തര്‍ജ്ജനി

രാജേഷ് ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

വായന

ഛിന്നകാമനകളുടെ ദുരന്തപുസ്തകം

വി. എം. ദേവദാസിന്റെ ഡിൽഡോ എന്ന നോവലിന്റെ വായന

നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായിക്കഴിഞ്ഞ വി. എം. ദേവദാസിന്റെ ആദ്യകൃതിയാണ്‌ ‘ഡിൽഡോ’. ഒരു സമാന്തരപ്രസിദ്ധീകരണസംരഭത്തിലൂടെ പുറത്തുവന്ന ഈ നോവൽ ഏറെ വിതരണം ചെയ്യപ്പെടാഞ്ഞിട്ടുപോലും അതിന്റെ ചുരുങ്ങിയ വായനക്കാര്‍ക്കിടയിൽ ധാരാളം ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. മുഖ്യധാരാപ്രസാധകർ പിന്നീട് പ്രസിദ്ധീകരിച്ച ‘പന്നിവേട്ട’(നോവൽ), ‘മരണസഹായി’, ‘ശലഭജീവിതം’ (കഥകൾ) എന്നീ കൃതികളിലൂടെയും ആനുകാലികങ്ങളിലെ തന്റെ രചനകളിലൂടെയും ദേവദാസ് ശ്രദ്ധിക്കപ്പെട്ടതോടെ ‘ഡില്‍ഡോ ‘യ്ക്ക് ഒരു രണ്ടാംപതിപ്പ് ഉണ്ടായിരിക്കുകയാണ്. പില്ക്കാലത്ത് ശ്രദ്ധേയനായ ഒരു എഴുത്തുകാരന്റെ ആദ്യപരിശ്രമം എന്ന നിലയിൽമാത്രം വായിക്കപ്പെടേണ്ട ഒരു പുസ്തകമല്ല ‘ഡിൽഡോ’ എന്നതിന്റെ തെളിവാണ് ഈ രണ്ടാം പതിപ്പ്.

പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഏതാനും ജീവിതങ്ങളാണ്‌ ‘ഡിൽഡോ’യിലെ കഥാംശം. പ്രേമംകൊണ്ടും വെറുപ്പുകൊണ്ടും രക്ഷാകർതൃത്വംകൊണ്ടും മരണംകൊണ്ടും ആകസ്മികതകൾകൊണ്ടുപോലും പരസ്പരം വേരാഴ്ത്തിനില്ക്കുന്ന ഒരുപറ്റം കഥാപാത്രങ്ങളുടെ കഥ.

