തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

അരക്ഷിതകാലത്ത് മോഷ്ടിക്കപ്പെടുന്ന ഐഡന്റിറ്റിയുടെ രാഷ്ട്രീയം

കെ.വി പ്രവീണിന്റെ പ്രച്ഛന്നവേഷത്തിന്റെ വായന

എല്ലാം ഇന്‍ഫര്‍മേഷന്‍ വഴി തെളിയിക്കപ്പെടേണ്ട ഒരു സംവിധാനത്തില്‍ ഒരാളുടെ ഐഡന്‍ഡിറ്റി നിശ്ചയിക്കുന്നതെന്ത്? ചില നമ്പറുകളും കോഡുകളും മാത്രമാണോ അരുണ്‍ വിശ്വനാഥന്‍? പുതിയ കാലഘട്ടത്തിന്റെ സാമുഹ്യതയോട് ഗൗരവവമായ ചോദ്യങ്ങള്‍ ചോദിക്കുക അനിവാര്യമാകുന്നു. സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളര്‍ച്ച ലോകത്തെ നയിക്കുന്നത് സൗകര്യങ്ങളുടം പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കാണെങ്കിലും അതിനകത്തു ഉരുണ്ടുകൂടുന്ന അപമാനവീകരണത്തിന്റെയും സന്ദിഗ്ധതകളുടെയും പ്രശ്നങ്ങള്‍ ഇവയെ വായിക്കുന്നതിന് പുതിയൊരു കാഴ്ചപ്പാട് ആവശ്യപ്പെടുന്നു. സാങ്കേതികവിദ്യ വളരുമ്പോഴും സാമ്പത്തികമാന്ദ്യത്തെ നേരിടുന്നതിന് പുതിയ മാനുഷികസമീപനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ആവശ്യമാകുന്നതെന്ന തിരിച്ചറിവ് ലോകരാഷ്ട്രങ്ങളിലാകെ പടരുന്ന സാഹചര്യത്തില്‍ തെരുവില്‍ ഉരുവംകൊള്ളുന്ന രാഷ്ട്രീയവസന്തങ്ങള്‍ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളുടെ ദിശയിലാണ് നാം സൂക്ഷിച്ചുനോക്കേണ്ടത്. ഈ നോട്ടത്തിലേക്കുള്ള ഒരാമുഖമാണ്, മലയാളനോവൽ പുതുകാലത്തിന്റെ സങ്കീർണതകളെ ഉൾപ്പേറേണ്ടതുണ്ടെന്ന വസ്തുതയാണ് കെ. വി. പ്രവീണിന്റെ പ്രച്ഛന്നവേഷം എന്ന നോവല്‍ പറയുന്നത്. കംപ്യൂട്ടറിന്റെ മുന്നിലെ കുറച്ച് അക്കങ്ങളും കോഡുകളുമായി മനുഷ്യനെ നിര്‍വ്വചിക്കുന്ന കാലത്ത് അതിന്നപ്പുറം മനുഷ്യന് ഒരു അസ്തിത്വവും ചരിത്രവും സാമുഹ്യതയുമുണ്ടെന്നു അടയാളപ്പെടുത്തേണ്ടത് ഇന്നിന്റെ ആവശ്യമാകുന്നവെന്ന വിളിച്ചു പറയലാണ് ഈ നോവല്‍ നിര്‍വ്വഹിക്കന്ന ധര്‍മ്മം. മലയാളനോവലിലെ അടയാളപ്പെടുത്തേണ്ടുന്ന പുതുമകളായി ഇതിനെ പറയേണ്ടതുണ്ട്. വിശേഷിച്ചും, സാമ്പത്തികമാന്ദ്യത്തിൽ ലോകമാകെ ഉലഞ്ഞപ്പോഴും നമ്മുടെ സാഹിത്യഭാവനകളൊന്നും അതിനെപ്പറ്റി കാര്യമായി ഉത്കണ്ഠപ്പെട്ടില്ലെന്ന യാഥാർത്ഥ്യം മുന്നിലിരിക്കെ.

