തര്‍ജ്ജനി

ഡോ. മഹേഷ് മംഗലാട്ട്

മംഗലാട്ട്, ചൂടിക്കൊട്ട, മയ്യഴി - 673 310
ഇ-മെയില്‍: mangalat@chintha.com
വെബ്: മഹേഷ് മംഗലാട്ട്

Visit Home Page ...

സംസ്കാരം

പുസ്തകപ്രസാധനത്തില്‍ ഒരു സ്വതന്ത്രസംരംഭം


എം.എം.സോമശേഖരന്‍ സംസാരിക്കുന്നു.
തയ്യുള്ളതില്‍ രാജന്‍, കെ.എച്ച്.ഹുസ്സൈന്‍ എന്നിവര്‍ വേദിയില്‍

മലയാളത്തിലെ പരമ്പരാഗതമായ പുസ്തകപ്രസാധനരീതിയില്‍നിന്നും വഴിമാറി സഞ്ചരിക്കുന്ന ഒരു ശ്രമം നടന്നിരിക്കുന്നു. എം. എം. സോമശേഖരന്റെ മാര്‍ക്സ്, മാര്‍ക്സിസം, മൂലധനം എന്ന പുസ്തകം സ്വതന്ത്രപ്രസാധനം (http://swapras.blogspot.in/) എന്ന് പേരിട്ടുവിളിക്കുന്ന ഒരു പുതിയ രീതിയിലാണ് പ്രകാശിപ്പിക്കപ്പെട്ടത്. പ്രിന്റ് ഓണ്‍ ഡിമാന്റ് എന്ന സങ്കല്പമാണ് ഈ പ്രസാധനത്തില്‍ പ്രാവര്‍ത്തികമാക്കിയത്. ഒരു എഴുത്തുകാരനും പ്രസാധകന്റെ കാരുണ്യത്തിനുമുന്നില്‍ കാത്തുകെട്ടിക്കിടക്കാതെ സ്വന്തം പുസ്തകം സ്വയം പ്രസിദ്ധീകരിക്കുക; അത് ആവശ്യമുള്ളവര്‍ക്ക് നല്കുക; അതിന് ആവശ്യമായ അത്രയും കോപ്പികള്‍ മാത്രം അച്ചടിക്കുക. ഇതാണ് പ്രിന്റ് ഓണ്‍ ഡിമാന്റിന്റെ സങ്കല്പം. അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം അമ്പതോ അഞ്ഞൂറോ ആയിരിക്കട്ടെ. ഇനി അത് ഇരുപത് കോപ്പികളായാലും സാരമില്ല. അത്രയും കോപ്പികള്‍ മാത്രം അച്ചടിക്കുക. ഇതിനായുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ നമ്മുക്ക് ലഭ്യമാണ്. അതിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ച് സ്വതന്ത്രപ്രസാധനം എന്ന സങ്കല്പം അവതരിപ്പിക്കുന്നത് കെ.എച്ച്. ഹുസ്സെെനും അശോക് കുമാറുമാണ്. മലയാളഭാഷാകമ്പ്യൂട്ടിംഗിന്റെ ചരിത്രത്തില്‍ വഴിത്തിരിവായിത്തീര്‍ന്ന സംഭാവനകള്‍ അര്‍പ്പിച്ച ഹുസ്സെെനും അച്ചടിയിലും പുസ്തകപ്രസാധനത്തിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളില്‍ നവീനഭാവുകത്വം അവതരിപ്പിച്ച അശോക് കുമാറും. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ലിപിചിഹ്നങ്ങളുടെ ആധിക്യം കാരണം മലയാളത്തിന്റെ ഭാവി ഇരുളടഞ്ഞുപോകും എന്ന് ഔദ്യോഗികഭാഷാവിശാദരര്‍ പറയുകയും ഇതിന് പരിഹാരമായി ലിപിപരിഷ്കരണത്തിലൂടെ ആവശ്യമില്ലാത്ത അക്ഷരങ്ങള്‍ ഉപേക്ഷിക്കണമെന്നും അല്ലാതെ കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും സിദ്ധാന്തിച്ചപ്പോള്‍ ഇതെല്ലാം ശുദ്ധഅസംബന്ധമാണെന്ന് രചന എന്ന ടെക്സ്റ്റ് എഡിറ്റര്‍ ഉണ്ടാക്കി തെളിയിച്ചയാളാണ് കെ.എച്ച്.ഹുസ്സൈന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രചന അക്ഷരവേദി ഗ്നു ജി.പി.എല്‍ ലെെസന്‍സില്‍ പ്രസിദ്ധീകരിച്ച അക്ഷരരൂപങ്ങളിലൂടെയാണ് ഇന്ന് കമ്പ്യൂട്ടറില്‍ മലയാളം വെടിപ്പായി കാണുന്നത്. അശോക് കുമാര്‍, പെരിഞ്ഞനത്ത് ഹരിശ്രീ എന്ന പേരില്‍ എഴുപതുകളില്‍ അച്ചടിശാല നടത്തിയിരുന്നയാളാണ്. മലയാളത്തിലെ ആധുനികസാഹിത്യത്തോടൊപ്പം രൂപപ്പെട്ട ഭാവുകത്വപരിണാമത്തെ പുസ്തകങ്ങളുടെയും മറ്റും അച്ചടിയിലും രൂപകല്പനയിലും പ്രകടമാക്കിയ സ്ഥാപനങ്ങളിലൊന്ന് ഹരിശ്രീയായിരുന്നു. മറ്റൊന്ന് ചിത്രകാരനായ സി.എന്‍.കരുണാകരന്റെ സ്ഥാപനമായിരുന്നു.

