തര്‍ജ്ജനി

രാജേഷ് കുമാര്‍ കെ.

മലയാളവിഭാഗം,
ഗവണ്‍മെന്റ് കോളേജ്,
കട്ടപ്പന.

Visit Home Page ...

ലേഖനം

വള്ളപ്പാട്ട് പാടുന്ന ആറന്മുളയുടെ മണ്ണില്‍

ഇ(ഈ)-കാലത്തും ആറന്മുളയിലെ കുട്ടികളുടെ സ്വപ്നങ്ങളിൽ പള്ളിയോടങ്ങൾ വന്നു നിറയുന്നുണ്ട്. കുട്ടികൾ മാത്രമല്ല, ഏതു പ്രായത്തിലുള്ള ആറന്മുളക്കാരിലും ആഹ്ലാദവും ആവേശവും ഉണർത്താൻ വള്ളംകളിക്കു കഴിയുന്നുണ്ട്. മറ്റൊരു ദേശവാസിയായ കാഴ്ചക്കാരനിൽനിന്ന് വ്യത്യസ്തമായ അനുഭൂതിവിശേഷമാണ് വള്ളംകളിയിൽ പങ്കെടുക്കുന്ന ആറന്മുളക്കാരന് ലഭിക്കുന്നത്. മൂന്ന് ദശാബ്ദക്കാലമായി മുടങ്ങാതെ വള്ളത്തിൽക്കയറുന്ന ഒരാൾ എന്ന നിലയിൽ ആറന്മുളവള്ളംകളി ഉളവാക്കിയ ചില സവിശേഷചിന്തകൾ പങ്കുവെയ്ക്കുകയാണ് ഇവിടെ. പള്ളിയോടങ്ങൾ സ്വപ്നംകണ്ടുണരുന്ന ബാല്യം സ്വകീയാനുഭവമാണ്.

ആറന്മുളയുടെ വള്ളങ്ങൾ

കഴിഞ്ഞ മൂന്നു ദശാബ്ദക്കാലം വള്ളംകളിയിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്ഷേത്രകേന്ദ്രിതമായ ആചാരവിശേഷങ്ങൾക്കെല്ലാം സംഭവിച്ച, ഭക്തിയും കച്ചവടവും തമ്മിലുള്ള നവചങ്ങാത്തം വള്ളംകളിയിലും സംഭവിച്ചിട്ടുണ്ട്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങളിലൊന്നാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. ചില സമുദായരാഷ്ട്രീയശക്തികൾ തങ്ങളുടെ രാഷ്ട്രീയം വള്ളംകളിയിൽ കലർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ജലമേളയ്ക്ക് ഒരു ജനകീയസ്വഭാവം അന്നും ഇന്നുമുണ്ട്. ക്ഷേത്രത്തിനു വെളിയിൽ പമ്പാനദിയുടെ വിശാല നെട്ടായങ്ങളാണ് വള്ളംകളിസ്ഥലം. അതുകൊണ്ടുതന്നെ ജാതി-മത-വർഗ്ഗ-രാഷ്ട്രീയ വേർതിരിവുകളില്ലാതെ എല്ലാവരും വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളി കരക്കൂട്ടായ്മയുടെ പൗരുഷപ്രകടനമാണ്. ഒരുമയുടെ പൊട്ടുംപൊടിയും ഇക്കാല ഓണാഘോഷങ്ങളിൽ എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അത്തരത്തിലൊരിടമാണ് ആറന്മുള.

