തര്‍ജ്ജനി

സെബാസ്റ്റ്യന്‍

ഇ മെയില്‍ : pdseban2000@gmail.com

Visit Home Page ...

കഥ

ക്ലാരാ ബെലനൊവ്‌

ജനനനം: 25 എപ്രില്‍ 1984
മരണം: 15 ജൂണ്‍ 2014

വാഹനം ഓടാന്‍ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ ഒരു മണിക്കൂര്‍ കഴിഞ്ഞു. മുമ്പിലെ ചില്ലിലൂടെ നോക്കുമ്പോള്‍ തെരുവില്‍ ട്രാഫിക്‌ കൂടുന്നതു കാണാമായിരുന്നു. വാഹനങ്ങളുടെ സാധാരണ വേഗത നൂറ്‌ കിലോമീറ്ററില്‍ അധികമാണ്‌. റോഡുകള്‍ മിക്കവയും നാലുവരിപ്പാതകളായാണ്‌ നിര്‍മ്മിച്ചിരുന്നത്‌. ഇവിടെ വന്ന ആദ്യനാളുകളില്‍ തെരുവുകളുടെ വെടിപ്പും വിസ്താരവും കണ്ട്‌ അത്ഭുതപ്പെട്ടിരുന്നു. കാരണം അങ്ങകലെ നാട്ടില്‍, റോഡ്‌ നിയമങ്ങള്‍ വകവെക്കാതെ നെടുകെയും കുറുകെയും പാഞ്ഞു പോകുന്ന വണ്ടികള്‍ക്കിടയിലൂടെ, മുരുടന്‍ ഡ്രൈവര്‍മാരുടെ ആക്രോശങ്ങള്‍ക്കിടയില്‍, കാല്‍നടയാത്രക്കാര്‍ക്ക്‌ നടവഴികളില്ലാത്ത തെരുവുകളില്‍ നിത്യവും യാത്ര ചെയ്തിരുന്നതാണ്‌.

ഡ്രൈവ്‌ ചൈയ്തിരുന്ന പോലിസുകാരന്റെ നിറവും തടിച്ചചുണ്ടുകളും അയാളുടെ പൂര്‍വ്വപിതാവ്‌ സാന്‍സിബാറില്‍ നിന്ന്‌ കുടിയേറിയതെന്ന്‌ ഓര്‍മിപ്പിച്ചു. നിരയൊപ്പിച്ച്‌ കത്രിച്ചുനിര്‍ത്തിയ താടിയും ചുളിവുകളില്ലാത്ത കാക്കിനിറത്തിലുള്ള യൂണിഫോമും മുഖത്തിന്റെ ഗൌരവം പൊലിപ്പിച്ചു കാട്ടി. പുലര്‍ച്ചെ, സുപ്രഭാതം പറഞ്ഞ്‌, ഹസ്തദാനം നടത്തിയാണ്‌ അയാള്‍ പരിചയപ്പെട്ടത്‌. ഊഷ്മളമായ അഭിവാദനം ഇവിടുത്തെ ഒരു പൊതുരീതിയാണ്‌. അത്‌ കൊലയാളിയോടാണെങ്കിലും മോഷ്ടാവിനോടാണെങ്കിലും മര്യാദയുടെ ഭാഗമായി കാണിക്കാറുണ്ട്‌. പിന്നീടുള്ള നടപടി ക്രമങ്ങളില്‍ ആ സൌഹൃദം നിങ്ങള്‍ പ്രതീക്ഷിക്കരുത്‌; കുറ്റക്കാരനല്ലെങ്കില്‍ പോലും.

വാഹനം വലത്‌ ഭാഗം തിരിഞ്ഞ്‌, തിരക്ക്‌ അധികമില്ലാത്തൊരു വഴിയിലേക്ക്‌ കടന്നു. വഴിയുടെ ഇരുവശവും പത്തടിയിലേറെ ഉയരമുള്ള മതിലിന്റെ ഭിത്തിയില്‍ മങ്ങിയ ചുവപ്പുനിറമുള്ള കൃത്രിമക്കല്ലുകളുടെ ചതുരങ്ങള്‍ ഒട്ടിച്ച്‌ മോടി കൂട്ടിയിരുന്നു. മതിലിനു മുകളില്‍ തുവെള്ളനിറത്തില്‍, ഇടത്തരം വലിപ്പത്തില്‍-ചുറ്റിലും ഇതളുകള്‍ നിര തീര്‍ത്ത - അണ്ഡാകൃതിയുള്ള ഗോളങ്ങള്‍ ഉറപ്പിച്ചിരുന്നു. വഴി എത്തിച്ചേര്‍ന്നത്‌ കൂറ്റന്‍ കെട്ടിടത്തിന്റെ ഏതാണ്ടൊരു ഫുട്ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള മുറ്റത്തേക്കായിരുന്നു. ചുറ്റുമുള്ള ഇരുമ്പുഗ്രില്ലുകളില്‍ തീര്‍ത്ത വേലിയോട്‌ ചേര്‍ന്ന്‌ വേപ്പുമരങ്ങള്‍ വെച്ചുപിടിപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുത്തെ നിലയുടെ നെറ്റിയില്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പ്രത്യേക അന്വേഷണ അപ്പീസെന്ന്‌ രണ്ടു ഭാഷകളില്‍ എഴുതിപ്പിടിപ്പിച്ചിരുന്നു.

