ക്കുമേല്‍ സവര്‍ണ സമൂഹം ചെലുത്തിയ അധികാരത്തിന്റെ പ്രയോഗമാണ് സ്മാര്‍ത്തവിചാരം. വേശ്യയായിട്ടാകും അവളെ പിന്നെ സമൂഹം വിലയിരുത്തുക. കുറിയേടത്തു താത്രിയെപ്പോലുള്ളവരുടെ ജീവിതാഖ്യാനങ്ങള്‍ ഇവിടെ സ്മരണീയം (താത്രിയുടെ ജീവിതകഥയ്ക്ക് മാടമ്പ് കുഞ്ഞിക്കുട്ടന്‍ കൊടുത്ത പേരുതന്നെ ഭ്രഷ്ട് എന്നാണല്ലോ). ഭ്രഷ്ടയാക്കപ്പെടുന്നതോടെ പെരുവഴിയിലേക്ക് ഭൂമി എറിയപ്പെടുന്നു എന്നു പറയുമ്പോള്‍ കവിത പറയുന്നത്, അതിനുമുമ്പ് ഭൂമി എന്ന സ്ത്രീ ഏതോ വീടിനകത്തായിരുന്നുവെന്നാണ്. ഈ ഭാഗത്തെ ചിഹ്നങ്ങളുടെ ചരിത്രപരത കവിതയുടെ സ്ത്രീ ആദര്‍ശത്തെ കൂടുതല്‍ മൂര്‍ത്തമാക്കുന്നു. ഭൂമി പീഡിപ്പിക്കപ്പെടുന്നു എന്ന പാരിസ്ഥിതികമായ ആശയംതന്നെ ഇവിടെ റദ്ദായിപ്പോവുകയും പീഡിപ്പിക്കപ്പെടുന്നതിലൂടെ ഭ്രഷ്ടയാക്കപ്പെടുന്ന സവര്‍ണ്ണസ്ത്രീയുടെ ബിംബം കൂടുതല്‍ ശക്തീകരിക്കപ്പെടുകയും ചെയ്യുന്നു. 'അക'ത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് 'പുറം'ലോകത്തിന്റെ അരക്ഷിതത്വത്തിലേക്ക് മാനഭംഗത്തിന്റെ മാറാപ്പുമായി പോകുന്ന ഒരു സ്ത്രീയായി ഭൂമി ഒതുക്കപ്പെടുന്നു. മാനഭംഗം എന്നത് കൊടിയ നാശത്തിന്റെയും പീഡനത്തിന്റെയും അടയാളമായി അവതരിപ്പിക്കപ്പെടുന്നു.

ബലാത്കാരത്തെ സൂചിപ്പിക്കാന്‍ മാനഭംഗം ഉപയോഗിക്കുന്ന കവിത സ്ത്രീയുടെ ശരീരത്തെക്കുറിച്ചുള്ള പുരുഷധാരണയില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്ത്രീക്ക് ശാരീരികമായി മാനമുണ്ടെന്നും അത് അവളുടെ ഭര്‍ത്താവല്ലാതെ മറ്റാരും കവരാതെ നോക്കേണ്ടതാണെന്നുമുള്ള പുരുഷധാരണയില്‍ നിന്നാണ് കവിത സ്ത്രീത്വത്തെ നിര്‍വ്വചിക്കുന്നത്. കവിതയുടെ അവസാനവും ഭൂമിയുടെ മരണവും വരുന്നത് മാനഭംഗത്തിന്റെ മാറാപ്പുമായി ഭൂമി പെരുവഴിയിലാകുമ്പോഴാണെന്നുള്ളത് ശ്രദ്ധിക്കണം. മാനം ഭംഗപ്പെടുന്നതോടെ സ്ത്രീ 'ശരിയായ' സ്ത്രീ അല്ലാതായി മാറുന്നുവെന്നും അവള്‍ ചീത്തയായെന്നും ഇനിയവള്‍ക്കു മുന്നിലുള്ളത് മരണമാണെന്നും കവിത തീര്‍പ്പുകല്പിക്കുന്നു. അതായത് ഭൂമിയുടെ മരണമോ പാരിസ്ഥിതികമായ തകര്‍ച്ചയോ ഉന്നയിക്കുന്നതിനപ്പുറത്ത് സ്ത്രീയെക്കുറിച്ചുള്ള ആധുനിക കേരളീയ പുരുഷ കാഴ്ചപ്പാടിനെ ഉയര്‍ത്തിപ്പിടിച്ച് സ്ത്രൈണാദര്‍ശത്തെ പരിപോഷിപ്പിക്കുകയാണ് കവിത. ആധുനികത സ്ത്രീയെ നിര്‍വ്വചിച്ചത്, സ്വന്തമായ ശാരീരികാധികാരം ഇല്ലാത്തവളായാണ്. വിശേഷിച്ചും ലൈംഗികാധികാരം. പുരുഷാഗ്രഹങ്ങള്‍ക്കു വിധേയപ്പെടാന്‍ മാത്രം അനുവാദമുള്ള ശരീരവും അതിന്റെ വികാരങ്ങളുമായി തടവിലാക്കപ്പെട്ടവളാണ് സ്ത്രീ. മാനഭംഗം ചെയ്യപ്പെടാതെ, ഭ്രഷ്ട് സംഭവിക്കാതെ പെരുവഴിയില്‍ അകപ്പെടാതെ വീടിന്റെ അകത്തെ 'സുരക്ഷിതത്വ'ത്തിലിരിക്കുന്ന സ്ത്രീയാണ് ജീവിച്ചിരിക്കുന്ന സ്ത്രീയെന്നു പറയുകയാണ് കവിത. മാനഭംഗം ചെയ്യപ്പെടുന്നവളോ മരിച്ചവളും തകര്‍ക്കപ്പെട്ടവളുമാണ്. നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉന്നയിച്ചത് ഈ 'നല്ല' സ്ത്രീയെയാണ്. ഈ 'നല്ലത്' തറവാടിത്തംപോലുള്ള സങ്കല്പങ്ങളുമായിട്ടാണ് കൂടുതല്‍ ബന്ധപ്പെടുന്നതെന്നും ചരിത്രത്തില്‍ കാണാം. ഇത്തരത്തിലുള്ള നല്ല, സര്‍വ്വംസഹകളായ സ്ത്രീകളെ കുറിച്ചാണ് ഒഎന്‍വി തന്റെ കവിതകളില്‍ വാചാലനാകുന്നതെന്നു കാണാം. കുഞ്ഞേടത്തി, പെങ്ങള്‍ തുടങ്ങിയ കവിതകളിലൂടെ അദ്ദേഹം ഇത് ആവര്‍ത്തിക്കുന്നു .

ഒ.എന്‍. വി കവിതകളെക്കുറിച്ചുള്ള ലേഖനം കോതമ്പുമണികളല്ല, ട്രാക്ടറുകളാണ് കാണുക

Subscribe Tharjani |