തര്‍ജ്ജനി

നേര്‍‌രേഖ

അറബിക്കിനും വേണം കേരളത്തില്‍ ഒരു സര്‍വ്വകലാശാല


കാലിക്കറ്റ് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ പിരിഞ്ഞുപോവുമ്പോള്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും നടത്തിയ ഘോഷയാത്ര

പൊതുവിജ്ഞാനപരിശോധനയ്ക്ക് ചോദിക്കാവുന്ന ചോദ്യങ്ങളിലൊന്ന് കേരളത്തില്‍ എത്ര സര്‍വ്വകലാശാലകളുണ്ടെന്നതാണ്. വിദ്യാഭ്യാസമേഖലയിലുള്ളവര്‍ പോലും ഒന്നാലോചിക്കാതെ ഉത്തരം പറഞ്ഞാല്‍ തെറ്റുമെന്ന് ഉറപ്പാണ്. കാസറഗോഡുമുതല്‍ തിരുവനന്തപുരംവരെ ഓരോ ജില്ലയിലും തപ്പിനോക്കി കണക്ക് നോക്കിയില്ലെങ്കില്‍ മാര്‍ക്ക് മൈനസാവും. കേരളത്തില്‍ പണ്ട് കൊച്ചിയിലെ ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാലയെ മാറ്റി നിറുത്തിയാല്‍ രണ്ട് സര്‍വ്വകലാശാലകളേ ഉണ്ടായിരുന്നുള്ളൂ. തിരുവിതാംകൂറില്‍ കേരള സര്‍വ്വകലാശാലയും മലപ്പുറം ജില്ലയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയും. പിന്നെ, വെള്ളാനിക്കരയില്‍ കാര്‍ഷിക സര്‍വ്വകലാശാല വന്നു. പിന്നെയും കാലം കഴിഞ്ഞാണ് സര്‍വ്വകലാശാലകളുടെ വസന്തകാലം കേരളത്തില്‍ സംജാതമായത്. കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാല, കാലടിയില്‍ ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാല, കണ്ണൂരില്‍ കണ്ണൂര്‍ സര്‍വ്വകലാശാല, തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല, പിന്നെ വെറ്റിനറി സര്‍വ്വകലാശാല, ആരോഗ്യ സര്‍വ്വകലാശാല എന്നിവയും. കാസറഗോഡ് ഒരു കേന്ദ്ര സര്‍വ്വകലാശാല. സര്‍വ്വകലാശാലാപദവിയോടെ കേരള കലാമണ്ഡലം. ഇതിനു പുറമെ വടക്കേ ഇന്ത്യയിലെ അലിഗഢിലെ കേന്ദ്ര സര്‍വ്വകലാശാലയക്ക് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഒരു കാമ്പസ്, ഹൈദരബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് സര്‍വ്വകലാശാലയ്ക്കും ഒരു കാമ്പസ്. അങ്ങനെ സാറ്റലൈറ്റ് കാമ്പസുകളായി സര്‍വ്വകലാശാലകളുടെ അംശാവതാരങ്ങളും. സര്‍വ്വകകലാശാലകളുടെ എണ്ണം പിടിക്കുമ്പോള്‍, വിഷയാധിഷ്ഠിത സര്‍വ്വകലാശാലകളെ ഉള്‍പ്പെടുത്താമോ? അഫിലിയേറ്റിംഗ് അല്ലാത്തവയെ ഗണിക്കേണ്ടതുണ്ടോ? അംശാവതാരങ്ങളെ എന്ത് ചെയ്യണം? എന്നതെല്ലാം ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ചുരുക്കിപ്പറയാം, കേരളത്തില്‍ സര്‍വ്വകലാശാലകള്‍ എത്രെയെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ വിഷമിക്കുമെന്നത് ഉറപ്പ്.

