തര്‍ജ്ജനി

വി. ജയദേവ്

R 17 A, Yudhister Marg,
C Scheme,
JAIPUR
RAJASTHAN

ഫോണ്‍ : 094133 48755
ബ്ലോഗ് :ആനമയിലൊട്ടകം

Visit Home Page ...

കവിത

വെടിമണിമുണ്ടക്കയം

വെറുതേ വെടിവച്ചുകളിക്കാന്‍ കൂടുന്നോ
എന്നു ചോദിച്ചാണ് വന്നത്.
രണ്ടു തോക്കുകളായിരുന്നു.
തോക്കുകളെ ആദ്യമായി കാണുകയായിരുന്നു.
അതുകൊണ്ട് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
തോക്കുകള്‍ തന്നെയാണ് പരിചയപ്പെടുത്തിയത്.
ഞങ്ങളാണ് തോക്കുകള്‍.
തോക്ക് എന്നുപറയുന്ന ഒന്നിനെ
ആദ്യമായിട്ട് കാണുകയായിരുന്നു.

വെടിവച്ചുകളിക്കാന്‍ അറിയില്ല.
ഇതുവരെ വെടിവച്ചിട്ടില്ല.
എന്താണു വെടിവയ്ക്കുകയെന്നു പറഞ്ഞാല്‍
എന്നുപോലുമറിയില്ല.
ഇതുവരെ വെടിവയ്ക്കുന്നത് കണ്ടിട്ടില്ല.
ഇതുവരെ വെടികൊണ്ടിട്ടുമില്ല.
തോക്കുതന്നെ ആദ്യമായി കാണുകയാണ്.
ഈ തോക്കും വെടിയും തമ്മിലെന്താണ്
എന്നുപോലുമറിയുമോന്നറിയില്ല.
വന്ന കാലില്‍ നില്ക്കാതെ
ഏതായാലും അകത്തുകയറിയിരിക്ക്.
കേള്‍ക്കാന്‍ രസമുള്ളതാണോ എന്നു നോക്കട്ടെ.
നകുലാ സഹദേവാ തോക്ക് അങ്കിളുമാര്‍ക്ക്
ഇരിക്കാന്‍ ഓരോ കസേര പോരട്ടെ.
.
തോക്കില്‍ത്തന്നെ പലവിധമുണ്ടെന്ന്
കേള്‍ക്കുന്നതുതന്നെ ആദ്യമായാണ്.
പിസ്റ്റള്‍, റൈഫിള്‍ എന്നതൊക്കെ
ഓരോ ജാതിപ്പേരായിരിക്കും.
അല്ല അറിയാഞ്ഞിട്ടാണ്.
പേരെന്തായാലും ഇനമേതായാലും
ഒരു വെടിക്കുഴല്‍ കാണുമെന്നല്ലോ
പറഞ്ഞത്. ഉണ്ടയെ തീക്കത്തിച്ച്
പുറത്തേക്ക് പായിക്കുന്ന കാഞ്ചി
എന്നൊരു അവയവമുണ്ടെന്നോ.ശരി.
കാഞ്ചിപുരം എന്നു കേട്ടിട്ടുണ്ട്.
അവിടെ സാരിയാണെന്നൊക്കെയാ
ഇതുവരെ പറഞ്ഞുകേള്‍ക്കാറുള്ളത്.
ഉന്നം പിടിക്കാന്‍ കണ്ണുവച്ചുനോക്കുന്ന
ഓട്ടക്കണ്ണുമുണ്ടായിരുന്നല്ലേ.
തോക്കില്‍ നിന്ന് ഇത്തിരിപ്പോന്ന ഉണ്ട
പുറത്തുവിടുന്നതിനെയാണല്ലേ
ഈ വെടിവയ്പ് എന്നുപറയുന്നത്.
ഭയങ്കര ഒച്ചയും പുകയുമായിരിക്കുമെന്നോ.
കതിന പൊട്ടുന്നതു കേട്ടിട്ടുണ്ട്.
അപ്പോള്‍ ഓരോ ഉണ്ടയും പിന്നാലെപ്പിന്നാലെ
നിറയ്ക്കുന്ന ശീലമൊന്നും ഇപ്പോഴില്ലെന്നത്
ഏതായാലും നന്നായി. ഓരോന്നായി നിറക്കാന്‍
എത്ര പ്രയാസപ്പെട്ടുപോയേനെ.
ഉണ്ടകള്‍ ഒന്നിച്ചുവയ്ക്കുന്ന മാഗസിന്‍
അതേതായാലും നല്ലൊരു ശീലം തന്നെ.
തുരുതുരെ പൊട്ടിക്കുമ്പോള്‍ തോക്ക്
പിന്നാക്കം വലിക്കുമത്രേ.
മിനിട്ടില്‍ തുരുതുരാ പൊട്ടുന്ന കലാഷ്നിക്കോഫ്
അമ്മാമന്റെ പടമെടുത്തുകാണിച്ചത് നന്നായി.
കണ്ടിരിക്കാമല്ലോ.
നകുലാ സഹദേവാ നിങ്ങളെപ്പിന്നെ
ഇതുവഴി കണ്ടേയില്ല.
