തര്‍ജ്ജനി

സംസ്കാരം

സ്വതന്ത്രം, സ്വയം, സൗഹൃദം: മലയാളപുസ്തകപ്രസാധനത്തിലെ പുതിയ സാങ്കേതികതകള്‍, സാദ്ധ്യതകള്‍

ഹുസ്സൈന്‍. കെ. എച്ച് , അശോക്‌കുമാര്‍

മാര്‍ക്സ്,മാര്‍ക്സിസം, മൂലധനം എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പ്
ആധുനിക വിവരസാങ്കേതികത ഉപയോഗപ്പെടുത്തി 'സ്വയം പ്രസാധനം' (സെല്‍ഫ് പബ്ലിഷിംഗ്) ആരംഭിച്ചിട്ട് ഒരു ദശകത്തോളമായിരിക്കുന്നു. വന്‍കിട പ്രസാധകര്‍ക്ക് വലിയൊരു വെല്ലുവിളിയായിത്തീര്‍ന്നിട്ടില്ലെങ്കിലും ചിലകാര്യങ്ങള്‍ ഇതിനകം അത് സാധിച്ചെടുത്തിട്ടുണ്ട്. അംഗീകൃത പ്രസാധകര്‍ അച്ചടിച്ചു വിതരണം ചെയ്തില്ലെങ്കില്‍ എഴുത്തുകാര്‍ നിസ്സഹായരായിപ്പോകും എന്ന ഒരവസ്ഥ പത്തുകൊല്ലംമുമ്പ് നിലനിന്നിരുന്നു. ഇന്നതിനു മാറ്റം വന്നിരിക്കുന്നു. ആയിരമോ രണ്ടായിരമോ അച്ചടിച്ച് വര്‍ഷങ്ങളെടുത്ത് വായനക്കാരിലെത്തുന്ന പതിവുരീതികള്‍ തകിടം മറിഞ്ഞിരിക്കുന്നു. ഒരു കോപ്പിപോലും അച്ചടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇ-ബുക്കായി ആയിരക്കണക്കിന് വായനക്കാരിലേക്ക് സോഷ്യല്‍മീഡിയ മുഖേന പുസ്തകമെത്തിക്കാം. വായിച്ച് ഇഷ്ടപ്പെട്ടാല്‍ അച്ചടിച്ച പുസ്തകം വാങ്ങിക്കണം എന്ന് സൗഹൃദപൂര്‍വ്വം എഴുത്തുകാരന് ആവശ്യപ്പെടാം. അഞ്ചു കോപ്പിയാണെങ്കില്‍പോലും ഓഫ്‌സെറ്റിനു സമാനമായി അച്ചടിക്കാനുള്ള പ്രിന്റ് ഓണ്‍ ഡിമാന്റ് (POD - Print On Demand) സാങ്കേതികത ഇന്ന് കയ്യെത്തും ദൂരത്തുണ്ട്. ഏറ്റവും പ്രധാനം, അഞ്ചുനൂറ്റാണ്ടായി തുടര്‍ന്നുപോരുന്ന പരമ്പരാഗത പകര്‍പ്പവകാശം ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. ക്രിയേറ്റീവ് കോമണ്‍ ആട്രിബ്യൂഷന്‍ (Creative Common Attribution ShareAlike Licence 4.0) എന്ന പേരിലറിയപ്പെടുന്ന പുതിയ പകര്‍പ്പവകാശ നിയമം അറിവിന്റെയും എഴുത്തുകാരന്റേയും വായനക്കാരന്റെയും സ്വതന്ത്ര്യപ്രഖ്യാപനമാണു്. മനുഷ്യന്റെ അറിവ് അടച്ചുവെക്കാനുള്ളതല്ലെന്നും, പകര്‍ത്തുന്നതും കൈമാറുന്നതും വായനക്കാരുടെ അവകാശമാണെന്നും വരുന്നതോടെ പകര്‍പ്പവകാശം 'പകര്‍പ്പിഷ്ട'മായി മാറുന്നു. അതോടെ എഴുത്തുകാരന്‍ കൂടുതല്‍ പേരിലേക്ക് എത്തിപ്പെടുന്നു.

കടലാസ്സുപുസ്തകങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല എന്നത് ഇ-ബുക്കുകളുടെ കാലത്തെ പുതിയൊരു പ്രതിഭാസമാണ്. വായനക്കാരന് സ്വന്തം എന്നുപറയാന്‍ ഇപ്പോഴും കടലാസ്സിലടിച്ച പുസ്തകം തന്നെ വേണം. നെറ്റിലൂടെ സ്വതന്ത്രമായി എത്തിച്ചേരുന്ന പുസ്തകങ്ങള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ വായിച്ച് ഇഷ്ടപ്പെട്ടാല്‍ അത് ഓണ്‍ലൈനായി വാങ്ങി മേശപ്പുറത്തും അലമാരയിലും വയ്ക്കാനുള്ള പ്രവണത പുതുതലമുറയില്‍ ഏറിവരുന്നു.

കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അവിശ്വസനീയമാണ്. അവരുടെ ഗ്രന്ഥങ്ങളെല്ലാം അംഗീകൃത പ്രസാധകര്‍ അച്ചടിക്കുന്നുണ്ട്. വിപുലമായ മാര്‍ക്കറ്റിങ് സംവിധാനങ്ങളുപയോഗിച്ച് സമര്‍ത്ഥമായി വില്‍ക്കപ്പെടുന്നുണ്ട്. മലയാളത്തില്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്നു. വായനക്കാര്‍ പണം കൊടുത്തവ വാങ്ങുന്നുമുണ്ട്. പുസ്തകപ്രസാധനം എന്തുകൊണ്ടും ശോഭനമായ ഒരു വ്യവസായമാണിന്ന്. പണ്ടത്തെപ്പോലെ നഷ്ടംവന്ന് പൂട്ടിപ്പോകുന്ന പ്രസാധകര്‍ ഇന്നില്ല. പുതിയ പ്രസാധകര്‍ നാള്‍ക്കുനാള്‍ രംഗത്തെത്തുന്നു. എഴുത്തുകാര്‍ പക്ഷെ പണ്ടത്തേക്കാള്‍ കഷ്ടത്തിലാണിന്ന്. വര്‍ഷാവസാനം പ്രസാധകരില്‍നിന്നും എന്തെങ്കിലും കിട്ടിയാലായി. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ കണക്കുകള്‍ ഒപ്പം കേള്‍ക്കുകയുംവേണം. താനറിയാതെ കൂടുതല്‍ കോപ്പികള്‍ അടിക്കുന്നതിനെക്കുറിച്ചുള്ള എഴുത്തുകാരന്റെ സംശയങ്ങള്‍ അതോടെ അസ്ഥാനത്തായിപ്പോകുന്നു.

എത്രയോ കൊല്ലത്തെ അനുഭവങ്ങളും ചിന്തകളും ഉല്പാദിപ്പിച്ചെടുക്കുന്ന കൃതികളുടെ കര്‍ത്താക്കള്‍ ഇത്തരത്തില്‍ പറ്റിക്കപ്പെടാന്‍ പാടില്ല. അടുത്തൊരു പുസ്തകത്തിന്റെ പണിചെയ്യാനുള്ള കൂലിയെങ്കിലും എഴുത്തുകാര്‍ക്കു കിട്ടിയേ പറ്റൂ. മലയാളത്തില്‍ പുസ്തകം ടൈപ്പ്സെറ്റ് ചെയ്യാനും അച്ചടിക്കാനുമുള്ള മികച്ച സാങ്കേതികത അംഗീകൃത പ്രസാധകരേക്കാള്‍ ഇന്ന് വ്യക്തിപരമായി എഴുത്തുകാര്‍ക്ക് പ്രാപ്യമാണ്. യൂണികോഡ് ഭാഷാസാങ്കേതികതയും മലയാളത്തിന്റെ തനതുലിപിയിലുള്ള മികച്ച ഫോണ്ടുകളും 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്' പോലെയുള്ള സന്നദ്ധസംഘടനകളുടെ ശ്രമഫലമായി മലയാളികള്‍ക്കിന്ന് സൗജന്യമായി ലഭിക്കുന്നു. (ഈ ലഘുലേഖയിലെ അക്ഷരങ്ങളും ടൈപ്‌സെറ്റിംഗും ശ്രദ്ധിക്കുക. നൂറു പേജുള്ള പുസ്തകം പഴയലിപിയില്‍ അക്ഷരങ്ങള്‍ക്ക് വലിപ്പക്കുറവില്ലാതെ എണ്‍പതുപേജായി ചുരുങ്ങുന്നതു് ഒരു ഹരിതനീതിയാണ്). മാതൃഭൂമിയും ഡിസിയും കറന്റും ഇതിലേക്കെത്താന്‍ ഇനിയും വര്‍ഷങ്ങളെടുക്കും.