ഈയിടെ വാദ്യകലാകാരന്മാരുടെ ഒരു ഒത്തുചേരല്‍ സംഗതിവശാല്‍ സംഭവിച്ചപ്പോള്‍ അവിടെ ഉയര്‍ന്ന ആവശ്യം വാദ്യകലയ്ക്ക് കേരളത്തില്‍ ഒരു സര്‍വ്വകലാശാല വേണം എന്നതാണ്. കേരള കലാമണ്ഡലം കേരളത്തിലെ ക്ലാസ്സിക്കല്‍ കലകള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട സ്ഥാപനമാണ്. അത് സര്‍വ്വകലാശാലയാവുമ്പോള്‍ അതിന്റെ വ്യാപ്തി കുറയുകയല്ല, വാസ്തവത്തില്‍ കൂടുകയാണ് ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ വാദ്യകല കേരള കലാമണ്ഡലം പരിഗണിക്കേണ്ട വിഷയമാണ്. അവിടെ വാദ്യകലകള്‍ പരിഗണിക്കപ്പെടുന്നില്ലേ എന്നത് വ്യക്തമല്ല. എന്തതു തന്നെയായാലും വാദ്യകലയ്ക്ക് ഒരു പാഠശാലയോ കോളേജോ വേണമെന്നല്ല, സര്‍വ്വകലാശാല തന്നെ വേണം എന്നാണ് ആവശ്യപ്പെട്ടത്. ഒരു പക്ഷേ, സര്‍വ്വകലാശാല ചോദിച്ചാല്‍ ചുരുങ്ങിയത് ഒരു സ്കൂളെങ്കിലും കിട്ടിയേക്കും എന്ന കണക്കുകൂട്ടലില്‍, വിലപേശലിന്റെ സൌകര്യത്തിന് പറഞ്ഞതാവാം. വാദ്യകലയ്ക്ക് സര്‍വ്വകലാശാലയുണ്ടാക്കിയാല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയേയോ മറ്റേതെങ്കിലും വാദ്യകലാകോവിദനെയോ വൈസ് ചാന്‍സിലറാക്കാനാവില്ല. രജിസ്ട്രാര്‍, പ്രോ വൈസ് ചാന്‍സിലര്‍ എന്നിങ്ങനെയുള്ള പദവികളിലും നിയമിക്കാനാവില്ല. ഗുമസ്തന്‍ മുതല്‍ ഡെപ്യൂട്ടി റജിസ്ട്രാര്‍ തുടങ്ങിയ ലാവണങ്ങളിലും അവരെ നിയമിക്കാനാവില്ല. പിന്നെന്ത് ഗുണമാണ് വാദ്യകലകള്‍ക്ക് സര്‍വ്വകലാശാല തുടങ്ങിയാല്‍ ഉണ്ടാവുകയെന്നത് മനസ്സിലാക്കാനാവുന്നില്ല. നമ്മുക്കും ഉണ്ടെടോ ഒരു സര്‍വ്വകലാശാല എന്ന് പറയുക എന്നതായിരിക്കുമോ ഉദ്ദേശ്യം? ഒരു സ്റ്റാറ്റസ് സിംബല്‍?

