തര്‍ജ്ജനി

മഞ്ജരി അശോക്

Visit Home Page ...

സിനിമ

ആഴങ്ങളിലേക്ക് ഇറങ്ങുന്ന ഒരാൾപ്പൊക്കം

പുരുഷന്റെ ഗർവ്വിന്റെ ഉയരങ്ങൾക്ക് സ്ത്രീയുടെ മനസ്സാഴങ്ങളോളം അടിത്തട്ടിനോളം എത്താനുള്ള ഉയരമുണ്ടോ..? പ്രകൃതിക്കും പുരുഷനുമിടയിൽ അങ്ങനെയെത്രയെത്ര പൊരുത്തങ്ങൾ, വൈരുദ്ധ്യങ്ങൾ..!

ബന്ധങ്ങൾ എന്തിനോടും ഏതിനോടുമാകട്ടെ, ബന്ധപ്പെട്ടതൊക്കെ പരസ്പരപൂരകങ്ങളാണെന്ന തിരിച്ചറിവ് നമുക്കെന്നാണുണ്ടാവുക?
മണ്ണിന്റെ മനസ്സറിഞ്ഞവന് മാത്രമേ പെണ്ണിന്റെ മനസ്സറിയാനൊക്കൂ. സ്നേഹം പ്രകൃതിയാണ്. സ്നേഹം ഭൂമി തന്നെയാണെന്ന തിരിച്ചറിവുണ്ടാകുംവരെ, നാമെന്തെല്ലമോ തേടിക്കൊണ്ടിരിക്കും.തേടുന്നത് എന്തെന്നറിയാതെ ഒരു തേടൽ .സ്നേഹത്തിന്റെ പര്യായങ്ങൾക്ക് മുമ്പിൽ ഒരു പകച്ചുനില്പ്.

സ്ത്രീ-പുരുഷബന്ധങ്ങളിലെ അടിയൊഴുക്കുകൾ പ്രകൃതിക്കും മനുഷ്യനുമിടയിലെ അനിർവ്വചനീയമായ ബന്ധവുമായി ചേർത്ത് വായിക്കുകയാണ് 'ഒരാൾപ്പൊ ക്കം'.

നായികാകഥാപാത്രത്തിന്റെ 'മായ' എന്ന പേരിന്റെ സാദ്ധ്യതകൾ നന്നായി ഉപയോഗിച്ചിരിക്കുന്നു ഈ ചിത്രം. 'ഇല്യൂഷൻ ' അഥവാ ഭ്രമം എന്ന ഭാവത്തിന് എന്നും അർഹയാണ് സ്ത്രീയും പ്രകൃതിയും. അത് ഉദ്യോദിപ്പിക്കുന്ന ചില തോന്നലുകൾ കഥാപാത്രങ്ങളുടെ പേരുകളുമായും ഇണങ്ങിച്ചേരുന്നു. മഹേന്ദ്രൻ എന്ന നായകകഥാപാത്രത്തെ പരിശോധിക്കാം. പൗരുഷത്തിന്റെ മൂർത്തീഭാവമായി വിശേഷിപ്പിക്കപ്പെടുന്ന പരമശിവന്റെ പര്യായമായി മഹേന്ദ്രനെ വായിക്കാൻ കഴിയുന്നിടത്ത്, ഒരാൾപ്പൊക്കം കൂടുതൽ വലിയ അര്‍ത്ഥമാനങ്ങളിലേക്ക് ഉയരുന്നു.

കേദാർനാഥിലെ ദുരന്തത്തിൽ പ്രകൃതി അവശേഷിപ്പിച്ചവ ചിന്തകളെ വീണ്ടും ശക്തമാകുന്നു. അയാർത്ഥമായ ഒരു പശ്ചാത്തലത്തിലൂടെ മുന്നോട്ടുപോകുന്ന കഥ, മനുഷ്യന്റെ സ്വാർത്ഥതയുടെ പരിണിതഫലങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. തന്റെ ആത്മത്തെ തിരയുന്ന മനുഷ്യൻ എത്തിച്ചേരുന്നത് പരമമായ ചില തിരിച്ചറിവുകളിലേക്കാണ്. സൂക്ഷ്മതയോടെ സൃഷ്ടിച്ച ചില 'ഫ്രെയിമുകൾ' സിനിമ വിട്ടിറങ്ങിയാലും പ്രേക്ഷകമനസ്സിനെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും.