മോഷ്ടിക്കപ്പെടുന്ന ഐഡൻഡിറ്റി
അമേരിക്കയിലെ പ്രവാസികളായ ഏഷ്യക്കാരുടെയും മറ്റും അറിയപ്പെടാത്ത ജീവിതത്തെയും അവരുടെ മേൽ ഭരണകൂടം നടത്തുന്ന നോട്ടങ്ങളെയും പകർത്തിയ ഡിജാന്‍ ലീ എന്ന നോവലിനുശേഷം പ്രവീണെഴുതിയ നോവലാണ് പ്രച്ഛന്നവേഷം. അമേരിക്കയില്‍ കുടിയേറി അവിടത്തെ സാമൂഹ്യതയില്‍ ലയിച്ചുചേര്‍ന്ന അദ്ധ്യപകനും ചരിത്രകാരനുമായ വിശ്വനാഥന്റയും ലളിതയുടെയും കുടുംബത്തിന്റെയും മകന്‍ അരുണ്‍ വിശ്വനാഥന്റെയും കഥയാണ് ഈ നോവല്‍. മറ്റൊരര്‍ത്ഥത്തില്‍ അരുണ്‍ വിശ്വനാഥന്റെ കഥയാണ് നോവലെന്നും പറയാം. അരുണിനെപ്പോലെ ജീവിക്കുന്ന അനധികൃതകുടിയേറ്റക്കാരിയായ ജൂലിയുടെയും. അമേരിക്കയിലെ സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍, തൊഴിലില്ലായ്മയുടെ ഇരുണ്ടഘട്ടത്തില്‍ അരുണിനെപ്പോലുള്ളവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് ഇതിന്റെ ഇതിവൃത്തം. യഥേഷ്ടം ശമ്പളമുള്ള, വലിയ കമ്പനികളിലെ ജോലികളുമായി വളരെക്കാലം ജീവിച്ച് ക്രഡിറ്റ് കാര്‍ഡുകളിലൂടെ ജീവിതം ആഘോഷിച്ച അമേരിക്കയിലെ തലമുറ പെട്ടെന്ന് ഒരു ദിവസം തൊഴിൽനഷ്ടമായി തുച്ഛമായ ശമ്പളമുള്ള ജോലികളിലേക്ക് പറിച്ചെറിയപ്പെട്ട അരക്ഷിതാവസ്ഥയില്‍ അവര്‍ക്ക് മുന്നില്‍ പ്രതിബന്ധമാകുന്നത് അവരുടെ ക്രഡിറ്റ് കാര്‍ഡും അതിലൂടെ സൃഷ്ടിക്കപ്പെട്ട പുതിയ സംസ്കാരവും ജീവിതരീതിയുമാണ്. ഓഹരിവിപണിയിലെ ജോലി നഷ്ടമായി ഒരു കാര്‍വില്പന കമ്പനിയിലെ ചെറിയ ജോലിയിലേക്കു വന്നപ്പോഴാണ് അരുണിന്റെ ക്രഡിറ്റ് കാര്‍ഡ് വില്ലനാകുന്നത്.

മുപ്പതാം വയസിലേക്കു പ്രവേശിച്ച ദിവസം തന്റെ ക്രഡിറ്റ് കാര്‍ഡ് പരിശോധിച്ച അരുണിന് കിട്ടിയ സന്ദേശം താനറിയാത്ത ഒരു ഹോട്ടലില്‍ വലിയ തുക കടം വന്നതാണ്. ഭാരിച്ച ആ തുകയുടെ പിന്നാലെ പോയി അതിന്റെ വസ്തുതകളിലേക്ക് അരുണ്‍ ഊളിയിട്ടിറങ്ങുന്നു. താന്‍ ചെയ്യാത്ത ഇടപാടുകള്‍ തന്റെ മേല്‍ ബാദ്ധ്യതയായി വന്നുകയറുന്നതോടെ അരുണ്‍ ക്രഡിറ്റ് കാര്‍ഡ് കാന്‍സല്‍ ചെയ്യാന്‍ നിര്‍ബ്ബന്ധിതനാകുന്നു. എന്നാല്‍ തനിക്ക് ജോലിചെയ്യുന്ന സ്ഥാപനം നല്കിയ ക്രഡിറ്റ് കാര്‍ഡില്‍നിന്നും ഇതേ രീതിയില്‍ വന്‍തുക ബാദ്ധ്യതവന്നു എന്ന അറിവും താന്‍ അപേക്ഷിച്ച പുതിയ ക്രഡിറ്റ് കാര്‍ഡ് തനിക്കു ലഭിച്ചില്ല എന്ന തിരിച്ചറിവും അരുണിനെ വല്ലാതെ സംഘര്‍ത്തിലാക്കുന്നു. പോസ്റ്റോഫീസില്‍ ചെല്ലുമ്പോള്‍ തനിക്കു ലഭിക്കേണ്ടിയിരുന്ന കാര്‍ഡ് മറ്റൊരാള്‍ കൊണ്ടുപോയിരിക്കുന്നു എന്ന വിവരമാണ് അരുണിന് കിട്ടുന്നത്. തന്റെ പ്രശ്നം ഐഡന്‍ഡിറ്റി തെഫ്റ്റാണെന്ന് അരുണ്‍ അറിയുന്നു. അതോടെ തനിക്കുപിന്നില്‍ ആരോ ഉണ്ടെന്ന തിരിച്ചറിവില്‍ അതിനെ നേരിടാന്‍ അരുണ്‍ തയ്യാറാകുന്നു. ഇതെല്ലാം അരുണ്‍ ജൂലിയുമായി പങ്കുവയ്ക്കുന്നു. അരുണ്‍ അനുഭവിക്കുന്ന ഇത്തരം സംഘര്‍ഷങ്ങളിലൂടെയാണ് അവളും കടന്നുപോകുന്നത്. അരുണ്‍ ആദ്യം ചെയ്യുന്നത് പോലീസില്‍ പരാതി നല്കുകയാണ്. എന്നാല്‍ അമേരിക്കയില്‍ ഇത്തരം പരാതികള്‍ സാമ്പത്തികമാന്ദ്യത്തോടെ പെരുകുന്നതിനാല്‍ പോലീസിന്റെ നിസ്സഹായതയാണ് പ്രകടമാകുന്നത്. എന്നാല്‍ സ്വയം അന്വേഷണം നടത്താം എന്ന പോലീസിന്റെ നിര്‍ദ്ദേശം അരുണ്‍ ഉപയോഗിക്കുന്നു. പോസ്റ്റോഫീസില്‍ നിന്ന് ലഭിച്ച തന്റെ പാര്‍സല്‍ കൊണ്ടുപോയ ആളിന്റെ ഫോണ്‍ നമ്പര്‍ അരുണിന് പിടിവള്ളിയാകുന്നു. ഇതിനിടെ അരുണ്‍ ബാദ്ധ്യതവരുത്തിവച്ച കമ്പനി അരുണിനെ ഗുണ്ടകളെ ഉപയോഗിച്ച് വേട്ടയാടുന്നു. അതില്‍നിന്ന് രക്ഷപ്പെടുന്ന അരുണ്‍ തന്റെ പിന്നിലെ ആളിനെ തപ്പി വാള്‍നട്ട് സ്ട്രീറ്റിലേക്കു തിരിയുന്നു. തന്റെ ഇപ്പോഴത്തെ ജോലിയും അരുണിന് നഷ്ടപ്പെടുന്നതോടെ അയാളുടെ ഒരേയൊരു ലക്ഷ്യം അതുമാത്രമാകുന്നു. എന്നാല്‍ അവിടെവച്ച് തന്റെ എതിരാളിയായ വള്‍ഫിനെ കണ്ടെത്തിയെങ്കിലും അയാളുടെ ആക്രമണത്തില്‍ അരുണ്‍ പരാജയപ്പെടുന്നു. എന്നാല്‍ പോലീസ് അവരെ അറസ്റ്റുചെയ്യുകയും കോടതി അവരെ ശിക്ഷിക്കുകുയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് ജൂലിയെ അരുണ്‍ കണ്ടുമുട്ടുന്നതും അവളോട് അടുപ്പമുണ്ടാകുന്നതും.