കേരളത്തില്‍ ആദ്യമായി ഭാഷയുടെ പേരില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിക്കപ്പെട്ടത് സംസ്കൃതത്തിന്റെ പേരിലാണ്. സംസ്കൃതത്തിന് ആദിശങ്കരാചാര്യരുടെ പേരില്‍ കാലടിയില്‍ സര്‍വ്വകലാശാല സ്ഥാപിക്കുകയാണെങ്കില്‍ പണം നല്കാം എന്ന് കാഞ്ചി കാമകോടിപീഠം മഠാധിപതി പറഞ്ഞപ്പോള്‍ ആ പ്രേരണയില്‍ ആരംഭിച്ചതാണ് കാലടിയിലെ ശ്രീശങ്കര സംസ്കൃതസര്‍വ്വകലാശാല. ഏത് പേരിലായാലും ആര് പണം തന്നിട്ടായാലും ഏത് പ്രഖ്യാപിതോദ്ദേശത്തോടെയായാലും ഒരു സര്‍വ്വകലാശാല നമ്മളെങ്ങനെ നടത്തും എന്ന് മനസ്സിലാക്കാന്‍ ശ്രീശങ്കര സംസ്കൃതസര്‍വ്വകലാശാലയെ നോക്കിയാല്‍ മതി. ആ സര്‍വ്വകലാശാലയെക്കൊണ്ട് സംസ്കൃതഭാഷയ്ക്കോ ആ ഭാഷയില്‍ എഴുതപ്പെട്ട പ്രാചീനവിജ്ഞാനങ്ങള്‍ക്കോ എന്ത് പ്രയോജനമാണ് ഉണ്ടായത് എന്ന് നോക്കുക. വാസ്തവത്തില്‍ സംസ്കൃതസര്‍വ്വകലാശാലയെക്കൊണ്ട് നേരിട്ടും പരോക്ഷമായും ഗുണം കിട്ടിയത് കേരള ഹൈക്കാടതിയിലെ വക്കീലുമാര്‍ക്കാണ്. അവിടെ നടടന്ന നിയമനങ്ങള്‍ എല്ലായ്പോഴും നിയമവിരുദ്ധമെന്ന് ആരോപിച്ച് കേസുണ്ടാവും. നിയമവിരുദ്ധമായതിനാല്‍ തന്നെയാണ് കേസുകള്‍ ഉണ്ടാവുന്നത്. കേസ് തീര്‍പ്പാവുമ്പോള്‍ നിയമിക്കപ്പെട്ടവരെല്ലാം പുറത്താവുംം. പുറത്തംആയവര്‍ പുറത്താക്കലിനെതിരെ കേസ് കൊടുക്കും. അതിനിടയില്‍ വേറെ നിയമന നടക്കും. അതിനെതിരെയും കേസ് വരും. വീണ്ടും പിരിച്ചുവിടല്‍.... അങ്ങനെ അത് അനുസ്യൂതം തുടര്‍ന്നുവന്നു. ഗുണം വക്കീലുമാര്‍ക്കും അവരുടെ ഗുമസ്തന്മാര്‍ക്കും. ആ സര്‍വ്വകലാശാലയില്‍ പഠിപ്പിക്കപ്പെടുന്ന പലതരം വിഷയങ്ങളില്‍ ഒന്നുമാത്രമാണ് സംസ്കൃതം.​ അത്തരത്തില്‍ കേരള സര്‍വ്വകലാശാലയിലും കാലിക്കറ്റ് സര്‍വ്വകലാശാലയിലും മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലുമെല്ലാം സംസ്കൃതം പഠിപ്പിക്കുന്നുണ്ടല്ലോ. അവിടെയെല്ലാം ഗവേഷണവവും നടക്കുന്നുണ്ട്. പിന്നെന്തിനാണ് അത്തരത്തില്‍ ഒന്നിനെ സംസ്കൃതസര്‍വ്വകലാശാലയെന്ന് വിളിക്കുന്നത്? ഒരൊറ്റ ന്യായമേ ഉള്ളൂ. സര്‍വ്വകലാശാല സ്ഥാപിക്കുവാന്‍ പണം തരുമ്പോള്‍ അങ്ങനെയൊരു വ്യവസ്ഥ സമ്മതിച്ചുപോയി. അത്രമാത്രം. അവിടെ കാലിക്കറ്റിലും കേരളയിലും ഗാന്ധിജിയിലുമൊക്കെ കളിക്കുന്ന അതേ രാഷ്ട്രീയക്കളികളാണ് മുഖ്യമായും നാം നടത്തുന്നത്. സര്‍വ്വീസ് സംഘടനകള്‍ എന്ന് വിളിക്കുന്ന ജീവനക്കാരുടെ സംഘടനയും അവരോട് വിധേയത്വം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളുടെ സംഘടനയും കളിക്കുന്ന കളികള്‍ക്കുള്ള വേദി തന്നെയാണ് മുഖ്യമായും സര്‍വ്വകലാശാല.

