തര്‍ജ്ജനി

മുഖമൊഴി

വൈസ് ചാന്‍സിലര്‍മാരും മറ്റും ഉണ്ടാവുന്നത്

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലര്‍ പിരിഞ്ഞുപോകുമ്പോള്‍ സര്‍വ്വകലാശാലയിലെ മിക്കവാറും എല്ലാ വിഭാഗം ആളുകളും, ഒരു ദുരിതം ഒഴിഞ്ഞുപോകുന്നതുപോലെ ആഹ്ലാദത്തോടെ, ആവേശത്തോടെ പെരുമാറിയെന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ കാണുന്നു. ഇതിനുമുമ്പ് വേറൊരു വൈസ് ചാന്‍സിലറെയും ഇങ്ങനെ കാലിക്കറ്റ് സര്‍വ്വകലാശാല പറഞ്ഞയച്ചിരുന്നു. പക്ഷെ, ഇത്തവണത്തെപ്പോലെ എല്ലാ വിഭാഗവും അതില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയവിഭാഗവും അവരുടെ വിദ്യാര്‍ത്ഥിസംഘടനയും ജീവനക്കാരുടെ സംഘടനയും ആഘോഷഘോഷങ്ങളില്‍ നിന്നും മാറിനിന്നിരുന്നു. ആരോഗ്യസര്‍വ്വകലാശാലയിലെ ആദ്യത്തെ റജിസ്ട്രാര്‍ തന്നെ കൈക്കൂലിക്കേസില്‍ പിടിയിലായി പുറത്താക്കപ്പെട്ടു.കേരളത്തിലെ കേന്ദ്ര സര്‍വ്വകലാശാലയിലെ മുന്‍ റജിസ്ട്രാര്‍ ഇതുപോലെ പുറത്തുപോകേണ്ടിവന്നയാളാണ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്നുള്ള നടപടിയാലാണ് അദ്ദേഹത്തിന് പണി നഷ്ടപ്പെട്ടത്. കേരള കാര്‍ഷിക-വെറ്റിനറി സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സിലറെ സര്‍ക്കാര്‍ പുറത്താക്കി.

വൈസ് ചാന്‍സിലര്‍ പദവി ഒഴിഞ്ഞുപോകുമ്പോള്‍ സര്‍വ്വകലാശാലയാകെ ആശ്വാസനിശ്വാസം ഉതിര്‍ക്കുന്ന അവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാവുന്നത്. കുഴപ്പം വൈസ് ചാന്‍സിലറുടേതോ, അതോ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും അടങ്ങുന്ന സമൂഹത്തിന്റേതോ? വൈസ് ചാന്‍സിലറുടേതാണെങ്കില്‍, അത് വളരെ ഗൌരവമുള്ള പ്രശ്നമാണ്. കാരണം കെട്ട മനുഷ്യര്‍ നേതൃത്വം നല്കുന്ന പ്രസ്ഥാനങ്ങള്‍ നശിച്ചുപോവുകയേ ഉള്ളൂ. വൈസ്ചാന്‍സിലറല്ല പ്രശ്നം, സര്‍വ്വകലാശാലയിലെ ജനങ്ങളാണെങ്കില്‍ അത് തതിരുത്താവുന്നതും പരിഹരിക്കാവുന്നതുമാണ്. ഒരു സമൂഹം അപ്പാടെ മോശം മനുഷ്യര്‍ മാത്രം ഉള്ളതായിരിക്കില്ല. എല്ലാ മനുഷ്യരിലും നന്മയുടെയും നീതിബോധത്തിന്റെയും ഒരംശം എപ്പോഴും കാണും. പല കാര്യങ്ങള്‍ വഴിവിട്ട് നേടിയ ഒരാള്‍,എപ്പോഴെങ്കിലും വഴിവിട്ടല്ലാതെ ചില കാര്യങ്ങള്‍ ചെയ്യുമല്ലോ. അപ്പോള്‍, അയാളുടെ അവസരം നശിപ്പിക്കുന്ന അഴിമതിക്കാരനെ അയാള്‍ക്ക് എതിര്‍ക്കേണ്ടിവരും. അങ്ങനെ ഭാഗികനീതിബോധവും ധാര്‍മ്മികരോഷവുമാണ് സമകാലികമലയാളിസ്വത്വത്തെ നിര്‍മ്മിക്കുന്നത്. അതിനാല്‍, ഏറ്റവും കുറഞ്ഞത് വാക്കില്‍ എങ്കിലും വിപ്ലവവും നീതിബോധവും ധാര്‍മ്മികതയും കൊണ്ടുനടക്കുന്ന ഒരു സമൂഹം അപ്പാടെ കെട്ട സമൂഹം ആവില്ല.