പാര്‍ക്കിങ്ങ്‌ സ്ഥലത്ത്‌ വണ്ടി ഇരമ്പി നിന്നു. യൂണിഫോംധാരികളായ ഏതാനും പോലിസുകാര്‍ അകത്തേക്കു കയറിപ്പോകുന്നുണ്ട്‌. വണ്ടിയില്‍ നിന്ന്‌ ഇറങ്ങുമ്പോള്‍ പോലിസുകാരനോട്‌ ഒന്ന്‌ ചിരിച്ചു നോക്കി. അയാള്‍ അത്‌ പരിഗണിക്കാതെ തന്റെ കൂടെ വരാന്‍ ആഗ്യം കാണിച്ചു. ഇടനാഴിയിലൂടെ നടക്കുമ്പോള്‍ കറുത്ത മാര്‍ബിള്‍ പാകിയ പോര്‍ട്ടികോയിലെ ഭീമന്‍ തൂണുകളില്‍ ഒന്നില്‍ തൊട്ടു നോക്കി. എന്തൊരു തണുപ്പ്‌.

അഞ്ചു മിനിറ്റു നീണ്ട നടത്തത്തിനു ശേഷം ഒരു മുറിയില്‍ എത്തിച്ചേര്‍ന്നു. അതിനു തീരെ വിസ്താരമുണ്ടായിരുന്നില്ല. മൂലയില്‍ ഒരു ക്യുബിക്കളും, അതിനു മുമ്പില്‍ മുന്നു കസേരകളും സ്ഥാപിച്ചിരുന്നു. ഇതിനിടെയില്‍ രാവിലെ പോലിസുകാരന്‍ കൈവശപ്പെടുത്തിയ സെല്‍ഫോണിലേക്ക്‌ രണ്ട്‌ മുന്ന്‌ വിളികള്‍ വന്നിരുന്നു. മുന്നാമത്തെ തവണ അയാളത്‌ ഓഫാക്കി വെച്ചു. ആരുടേതെന്ന്‌ അറിയാന്‍ ഒരിക്കല്‍ ഒന്നു കൈനീട്ടിയതാണ്‌. പോലിസുകാരനത്‌ ഗൌനിച്ചില്ല.

കോളേജില്‍ എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. പതിവുപോലെ, താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ മുമ്പില്‍ കോളേജില്‍ കൊണ്ടുവിടുന്ന ഡ്രൈവര്‍ എത്തിയിട്ടുണ്ടാകും. ചുറ്റുവട്ടത്തെ അന്വേഷണങ്ങള്‍ക്ക്‌ ശേഷം, അയാള്‍ പരിചയമുള്ള സേതു മാഷിനെ വിളിച്ചു ചോദിച്ചിട്ടുണ്ടാകും. ആദ്യത്തെ മണിക്കൂര്‍ ക്ലാസ്സില്ല. സേതുവുള്ളതുകൊണ്ട്‌ പിന്നീടുള്ളത്‌ കൈകാര്യം ചെയ്തേക്കും.

പുലര്‍ച്ചെ ആദ്യചായ കുടിക്കുന്ന സമയത്താണ്‌ കോളിങ്ങ്ബെല്‍ കേട്ട്‌ വാതില്‍ തുറന്നത്‌. മുമ്പില്‍ ഒരു പോലീസുകാരന്‍. അമ്പരപ്പ്‌ മാറുന്നതിനു മുമ്പേ തിരിച്ചറിയല്‍ കാര്‍ഡ്‌ ആവശ്യപ്പെട്ടു; സെല്‍ഫോണ്‍ വാങ്ങി പരിശോധിച്ചതിനുശേഷം പോക്കറ്റില്‍ തിരുകി. കൂടെ പുറപ്പെടാന്‍ പറഞ്ഞു. വലിയ പരിജ്ഞാനമില്ലാത്ത ഭാഷയില്‍ അയാള്‍ തന്ന മറുപടികളില്‍ വ്യക്തത ഇല്ലായിരുന്നു. കൂടുതല്‍ തര്‍ക്കിച്ച്‌ വഷളാക്കാന്‍ നിന്നില്ല.