പ്രകാശ് ബാരെ , തമിഴ് സാഹിത്യകാരി മീന കന്തസ്വാമി എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണനും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സനൽകുമാർ ശശിധരൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. ടി .കൃഷ്ണനുണ്ണിയുടെ ശബ്ദവിന്യാസവും ചിത്രത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നു. സിനിമയെ അത്യന്തം ഗൌരവമായി ആസ്വദിക്കുകയും പഠിക്കുകയും ചെയ്യുന്ന സിനിമാപ്രേമികളുടെ കൂട്ടായ്മയായ 'കാഴ്ച ചലച്ചിത്രവേദി'യാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പ്രശസ്ത ചലച്ചിത്രകാരാൻ ജോണ്‍ എബ്രഹാം തുടക്കംകുറിച്ച 'പീപ്പിൾസ് സിനിമ' എന്ന ആശയത്തിൽനിന്നും ഊർജ്ജം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ചിത്രം, സംവിധായകൻ സനൽകുമാർ ശശിധരന് മികച്ച സംവിധായകനുള്ള അംഗീകാരവും സന്ദീപ്‌ കുരുശ്ശേരിക്കും ജിജി ജോസഫിനും മികച്ച ലൈവ് സൗണ്ടിനുള്ള അംഗീകാരവും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് കേരളഘടകം ഏർപ്പെടുത്തിയ സംവിധാനമികവിനുള്ള പതിനേഴാമത് ജോണ്‍ എബ്രഹാം പുരസ്കാരത്തിനും ഇരുപത്തിനാലാമത് അരവിന്ദൻ പുരസ്കാരത്തിനും അര്‍ഹമായി.

സാധാരണജനങ്ങളിലേക്ക് 'ഒരാൾപ്പൊക്ക'ത്തെ എത്തിക്കുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ 'സിനിമാവണ്ടി' എന്ന ആശയവുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. പരമ്പരാഗത ചലച്ചിത്രവിതരണ സംവിധാനങ്ങളെ മറികടന്ന് കേരളത്തിലെ സ്വതന്ത്രസിനിമാസംരംഭങ്ങൾക്ക് ഒരു ബദൽ വിതരണമാർഗ്ഗം തുറക്കാനുള്ള ഒരു ധീരമായ കാൽവെയ്പാണ് ഈ പ്രയാണം. 2015 ജനുവരി 24 ന് ശ്രീ. അടൂർ ഗോപാലകൃഷ്‌ണനാണ് സിനിമാ വണ്ടി ഫ്ലാഗ് ഓഫ്‌ ചെയ്തത്.

പരസ്പരം സ്നേഹാവകാശങ്ങൾ പങ്കുവെയ്ക്കാതെ നാം നമ്മിലേക്ക് ചുരുങ്ങിയെന്നാലും അദൃശ്യമായ ഒരു നേർത്തനൂലിനാൽ അത് നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്നു എന്ന തിരിച്ചറിവ് നമുക്ക് ഇനിയും ഉണ്ടായിട്ടില്ല. മഹേന്ദ്രനും മായയ്ക്കുമിടയിൽ സംഭവിക്കുന്നതെന്തും സ്ത്രീക്കും പ്രകൃതിക്കുമിടയിലും സംഭാവ്യമാണ്.

ഒരാൾപൊക്കം വ്യത്യസ്തമാകുന്നതും വിജയിക്കുന്നതും അത് സ്ത്രീയെയും പ്രകൃതിയെയും ഒരുമിച്ച് ചേർത്തുവായിക്കുന്നിടത്താണ്. കൂടുതൽ വിശകലങ്ങളിലേക്ക് കടക്കുമ്പോൾ 'ഒരാൾപൊക്കത്തിന്റെ' ഉയരം കൂടിക്കൂടി വരികയാണ് ചെയ്യുന്നത്...

Subscribe Tharjani |