.
ഇതുവരെ വെടിവച്ചുകളിച്ചിട്ടില്ലാത്തതുകൊണ്ടാണ്.
അറിയാത്ത കുളത്തിലും അറിയാത്ത കളിയിലും
മുങ്ങരുത് എന്നു കേട്ടു വളര്‍ന്നതുകൊണ്ടാണ്.
കളി രസമാണെന്ന് കേട്ടപ്പോള്‍ തന്നെ തോന്നിയില്ലെന്നില്ല.
അപ്പോള്‍ ഒരാള്‍- ഇപ്പോള്‍ ഞാന്‍ മാത്രമേയുള്ളല്ലോ-
നടുക്കു നില്ക്കണം. രണ്ടു തോക്കുകള്‍
രണ്ടുവശത്തുനിന്ന് തുരുതുരെ.
കേട്ടപ്പോള്‍ തന്നെ ഒരു സുഖം തോന്നുന്നുണ്ട്.
എന്നാലും കളിച്ചിട്ടില്ല.
ഒരിക്കലും കണ്ടിട്ടില്ല.
ഒരിക്കലും കൊണ്ടിട്ടില്ല.
അല്ല, കളിക്കാനില്ലെന്നു പറഞ്ഞുവരികയാണ്.
ഇത് കളിക്കേണ്ട പിരീയഡുമല്ല.
നകുലനെയും സഹദേവനെയും കാണാത്തത്
അതുകൊണ്ടാണ്. രണ്ടുപേരും ഒരേ പഠിപ്പാണ്.
.
ഈ പിരീയഡിനുള്ള മാഷ് വരാത്തതുകൊണ്ട്
ഈ പിരീയഡ് കളിപ്പിരീയഡാക്കിയെന്ന്
ടിവിയില്‍ കാണിച്ചെന്ന് തോക്കുകള്‍.
ഒന്നുകിലും വെടിക്കുഴലും കാഞ്ചിയും
ഉള്ളതുതന്നെയാണല്ലോ. ശരിയായിരിക്കും.
അതിനിവിടെ ടിവിയില്ലല്ലോ. കേബിളില്ലല്ലോ.
ചാനലുകളൊന്നുമില്ല. മുമ്പൊരു
ഇംഗ്ലീഷ് ചാനലുണ്ടായിരുന്നു.
കളിപ്പിരീയഡായി പ്രഖ്യാപിച്ചുകഴിഞ്ഞ സ്ഥിതിക്ക്
കളിക്കാനറിയാത്ത കളി കളിക്കണമെന്ന്
നിര്‍ബന്ധമൊന്നുമില്ലല്ലോ.
.
എന്നാല്‍പ്പിന്നെ വെടിവച്ചുകളിക്കാം.
കളിക്കുന്നവരെല്ലാം ജയിക്കുന്ന കളിയാണ്
വെടിവച്ചുകളിയെന്നു കേള്‍ക്കാന്‍
ഒരു രസമൊക്കെയുണ്ട്.
ലോകത്തെ മറ്റു പല കളികളും മനസ്സിലോര്‍ത്തുനോക്കാന്‍
സാവകാശം തരുന്നുണ്ടല്ലോ. ഒരു കളിയും പെട്ടെന്ന്
ഓര്‍മ്മ വരുന്നില്ല പണ്ടാരമടങ്ങാന്‍ തന്നെ.
മുമ്പൊക്കെ മേരിയും ഞാനും
ഒന്നിച്ചു ജയിക്കാറുണ്ടായിരുന്നു.
അതേതാണെന്നു പോലും ഓര്‍മ്മ വരുന്നില്ല.
ആലോചിച്ചോ ആലോചിച്ചോ എന്ന്
തോക്കുകള്‍ കഥ പറയുന്നുണ്ട്.
മുടിയാന്‍, ഒന്നുമൊന്നുമങ്ങോട്ട്
ഓര്‍മ്മയില്‍ കയറിവരുന്നില്ല.
വെടികൊള്ളുമ്പോള്‍ പൂവമ്പുവന്ന്
കൊള്ളുന്നതുപോലെയുണ്ടാവുമെന്നൊക്കെ
ഒരു രസമൊക്കെയുണ്ടെന്നു പറയാതെ വയ്യ.
പണ്ടുമൊരു പൂവമ്പനുണ്ടായിരുന്നെന്ന്
കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല, കാണാനൊത്തില്ല.
അപ്പോഴേക്കും ആ പ്രായമൊക്കെ
കഴിഞ്ഞുപോയിരുന്നു.
വെടിവച്ചുകളിയില്‍ കൂടുതല്‍ ഹിറ്റ്
കിട്ടുന്നയാള്‍ക്ക് സന്തോഷം കൊണ്ട്
ചെറിയ ബോധക്ഷയം വരുമെന്ന്
നേരത്തേ പറഞ്ഞതു നന്നായി.
കളിക്കിടെ ഒരു സംശയം ഒഴിവായിക്കിട്ടി.
.

വേറെ നിവൃത്തിയില്ലെങ്കില്‍പ്പിന്നെ
വെടിവച്ചുകളിക്കാം.
അധികം സന്തോഷിപ്പിക്കരുത്.
നകുലാ
സഹദേവാ.

Subscribe Tharjani |