പടുകൂറ്റൻ ആഞ്ഞിലിത്തടികൾ ചേർത്തുവെച്ച് നിർമ്മിച്ച ശില്പഭംഗിയാർന്ന ചുണ്ടൻവള്ളങ്ങൾ 51 എണ്ണം ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്നു. അവയിൽക്കയറി പാടാനും തുഴയാനും അമരം നിയന്ത്രിക്കാനും ചില പരിശീലനങ്ങൾ ആവശ്യമാണ്. ഓരോ കരക്കൂട്ടായ്മയാണ് ഒരോ വള്ളത്തിലും തുഴയുന്നത്. ഇവരിൽ ഉള്ള ആവേശം സമാനമായതുകൊണ്ട് അബോധപൂർവ്വം ഒരു ഐക്യം ആറന്മുളവള്ളംകളി ജനിപ്പിക്കുന്നുണ്ട്. കരയ്ക്ക്, വള്ളപ്പുരയിൽ ഇരിക്കുന്ന വള്ളം ഇറക്കാനും തുഴയാനും കയറ്റാനുമൊക്കെ നൂറിലധികം പേരുടെ ഒത്തുചേർന്നുള്ള പരിശ്രമം ആവശ്യമാണ്. മനുഷ്യരുടെ ശത്രുതകൾക്ക് ഇവിടെ സ്ഥാനമില്ല. എല്ലാവരും ഒരു മനസ്സോടെ ഒരു താളത്തിൽ പ്രവർത്തിച്ചാലേ വള്ളങ്ങൾ ചലിക്കുകയുള്ളൂ. അങ്ങനെ ഒരുമയുടെ ഒരു താളബോധം ജനിക്കുന്നു. തങ്ങളുടെ ഉപജീവനമേഖലകളിലും ഇതര വേലകളിലും ഈ താളബോധം ഓരോ തുഴച്ചിൽക്കാരനും ഉണ്ടാകും. പമ്പയുടെ ഓളപ്പാത്തിയിലൂടെയും കുത്തൊഴുക്കിനെതിരെയും ഉള്ള വിഭിന്നസഞ്ചാരങ്ങൾ അവർക്കു നല്കുന്നത് ജീവിതഗതിയെക്കുറിച്ചുള്ള ചില ദർശനങ്ങളാണ്.

നവോത്ഥാനത്തിന്റെ പാട്ടുകൾ

പൊയ്കയിൽ അപ്പച്ചന്റെയും കറുമ്പൻദൈവത്താന്റെയും വെള്ളിക്കരച്ചോതിയുടെയും നേതൃത്വത്തിൽ ജാതീയതയ്ക്കെതിരെ ഒരുപാട് പോരാട്ടങ്ങൾ നവോത്ഥാനകാലത്ത് ഇവിടെ നടന്നിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തിന്റെ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയും ഗാന്ധിയൻ ആദർശങ്ങളിൽ ജീവിച്ച ജോർജ്ജ് ജോസഫും ഊര്‍ജ്ജം ആവാഹിച്ചത് ഈ സാഹോദര്യത്തിന്റെ മണ്ണിൽനിന്നാണ്. സംഘടിച്ചുപൊരുതാനുള്ള ആവേശം ഈ വായുവിൽ കലർന്നതിന് നെടുങ്കൻവള്ളത്തിലിരുന്നുള്ള ഒറ്റത്താളത്തിലുള്ള കൂട്ടത്തുഴച്ചിൽ പ്രചോദനം നല്കിയിട്ടുണ്ടാകണം എന്ന് ഞാൻ ഭാവന ചെയ്യുന്നു. ഇരവിപേരൂരിലും അയിരൂരിലും മാരാമണ്ണിലുമെക്കെ ഈ കാലങ്ങളിൽ പള്ളിയോടമുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. കളിക്ക് കയറിയിട്ടുണ്ടാവുകയില്ലെങ്കിലും കരയിൽനിന്ന് ഐക്യത്തിന്റെ ഈ സംഘപ്രകടനം അവർ നിരീക്ഷിച്ചിട്ടുണ്ടാകണം. മാർത്തോമ്മാസഭ ഏബ്രഹാം മല്പാന്റെ നേതൃത്വത്തിൽ നവീകരിക്കപ്പെട്ടതും ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവക്കുട്ടായ്മ മാരാമണ്ണിൽ നടക്കുന്നതും പമ്പയെ സാക്ഷിയാക്കിയാണ്. പമ്പ നിറയുമ്പോൾ വള്ളംകളിക്ക് വേദി. പമ്പ വേനലിൽ മെലിയുമ്പോൾ രൂപംകൊള്ളുന്ന മണൽത്തിട്ടയിൽ കൺവെൻഷൻ. പമ്പയുടെ കരകളിൽ ജനിച്ചുവളർന്ന മാർത്തോമ്മാസഭയിലെ തിരുമേനിമാരൊക്കെ വഞ്ചിപ്പാട്ട് പാടുകയും വള്ളംകളികണ്ട് രസിക്കുകയും ചെയ്യുന്നവരാണ്. മതവിശ്വാസം ഏറുമെങ്കിലും പൊതുവേ ഈ പ്രദേശത്ത് മതതീവ്രവാദങ്ങൾക്ക് വേരോട്ടമില്ല. ഇവിടങ്ങളിലെ ആളുകൾ ഇവ്വിധം പരുവപ്പെട്ടതിന്റെ പിന്നിലും അടിയൊഴുക്കായി വള്ളംകളി നല്കുന്ന സൗഹൃദത്തിന്റെ അന്തരീക്ഷം പ്രേരകമാകാം. വളരവേഗം കൂട്ടായ്മയുടെ ഭാഗമാകാനും വിജയം കൈയെത്തിപ്പിടിക്കാനും ആറന്മുളക്കാർക്ക് പ്രാഗത്ഭ്യം ഏറും. കേരളത്തിലെ സമ്പന്നമായ പ്രദേശങ്ങളിലൊന്നാണ് ആറന്മുള. നാട്ടിലും വിദേശത്തും കഠിനമായി അധ്വാനിച്ച് പണം ഉണ്ടാക്കുന്നതിൽ ഒരു പ്രത്യേകവിരുതുതന്നെ ഇവിടുത്തുകാർക്കുണ്ട്. എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാമെന്നും ഒത്തുപിടിച്ചാൽ മലയും പോരുമെന്നും ആറന്മുളക്കാർ പഠിക്കുന്നത് പഴഞ്ചൊല്ലിലൂടെയല്ല, വള്ളം ഒറ്റ ആയത്തിൽ കുത്തിത്തുഴഞ്ഞാണ്.