ഐഡന്ററ്റി തെഫ്റ്റ് എന്ന നവീനമായ ആശയത്തിലൂന്നി കുറ്റാന്വേഷണ രൂപത്തിലാണ് നോവല്‍ കഥ പറയുന്നത്. കുറ്റാന്വേഷണത്തിന്റെ ഘടനയും ഉള്ളടക്കവും നോവലിന്റെ ഇതിവൃത്തത്തിലെ സാദ്ധ്യതകളെ പരിമിതപ്പെടുത്തുന്നതായി കാണാം. എന്നാല്‍ അരുണിന്റെ കഥയുമായി ബന്ധപ്പെട്ടുവരുന്ന നിരവധി ഇഴകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. അരുണിന്റെ കഥയെ മുഖ്യമാക്കി മൂന്നു ഇഴകളെ ബന്ധിപ്പിച്ചുകൊണ്ടാണ് നോവല്‍ വികസിക്കുന്നത്.

ക. അരുണിന്റെ പിതാവ് വിശ്വനാഥന്റെയും അമ്മ ലളിതയുടെയും കഥയാണ്. ചരിത്രാദ്ധ്യാപകനായ അദ്ദേഹത്തിന്റെ അമേരിക്കന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള ചരിത്രധാരണകള്‍ നോവലിന് സവിശേഷമായൊരു തലം നല്കുന്നുണ്ട്.
ഖ. ജൂലി എന്ന അരുണിന്റെ കാമുകിയുടെ കഥ. അവരും അരുണിനെപ്പോലെ അരക്ഷിതയാണ്. അവള്‍ അനധികൃത കുടിയേറ്റക്കാരിയാണ്. പ്രണയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ഇടയില്‍ അവള്‍ ആടിയുലയുന്നു.
ഗ. അമേരിക്കയലെ സാമ്പത്തികമാന്ദ്യത്തിന്റെ അടിയൊഴുക്കുകള്‍.