സാധാരണ, രാവിലെ ആറര മണിക്ക്‌, മകള്‍ സ്കൂളിലേക്ക്‌ പോകുന്നതിന്നു മുമ്പെ, അവളെ വിളിക്കാറുണ്ട്‌. വിരളമായെ ആ പതിവ്‌ തെറ്റിച്ചിട്ടുള്ളൂ. മകളിപ്പോള്‍ ക്ലാസ്സില്‍ എത്തിയിട്ടുണ്ടാകും. നാട്ടില്‍ ജോലിചെയ്യുന്ന കോളേജില്‍ നിന്ന്‌ നാല്‌ വര്‍ഷത്തെ അവധി എടുത്താണ്‌ ഇവിടെ ചേര്‍ന്നത്‌. വീടുവെക്കാന്‍ എടുത്തിരുന്ന കടം തവണകളടക്കാതെ പെരുകിയിരുന്നു. അത്‌ തീര്‍ന്നുകഴിഞ്ഞു. ആറു മാസത്തിനുള്ളില്‍ തിരിച്ചുപോകാനിരുന്നതാണ്‌. പെട്ടെന്ന്‌ ഭാര്യയെ ഓര്‍ത്തു; അച്ഛനെ, അമ്മയെ, സുഹൃത്തുക്കളെ, തക്കസമയത്ത്‌ പോലിസ്‌ സ്റ്റേഷനില്‍ എത്തിച്ചേരുമായിരുന്ന ലോക്കല്‍ സെക്രട്ടറി വിനോദിനെ, പത്തു വര്‍ഷം പ്രണയിച്ചു പിരിഞ്ഞുപോയ വിജയലക്ഷമിയെ, അവളെ ആദ്യമായി ഉമ്മവെച്ച കര്‍ക്കടകദിനത്തെ, അത്‌ കണ്ടുപിടിച്ച്‌, ശിക്ഷയായി തുട തല്ലിപൊട്ടിച്ച കിടുക്കി ബാലനെന്ന്‌ ഇരട്ടപേരുണ്ടായിരുന്ന മാഷിനെ.

ശരീരത്തിന്‌ ഒരു ബലക്കുറവ്‌ തോന്നി. കുറ്റവാളികളെ ചോദ്യംചെയ്യാന്‍ നിര്‍മ്മിച്ച കുടുസ്സുമുറികളില്‍ നടക്കാറുള്ള മുറകള്‍, പരദേശിക്കു കിട്ടാറുള്ള പരിഗണനകള്‍ - ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്‌. ഒരു രാത്രിയില്‍, സേതുവിന്റെ സുഹൃത്ത്‌ ദുബായിലേക്കു കാറില്‍ പോകുമ്പോള്‍ അപകടത്തില്‍ പെട്ടു.ആഴ്ചയുടെ അവസാനത്തിലായിരുന്നു അത്‌. രണ്ട്‌ അവധിദിനങ്ങള്‍ക്ക്‌ ശേഷം, ലോക്കപ്പ്‌ തുറന്നപ്പോള്‍ അയാള്‍ മരിച്ചു കഴിഞ്ഞിരുന്നു. ദിവസവും രക്തസമ്മര്‍ദ്ദത്തിനു കഴിക്കുന്ന മരുന്നു കിട്ടാതെ, ആ മനുഷ്യന്‍ ദാരുണമായി മരിച്ചു.

ബൂട്ടുകളുടെ ശബ്ദം. ഒരു മേലാപ്പീസര്‍ മുറിയിലേക്കു വന്നു. അയാള്‍ പോലിസുകാരനുമായി സംഭാഷണത്തിലേര്‍പ്പെട്ടു. നക്ഷത്രങ്ങള്‍ പതിച്ച യൂണിഫോമിനുള്ളില്‍ അയ്യാളുടെ സ്ഥൂലരൂപം തുളുമ്പിനിന്നു. ഒരു നൂറ്‌ കിലോ തൂക്കമെങ്കിലും ഉണ്ടാകും. വലിയ ശ്വസാച്ഛോസമെടുത്ത്‌ ഇരിപ്പിടത്തിലേക്ക്‌ അമര്‍ന്നപ്പോള്‍ കസേരയൊന്ന്‌ ഞരങ്ങി.

ആപ്പിസര്‍ ചോദ്യങ്ങള്‍ തുടങ്ങി.

" പേരന്താണ്‌, എന്തു ചെയ്യുന്നു?

" അനില്‍, ടെക്നിക്കല്‍ കോളേജില്‍ ഇഗ്ലീഷ്‌ ഭാഷ പഠിപ്പിക്കുന്നു."

ആപ്പീസര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ പോലിസുകാരന്റെ കൈയ്യില്‍നിന്നു വാങ്ങി പരിശോധിച്ചു. അദ്ധ്യാപകന്‍ എന്ന്‌ കേട്ടതു കൊണ്ടാവാം അയാളുടെ മുഖത്ത്‌ ഒരു അയവ്‌ വന്നതുപോലെ തോന്നി. പക്ഷെ, മാറ്റം പ്രകടമായിരുന്നില്ല.

"അണ്ടര്‍ ഗ്രാജുവേഷന്‍-ഡിവിഷന്‍ ബിയില്‍ ക്ലാസ്സെടുക്കാറുണ്ടോ?"

"ഉണ്ട്‌".

"ആ ക്ലാസ്സില്‍ പഠിക്കുന്ന മോന അലി സലിം അല്‍ ഹാര്‍ബിയെന്ന പെണ്‍കുട്ടിയെ അറിയുമോ?"

"അറിയാം, അവള്‍ക്കെന്തു പറ്റി?" അയാളുടെ സ്വരം അല്പം ഉയര്‍ന്നുപോയി.