രൂപപരമായി ഏറെ പ്രത്യേകതകളുള്ളതാണ് ഈ നോവൽ. ‘ആറു മരണങ്ങളുടെ പൾപ്പ് ഫിൿഷൻ പാഠപുസ്തകം’ എന്ന ഉപശീർഷകത്തിലൂടെ വ്യക്തമാകുന്നതുപോലെ ഒരു പാഠപുസ്തകത്തിന്റെ ഘടനയ്ക്കുള്ളിലാണ്‌ ഇതിന്റെ ആഖ്യാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിർവ്വചനങ്ങൾ, ചിത്രങ്ങൾ, അഭ്യാസങ്ങൾ, കുറിപ്പുകൾ, ചോദ്യങ്ങൾ എന്നിങ്ങനെ ഒരു പാഠമാലയുടെ പതിവുകള്‍ക്കു പുറമേ വേറെയും സങ്കീർണ്ണതകൾ ചിലതുണ്ട് ഇവിടെ. ആറു മരണങ്ങളുടെ കഥ വ്യത്യസ്ത അദ്ധ്യായങ്ങളിൽ പറയുന്നത് വെവ്വേറെ കഥാപാത്രങ്ങളാണ്‌. പരേതരായ ആഖ്യാതാക്കള്‍, വായനക്കാരെ നേരിട്ട് അഭിസംബോധനചെയ്യുന്ന കഥാപാത്രങ്ങൾ, ഇടയ്ക്ക് വിപരീതകാലക്രമത്തിലേക്കു തിരിയുന്ന സംഭവങ്ങൾ, പത്രവാർത്തകൾ, കവിത, ബൈബിള്‍ വചനങ്ങള്‍, ഉദ്ധരണികൾ ഇവയെല്ലാം ചേർത്ത് അതീവശിഥിലമാക്കപ്പെട്ട ഒരു ഘടനയാണ്‌ പുസ്തകത്തിന്റേത്. ശിഥിലവായനയുടെ ഈ സൈബർകാലഘട്ടത്തിൽ ചെറുപ്പക്കാരായ വായനക്കാർക്കിടയിൽ ‘ഡിൽഡോ’ ആഘോഷിക്കപ്പെട്ടതിന്‌ ഒരു മുഖ്യകാരണം പുതുമനിറഞ്ഞ ഈ ഘടനയാണ്‌. നേരെ മറിച്ച്, ഉൾക്കനമിലാത്ത കൃതി എന്ന വിമർശനം ചിലപ്പോഴൊക്കെ ഈ നോവലിനെതിരെ ഉണ്ടായപ്പോൾ ഏറ്റവും വിമർശിക്കപ്പെട്ടതും ഇതേ പരീക്ഷണാത്മകതയാണ്‌ എന്നും കാണുന്നു. നോവലിസ്റ്റായ ശ്രീ. എൻ. പ്രഭാകരൻ തന്റെ‌ ഫെയ്സ്ബുക്ക് പേജിൽ ഇങ്ങനെ പറയുന്നു: “രൂപപരമായ ഈ പുതുമകൾ കൊണ്ട് നോവലിന് എന്തെങ്കിലും മെച്ചമുണ്ടായതായി തോന്നിയില്ല. കൃതിയുടെ വിഷയത്തെ ചിതറിച്ചു കളയാനും ലൈംഗികതയുടെ മേഖലയിലെ പുത്തൻ കടന്നുകയറ്റങ്ങളുടെ പ്രത്യാഘാതങ്ങളെ, ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീളുന്ന സംഘർഷങ്ങളായാൽത്തന്നെയും, ലാഘവത്തോടെയേ കാണേണ്ടതുള്ളൂ എന്ന പ്രതീതി സൃഷ്ടിക്കാനും മാത്രമേ അവ സഹായകമാവുന്നുള്ളൂ.”

എന്നാൽ, രൂപപരമായ ഏതു പരീക്ഷണത്തെയും വിലയിരുത്തേണ്ടത് ഉള്ളടക്കത്തോടും പ്രമേയത്തോടും ഇതിവൃത്തത്തോടും എത്രമാത്രം ചേർന്നുനില്ക്കുന്നു അത് എന്ന അളവുകോലുപയോഗിച്ചാണ്‌. ആന്തരികഭാവത്തിന്റെ ഏകാഗ്രതയും അതിന്‌ ഉചിതമായ രൂപപരമായ തെരഞ്ഞെടുപ്പുകളുമാണ്‌ ഒരു കൃതിയെ മികച്ചതാക്കുന്നതെങ്കിൽ രൂപപരമായ ഈ ശൈഥില്യം ഇവിടെ ഒരു അനിവാര്യതയായിരുന്നു എന്നു പറയാൻ കഴിയും. മുറിച്ചുമാറ്റൽ/ഏച്ചുവെക്കൽ എന്നീ ഭാവദ്വന്ദ്വങ്ങളാണ്‌ ഈ നോവലിലെ ആവർത്തിക്കുന്ന പ്രമേയങ്ങൾ. കേന്ദ്രഭാവത്തെ/ഭാവങ്ങളെ ഓരോ അണുവിലും ആവിഷ്കരിക്കുന്ന ഇത്തരമൊരു കൃതി സമീപകാലമലയാളനോവലിൽ ഒരു അപൂർവ്വതയാണ്‌.