ക്രഡിറ്റ് കാർഡിന്റെ രാഷ്ട്രീയം

ഉത്തരാധുനികമായ അമേരിക്കന്‍ സാമുഹ്യഘടനയാണ് കഥയുടെ ഭൂമിക. ആഗോളവല്കരണത്തിന്റെയും നവലിബറലിസത്തിന്റെയും വ്യവസായാനന്തര സമൂഹത്തിന്റെയും പുതിയ തേച്ചുമിനുക്കിയ മുഖമാണ് ക്രഡിറ്റ് കാര്‍ഡുകളും അതുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ചെടുക്കപ്പെടുന്ന, വ്യക്തികളെ കുറച്ച് അക്കങ്ങളാക്കുന്ന സാമ്പത്തിക- സാമൂഹികഘടനയും. കംപ്യൂട്ടര്‍വല്‍കൃതമായ ഡിജിറ്റല്‍സമൂഹത്തില്‍ വ്യക്തികള്‍ അതിന്റെ ചിട്ടകള്‍ക്കു വഴങ്ങുന്ന ചലിക്കുന്ന പാവകളോ ഡിജിറ്റല്‍ സ്വത്വങ്ങളോ ആയിമാറുന്നു. ആധുനികതയുടെ സാമുഹികരൂപങ്ങളെല്ലാം അസ്തമിക്കുന്നു. പ്രകടമായി നാം നടത്തിയ ഇടപാടുകളും ബന്ധങ്ങളും ശാരീരികസമ്പര്‍ക്കങ്ങളും, എന്തിന് പ്രണയം, ലൈംഗികത പോലുള്ളവയും ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ സാദ്ധ്യതകളിലേക്ക് കൂടുമാറുന്നു. യാഥാര്‍ത്ഥ്യം എന്ന ആധുനികസങ്കല്പം അപ്രത്യക്ഷമാവുകയും ഡിജിറ്റല്‍കാലത്തെ പ്രതീതിയാഥാര്‍ഥ്യം യാഥാര്‍ത്ഥ്യത്തിന്റെ ഭീമാകാരമായ അനുഭവമായി നമ്മെ നയിക്കുകുയും ചെയ്യുന്നു. പകര്‍പ്പുകളുടെ സാദ്ധ്യത ഒറിജിനാലിറ്റിയെന്ന കാഴ്ചപ്പാടിനെ ഉലയ്ക്കുകയും ആധികാരികതപോലുള്ള ആശയങ്ങളെ നിര്‍വ്വീര്യമാക്കുകയും ചെയ്യുന്നു.

എല്ലാം കുറച്ചു കമ്പനികളുടെ ഉല്പന്നങ്ങളായി മാറുകയും വിപണിയിലെ സാദ്ധ്യതകളും ആഹ്ലാദങ്ങളുമായി ജീവിതം പരിവര്‍ത്തിക്കപ്പെടുന്നു. ഇവിടെയാണ് ക്രഡിറ്റ് കാര്‍ഡ് ഒരു രാഷ്ട്രീയമായി മാറുന്നത്. എല്ലാ വാങ്ങല്‍ വില്ക്കല്‍ ശേഷിയുടെയും അടിസ്ഥാനഘടകമാണ് ക്രഡിറ്റ് കാര്‍ഡ്. പഴയകാലത്തെ കടം സങ്കല്പം അത്ര നല്ലതല്ലാത്ത ഒന്നായിരുന്നെങ്കില്‍, അഥവാ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം നടത്താവുന്ന ഒന്നായിരുന്നെങ്കില്‍, ഇന്നത് ജീവിതത്തിന്റെ അടിസ്ഥാനചോദനയാകുന്നു. അതിലൂടെ ഏതാനും കാര്‍ഡുകളിലേക്ക് ജീവിതം മാറുന്നു. കൈയില്‍ പണം കരുതുന്ന ഏര്‍പ്പാട് കൈയില്‍ കാര്‍ഡ് കരുതുന്ന വ്യവസ്ഥയിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നു. ഈയൊരു സാമുഹ്യവ്യവസ്ഥിതിയുടെ വിമര്‍ശനമോ ആഴത്തിലുള്ള പരിശോധനയോ അല്ല നോവല്‍ നിര്‍വ്വഹിക്കുന്നത്. മറിച്ച്, മാറുന്ന ആഗോളസമൂഹത്തെ അതിന്റെ വര്‍ത്തമാനകാലസന്ധികളിലൂടെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ക്രഡിറ്റ് കാര്‍ഡുകളും മറ്റും സൃഷ്ടിക്കുന്ന തട്ടിപ്പുകളും മറ്റും ചൂണ്ടിക്കാണിച്ച് ബദല്‍ നിര്‍ദ്ദേശിക്കുകയോ പിന്മടക്കം നടത്തുകയോ അല്ല നോവലിന്റെ ദൗത്യം. മറിച്ച്, മനുഷ്യജീവിതത്തിലെ പ്രതിസന്ധികള്‍ എങ്ങനെ മനുഷ്യര്‍ തരണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയാണ്. പുതിയകാലജീവിതത്തെ മനുഷ്യരെങ്ങനെ നേരിടുന്നുവെന്നത് ആഖ്യാനിക്കുകയാണ്. ഇത്തരത്തിലുള്ള സാമൂഹികപരിവര്‍ത്തനങ്ങളെല്ലാം സംഭവിക്കുന്നത് ഒരു ഉന്നതകേന്ദ്രത്തിലെ അജണ്ടയെന്ന നിലയിലല്ല. മറിച്ച്, പലവിധ പ്രക്രിയകളിലൂടെ പലയിടത്തുകൂടി ഉരുവംകൊള്ളുന്ന പ്രക്രിയയെന്ന നിലയിലാണ്. പലതലത്തിലുള്ള സങ്കീര്‍ണമായ ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും ഏറ്റുമുട്ടലാണ് ഇവിടെ നടക്കുന്നത്. അതിനാല്‍ ആഗോളീകരണത്തെക്കുറിച്ചുള്ള സാമ്പ്രദായികവിമര്‍ശനകാഴ്ചപ്പാടില്‍ നിന്നോ ഭൂതകാലരതി നിറഞ്ഞ സാമൂഹികകാഴ്ചപ്പാടില്‍ നിന്നോ ഈ മാറ്റങ്ങളെ മനസ്സിലാക്കുക അസാദ്ധ്യം. വികസിതരാജ്യമായ അമേരിക്കയിലെ പുതുതലമുറ ജീവിതത്തിന്റെ അടിയൊഴുക്കുകളില്‍ ചിലതിനെ സവിശേഷമായി തൊടുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