"അവള്‍ക്ക്‌ ഒന്നും പറ്റിയില്ല". ആപ്പീസര്‍ ചിരിച്ചു. എന്നിട്ട്‌ തുടര്‍ന്നു.

"അവളെന്റെ മകളാണ്‌`.`

പ്രത്യേക അന്വേഷണ അപ്പീസിലെ രണ്ടാം സ്ഥാനക്കാരനായ അലി സലിം അല്‍ ഹാര്‍ബിയുടെ മുമ്പിലാണ്‌ താനിരിക്കുന്നതെന്ന്‌ അനിലിനു മനസ്സിലായി. അയാളുടെ ഏകമകളാണ്‌ മോന. ആച്ഛന്‍ അവളെ വയലിന്‍ ക്ലാസ്സില്‍ ചേര്‍ത്തതും, വൈകുന്നേരങ്ങളില്‍ അച്ഛനും മകളും തമ്മില്‍ ഗുസ്തി പിടിക്കാറുള്ളതും, തോല്ക്കുന്ന വേളകളില്‍ ബീറ്റല്‍സിന്റെ ` ഷീ ലൌസ്‌ യു`അവളെക്കൊണ്ട്‌ പാടിക്കാറുള്ളതും പറഞ്ഞതോര്‍ത്തു.

അനിലിന്റെ മനസ്സില്‍ സംശയങ്ങള്‍ പെരുകി. കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവുന്നു. അതേ സമയം ആപ്പീസറുടെ സൌമ്യത അല്പം ആശ്വാസം പകര്‍ന്നു.

ആപ്പീസര്‍ തുടര്‍ന്നു.

"ഇനി ചോദിക്കുന്നതിന്‌ ക്യത്യമായി ഉത്തരം പറയൂക. ഇന്നു പുലര്‍ച്ചെ, മുന്നു മണിക്കു തൊട്ടു മുമ്പെ നിങ്ങളുടെ മേല്‍വിലാസത്തിലുള്ള സെല്‍ഫോണിലേക്ക്‌ ഒരു സ്ത്രീ രണ്ട്‌ തവണ വിളിച്ചിരുന്നു. നിങ്ങള്‍ സംസാരിച്ചിട്ടില്ല; തിരിച്ചു വിളിച്ചിട്ടുമില്ല. ആരാണവര്‍? അവരുമായുള്ള ബന്ധം?"

രാത്രിയില്‍, ഫോണ്‍ `സയലന്‍സില്‍` വെച്ചേ കിടക്കാറുള്ളൂ. രാവിലെ ഫോണ്‍ പരിശോധിക്കുന്നതിനു മുമ്പേ, പോലിസുകാരനത്‌ കൈവശപ്പെടുത്തി. അനില്‍ വന്ന നമ്പറുകള്‍ നോക്കി. വിളികള്‍ മാത്രമല്ല - തിരിച്ചു വിളിക്കണമെന്നു പറഞ്ഞ്‌ ഒരു കുറിപ്പുമുണ്ട്‌.

"വിളിച്ചത്‌ കോളേജില്‍ കൊമേര്‍സും മാര്‍ക്കറ്റിങ്ങും വിഷയങ്ങള്‍ പഠിപ്പിക്കുന്ന ക്ലാര, ക്ലാര ബെലാനോവ്‌. മോനയുടെ അദ്ധ്യാപികയാണ്‌."

ആപ്പിസറുടെ ഒരുപാട്‌ സംശങ്ങള്‍ക്ക്‌ ഉത്തരമായി. എങ്കിലും അയാള്‍ ചോദിച്ചു.

" പുലര്‍ച്ചെ മൂന്നു മണിക്ക്‌ വിളിച്ചത്‌, പ്രത്യേകിച്ച്‌ കാരണമെന്തെങ്കിലും?"

"നിശാപാര്‍ട്ടിക്ക്‌ ശേഷം വിളിച്ചതാവാം". മുമ്പ്‌, ഒന്നു രണ്ടു തവണ അസമയത്ത്‌ വിളിച്ചിട്ടുണ്ട്‌."

ആപ്പീസര്‍ തുടര്‍ന്നു.

`പുലര്‍ച്ച്‌ മുന്നു മണിക്ക്‌ ബെറ്റിന ഹൈവേയില്‍ ഗ്ലോബ്‌ റൌണ്ടിനടുത്ത്‌ വെച്ച്‌ ഇവര്‍ ഓടിച്ചിരുന്ന പജേറൊ അപകടത്തില്‍പ്പെട്ടു. ഈ സ്ത്രീ, ക്ലാര, അവിടെവെച്ചു തന്നെ മരിച്ചു.

ഇതിനിടയില്‍ അനിലിന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു.

" ആരാണ്‌?" ആപ്പിസര്‍ ചോദിച്ചു.

"മകള്‍". അത്‌ ഓഫ്‌ ചെയ്യാനൊരുങ്ങുമ്പോള്‍ ആപ്പിസര്‍ സംസാരിച്ചോളാന്‍ ആഗ്യം കാട്ടി.