ഭാവപരമായ ഈ കാമ്പുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് മുമ്പുപറഞ്ഞ എല്ലാ സങ്കേതങ്ങളുമെന്ന്‍ സൂക്ഷ്മപരിശോധനയിൽ കാണാം. പുരുഷലിംഗത്തിന്റെ് ആകൃതിയിലുണ്ടാക്കപ്പെട്ട ലൈംഗികോപകരണത്തിന്റെ പേരായ ‘ഡിൽഡോ’ എന്ന തലക്കെട്ടുമുതൽ, ഓരോ അദ്ധ്യായത്തിലും കടന്നുവരുന്ന വ്യത്യസ്തകഥാപാത്രങ്ങളുടെ ജീവിതങ്ങളും, ഖണ്ഡങ്ങളായി തിരിക്കപ്പെട്ട ആഖ്യാനരീതിയും വരെ ഓരോന്നും ഈ ചിതറലിന്റെഖ ചിത്രീകരണമാണ്‌. ശരീരത്തിൽനിന്നു വേർപെട്ട ജീവിതങ്ങളെക്കുറിച്ചുള്ള ജീവിതത്തിൽനിന്നു വേർപെട്ട ആഖ്യാനങ്ങളുടെ ഒരു സമാഹാരമാണ്‌ എന്ന് ഈ പുസ്തകത്തെപ്പറ്റി പൊതുവേ പറയാം. തകർന്ന പ്രണയം, തകർന്ന ദാമ്പത്യം, തകർന്ന രതി, തകർന്ന സാഹിത്യം, മാതാപിതാക്കളുടെ മരണത്തെത്തുടർന്നു മുറിയുന്ന കുട്ടിയുടെ ജീവിതം, ലൈംഗികശേഷി നശിച്ചവന്റെ ദാമ്പത്യം, പ്രമേഹം ബാധിച്ചവന്റെത മധുരാസക്തി, ദാമ്പത്യത്തിൽനിന്നു വേർപെട്ട രതി, പ്രണയത്തിൽനിന്നു വേർപെട്ട ദാമ്പത്യം, സമൂഹത്തിൽനിന്നു വേർപെട്ട അണുകുടുംബം, മാവോയിസത്തിൽനിന്നു വേർപെട്ട ചൈന, ചൈനയിൽനിന്നും പുറത്തുവന്ന മാവോയിസം എന്നിങ്ങനെയുള്ള ഇതിവൃത്തഘടകങ്ങളെല്ലാം ഇത് അനുഭവവേദ്യമാണ്‌. ബിംബകല്പനകളിലാണെങ്കിൽ, ചുട്ടുപഴുത്ത ഡെൽഹിയ്ക്കു നടുവിൽ നില്ക്കുന്ന എയർ കണ്ടീഷൻ ചെയ്യപ്പെട്ട ബസാർ, മുറിച്ചുമാറ്റപ്പെട്ട മുല, ചില്ലുഭിത്തിയ്ക്കപ്പുറത്തെ പലഹാരങ്ങൾ, കപ്പൽച്ചേതത്തിൽച്ചെന്നുപെട്ട ദ്വീപ്, പ്രതിബിംബം നോക്കിനില്ക്കുമ്പോൾ ഉടഞ്ഞുപോകുന്ന കണ്ണാടി, ജൊവാൻ ഓഫ് ആർക്കിന്റെ പീഡാനുഭവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാത്താന്റെന പിളർന്ന ലിംഗം, രണ്ടു പൂമ്പാറ്റകളെ വരയ്ക്കുന്നതിനിടയിൽ ചായം തീർന്ന് ഒറ്റയാകുന്ന ശലഭം, കീറിയെറിഞ്ഞ ഫോട്ടോ, എന്നിങ്ങനെ ഛേദനത്തിന്റെഭ പ്രതീകങ്ങൾ നിരവധിയുണ്ട്. മുറിഞ്ഞതിനെ കൂട്ടിച്ചേർക്കാനുള്ള (മിക്കപ്പോഴും വിഫലമായ) ശ്രമങ്ങളും ആഖ്യാനത്തിൽ ആവർത്തിച്ചു കടന്നുവരുന്നു: പ്രേമത്തിനു പകരം വിപ്ലവം, പ്രേമഭാജനത്തിനു പകരം ഭാര്യ, ഭാര്യയ്ക്കുപകരം വളര്‍ത്തുമകള്‍, ഇണയ്ക്കുപകരം കാറ്റുനിറയ്ക്കുന്ന പാവ, ദാമ്പത്യത്തിനു പകരം അവിഹിതബന്ധം, മാതൃത്വത്തിനുപകരം സന്യാസം, പിതൃത്വത്തിനുപകരം സ്പോണ്‍സിര്‍ഷി പ്പ് എന്നിങ്ങനെ ഈ പട്ടിക നീളുന്നു.