സാമ്പത്തികമാന്ദ്യം പറഞ്ഞത്

ആഗോള സാമ്പത്തികമാന്ദ്യം ഒരു സുനാമി തന്നെയായിരുന്നു. അമേരിക്കയിലെ ജീവിതത്തെ അത് മുച്ചൂടും അരക്ഷിതമാക്കി എന്ന പരാമര്‍ശത്തോടെയാണ് നോവല്‍ തുടങ്ങുന്നതുതന്നെ. ഡിപ്രഷന്‍ പാനിക് ഇക്കണോമിക് ബബിള്‍, ഫ്രീമാര്‍ക്കറ്റ്, സപ്ലൈ ആന്‍ഡ് ഡിമാന്റ്, ഇന്‍ഫ്ലേഷന്‍, ഡിഫ്ലേഷന്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ സ്കൂള്‍ കുട്ടികള്‍പോലും അനായാസമെടുത്ത് പെരുമാറിത്തുടങ്ങിയിരുന്നു. റിസഷനും മാറിമാറിവരുന്ന സാമ്പത്തിക സംക്രമണങ്ങളും സപ്ലൈ ഡിമാന്‍ഡ് അസന്തുലിതാവസ്ഥ നിലനില്ക്കുന്ന ഒരു ലോകത്തില്‍ സാധാരണമാണെന്ന് മാര്‍ക്കറ്റ് ഇക്കോണമി പഠിച്ച ചില സുഹൃത്തുക്കള്‍ അരുണിനെ ആശ്വസിപ്പിച്ചു ( പു. 10). കടുത്ത സാമ്പത്തികമാന്ദ്യം കടപുഴക്കുന്നത് തൊഴില്‍മേഖലയെയാണ്. അതിന്റെ ഇരയാണ് അരുണ്‍. സ്റ്റോക്ക് എക്സേഞ്ചിലെ ജോലി അരുണിന് നഷ്ടമാകുന്നു. പിന്നെ വളരെ തുച്ഛമായ കൂലിക്ക് വാഹനവില്പന സ്ഥാപനത്തില്‍ കയറേണ്ടിവന്നു. അയാളുടെ ജീവിതത്തിലെ ചെലവുകള്‍ വല്ലാതെ ചുരുങ്ങുന്നു. ക്രഡിറ്റ് കാര്‍ഡുതന്നെ വല്ലപ്പോഴും ഉപയോഗിക്കുന്ന അവസ്ഥയിലേക്കു വരുന്നു.