കാഞ്ചികാമകോടിപീഠം പണം തരുന്നതുകൊണ്ട് സംസ്കൃതത്തിന് സര്‍വ്വകലാശാല തുടങ്ങിയെന്നതുപോലെ കാശ് കിട്ടുമെന്നതുകൊണ്ട് തുടങ്ങിയ സര്‍വ്വകലാശാലയാണ് മലയാള സര്‍വ്വകലാശാല. കാലാകാലമായി കേരളത്തില്‍ മലയാളം രണ്ടാം ഭാഷയാണെന്ന് വികാരഭരിതരായി പരാതിപറയുന്ന സാംസ്കാരികനായകര്‍ ഉണ്ടെങ്കിലും ഇക്കാലം വരെ മലയാളത്തെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഒന്നാം ഭാഷയാക്കാന്‍ നമ്മുക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ, ഇപ്പോള്‍ അറബിക്കകിന്റെ കാര്യത്തില്‍ കേള്‍ക്കുന്നതുപോലെ സര്‍വ്വകലാശാല വേണം എന്ന മുറവിളി കുറേക്കാലമായയി കേള്‍ക്കാറുണ്ടായിരുന്നു. അതിന്റെ ന്യായം വേറെയാണ്. അയല്‍ദേശമായ തമിഴ് നാട്ടില്‍ തമിഴിന് സര്‍വ്വകലാശാലയുണ്ട്. ആന്ധ്രയില്‍ തെലുങ്കിനും സര്‍വ്വകലാശാലയുണ്ട്. അങ്ങനെയാവുമ്പോള്‍ മലയാളത്തിന് സര്‍വ്വകലാശാലയില്ലെങ്കില്‍ മാനക്കേടാണ്. അതിലും വലിയ മാനക്കേട് തമിഴിന് ക്ലാസ്സിക്കല്‍ഭാഷാപദവി കേന്ദ്രസര്‍ക്കാര്‍ നല്കി. അയല്‍ക്കാര്‍ക്കെല്ലാം ക്ലാസ്സിക്കല്‍ പദവി. നമ്മുക്കതില്ല! നാണക്കേട് എന്നല്ലാതെ എന്തു പറയാന്‍. ഇക്കാര്യമൊന്നും രാഷ്ട്രീയക്കാരോട് പറഞ്ഞാല്‍ അവര്‍ വക വെക്കില്ല. അതിന് എന്തെങ്കിലും ലഭ്യമുണ്ടാവുന്ന കാര്യം പറയണം. ക്ലാസ്സിക്കല്‍ പദവി കിട്ടിയാല്‍ കേന്ദ്രസര്‍ക്കാര്‍ ഇരുന്നൂറ് കോടി രൂപ തരും. അത് ഏറ്റുവെന്ന് കാണാം. അതോടെ ഉഷാറായി. കേരളത്തിലെ നിയമസഭ ക്ലാസ്സിക്കല്‍ പദവി വേണമെന്ന് പ്രമേയം പാസ്സാക്കി. കേന്ദ്രത്തില്‍ ചെന്ന് പ്രധാനമന്ത്രിയെ കണ്ടു. ഒടുവില്‍ ക്ലാസ്സിക്കല്‍ പദവി കിട്ടി. ആ പണം കണ്ടാണ് മലയാളത്തിന് സര്‍വ്വകലാശാല ഉണ്ടാക്കാമെന്ന് വെച്ചത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല.

മലയാളത്തിന് സര്‍വ്വകലാശാല ഉണ്ടാക്കിയപ്പോഴാണ് ആ ഭാഷയോടും അതില്‍ പഠനഗവേഷണങ്ങള്‍ നടത്തുന്നവരോടും നമ്മുക്കുള്ള മതിപ്പ് എത്രയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. വാദ്യകലലയ്ക്ക് സര്‍വ്വകലാശാലയുണ്ടായാല്‍ വാദ്യകലാവിശാരദരെ വൈസ് ചാന്‍സിലറാക്കാന്‍ പറ്റാത്തത് ആ പദവിയില്‍ ഇരിക്കാനുള്ളവര്‍ക്ക് ഉണ്ടായിരിക്കേണ്ട അക്കാദമികയോഗ്യതകളെക്കുറിച്ച് യു.ജി.സി വവ്യവസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ട്. യു.ജി.സി നിര്‍ദ്ദേശിക്കുന്ന വിധത്തിലുള്ള യോഗ്യതയുള്ളവരെ വവാദ്യകലാസര്‍വ്വകലാശാലയ്ക്ക് വിസിയാവാന്‍ കിട്ടില്ല. എന്നാല്‍ മലയാളത്തിന്റെ കാര്യം അങ്ങനെയാണോ? അതില്‍ യോഗ്യതയുള്ളവര്‍ നിരവധി. അതിലേറെ തല്പരരും. എന്നാല്‍ എല്ലാ യോഗ്യന്മാരെയും തല്പരന്മാരെയും മാറ്റി നിറുത്തി നമ്മുടെ സര്‍ക്കാര്‍ ഒരു ഐ.എ.എസുകാരനെ വൈസ് ചാന്‍സിലറാക്കി. സാഹിത്യം എഴുതുന്ന കേരളത്തിലെ മലയാളി ഐ എ എസുകാരില്‍ ഒരാളാണ് ഇദ്ദേഹം എന്നതിനപ്പുറം എന്താണ് അദ്ദേഹത്തെ ആ പദവിയില്‍ നിയോഗിക്കാന്‍ പ്രേരിപ്പിച്ചിരിക്കുക എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. സമസ്തമലയാളം പണ്ഡിതരേയും പുറത്തു നിറുത്തുക. അങ്ങനെ സര്‍വ്വകലാശാല തുടങ്ങിയതിന് ഫലവുമണ്ടായി. കേരളത്തിലെ പല കോളേജുകളിലെയും മലയാളവിഭാഗത്തിലെ അദ്ധ്യാപകരോളം പ്രാഗത്ഭ്യമുള്ളവരെ ആരെയും അതിനകത്ത് കയറ്റരുതെന്നത് സര്‍വ്വകലാശാലയുടെ നയമാണ് എന്ന് തോന്നിപ്പിക്കുംവിധം അത് പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ മറ്റ് സര്‍വ്വകലാശാലലകളിലേതുപോലെ സര്‍വ്വീസ് സംഘടനകളുടെ തേര്‍വാഴ്ച അവിടെ തുടങ്ങിയിട്ടില്ല എന്നതുമാത്രമാണ് അവിടത്തെ ഏക വിശേഷം.