സദ്യയുടെ രാഷ്ട്രീയം

വയറും വിശപ്പും രുചിവൈവിദ്ധ്യമുള്ള വിഭവസമൃദ്ധമായ സദ്യയുമൊക്കെ ആറന്മുള വള്ളംകളിയിലേക്ക് കടന്നുവരുന്ന പശ്ചാത്തലം ഈ ജീവിതാവബോധത്തിൽ നിന്നാകണം. ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനു നടത്തുന്ന വഴിപാടു വള്ളസദ്യകൾ അമ്പതിലധികം ഉപദംശങ്ങളും പത്തുതരം പായസങ്ങളും മറ്റുമായി രുചിയുടെ പ്രപഞ്ചമൊരുക്കുന്നു. പണ്ടൊക്കെ ഇത്തരം വള്ളസദ്യകൾ അപൂർവ്വമായിട്ടാണ് നടന്നിരുന്നത്. എന്നാൽ ഇന്ന് പണം ഏറിയതോടെ സദ്യകളുടെ എണ്ണം കൂടി. ഈ പെരുപ്പം നിയന്ത്രണാധീനമാകുന്നുമുണ്ട്. ഒരു സദ്യക്ക് ലക്ഷക്കണക്കിന് രൂപയാണ് ചിലവാകുന്നത്. വള്ളംകളി ഉദരകേന്ദ്രിത ഉത്സവമായി മാറാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അധികമായാൽ അമൃതും വിഷമാണല്ലോ.