രണ്ടുദിവസം പഴക്കമുള്ള ഉണക്കറൊട്ടിയും കാപ്പിയുമായി അയാള്‍ സോഫയില്‍ വന്നിരുന്ന് ടെലിവഷന്‍ ഓണ്‍ചെയ്തു. പ്രാതലിന്റെയും പ്രഭാതവാര്‍ത്തകളുടെയും അരുചി പരസ്പരം റദ്ദാക്കാനുള്ള വിദ്യയാണിത്. ടെലിവിഷനില്‍ സാമ്പത്തികപ്രതിസന്ധി നേരിടാനുള്ള സര്‍ക്കാരിന്റെ ബഹുമുഖനടപടികള്‍. പ്രചരണങ്ങള്‍. പക്ഷേ രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം തലേന്നത്തേതുമായി ദശാംശങ്ങളുടെ മാത്രം വ്യത്യാസത്തില്‍ ആപല്‍ക്കരമായി തുടര്‍ന്നു (പു. 11). ജീവിതം അരക്ഷിതമാകുന്നതിന്റെ രാഷ്ട്രീയമാണ് ഇവിടെയല്ലാം അരുണിലൂടെ നോവല്‍ സംസാരിക്കുന്നത്. ഇതിന്റെ മറ്റൊരു രൂപമാണ് ഐഡന്‍ഡിറ്റി തെഫ്റ്റ്. സാമ്പത്തിക മാന്ദ്യം സാമ്പത്തികവും സാമൂഹികവുമായ തകര്‍ച്ചയാണെങ്കില്‍ സാങ്കേതികവിദ്യയുടെ ചൂഷണമാണ് ഈ മോഷണം. കംപ്യൂട്ടര്‍ സാങ്കേതികതയിലൂടെ ഒരാളുടെ ക്രഡിറ്റ് കാര്‍ഡ് വിവരം ചോര്‍ത്തിയെടുത്ത് അയാളായി ഈ മോഷ്ടാവ് മാറുന്നതിലൂടെ യഥാര്‍ത്ഥവ്യക്തി മായ്ചുകളയപ്പെടുന്നു. എന്നാല്‍ ഇതിന്റെ എല്ലാ പ്രശ്നങ്ങളും അയാള്‍ക്ക് അനുഭവിക്കേണ്ടിവരുന്നു. വൂള്‍ഫ്, അരുണിന്റെ ഐഡന്‍ഡിറ്റി സ്വന്തമാക്കുന്നതോടെ അയാളുടെ ക്രഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ ഭാരമെല്ലാം അരുണിലാണ് എത്തുന്നത്. ഭീകരമായ മര്‍ദ്ദനത്തിനുവരെ അരുണ്‍ ഇരയാകുന്നു. ഭരണകൂടത്തിനും പോലീസിനും ഒന്നും ചെയ്യാനാവത്ത അവസ്ഥ. സാമ്പത്തികമാന്ദ്യം സംഭവിക്കുന്നതോടെ ഭരണകൂടം തന്നെ അപ്രത്യക്ഷമായ അവസ്ഥയിലാകുന്നുവെന്നതാണ് വസ്തുത. അതിന്റെ സന്ധിബന്ധങ്ങളെല്ലാം അഴിയുന്നു. പൗരര്‍ തെരുവിലിറങ്ങുന്നു. പോലീസ് നിഷ്ക്രിയമാകുന്നു. സമാന്തരഭരണകൂടങ്ങളായി തട്ടിപ്പുകാരും അധോലോകവും പ്രത്യക്ഷമാകുന്നു. ഇവിടെയാണ് അരുണുമാരും ജൂലിമാരും പ്രതിസന്ധിയിലകപ്പെടുന്നത്. സിറ്റി ന്യൂസിൽ ആദ്യം ബ്രൂക്ലിൻ പാലത്തിൽവച്ച് വാൾസ്ട്രീറ്റ് ഉപരോധക്കാരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ. പിന്നെ കുറ്റ കൃത്യങ്ങളുടെ സായാഹ്ന ബുള്ളറ്റിൻ (പു. 142)... മാന്ദ്യകാലത്ത് അമേരിക്കൻ ജീവിതം മൊത്തത്തിൽ ഒരു ഐഡൻഡിറ്റി പ്രതിസന്ധിയിലാണെന്ന വസ്തുതയാണ് ഇവിടെ വിവരിക്കുന്നത്. ആർക്കുമാരെയും നിർവ്വചിക്കാനോ വിലയിരുത്താനോ ആകാത്ത കുഴപ്പം. ഈ സാമൂഹ്യസങ്കടത്തിന്റെ രാഷ്ട്രീയമാണ് വായിച്ചെടുക്കേണ്ടത്.

എന്താണ് സാമ്പത്തികമാന്ദ്യത്തിനു കാരണമെന്നും അതിനു പരിഹാരമെന്തെന്നും ചര്‍ച്ചചെയ്യുന്ന ഭാഗം നോവലിലുണ്ട്. അരുണ്‍ മറ്റൊരു ജോലിക്കായി പോകുമ്പോഴുള്ള അഭിമുഖമാണത്. ആഗോളവല്കരണത്തിന്റെ ഭാഗമായി സംജാതമായ അമിതോല്പാദനവും അതിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതിസന്ധിയുമാണ് ഇതിനുകാരണമെന്ന് അരുണ്‍ പറയുന്നു. വളര്‍ച്ച നിയന്ത്രിക്കപ്പെടണം. അതിനാല്‍ ഇതിന്റെ പരിഹാരം അരുണിന്റെ ഭാഷയില്‍ ഗ്രാമീണജീവിതമാണ്. കോൺക്രീറ്റുസൗധങ്ങളെല്ലാം ഉപേക്ഷിച്ച് പലക കൊണ്ടുള്ള കാബിന്‍പോലുള്ള വീട്ടില്‍ പച്ചക്കറിമാത്രം കഴിച്ച് അമിതമായ ആസക്തികളെല്ലാം വെടിഞ്ഞ് സന്യാസതുല്യമായ ഒരു ജീവിതം. തോറോവിന്റെ കിറുക്കന്‍ വനവാസം ഒരു സാദ്ധ്യതയായി മാത്രമാണ് അരുണ്‍ മുന്നോട്ടുവയ്ക്കുന്നത്. വലിയ പ്രതിസന്ധികളില്‍ അകപ്പെടുമ്പോള്‍ നമ്മുടെ പൊതുസമീപനം ഏതാണ്ട് ഇതേ രീതിയിലുള്ള പിന്മടക്കമാണ്. എന്നാല്‍ നോവലിലെ അരുണിന്റെ ജീവിതം ഈ മാതിരിയല്ല. നിലവിലുള്ള വ്യവസ്ഥയെ പാടേ മാറ്റിക്കൊണ്ട് രൂപംകൊള്ളുന്ന വ്യവസ്ഥയല്ല അരുണ്‍ സ്വപ്നം കാണുന്നത്. നിലവിലെ വ്യവസ്ഥയ്ക്കകത്തുതന്നെ പരിഹാരം കാണുകയാണ്. നോവല്‍ അടിസ്ഥാനപരമായി ഈ സാമ്പത്തികമാന്ദ്യഭൂമികയെ ഒരു പശ്ചാത്തലമെന്ന നിലയില്‍ മാത്രമാണ് പരിചരിക്കുന്നത്. അരുണിന്റെ ഐഡന്‍ഡിറ്റി അതിനു മീതേ വലിഞ്ഞുമുറക്കുപ്പെടുന്നു.