സര്‍വ്വകലാശാലകള്‍ സ്വയംഭരണസ്ഥാപനമാണ്. അക്കാദമികമായ കാര്യങ്ങള്‍ സ്വതന്ത്രവും ഗുണനിലവാരമുള്ളതുമായി നിര്‍വ്വഹിക്കുവാനുള്ള സ്വാതന്ത്ര്യമാണ് സര്‍വ്വകലാശാലകള്‍ക്ക് നല്കിയിട്ടുള്ളത്. വൈജ്ഞാനികരംഗത്ത് പുരോഗതി ഉണ്ടാക്കുവാന്‍ നിയന്ത്രണങ്ങളില്ലാത്ത ഗവേഷണപഠനങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. നിലവിലുള്ള ജ്ഞാനത്തെ ചോദ്യം ചെയ്യുകയും തിരുത്തുകയും ചിലപ്പോഴെങ്കിലും വിപ്ലവാത്മകമായി നവീകരിക്കുകയും ചെയ്യുന്നവരാണ്, താത്വികമായി ഗവേഷകര്‍. സ്വാതന്ത്ര്യമാണ് അവരുടെ പ്രവര്‍ത്തനത്തിന്റെ ജീവവായു.അതിനാല്‍ സര്‍ക്കാര്‍വകുപ്പുകളുടെയും നയത്തിന്റെയും ബന്ധനമില്ലാതെ പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യം വൈജ്ഞാനികലോകത്തിന് ആവശ്യമാണ്, അത് അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തത്വത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് വാസ്തവത്തില്‍ പറയേണ്ടത്. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ രാഷ്ട്രീയക്കാരനായിരിക്കും. ഏതെങ്കിലും പാര്‍ട്ടിയില്‍പ്പെട്ടയാള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് വിദ്യാഭ്യാസമന്ത്രിയായാല്‍ ചാന്‍സിലറാവാം. കേന്ദ്രസര്‍വ്വകലാശാലകളില്‍ ആ പദവിക്ക് പേര് വിസിറ്റര്‍ എന്നാണ്. അതാവട്ടെ രാഷ്ട്രപതി ആയിരിക്കും. അങ്ങനെ വരുമ്പോഴും രാഷ്ട്രീയക്കാരന്‍ തന്നെ. എ.പി.ജെ. അബ്ദുല്‍കലാമിനെപ്പോലെ രാഷ്ട്രീയക്കാരനല്ലാതെ പ്രസിഡന്റ് പദവിയില്‍ എത്തിയത് സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ എത്രപേരുണ്ട്? അതിനാല്‍ അക്കാദമികസ്വാതന്ത്ര്യം തത്വത്തില്‍ അംഗീകരിക്കപ്പെട്ട സര്‍വ്വകലാശാലകള്‍ രാഷ്ട്രീയക്കാരാല്‍ പരോക്ഷമായി നിയന്ത്രിക്കപ്പെടുന്നവയായി മാറുന്നു. വൈസ് ചാന്‍സിലര്‍, റജിസ്ട്രാര്‍ തുടങ്ങിയ പദവികളില്‍ അവര്‍ക്ക് ഇഷ്ടമുള്ള ആളുകളെ നിയമിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയും. അങ്ങനെ നിയോഗിക്കപ്പെട്ടവര്‍ അവരുടെ രാഷ്ട്രീയയജമാനന്മാരുടെ വിനീതദാസന്മാരായി കസേരകളിലിരിക്കും. ഏതൊക്കെ തരം അഴിമതി സാധിക്കുമോ, അതെല്ലാം ചെയ്ത് കാലാവധി കഴിഞ്ഞ് പുറത്തുപോകും. ഇപ്പോള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഭൂരിഭാഗവും സര്‍വ്വീസ് സംഘടനാനേതാക്കള്‍ വൈസ് ചാന്‍സിലര്‍, പ്രോ ...., റജിസ്ട്രാര്‍ പദവികളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇടതുപക്ഷസര്‍ക്കാര്‍ ഇവിടെ ഭരിക്കുമ്പോള്‍ ഉണ്ടാക്കിവെച്ച ഉണ്ടാക്കിവെച്ച കീഴ്വഴക്കത്തിന്റെ ആനുകൂല്യം ഇപ്പോഴത്തെ മുന്നണിക്കാര്‍ ഉപയോഗിക്കുന്നുവെന്നു മാത്രം. കീഴ്വഴക്കങ്ങള്‍ പ്രധാനമാണ്. നല്ല കീഴ്വഴക്കങ്ങളെക്കാള്‍ തെറ്റായ വഴക്കങ്ങള്‍ നിയമമാകുകയാണ് പതിവ്. കുമാരനാശാന്‍ പണ്ട് പാടിയില്ലേ,