മലയാള സര്‍വ്വകലാശാല ഉണ്ടായതുകൊണ്ട് മലയാളഭാഷയ്ക്ക് എന്തു പ്രയോജനം ഉണ്ടായി എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ വിഷമമാണ്. ഒരു ഉത്തരം പറയാം. കേരളത്തിലെ മലയാളം അക്കാദമികരംഗത്ത് പ്രവര്‍ത്തിക്കുന്നവരാരും മലയാള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറാവാന്‍ യോഗ്യതയില്ലാത്തവരാണ് എന്ന ഒരു അഭിപ്രായം സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഉണ്ട് എന്നത് മനസ്സിലാക്കാനായി. ഏതാനും സിനിമകള്‍ക്ക് പാട്ടെഴുതുകയും ചില പുസ്തകങ്ങള്‍ എഴുതതുകയും ചെയ്ത ഒരാള്‍ മതി വൈസ് ചാന്‍സിലറാവാന്‍ എന്ന തീരുമാനം ഉചിതമല്ല എന്ന് പറയാന്‍ നിയമസഭയ്ക്കകത്ത് ഒരൊറ്റയാള്‍ ഉണ്ടായിരുന്നില്ല. മലയാളസര്‍വ്വകലാശാലയ്ക്കും ക്ലാസ്സിക്കല്‍ഭാഷാപദവിക്കും വേണ്ടി അഹോരാത്രം പണിയെടുത്ത മലയാളം അക്കാദമിക്കുകള്‍പോലും ഒന്നും മിണ്ടിയില്ല. ഒരു പക്ഷേ, ഒരക്ഷരം മിണ്ടാനാവാതെ അവര്‍ തരിച്ചുനിന്നുപോയതാവാം.

കേരളത്തില്‍ മലയാളത്തിന് ഒരു സര്‍വ്വകലാശാള സ്ഥാപിക്കുന്നതിനുള്ള ന്യായം, മലയാളം കേരളീയരുടെ മാതൃഭാഷയാണ്, ആ ഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ടവയ്ക്ക് മികച്ച അക്കാദമികപരിഗണന ലഭിക്കണം എന്നതാണ്. കേരളത്തിലെ ആദ്യകാലസസര്‍വ്വകലാശാലകളായ കേരള സര്‍വ്വകലാശാലയും കലിക്കക്കറ്റ് സര്‍വ്വകലാശാലയും സ്ഥാപിക്കുമ്പോള്‍ അവയുടെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യമാണ് ദേശത്തിന്റെ ഭാഷയും സംസ്കാരവുമാആയി ബന്ധപ്പെട്ട മേല്പറഞ്ഞ കാര്യങ്ങള്‍. അത് നടന്നില്ല. നടക്കുകയുമില്ല. അതിന് സര്‍വ്വകലാശാല സ്ഥാപിച്ചതുകൊണ്ട് പ്രയോജനമമൊന്നുമില്ല. അക്കാര്യത്തിലുള്ള സംശയം ഇപ്പോള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാളസര്‍വ്വകലാശാല ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുന്നതോടെ അക്കാര്യത്തില്‍ പൂര്‍ണ്ണബോദ്ധ്യം വരും..