വന്‍കിട പ്രസാധകര്‍ അച്ചടിച്ചു വിറ്റാലെ അംഗീകൃത എഴുത്തുകാരനായിത്തീരൂ എന്ന വിശ്വാസം ഉപേക്ഷിക്കാന്‍ എഴുത്തുകാരന്‍ സന്നദ്ധനാകണം. നൂറോഇരുനൂറോ പ്രതികള്‍ അച്ചടിച്ച് സുഹൃത്തുക്കള്‍ക്കു കൊടുത്ത് വക്കുംതുമ്പും പൊടിയാതെ യഥാര്‍ത്ഥവില ചോദിച്ചുവാങ്ങാനുള്ള മനസ്സ് എഴുത്തുകാരനുണ്ടാവണം. സുഹൃത്തുക്കള്‍ സൗജന്യവായനയുടെ ശീലം ഉപേക്ഷിക്കാനിടയായാല്‍, പ്രസാധകര്‍ രണ്ടുകൊല്ലംകൊണ്ട് കൊടുക്കുന്ന റോയല്‍റ്റിയേക്കാള്‍ എത്രയോമടങ്ങ് രണ്ടാഴ്ചകൊണ്ട് കിട്ടുന്ന ഒരവസ്ഥ മലയാളത്തിലെ എഴുത്തുകാര്‍ക്കുണ്ടാവും. സുഹൃത്തുക്കളോടെങ്ങനെ കാശു ചോദിക്കും എന്ന എഴുത്തുകാരന്റെ സങ്കടം പുസ്തകം വില്‍ക്കുന്ന പ്രസാധകര്‍ക്കില്ലെന്ന കാര്യം എഴുത്തകാരന്‍ ഓര്‍മ്മിച്ചേ മതിയാകൂ.

ഇരുന്നൂറുവായനക്കാരിലായിമാത്രം സ്വന്തം ചിന്തയും എഴുത്തും ഒതുങ്ങിപ്പോകുമെന്ന എഴുത്തുകാരുടെ ആശങ്കകളും അസ്ഥാനത്താണ്. ഒരാഴ്ചക്കകം ഇ-ഗ്രന്ഥം ഇരുപതിനായിരം മലയാളികളിലേക്കെത്തിക്കാന്‍ നെറ്റിലൂടെ ഇന്നു കഴിയും. അഞ്ചുശതമാനമെങ്കിലും അതു വായിക്കാനിടയായാല്‍ ആയിരം പേരായി. ഒരു ശതമാനമെങ്കിലും പുസ്തകം ആവശ്യപ്പെട്ടാല്‍ ഇരുനൂറുപേരായി. അഥവാ, പത്തുപേരേ ആവശ്യപ്പെടുന്നുള്ളുവെങ്കിലും രണ്ടുദിവസത്തിനകം അതച്ചടിച്ചുകൊടുക്കാനുള്ള പ്രസ്സും സാങ്കേതികതയും അരികത്തുണ്ട്. ഈ സാദ്ധ്യത പരീക്ഷിച്ചുനോക്കുകയെന്നത് മലയാളത്തിലെ എഴുത്തിനുവേണ്ടിയുള്ള ഒരു പ്രതിരോധപ്രവര്‍ത്തനമാണു്. പ്രസാധനത്തിലെ ഈ ബദലന്വേഷണം വന്‍കിടക്കാരെ ഇല്ലാതാക്കാനുള്ള ഒരു പദ്ധതിയല്ല. അവര്‍ നിലനില്‍ക്കട്ടെ. അവരുടെ വിതരണശൃംഖലകളിലൂടെ പുസ്തകങ്ങള്‍ മലയാളികളുടെ കൈകളിലെത്തിച്ചേരട്ടെ. എഴുത്തുകാര്‍ക്ക് മറ്റൊരു വഴിയുണ്ടെന്നു വരുന്നതോടെ റോയല്‍റ്റി കൃത്യമായി കൊടുക്കാനും എഴുത്തുകാരറിഞ്ഞുകൊണ്ട് പുതിയ പതിപ്പുകളിറക്കാനും അംഗീകൃത പ്രസാധകര്‍ നിര്‍ബ്ബന്ധിതരാകം. എഴുത്തുകാരെ മാന്യമായും സത്യസന്ധമായും സംരക്ഷിക്കുകയെന്നത് അവരുടെ നിലനില്പിന്റെ അടിസ്ഥാനമാണെന്ന് അവരറിയാനിടവരും.

മലയാളികളുടെ സര്‍ഗ്ഗാത്മകതയെ തുറന്ന ഒരിടത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സ്വതന്ത്ര പ്രസാധനം. സൗഹൃദങ്ങളുടെ തിരിച്ചുപിടിക്കലാണത്. സൃഷ്ടികര്‍ത്താവിന് പ്രസാധകന്റെ ഔദാര്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കലാണ്. പകര്‍പ്പിഷ്ടത്തിനായുള്ള വായനക്കാരുടെ അവകാശ പ്രഖ്യാപനമാണ്.

ബ്ലോഗ് സന്ദര്‍ശിക്കുക: http://swapras.blogspot.in/

Subscribe Tharjani |