സംഗീതവും സാഹിത്യവും ഒത്തുചേരുന്ന അസുലഭനിമിഷങ്ങളാണ് ആറന്മുള വള്ളംകളി നല്കുന്ന ഏറ്റവും പ്രധാന ആനന്ദാനുഭവം. പാടുന്നത് മുഖ്യമായും കുചേലവൃത്തംവഞ്ചിപ്പാട്ടാണ്. കുട്ടനാട്ടിൽ നതോന്നത മുറുകിയതാളത്തിൽ പാടുമ്പോൾ ആറന്മുളയിൽ പതിഞ്ഞ താളത്തിലാണ് പാടുന്നത്. മുൻപാട്ടുകാരനൊപ്പം ആർക്കും പാടാം. പാട്ട് ഒരു ലഹരിയായിപ്പടരും. ഈ പാട്ട് സാഹിത്യത്തിലേക്കും ഒരു വഴിവെട്ടിത്തരുന്നുണ്ട്. ഏതൊരു തുഴച്ചിൽക്കാരനും കുചേലവൃത്തത്തിലെ കുറേ വരികളെങ്കിലും കാണാതറിയാം. കൊച്ചുകുട്ടികളൊക്കെ കുചേലവൃത്തംവഞ്ചിപ്പാട്ട് കാണാതെ പാടും. ആദിമുതൽ അന്ത്യംവരെ എന്ന മുറയ്ക്കല്ല കാവ്യം പാടുന്നത്. സന്ദർഭാനുസാരം പ്രസക്തഭാഗങ്ങൾ പാടുകയാണ്. ഇതു വള്ളത്തിൽ മാത്രമല്ല കല്ല്യാണത്തിനും എതിരേല്പിനും ഉത്സവത്തിനുമൊക്കെപ്പാടും. കുചേലവൃത്തത്തിന്റെ ചുവടു പിന്തുടർന്ന് മിക്കവാറും പുരാണകഥാസന്ദർഭങ്ങളൊക്കെ പ്രദേശവാസികളായ കവികൾ വഞ്ചിപ്പാട്ടാക്കിയിട്ടുണ്ട്. വള്ളത്തിൽവെച്ച് അന്നേരം പാട്ടുകെട്ടിയും പാടാറുണ്ട്. ഒരു രസത്തിന് കൂട്ടുവള്ളക്കാരെ പ്രകോപിപ്പിക്കാൻ കുത്തുപാട്ടുകൾ ഒരു കാലംവരെ പാടിയിരുന്നു. (കുട്ടനാട്ടിൽ ഈ രീതിയൊക്കെ അസ്തമിച്ചിരിക്കുന്നു. തകഴിയുടെ ഏണിപ്പടികളിൽ കേശവപിള്ളയുടെ കല്യാണത്തിന് പാഞ്ചാലഭൂപതിതന്റെ എന്ന വഞ്ചിപ്പാട്ടുപാടി എതിരേല്ക്കുന്ന രംഗം ഓർമ്മിക്കുക) അങ്ങനെ സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും ഒരു പാരമ്പര്യം ഇന്നും വള്ളംകളിയിലൂടെ ആറന്മുളയിൽ നിലനില്ക്കുന്നു.

കലാസാഹിത്യരംഗങ്ങളിൽ മുദ്രപതിപ്പിച്ച ആറന്മുളക്കാർ ഏറെയുണ്ട്. പടേനി എന്ന മദ്ധ്യതിരുവിതാംകൂറിന്റെ അനുഷ്ഠാനകലയിലും വഞ്ചിപ്പാട്ടിന്റെ സ്വാധീനം കാണാം. പടേനിയിലെ പ്രധാന ഇനങ്ങളിലൊന്നായ കരവഞ്ചിയിൽ പാടുന്നത് വഞ്ചിപ്പാട്ടാണ്. പടേനിയിൽ പാടുന്നവരാണ് മിക്ക വള്ളങ്ങളിലെയും പാട്ടുകാർ.

ആറന്മുളവള്ളംകളി കാഴ്ചയുടെ ആനന്ദോത്സവമാണ്. അതിൽ പങ്കുകൊള്ളുന്ന ഒരു തുഴച്ചിൽക്കാരന് ഒരുപാട് അനുഭൂതികളും ഓർമ്മകളും സ്വപ്നങ്ങളും സമ്മാനിക്കുന്നു. ഈ ജലപൂരം അങ്ങാടിയിൽ കുടിപാർത്തിരിക്കുന്ന ഓണത്തിനെ ഇടയ്ക്കൊന്നു വെളിയിലേക്ക് കൊണ്ടുവരുന്നു. പന നയമ്പുകൊണ്ട് തുഴഞ്ഞ് കൈത്തഴമ്പ് പൊട്ടുമ്പോൾ , ഉറക്കെപ്പാടി ഒച്ച അടയുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ അത് ആറന്മുളക്കാർക്ക് സ്വന്തം.

Subscribe Tharjani |