ഇങ്ങനെയൊക്കെയാണ് സര്‍വ്വകലാശാലാക്കാര്യം എന്നിരിക്കെയാണ് കേരളത്തില്‍ അറബിക്കിന് സര്‍വ്വകലാശാലല വേണം എന്ന വാദം ഉയരുന്നത്. അത് മുസ്ലിം ലീഗിന്റെ ആറാം മന്ത്രിസ്ഥാനമാണ് എന്നതുപോലെയുള്ള പല വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അറബിക് സര്‍വ്വകലാശാല എന്ന ആവശ്യം എന്തുതന്നെയായാലും കേരളത്തിലെ പൊതുസമൂഹത്തില്‍ വ്യാപകമായി ഉയര്‍ന്നുവന്ന ആവശ്യമല്ല. എന്തിനാണ് ഈ സര്‍വ്വകലാശാല, എന്താണ് അതുകൊണ്ടുള്ള പ്രയോജനം എന്ന കാര്യമൊന്നും സര്‍വ്വകലാശാല വേണം എന്ന് വാദിക്കുന്നവരാരും പറഞ്ഞുകേട്ടിട്ടില്ല. പക്ഷെ അറബിക് സര്‍വ്വകലാശാല എന്ന ആവശ്യത്തിന് ഇസ്ലാംമതവുമായി ബന്ധമില്ലെന്നോ അറബിഭാഷയും ഇസ്ലാമും തമ്മില്‍ ബന്ധമില്ലെന്നോ മുസ്ലിം സര്‍വ്വകലാശാലയല്ല അറബിക് സര്‍വ്വകലാശാലയെന്നോ വിശദീകരിക്കുന്നുണ്ട്. സംസ്കൃതവും ഹിന്ദുമതവും ഇന്ത്യന്‍ സംസ്കാരവുമായി എത്ര ബന്ധമുണ്ടോ, അത്രയും ബന്ധം അറബിഭാഷയും ഇസ്ലാംസമൂഹവുമായി ഉണ്ട്. അങ്ങനെയിരിക്കെ ബന്ധമില്ലെന്ന് പറയുന്നത് എന്തിനാണ്? നേരത്തെ സംസ്കൃതത്തിന്റെ കാര്യത്തില്‍ പറഞ്ഞതുപോലെ കേരളത്തില്‍ നിലവിലുള്ള സര്‍വ്വകലാശാലകളിലെല്ലാം അറബിക് ഭാഷ പഠിക്കാനും അതില്‍ ഗവേഷണം നടത്താനുമെല്ലാം സംവിധാനം ഉണ്ട്. അതിനപ്പുറം എന്താണ് അറബിക്കിന്റെ പേരില്‍ ഒരു സര്‍വ്വകലാശാല ആരംഭിച്ചാല്‍ ചെയ്യാനാവുകയെന്നതാണ് ആലോചിക്കേണ്ടത്. സംസ്കൃതത്തിനും മലയാളത്തിനും ഉണ്ടാക്കിയതുപോലെ ഒരെണ്ണം നമ്മുക്കും വേണം എന്നാമെങ്കില്‍ ശരി. അത് മനസ്സിലാക്കാം. പോലീസ് സര്‍വ്വകലാശാല വേണം എന്ന് കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടു. വ്യാപാരി-വ്യവസായി സര്‍വ്വകലാശാല വേണം എന്ന് ചിലപ്പോള്‍ വൈകാതെ കേള്‍ക്കാനായേക്കും. അവര്‍ക്കെല്ലാം സര്‍വ്വകലാശാലയുണ്ട്, നമ്മുക്കും വേണം എന്നാണ് വാദമെങ്കില്‍ ശരി. അറബിക്കിനും വേണം കേരളത്തില്‍ ഒരു സര്‍വ്വകലാശാല. പണം മുടക്കാന്‍ ആളുണ്ടൈങ്കില്‍ ഒന്നിലേറെ സര്‍വ്വകലാശാലകള്‍ തന്നെ ആകാവുന്നതുമല്ലേ?

Subscribe Tharjani |