തര്‍ജ്ജനി

മുയ്യം രാജന്‍

Excavation Department (7th Floor)
Western Coalfields Ltd
Coal Estate
Civil Lines
NAGPUR-440 001 (Maharashtra)
ഇമെയില്‍:muyyamrajan08@gmail.com
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

കവിത

നാടന്‍പ്രേമം

കൌമാര പ്രായത്തിലെനിക്ക്‌
പ്രേമം മുളച്ച
പ്രാന്തന്‍കുന്ന് ഇന്നില്ല
മദിരാക്ഷി ബാറാണവിടം.

ഇങ്ങനെയൊരു മധുശാലയവിടെ
വളര്‍ന്നു വന്നതെന്തായാലും നന്നായി
മദ്യം മോന്തുന്നവര്‍
ആ ഭ്രാന്തന്‍ പേരെങ്കിലും
അന്വര്‍ത്ഥമാക്കുമല്ലോ !

സമയത്തിന്‌ സ്കൂളിലെത്താന്‍
ധൃതിപ്പെട്ട്‌ കുന്നുകയറുമ്പോ ള്‍
ഉരുളന്‍ കല്ലില്‍ തട്ടി
ചോരയൊലിപ്പിച്ച ബാറ്‍(?)
പൊട്ടിയ ചെരുപ്പുകള്‍

ശകുന്തളയ്ക്കും ശ്യാമളയ്ക്കും
സൌമിനിയ്ക്കും ശാരദയ്ക്കും
ശാന്തയ്ക്കും ദമയന്തിയ്ക്കുമൊപ്പം ഞാനും
പലപ്പോഴായി വലിച്ചെറിഞ്ഞത്‌
ഈ കുന്നിന്റെ
നെടും കയങ്ങളിലേക്കാണ്‌!

നാട്ടി ല്‍ തുമ്പു കിട്ടാതെ പോയ
പല പ്രേമനാടകങ്ങള്‍ക്കും
അവസാനം രംഗപടമൊരുക്കിയത്‌
(അനുരാഗബോധമില്ലാത്ത)
ഈ പ്‌രാന്ത ന്‍ കുന്ന്‌ .. !

പില്‍ക്കാലത്ത്‌ ,
കുന്നും കാടും ഭുജിച്ചിട്ടും
മതിമാറാത്ത മണ്ണുമാന്തിയുടെ
നിലവിളിയിപ്പോഴും
കാതി ല്‍ മുരളുന്നുണ്ട്‌..

കാലമിവിടെ പഞ്ചനക്ഷത്ര സവിധങ്ങ ള്‍
മുളപ്പിച്ചെടുത്തു ,
അതിന്‍റെ മട്ടുപ്പാവിലിരുന്ന്‌
സാക്ഷാ ല്‍ നക്ഷത്രക്കൂട്ടങ്ങളെ
ഞങ്ങള്‍ കയ്യെത്തിപ്പിടിച്ചു.. !

തളികവട്ടം പറമ്പും, തൃഛംബരവും,
അലങ്കാര്‍ ടാക്കീസും, കണ്ണപ്പിലാവും,
കണ്ണാടിപ്പറമ്പും, മാടായിപ്പാറയും,
മീന്‍കുന്നും, മമ്പറവും, മന്നയും,
മയ്യിലും, മമ്പാലയും, മാപ്പാടിച്ചാലും,
വെളുത്തൂ ല്‍ക്കാവും, കയ്യം തടവും,
കാനൂലും, കടമ്പേരിയും,
പറശ്ശിനിപ്പുഴപ്പാലവും
പണ്ടീ കുന്നി ല്‍ നിന്നാ ല്‍ കാണാവുന്ന
അനായാസ നിറക്കാഴ്ചകളായിരുന്നു
ഇന്നെല്ലാം അന്യം നിന്നു പോയി...

കുന്നു മറയുന്ന ഗ്രാമനന്‍മകളെ
ഇലകൊഴിഞ്ഞുണങ്ങിയ കൂറ്റന്‍
മരച്ചില്ലക ള്‍ കണക്കെ
മൊബൈ ല്‍ ടവറുക ള്‍
പുരോഗതിയുടെ വേലി
കെട്ടി നിര്‍ത്തി .. !

കാക്കയും, കൊക്കും , കൊറ്റിയും
കുളിച്ചു രസിച്ച കണ്ണാടിപ്പുഴയെ
സിമന്‍റ് കാടാക്കാനുള്ള
തത്രപ്പാടിലാണ്‌ മണല്‍ മാഫിയകള്‍..

പഞ്ചാര മണലെന്താണെന്ന
പിഞ്ചോമനയുടെ കൊഞ്ചലിന്
'പഞ്ചസാര പോലൊരു
മധുര മുഠായി ' യെന്ന്
അമ്മയുടെ താരാട്ട്‌..

കമ്പോള സംസ്കൃതി
കടല്‍ കടന്നപ്പോള്‍
നാടിനെ വേട്ടയാടാനുള്ള
കരാറിടപാടുക ള്‍
യുദ്ധാടിസ്ഥാനത്തി ല്‍
പുരോഗമിക്കുന്നു ..

ഗ്രാമങ്ങളിന്ന്
നഗര ജാലങ്ങളുടെ
വെറും കളിയരങ്ങ്‌;
നഗരത്താ ല്‍ വേട്ടയാടപ്പെട്ട കുലട !

ഇതൊന്നും പാടി നടക്കാന്‍
നമുക്ക്‌ പാണന്മാരില്ലാതായി!

അതിനാലിനി---
ഗ്രാമമെന്ന
ഗൃഹാതുരയ്ക്കുമേ ല്‍
നാഗരികതയുടെ
റീത്ത് സമര്‍പ്പിച്ച്
ശേഷക്രിയയ്ക്കായി
കാത്തിരിക്കാം !

Subscribe Tharjani |