ആപ്പിസറുടെ സംശയങ്ങള്‍ തീര്‍ന്നിരുന്നു. വണ്ടിയിലേക്ക്‌ കയറുന്നതിനു മുമ്പെ, അയാള്‍ തിരിച്ചു വിളിച്ചു.

"നിങ്ങളുടെ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ മോനക്ക്‌ വളരെ ഇഷ്ടമാണ്‌." തുടര്‍ച്ചയെന്നൊണം അയാള്‍ ചോദിച്ചു.

"മകളുടെ പേരെന്താണ്‌?"

"ഗംഗ". എന്നാല്‍ താന്‍ വിളിക്കുന്നത്‌ ആമി എന്നാണെന്ന്‌ അയാള്‍ പറഞ്ഞില്ല. ആപ്പീസര്‍ ചിരിച്ചു. മെല്ലെ ആ പേര്‌ ഉച്ചരിച്ച്‌ അകത്തേക്കു പോയി.

പുറത്തൊരു പൊടിക്കാറ്റ്‌ രൂപംകൊണ്ടു. അത്‌ വെളിസ്ഥലത്തു നിന്നും വന്ന്‌ കെട്ടിടത്തിനുചുറ്റും നൃത്തം വെച്ചു. തിരിച്ചുവരുമ്പോള്‍ പോലിസുകാരന്‍ അല്പം കൂടി സൌഹൃദം കാണിച്ചു. അനില്‍ ഒരു കുറിപ്പ്‌ സേതുവിനയച്ചു. ക്ലാര അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ അവളുടെ വാഹനത്തെ ഒരു ട്രെക്ക്‌ പൊടിച്ചുകളഞ്ഞു.

ക്ലാരക്ക്‌ അനവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവര്‍ ഇരുളിന്റെ ഓരം പറ്റി അവളെ തേടിച്ചെന്നു. ഒരുമിച്ച്‌ മദ്യപിച്ചു. ഒരുമിച്ച്‌ ഭക്ഷിച്ചു. വാമൊഴിക്കഥകളിള്‍ അവള്‍ അപഥസഞ്ചാരിണിയായി. അതിലൊന്ന്‌ അവളുടെ അടിയേറ്റു വീണ കാമുകനെക്കുറിച്ചായിരുന്നു. വിലാസവതിയായ ക്ലാരയെ തൃപ്തിപ്പെടുത്താനാവാതെ പിന്‍വാങ്ങിയ ഭാഗ്യദോഷിയായിരുന്നത്രേ അയാള്‍.

ക്ലാരയുടെ ആച്ഛന്‍ ബെലനൊവും അമ്മ ഇറാനിയും കമ്മ്യൂണിസ്റ്റ്‌ വിശ്വാസികളായിരുന്നു. പ്രത്യശാസ്ത്രത്തോട്‌ പ്രിയം തോന്നി മകള്‍ക്ക്‌ മാര്‍ലെന്‍, മാര്‍ക്സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്തു വിളിച്ചു.അമ്മയുടെ മരണത്തിനു ശേഷം മുത്തശ്ശിയിട്ട വിളിപ്പേരായിരുന്നു ക്ലാര. ബെലനൊവ്‌ ടങ്കീസില്‍ നിന്ന്‌ നവറിസ്ക്‌ വരെയുള്ള കാസ്പിയന്‍ എണ്ണക്കുഴലിന്റെ അനുബന്ധസേവനങ്ങള്‍ നല്കുന്ന കമ്പനിയിലെ ടെക്ക്നിഷ്യനായിരുന്നു. തണുത്തുറഞ്ഞു പൊകുന്ന ദ്രവയിന്ധനം മുമ്പോട്ട്‌ ഒഴുകുവാന്‍ ലോഹച്ചുരുളുകള്‍ ഉപയോഗിച്ച്‌ ചൂട്‌ പകരണം. ഒരു പൊട്ടിത്തെറിയില്‍ ബെലനൊവ്‌ കൊല്ലപ്പെട്ടു.

പന്ത്രണ്ടാം വയസ്സു മുതല്‍ ക്ലാര ഒറ്റക്കു വളര്‍ന്നു. നാടന്‍ മദ്യം വറ്റുന്നവര്‍ക്ക്‌ പഴച്ചാക്കുകള്‍ എത്തിച്ചുകൊടുത്ത്‌ പണം സമ്പാദിച്ചു. ഉപചാരങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും നിന്നു കൊടുത്തില്ല. പ്രാരാബ്ധങ്ങള്‍ ആരോടും പറയാതെ അവള്‍ യുവതിയായി. കിങ്ങ്സ്റ്റെണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദം എടുത്തിറങ്ങുമ്പോള്‍ കൈകളില്‍ ബാക്കിയായത്‌ പതിനഞ്ച്‌ പൌണ്ട്‌. ആറടിയോളം ഉയരമുള്ള ആ ചെറുപ്പക്കാരി ചില സമയങ്ങളില്‍ മനസ്സു കടിപ്പിക്കുന്നത്‌ കാണാറുണ്ടായിരുന്നു. അപ്പോള്‍ അവള്‍ മലപോലെ വളരും. മുഖം ചുവപ്പിച്ച്‌, മുഷ്ടിചുരുട്ടി, ഒരു കനല്‍ ഉള്ളില്‍ പാതി കെടുത്തി, ഒന്നു ചിരിച്ച്‌, ഒരു വാക്ക്‌ പറഞ്ഞ്‌, എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കും.