തോക്ക് വായിൽ തിരുകപ്പെടുമ്പോൾ ലിംഗോദ്ധാരണം സംഭവിക്കുന്ന ഒരു ഇര ഈ നോവലിൽ കടന്നുവരുന്നുണ്ട്. മൃത്യുവും കീഴ്‌പെടുത്തലും ലൈംഗികോത്തേജനത്തിനു പകരംനില്ക്കുന്ന ഈ രംഗത്തിൽ അധികാരവും രതിയും തമ്മിലുള്ള ഒരു ചാർച്ചാവൈകൃതം വെളിപ്പെടുകയാണ്‌. ഒന്നിലധികം അവസരങ്ങളിൽ, പല രൂപപ്പകർച്ചകളിൽ, ഈ പാരസ്പര്യം നോവലിൽ കടന്നുവരുന്നുണ്ട്. ‘ലൈംഗികകളിപ്പാട്ടങ്ങൾ’ നിരോധിക്കപ്പെട്ടിരിക്കുന്ന ഇൻഡ്യപോലൊരു രാജ്യത്ത് പൗരന്റെ. കാമന അതിന്റെെ സാക്ഷാത്കാരത്തിൽനിന്നു മുറിച്ചുമാറ്റപ്പെട്ടിരിക്കുകയാണ്‌. എന്നാൽ, വിദേശത്തുനിന്ന് എത്തിച്ചേരുന്ന ഇത്തരം കളിപ്പാട്ടങ്ങൾ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥന്മാർതന്നെയാണ്‌ കൂടിയ വിലയ്ക്ക് ഇവയെ കരിഞ്ചന്തയിലെത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്‌. പ്രാഥമികമായ ശാരീരികാവശ്യത്തിന്മേലുള്ള ഈ നിരോധനമാണ്‌ വിഷലിപ്തമായ ഒരു വ്യാപാരശൃംഖലയെ മുഴുവൻ സൃഷ്ടിക്കുന്നത്. മറ്റൊരിടത്ത് ഒരു പെൺകുട്ടി നിരോധിക്കപ്പെട്ട ഇത്തരമൊരു സുഖോപകരണത്തിന്റെത വില്പന എന്ന ‘ഇരകളില്ലാത്ത കുറ്റകൃത്യ’ത്തിന്റെത പേരിൽ സ്കൂളിൽനിന്നും താമസസ്ഥലത്തുനിന്നും പുറത്താക്കപ്പെടുകയും അപകീർത്തിയ്ക്കിരയാകുകയും ദുർഗുണപരിഹാരപാഠശാലയിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു. ഇവൾ പഠിക്കുന്ന മുന്തിയ സ്കൂളിൽനിന്നു പുറത്തുവന്ന രാഷ്ട്രീയ-സാംസ്കാരികപ്രമുഖരുടെ പേരുകളും പറഞ്ഞുപോകുന്നുണ്ട് നോവലിൽ. നിസ്സാരമായ ഒരു ‘കുറ്റകൃത്യത്തിന്റെ്’ പേരിൽ ജീവിതം തുലയ്ക്കപ്പെട്ട ഇവളും വൻകിട അഴിമതികളിൽ ഭാഗഭാക്കുകളായിട്ടും ഒരിയ്ക്കലും ശിക്ഷിക്കപ്പെടാത്ത ഉന്നതരും തമ്മിലുള്ള താരതമ്യം ഒരു നിമിഷം നമ്മുടെ മനസ്സിലൂടെ കടന്നുപോയേക്കും.