ഇന്നലെ ചെയ്തോരബദ്ധം മൂഢര്‍
ക്കിന്നത്തെ ആചാരമാവാം,
നാളത്തെ ശാസ്ത്രമതാവാം
അതില്‍ സമ്മതം മൂളായ്ക രാജന്‍.
അതാണ് സത്യം. ജനാധിപത്യകാലത്തെ രാഷ്ട്രീയയജമാനന്മാര്‍ ഉണ്ടാക്കിവെച്ച കീഴ്വഴക്കം അതാണ്. കേരളം പോലെ മുന്നണികള്‍ മാറിമാറി ഭരിക്കുന്ന സംസ്ഥാനം ഓരോ ഭരണം അവസാനിക്കുമ്പോഴും പിന്നോട്ട് പോകുന്നത് ഈ ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്. മൂഢര്‍ എന്നല്ല പറയേണ്ടത്, സമര്‍ത്ഥര്‍ എന്നാണ്. അതാണ് രാഷ്ട്രീയത്തിന്റെ കൌശലം.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ജനം ആഘോഷപൂര്‍വ്വം ഉച്ചാടനം ചെയ്ത അബ്ദുള്‍സലാം ഒരു സര്‍വ്വീസ് സംഘടനാനേതാവോ പാര്‍ട്ടി പ്രവര്‍ത്തകനോ അല്ല. അതിന് മുമ്പ് ഇതുപോലെ കാലിക്കറ്റില്‍ നിന്ന് ആഘോഷപൂര്‍വ്വം ഉച്ചാടനം ചെയ്യപ്പെട്ട ഡോ.കെ.കെ.എന്‍.കുറുപ്പും അങ്ങനെ ആയിരുന്നില്ല. പക്ഷെ, ഇവര്‍ രണ്ടുപേരും സര്‍വ്വകലാശാലയുടെ നല്ല കീഴ്വഴക്കങ്ങളല്ല പിന്തുടര്‍ന്നത് എന്നതിനാലാണ് അനഭിമതരായിത്തീര്‍ന്നത് എന്നാണ് മനസ്സിലാക്കുന്നത്. സര്‍വ്വീസ് സംഘടനാനേതാക്കള്‍ ഇവരെക്കാള്‍ സാമൂഹികബോധവും യാഥാര്‍ത്ഥ്യബോധവും പ്രകടിപ്പിക്കുന്നുവെന്നതിനാലാവാം ഇത്രത്തോളം അനഭിമതരാവാത്തത്. മാത്രമല്ല, പാര്‍ട്ടിക്കരനല്ലേ, അവന്‍ അങ്ങനെയല്ലേ ചെയ്യൂ എന്ന ന്യായീകരണവും ഉണ്ട്. മാത്രമല്ല, നമ്മുക്ക് ഒരു ഊഴം കിട്ടിയാല്‍ ഈ നഷ്ടമെല്ലാം തീര്‍ക്കാം എന്ന പ്രതീക്ഷയും കാണും.

സംസ്ഥാനകലാശാലകളെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. പോണ്ടിച്ചേരിയിലെ കേന്ദ്രസര്‍വ്വകലാശാലയില്‍ ഒരു സ്ത്രീ തെറ്റായ വിവരങ്ങള്‍ എഴുതിച്ചേര്‍ത്ത ബയോഡാറ്റ സമര്‍പ്പിച്ച് വൈസ് ചാന്‍സിലാറായി എന്നും അവര്‍ സര്‍വ്വകലാശാലയില്‍ എത്തിയതുമുതല്‍ താന്തോന്നിത്തഭരണമാണെന്നും പറഞ്ഞ് സമരം നടക്കുന്നു. അറിഞ്ഞേടത്താളംവെച്ച് സമരക്കാര്‍ പറയുന്നതാണ് സത്യം. അത് ഇന്നേവരെ വൈസ്ചാന്‍സിര്‍ നിഷേധിച്ചിട്ടില്ല. അതിനാല്‍ തര്‍ക്കവിഷയത്തില്‍ തീരുമാനം ആവുംവരെ ലീവില്‍ പോവാന്‍ ഗത്യന്തരമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.

വലിയ ആശയങ്ങള്‍ പറയാം. പക്ഷെ നമ്മള്‍ ഇത്തരം തരികിടയേ നടത്തൂ.

Subscribe Tharjani |