പോലിസുകാരന്‍ അയാളെ കോളേജിനടുത്ത്‌ ഇറക്കിവിട്ടു. അനില്‍ എത്തുന്നതിനു മുമ്പുതന്നെ ക്ലാരയുടെ മരണവാര്‍ത്ത എല്ലാവരും അറിഞ്ഞുകഴിഞ്ഞിരുന്നു. സ്റ്റാഫ്‌ റൂമില്‍ മൌനം കനത്തു. ഉച്ചയൂണിന്റെ സമയത്ത്‌ ഒരു അനുശോചനയോഗം നടത്തേണ്ട കാര്യം അനില്‍ സൂചിപ്പിച്ചു.

" നടത്തണം, നടത്തേണ്ടതാണ്‌." സേതുവത്‌ പിന്താങ്ങി.

യോഗത്തില്‍ സംസാരിച്ചവരെല്ലാം ക്ലാരയെക്കുറിച്ച്‌ ഓര്‍മ്മകള്‍ പങ്കിട്ടു. ക്ലാരയുടെ അകാലത്തിലുള്ള വിയോഗം വലിയ നഷ്ടമാണെന്ന്‌ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഉദീരണം നടത്തി. ക്ലാരയോട്‌ ഒരിക്കല്‍ പോലും സംസാരിച്ചു കണ്ടിട്ടില്ലാത്ത ഫിലിപ്പിന്‍സ്‌ സ്വദേശി സിസിലിയ ഈറനണിഞ്ഞാണ്‌ പറഞ്ഞ്‌ നിര്‍ത്തിയത്‌.

പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ ശാസ്ത്രം പഠിപ്പിക്കുന്ന ദിലീപിനെ കണ്ടു. പാന്‍ട്രിയില്‍ പോയി ചായ ഉണ്ടാക്കി. ചായ കുടിക്കുമ്പോള്‍ ദിലീപ്‌ ചോദിച്ചു.

"ക്ലാരയുടെ മരണം അപകടമയിരുന്നോ, അതോ ആത്മഹത്യയോ?"

അങ്ങനെയൊരു സംശയം അനിലിന്‌ അതുവരെ ഉണ്ടായിരുന്നില്ല. ഇതിനാര്‍ക്കാണ്‌ ഉത്തരം പറയാനാവുക. ക്ലാരക്കല്ലാത്‌ ; ഒരു പക്ഷേ നിര്‍ത്താതെ ഓടിച്ചു പോയ ആ ട്രക്ക്‌ ഡ്രൈവര്‍ക്ക്‌ അറിയാമായിരിക്കാം. പെട്ടെന്ന്‌ താഴ്‌ വരയില്‍ നിന്നും ഒരു പൊടിക്കാറ്റ്‌ ഉയര്‍ന്നു.അത്‌ കോളേജിന്റെ പൊക്കത്തില്‍ വളര്‍ന്ന്‌ മുകളിലുള്ള വെള്ളമേഘങ്ങളെ പാതിയില്‍ മറച്ചു. കാലാവസ്ഥ മാറുമ്പോഴാണ്‌ ഇത്തരം പൊടിക്കാറ്റുകള്‍ ഉണ്ടാവുക.

ദിലീപ്‌ മൂന്നാം നിലയില്‍ നിന്ന്‌ താഴെ പാര്‍ക്കിങ്ങ്‌ സ്ഥലത്തേക്ക്‌ നോക്കി. ക്ലാര സ്ഥിരമായി അവളുടെ പജെറൊ പാര്‍ക്ക്‌ ചൈയ്തിരുന്നത്‌ വടക്ക്‌ വശത്തെ വേപ്പ്‌ മരത്തിന്റെ തണലിലായിരുന്നു. ദിലീപ്‌ ഓര്‍ത്തു പോയി; ഒരു പാതി രാത്രിയില്‍ വീടിന്റെ താഴെ വണ്ടി പാര്‍ക്ക്‌ ചെയ്തതിനു ശേഷം മദ്യപാനം നിര്‍ത്തുന്നതിനു മുമ്പായി ബാക്കിയുള്ളതു ദാനം ചെയ്യാന്‍ വന്നതാണെന്നു ക്ലാര പറഞ്ഞത്‌; വേണ്ടായെന്നെ പറഞ്ഞപ്പോള്‍ മുകളിലേക്ക്‌ കയറിവരുമെന്ന്‌ പറഞ്ഞത്‌

"ഏന്തേ അങ്ങനെ പറയാന്‍? ഞാന്‍ അറിഞ്ഞടത്തോളം അത്ര ദുര്‍ബ്ബലയായിരുന്നില്ല , ക്ലാര" അനില്‍ സംശയിച്ചു.

ദിലീപ്‌ തുടര്‍ന്നു.