ഇതേ മാതൃകയിലുള്ള അനേകം അധികാരബന്ധങ്ങൾ ഈ കഥയിൽ കാണാം. മകളെ പൂട്ടിയിട്ടും പീഡിപ്പിച്ചും പ്രേമവിവാഹത്തിൽനിന്നും പിന്തിരിപ്പിക്കുന്ന മാതാപിതാക്കൾതന്നെയാണ്‌ അവളുടെ അസംതൃപ്തമായ ലൈംഗികജീവിതത്തിനും തീരാത്ത വേദനകൾക്കും ഉത്തരവാദി. ഒരു വിരൂപനുമേൽ അധികാരം സ്ഥാപിക്കുന്നതിനുവേണ്ടി അഭിനയിക്കുന്ന തമാശപ്രേമം അയാളെ ദുർബലനും ക്രൂരനും കുറ്റവാളിയുമാക്കിമാറ്റുന്നു. വളർത്തുമകളെ കാമക്കൊതിയോടെ വളർത്തിവലുതാക്കുന്ന പുരുഷൻ മുതൽ ജനകീയ റിപ്പബ്ലിക്കിന്റെത വിജയത്തിനുവേണ്ടി കോടിക്കണക്കിനു ജനങ്ങളെ കുരുതികഴിക്കാൻ മടിക്കാത്ത കമ്യൂണിസ്റ്റ് ചൈനവരെ അധികാരത്തിന്റൊ കരാളരൂപങ്ങളുടെ അനേകം നഖചിത്രങ്ങൾ ഇവിടെ കോറിയിട്ടിട്ടുണ്ട്.
കൃത്രിമത്വത്തെ മൂടിവെയ്ക്കാനുള്ള പരിശ്രമങ്ങൾക്ക് സാമ്പ്രദായികനോവലിൽ വലിയ സ്ഥാനമാണുണ്ടായിരുന്നത്. എന്നാൽ, ഈ യത്നത്തെ ഉത്തരാധുനികത പലപ്പോഴും അവഗണിക്കുന്നതായി കാണാം. പരമ്പരാഗത നോവലിന്റെപ വായനക്കാർ ഇതിനെ ‘ഗൗരവക്കുറവായും’ ‘നിസ്സാരവല്ക്കരണമായും’ കണ്ടേക്കാം. എന്നാൽ, ഇല്ലാത്ത ഒരു കഥ ഉണ്ടായതാണെന്ന നാട്യത്തോടെ പറയുന്നതിനു പകരം ഇല്ലാത്തതാണെന്നു സമ്മതിച്ചുകൊണ്ടുതന്നെ പറയുക, എന്നിട്ടും അനുവാചകനിൽ ചലനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം എഴുത്തുകാരനു കൂടുതൽ വെല്ലുവിളികളുയർത്തുന്നു എന്നു സമ്മതിച്ചേതീരൂ. തന്റെു കൃതിയെ ‘പള്പ്പ്ഉ ഫിക്ഷൻ’ എന്നു സ്വയം ഇകഴ്ത്തുമ്പോൾ അന്തരീക്ഷത്തിൽ ഉയരുന്ന ചോദ്യം ‘കൃത്രിമത്വങ്ങളില്ലാത്ത ഏതു കഥയാണുള്ളത്’ എന്നാവാം.
നോവലിലെ കഥാപാത്രങ്ങളിലൊരാൾ വായനക്കാരനെ/കാരിയെ അഭിസംബോധനചെയ്തുകൊണ്ട് പ്രസംഗിക്കുകയാണ്‌:
“കഥയുടെ വിവിധഘട്ടങ്ങളെ തരംതിരിക്കുന്നതിനായി കഥപറച്ചിലുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന സങ്കേതങ്ങളെ മാറ്റിനിർത്തി പുതിയൊരു മാർഗമാണു ഞാൻ തെരഞ്ഞെടുക്കുന്നത്.
1. ഉച്ചത്തിൽ കൈയടിച്ച് ഞാൻ നിങ്ങളെ കൂടുതൽ ശ്രദ്ധാലുവാക്കുന്നു.
2. ഞാൻ ആരായുന്ന പൊതുവിജ്ഞാനചോദ്യങ്ങളുടെ ഉത്തരം തേടുന്നതിനിടയിൽ കഥയിലെ വിവിധ ഘട്ടങ്ങളിൽ നിങ്ങളിലൊരു ഓർമ്മവിടവ് ഞാൻ സൃഷ്ടിച്ചെടുക്കുന്നു.“
