തര്‍ജ്ജനി

ഗൌതമന്‍

ക്രാന്തി,
കുമാരപുരം (പി. ഒ.),
ഹരിപ്പാട്.

Visit Home Page ...

കവിത

ജരാനരകൾ ബാധിച്ച കവിത

ബഹുവർണ്ണചിത്രമാസിക തുറക്കുമ്പോൾ
രണ്ടു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ചിത്രങ്ങൾ.

കോട്ടിനും സൂട്ടിനും അടിയിൽ
തേച്ചൊതുക്കിയ പെലെ.

പ്രായത്തിന്റെ സാരിക്കുള്ളിൽ
തടിച്ചുപോയ ജയഭാരതി.

മഞ്ഞക്കുരുവിയുടെ വേഗവും
രതിച്ചേച്ചിയുടെ ശരീരവും
ഒരു നിമിഷം മറന്നുപോകുന്നു.
സൗന്ദര്യത്തെക്കുറിച്ചുള്ള ഓർമ്മകൾ
നരച്ചു ചുളിഞ്ഞുപോകുന്നു.

മേഘങ്ങളൊഴിഞ്ഞ ആകാശംപോലെ,
പർവ്വതങ്ങളുടെ നിശബ്ദതപോലെ,
പ്രായം കൊണ്ടിടിഞ്ഞുപോയ മുലകൾപോലെ,
നഷ്ടപ്പെട്ട കാൽവേഗവസന്തംപോലെ,
മാസിക നമ്മുടെ മുന്നിൽ
വിളർത്തു കിടക്കുന്നു.

മുഴുനീല ആകാശത്തിലെ
ഇളംനീലപ്പൊട്ടുകളെന്ന്
സ്വബോധം ഉണ്ടാകുന്നു.

വെറുമൊരു കാറ്റ്.
മരങ്ങളാടിയുലയുന്നു.
വള്ളങ്ങൾ ഉയർന്നുതാഴുന്നു.
റെയിൽവേ സ്റ്റേഷനിൽ
പ്രിയപ്പെട്ടവർ യാത്രപറയുന്നു.
ആശുപത്രികൾ
നിലവിളികളാൽ നടുങ്ങുന്നു.

എന്നിട്ടും പച്ചമരങ്ങൾ
ഇലപൊഴിക്കാതിരിക്കാൻ
വ്യഥപ്പെടുന്നു.

ആകാശം മരക്കൊമ്പുകളിലേക്കിറങ്ങിവരുന്നു.
ചുംബനമെന്നോ
ആദ്യസമാഗമമെന്നോ
സൗഹൃദസംഭാഷണമെന്നോ
അലങ്കാരപ്പെടുത്തിയാലും
പച്ചയിലകൾ നീലശൂന്യതയെ
ശവപ്പെട്ടിയെന്നുതന്നെ മനസ്സിലാക്കും.

പച്ചയിലകൾ ഭയപ്പെടില്ല.
അതിനുംമുൻപേ അവർ
നിത്യാകാശത്തിലേക്ക് നീലപ്പെടുന്നു.

മുഴുനീല ആകാശത്തിലെ
ഇളംനീലപ്പൊട്ടുകളെന്ന്
ബോധമുണ്ടാകുന്നു.

Subscribe Tharjani |