" സോഹാറില്‍ അവള്‍ക്കൊരു പുതിയ സുഹൃത്തുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായ ബന്ധം; ഈജിപ്തുകാരനായ അമീര്‍ ബുറാനി."

" അമീര്‍ വിവാഹിതനയിരുന്ന കാര്യം ക്ലാരയില്‍ നിന്നും മറച്ചുവെച്ചു. ഭാര്യയും കുട്ടിയും അമീറിനെ തേടി കഴിഞ്ഞയാഴ്ച സോഹാറിലെത്തി. അതവളെ എങ്ങനെ ബാധിച്ചു എന്നറിയില്ല."

ക്ലാര ഒരിക്കില്‍ അമീറിനെ പരിചയപ്പെടുത്തിയത്‌ അനിലിന്‌ ഓര്‍മ്മവന്നു. അവളുടെ നിരവധി സുഹൃത്തുക്കളില്‍ ഒരാള്‍; അങ്ങനയെ കരുതിയിരുന്നുള്ളു. നാളെ മുതല്‍ മുന്നാം നമ്പര്‍ മേശയില്‍ പഠിപ്പിക്കാനുള്ള നോട്ടുകള്‍ കുത്തിക്കുറിക്കുവാന്‍ ക്ലാര ബെനലൊവ്‌ ഉണ്ടാവില്ല. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ മറ്റൊരു ടീച്ചര്‍ വരും. ക്ലാരയെക്കുറിച്ചുള്ള സാക്ഷ്യങ്ങള്‍ കുറച്ചു കാലംകൂടി തുടര്‍ന്നേക്കും. വന്നതും വരാനിരിക്കുന്നതുമായ തന്റെ ചരിത്രങ്ങളെക്കുറിച്ചുള്ള സിസിലിയ ടീച്ചര്‍ പറയുന്ന ചെറുകഥകള്‍ ക്ലാരയുടെ അരൂപി കേട്ടു ഞടുങ്ങും. അയാള്‍ക്ക്‌ ചിരിവന്നു. ദിലീപ്‌ കാണാതെ അത്‌ മായ്ചുകളഞ്ഞു.

ബെറ്റ്ന ഹൈവേയില്‍ നിന്ന്‌ വലത്തേക്കു കാറടെത്തു. അമീറിന്റെ ആപ്പിസില്‍ നിന്നും അയാളുടെ മേല്‍വിലാസം സംഘടിപ്പിക്കുവാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വന്നു. രണ്ടാമത്തെ റൌണ്ടബൌട്ട്‌ കഴിഞ്ഞാല്‍ ഒരു പെട്രോള്‍ ബങ്ക്‌, അതായിരുന്നു അടയാളം. ഇരുനില കെട്ടിടത്തിന്റെ മുകളിലായിരുന്നു അമീറിന്റെ വാസം.അഴുക്കിന്റെ അടരുകള്‍ ഗോവണിയുടെ കൈവിരികളില്‍ പൂപ്പലുകളായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ക്ലാര പലവുരു നടന്നുപോയ ഇടനാഴി കടന്ന്‌ അമീറിന്റെ വാതിലില്‍ മുട്ടി. അയാള്‍ അനിലിന്റെ മുഖം ഓര്‍ത്തെടുത്തു.

"ഇരിക്കൂ" അയാള്‍ പറഞ്ഞു.

അകത്ത്‌ കാല്‍പ്പെരുമാറ്റം കേട്ടു. ആമുഖത്തിനു തെരയാതെ, അനില്‍ ചോദിച്ചു.

"ബെറ്റ്ന ഹൈവേയില്‍ ക്ലാരയെത്തണമെന്നുണ്ടെങ്കില്‍ ഇവിടെ നിന്ന്‌ അല്ലെങ്കില്‍ ദുബായില്‍ നിന്ന്‌ തിരിച്ചുവരുന്ന വഴിയാവണം. പുലര്‍ച്ചെ, ക്ലാര അമീറിനെ കാണാന്‍ വന്നിരുന്നോ?"

"വന്നിരുന്നു, പക്ഷേ കണ്ടില്ല. ക്ലാര രണ്ടു തവണ കോളിങ്ങ്‌ ബെല്‍ അടിച്ചിരുന്നു.. പലവട്ടം ഫോണില്‍ ശ്രമിച്ചിരുന്നു. കതക്‌ തുറന്നില്ല . ഒരു മണിക്കൂര്‍ കഴിഞ്ഞാണ്‌ അവളുടെ കാര്‍ താഴെനിന്നു പോയത്‌.."

അമീര്‍ ഏറ്റുപറഞ്ഞ്‌ രഹസ്യപ്പെട്ടു. വീടിന്റെ ഭിത്തിയില്‍ മണല്‍ കാറ്റ്‌ ഇരമ്പിയടിക്കുന്ന ഒരു ഛായാചിത്രം ഉണ്ടായിരുന്നു. മണല്‍കാറ്റിനു നടുവില്‍ ഒറ്റ ഈന്തല്‍മരം. അതിന്റെ പിന്നില്‍, വന്യതകളില്‍ ഉറഞ്ഞുപോയ പൊടിക്കൂന.