ചരിത്രത്തിലെ ഐഡൻഡിറ്റികൾ

ഐഡൻഡിറ്റി രണ്ടുരൂപത്തിലാണ് നോവലിൽ പ്രവർത്തിക്കുന്നതെന്നു കാണാം. ഒന്ന്, ഐഡൻഡിറ്റി തെഫ്റ്റെന്ന നിലയിൽ സാങ്കേതികവിദ്യയുടെ ചൂഷണമായി. രണ്ട്, പുതിയ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥകൾ ഉന്നയിക്കുന്ന പുരോഗതിയിൽ അമേരിക്കപോലുള്ള വിദേശരാജ്യത്ത് അരുണിനെയും ജൂലിയെയും പോലുള്ള അന്യർ അനുഭവിക്കുന്ന പ്രതിസന്ധിയെന്ന നിലയിൽ. ഇതിന്റെ ശക്തമായ അടയാളം ജൂലിയാണെന്നും നോവലിൽ ഒരിടത്തു പറയുന്നുണ്ട്. ജൂലി തന്റെ ഐഡൻഡിറ്റി വെളിവാക്കുന്ന അവസരങ്ങളിലെല്ലാം ഒഴിഞ്ഞുമാറിയിരുന്നു എന്ന പരാമർശത്തിൽ അതു സുവ്യക്തം. കുടിയേറ്റക്കാർ എപ്പോഴും അമേരിക്കയുടെ വെള്ളക്കാരബോധത്തിൽ ഒരുപടി താഴെ നില്ക്കുന്ന കുടിയേറ്റക്കാരാണ്. ഈ കുടിയേറ്റക്കാരുടെ സാമൂഹ്യജീവിതത്തിന്റെ രാഷ്ട്രീയമാണ് പ്രൊഫ. വിശ്വനാഥൻ പഠിക്കുന്നതും പഠിപ്പിക്കപ്പെടുന്നതും. അരികുപറ്റി കിടക്കുന്ന ചരിത്രത്തിന്റെ അസ്ഥികൂടങ്ങൾ പൊക്കിക്കൊണ്ടുവന്ന് ചരിത്രത്തെ വിചാരണ ചെയ്യുകയാണ് ഒരു ചിത്രകാരൻ ചെയ്യേണ്ടുന്ന ധർമ്മമെന്ന് വിശ്വസിക്കുന്ന വിശ്വനാഥൻ പറയുന്ന അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റക്കാരുടെ ചരിത്രം തന്നെ ഐഡന്റിറ്റി നഷ്ടമായ ഒരു ജനതയുടെ നിലവിളിയുടെ ആഖ്യാനമാണ്. 1907 ൽ വാഷിംഗ്ടണിലെ ബല്ലിംഗ്ഹാമിൽ ഇന്ത്യക്കാർക്കെതിരേ ആക്രമണമുണ്ടാവുകയും അവിടെ വർഷങ്ങളായി താമസിച്ച് ജീവിച്ചിരുന്ന ഇന്ത്യക്കാരെല്ലാം വംശഹത്യക്കിരയാകുകയും ചെയ്തിരുന്നു. ഇന്ത്യക്കാരെ അപരരാക്കി അവരെ നിരന്തരം പ്രവർജ്ജിക്കുന്ന വെള്ളക്കാരബോധത്തിന്റെ ഒരു പ്രയോഗമായിരുന്നു ഈ കലാപം. ഇത്തരം വംശഹത്യകളുടെ വർത്തമാനകാലത്തിന്റെ സൂക്ഷ്മഹിംസയാണ് അരുണും ജൂലിമാരും നേരിടുന്ന സ്വത്വപ്രതിസന്ധികളുടെ സാമുഹികമാനം. അവിടേക്കു നേരിയ തോതിൽ പ്രകാശം വീഴ്ത്തുന്നു എന്നതാണ് നോവലിന്റെ വായനയെ ചരിത്രവല്കരിക്കുന്നത്.