ഓർമ്മവിടവ് എന്ന ഈ സങ്കേതം വിദ്യാഭ്യാസമേഖലയിൽ പ്രതിഷ്ഠനേടിക്കഴിഞ്ഞ ഒന്നാണ്‌. ഒരു വിഷയത്തെപ്പറ്റി തുടർച്ചയായി ചിന്തിയ്ക്കുമ്പോൾ ഉണ്ടാകുന്ന വിരസതയും അതിപരിചിതത്വവും ഒഴിവാക്കാൻ വേണ്ടി അധ്യാപകർ ഇടയ്ക്ക് മറ്റൊരു വിഷയത്തെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിക്കും. അപ്പോൾ മുഖ്യവിഷയം ഉപബോധമനസ്സിലേക്കു മാറ്റം ചെയ്യപ്പെടുകയും പഠനത്തിന്റെ ആഴം വർദ്ധിക്കുകയും ചെയ്യുന്നു. ‘ഡിൽഡോ’യിൽ ഈയൊരു കഥാപാത്രം മാത്രമല്ല ഈ വിദ്യ ഉപയോഗിക്കുന്നത്. അസംഖ്യം ശകലങ്ങൾ നിരത്തിവെച്ചുള്ള ഘടനയെ ശ്രദ്ധാപൂര്വ്വംൽ പരിശോധിച്ചാൽ നോവലിസ്റ്റ് ചെയ്തിരിക്കുന്നതും മറ്റൊന്നല്ല എന്നു വ്യക്തമാകും. മലയാളത്തിൽ ബൃഹദ് നോവലുകൾ തിരിച്ചുവരവുനടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണല്ലോ ഇത്. നൂറിൽത്താഴെമാത്രം പേജുള്ള ഈ ലഘുനോവലിൽ അഞ്ഞൂറോ അറുനൂറോ പേജിൽ പരത്തിയെഴുതാവുന്ന കഥ(കൾ) അടങ്ങിയിരിക്കുന്നുണ്ട്. എന്നാല്‍, അവയുടെ ചീളുകള്മാ്ത്രം അവതരിപ്പിച്ചിട്ടും വായനക്കാരുടെ മനസ്സിൽ ആ വലിയ ജീവിതങ്ങള്‍ സങ്കീര്ണ്ണ്തയോടെയും സമഗ്രതയോടെയും കുടിയിരുത്താൻ കഴിഞ്ഞത് ഈ ‘ഓര്മ്മ്വിടവിന്റെര’ സഹായംകൊണ്ടുതന്നെയാണ് എന്നതു ശ്രദ്ധേയമാണ്.
ഈ നോവലിന്റെമ പാഠപുസ്തകഘടനയെക്കുറിച്ചുകൂടി രണ്ടു വാക്ക്: ഒന്നാമത്, നമ്മുടെയൊക്കെ പുസ്തകങ്ങളിലെ വഴിക്കണക്കുകളിലും വ്യാകരണപാഠങ്ങളിലും കൈയക്ഷരപ്പുസ്തകങ്ങളിലും കുറേ പേരുകളുണ്ടായിരുന്നു. ‘രാമൻ ഗോപാലനെ കൊന്നു’വിലും ‘സുഷമ അഞ്ചു മുട്ട വാങ്ങി’യിലും ഉണ്ടായിരുന്ന കഥാപാത്രങ്ങൾക്ക് ആ ചോദ്യങ്ങൾക്കുപിറകിൽ ഒരു ജീവിതം ഉണ്ടായിരുന്നെങ്കിൽ? അഥവാ നമ്മൾ വാസ്തവമായി അനുഭവിക്കുന്ന കഥകളിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങൾക്ക് ഏതാനും ലഘുപാഠങ്ങൾ മാത്രമാണുള്ളതെങ്കിൽ? സർവോപരി, ഈ നമ്മളും മറ്റാരുടെയോ പാഠപുസ്തകങ്ങളിലെ വെറും പേരുകൾ മാത്രമാണെങ്കിൽ?
രണ്ടാമത്, ഒരു പാഠപുസ്തകത്തിന്റെ ഹാസ്യാനുകരണത്തോടൊപ്പം ഒരു മികച്ച പാഠപുസ്തകവും അവതരിപ്പിച്ചിരിക്കുകയാണ്‌ ഇവിടെ. കുറേ സംഭവങ്ങളും വസ്തുതകളും അവതരിപ്പിച്ചിട്ട് അതിൽനിന്ന് ഉണ്ടാക്കിയെടുക്കേണ്ട നിഗമനങ്ങൾകൂടി ഛർദ്ദിച്ചുകൊടുക്കുക എന്ന മോശപ്പെട്ട പാഠപുസ്തകങ്ങളുടെ സമ്പ്രദായത്തിനുപകരം അറിയപ്പെട്ട വസ്തുതകളിൽനിന്ന് സ്വന്തം അറിവുകൾ നിർമ്മിച്ചെടുക്കാൻ പ്രാപ്തിനല്കുക എന്ന മാർഗ്ഗമാണ്‌ ‘ഡിൽഡോ’ അവലംബിച്ചിരിക്കുന്നത്. ഈ നോവലിനെപ്പറ്റി പുറത്തുവന്നുകൊണ്ടിരിക്കുന്ന പഠനങ്ങളുടെ വൈവിധ്യത്തിൽ അനുഭവിക്കാൻ കഴിയുന്നതാണ്‌ ഈ സത്യം.

Subscribe Tharjani |