അമീറിനോട്‌ യാത്ര പറഞ്ഞിറങ്ങി. വഴിവക്കിലെ കടയില്‍നിന്നും ഒരു കുപ്പിവെള്ളം വാങ്ങി. തല പെരുക്കുന്നുണ്ടായിരുന്നു. ഇനി രണ്ട്‌ മണിക്കൂര്‍ ഡ്രൈവ്‌ ചെയ്യണം താമസ സ്ഥലത്തെത്താന്‍. സ്പീഡ്‌ കുറവുള്ള ട്രാക്ക്‌ തെരെഞ്ഞെടുത്ത്‌, കണ്ണുകള്‍ ഇറുകെ ചിമ്മിത്തുറന്ന്‌ അയാള്‍ കാര്‍ പായിച്ചു.

ശവസംസ്കാരത്തിന്‌ ചെറിയ ഒരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. സഹാദ്ധ്യാപകര്‍, കുറച്ചു കുട്ടികള്‍, ഏതാനും സുഹൃത്തുക്കള്‍. അനില്‍ അമീറിനെ തെരഞ്ഞു. അയാള്‍ അസ്പത്രിയില്‍ നിന്ന്‌ മടങ്ങിപ്പോയെന്ന്‌ ദിലീപ്‌ പറഞ്ഞു.

പൂക്കള്‍ വിരിച്ച്‌ ശവമഞ്ചം. അച്ചന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലി." മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക്‌ മടങ്ങുന്നു." വിധി ദിനത്തില്‍ ആത്മാവ്‌ ദൈവത്തിലെത്താന്‍ അശീര്‍വദിച്ചു. ശവം കുഴിയിലേക്ക്‌ ഇറക്കി. കല്ലറ സ്ലാബിട്ട്‌ മൂടി. കല്ലറയുടെ തലയ്ക്കല്‍ മാര്‍ബിള്‍ പാളിയില്‍ ക്ലാര ബെനലൊവിന്റെ അത്മാവ്‌ ഇവിടെ ഉറങ്ങുന്നു എന്നെഴുതിയിരുന്നു.അതിനു താഴെ ജനനമരണതീയ്യതികള്‍ രേഖപ്പെടുത്തിയിരുന്നു.

വൈകിട്ട്‌ ബാറില്‍ ഒറ്റക്കിരിക്കുമ്പോള്‍ അനില്‍ ദിലീപിനെ വിളിച്ചു. ഓര്‍ഡര്‍ എടുക്കാന്‍ വന്ന മലയാളി പെണ്‍കുട്ടി- സമീറ അനിലിനോട്‌ വിവരിച്ചു.

"അപകടത്തില്‍ മരിച്ച ടീച്ചര്‍ മാഷിന്റെ കൂടെ ഇവിടെ വന്നതെനിക്കോര്‍മ്മയുണ്ട്‌. പാവം. അസ്പത്രിയില്‍ എന്റെ അനുജത്തിയാണ്‌ അവരെ പൊതിഞ്ഞെടുത്തത്‌."

അയാള്‍ അവളെ പ്രോത്സാഹിപ്പിച്ചില്ല. അയാളുടെ താത്പര്യക്കുറവ്‌ മനസ്സിലാക്കി ഓര്‍ഡര്‍ ചെയ്ത വോഡ്ക എടുക്കുവാനായി അവള്‍ അകത്തേക്ക്‌ പോയി.

ഓര്‍മ്മയില്‍ നിന്നുണര്‍ത്തി ഫോണ്‍ ശബ്ദിച്ചു. നാട്ടില്‍ നിന്ന്‌ മകളാണ്‌.

"ഏന്താ അച്ഛാ വിളിക്കതിരുന്നത്‌" മകള്‍ കൊഞ്ചി. അയാള്‍ മരണത്തെക്കുറിച്ചും മരിച്ചടക്കിനെക്കുറിച്ചും പറഞ്ഞു. സംസാരം കഴിഞ്ഞപ്പോള്‍ ദിലീപ്‌ എത്തിച്ചേര്‍ന്നിരുന്നു.

" അത്‌ അപകടം തന്നെയാണെന്ന്‌ വന്നവരെല്ലാം പറയുന്നു" ദിലീപ്‌ പ്രതികരണത്തിന്‌ കാത്തു.

അനില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അമീറിന്റെ തിരസ്കാരം, ബെറ്റ്ന ഹൈവേ, ഗ്ലോബ്‌ റൌണ്ട്‌, അഞ്ചോ ആറോ പെഗ്ഗിന്റെ ലഹരി. പടിഞ്ഞാറുനിന്നു വരുന്ന ട്രക്ക്‌. ക്ലാര പറയാന്‍ ബാക്കി വെച്ച്‌ പോയതെന്താവം. അയാള്‍ ദിലീപിന്‌ നോക്കാതെ സമീറ കൊണ്ടു വന്നു വെച്ച വോഡ്കയിലേക്ക്‌ മുഖം പൂഴ്ത്തി.

.

Subscribe Tharjani |