ഈ കുടിയേറ്റ ഹിംസാരാഷ്ട്രീയമാണ് വൂൾഫിനെപ്പോലുള്ളവരെ ഇന്ത്യക്കാരായാവരുടെ ഐഡൻഡിറ്റി മോഷ്ടിക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് കേസിന്റെ വാദത്തിൽ ഉന്നയിക്കപ്പെടുന്നത്. ഒരർത്ഥത്തിൽ നോവലിന്റെ ഇഴയുമാകുന്നത്. അമേരിക്കയിലെ പൗരരുടെ തൊഴിലവസരങ്ങളെ ഇല്ലായ്മ ചെയ്യുന്നത് കുടിയേറ്റക്കാരാണെന്ന സിദ്ധാന്തവും കൊണ്ടാണ് വൂൾഫിനെപ്പോലുള്ളവർ ഹിംസയിലേക്കു തിരിയുന്നത്. ഇത് ചരിത്രപരമായി നടന്ന പല ഹിംസകൾക്കും തുല്യമാണ്. സാമൂഹികമായ നീതിയെ തുരങ്കംവയ്ക്കുന്ന കോയ്മയുടെ രാഷ്ട്രീയം ഉന്നയിക്കപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കുന്ന ജനകീയ ഇച്ഛ അനിവാര്യമാകുന്നു. അത്തരത്തിലുള്ള ഒരിച്ഛയുടെ സാദ്ധ്യതയല്ല നോവൽ മുന്നോട്ടുവയ്ക്കുന്നത്. മറിച്ച് കോടതിയിലൂടെ നീതി നടപ്പാകുമെന്ന വിശ്വാസമാണ്. ഒരു കുറ്റത്തിന്റെ സ്വാഭാവികമായ അന്ത്യമെന്ന മട്ടിലാണ് ഇവിടെ വലിയൊരു ഹിംസയുടെ ചരിത്രം വെട്ടിയൊഴിവാക്കപ്പെടുന്നത്. വൂൾഫ് റൊമനോവ് എന്നെ സാമ്പത്തികമായി വഞ്ചിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് എന്റെ ജീവിതത്തിൽ കടന്നുകയറുകയാണ് ചെയ്തത്. ഒരാളുടെ ജീവിതം എത്ര നിസ്സാരമായിരുന്നാലും അതിന്മേൽ കടന്നുകയറുവാനുള്ള അവകാശം മറ്റൊരാൾക്കില്ല (പു. 162) എന്ന അരുണിന്റെ വാക്കുകൾ കോടതിയിൽ ഉയരുന്നു.

ഐഡൻഡിറ്റി മോഷണം ചില പേരുകളെയും അക്കങ്ങളെയും മോഷ്ടിക്കുകയല്ല. മറിച്ച്, സാങ്കേതികവിദ്യയിലൂടെ ഒരു ചൂഷണത്തിന് വഴിയൊരുക്കുകയാണെന്നുള്ളതാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. ഇവിടെ പോലീസോ മറ്റോ നീതി നടപ്പാക്കുകയെന്ന കേവലയാശയത്തിനുപരി ഒരു രാഷ്ട്രീയമായിത്തന്നെ നേരിടുന്ന പ്രയോഗമായിരുന്നു ഉയരേണ്ടത്. ക്യാമറകളിലൂടെ പ്രജകളെ നിരീക്ഷിക്കുന്ന ഭരണകൂടത്തിന്റെ ഇടപെടലുകൾ വിമർശനവിധേയമാകുന്ന ഈ ഘട്ടത്തിൽ ഇത്തരത്തിലുള്ള ചൂഷണങ്ങളും ഉന്നയിക്കപ്പെടേണ്ടത് ഭരണകൂട-പൗരരാഷ്ട്രീയത്തിന്റെ തലത്തിലാണ്. തുളഞ്ഞു നോക്കുന്ന അധികാരത്തിന്റെയും സാങ്കേതികവിദ്യയുടെയും കണ്ണുകളെ ഒരു എതിർനോട്ടംകൊണ്ട് നിർവീര്യമാക്കുന്ന ഒരു ഇച്ഛ വികസിക്കേണ്ടിയിരിക്കുന്നു എന്ന ചിന്തയിലാണ് നോവൽ അവസാനിക്കുന്നത്. അതാണ് ഈ നോവലിന്റെ സാദ്ധ്യത. മലയാള നോവലിൽ ഇത്തരം പ്രമേയങ്ങൾ കൂടുതലായി ഉന്നയിക്കപ്പെടേണ്ടിയുമിരിക്കുന്നു.

പ്രച്ഛന്നവേഷം, കെ. വി പ്രവീൺ, ഡിസി ബുക്സ്, കോട്ടയം.

Subscribe Tharjani |