എം, എം. സോമശേഖരന്റെ ആത്മകഥാസ്പര്‍ശമുള്ള പുസ്തകമാണ് മാര്‍ക്സ്, മാര്‍ക്സിസം, മൂലധനം. ആത്മകഥകളുടെ രീതിയില്‍ സ്വന്തം ജീവിതകഥ പറയുകയല്ല, മറിച്ച് സ്വന്തം ജീവിതത്തെ ഇക്കാലമത്രയും നയിച്ചിരുന്ന വിശ്വാസപ്രമാണങ്ങളെക്കുറിച്ചുള്ള ആലോചനകളാണ് ഈ പുസ്തകം. മടപ്പള്ളി ഗവ. കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വിപ്ലവരാഷ്ട്രീയം സ്വീകരിക്കുകയും ഇക്കാലമത്രയും കേരളത്തിലെയും ഇന്ത്യയിലെ തന്നെയും വിപ്ലവപ്രസ്ഥാനത്തില്‍ സജീവപങ്കാളിത്തം വഹിക്കുകയും ചെയ്തയാളാണ് സോമശേഖരന്‍. പാര്‍ട്ടിരേഖകള്‍ എഴുതിയ എഴുത്താണ് തന്റേതെന്ന് അതിനാല്‍ സോമശേഖരന്‍ തന്റെ രചനാജീവിതത്തെ വിശേഷിപ്പിക്കുന്നു. ആഗോളതലത്തില്‍ മാര്‍ക്സിസം വലിയ തിരിച്ചടികള്‍ നേരിടുകയും ഇന്ത്യയിലെ മുഖ്യധാരാമാര്‍ക്സിസ്റ്റ് രാഷ്ട്രീയം അതിനെക്കുറിച്ചുള്ള ആലോചനകള്‍ ഒന്നുമില്ലാതെ പതിവ് നടപടികളുമായി പോകുമ്പോള്‍ സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനം ആഗ്രഹിക്കുന്ന ആരും നടത്തുന്ന പുനരാലോചനകളില്‍ നിന്നാണ് ഈ പുസ്തകം രൂപപ്പെടുന്നത്.

വ്യവസായവിപ്ലവാനന്തരമുള്ള വ്യാവസായികാന്തരീക്ഷത്തിലാണ് മാര്‍ക്സിന്റെ സാമ്പത്തികശാസ്ത്രവും തത്വചിന്തയും രൂപപ്പെടുന്നത്. അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയമാണ് മാര്‍ക്സിസം മുന്നോട്ടുവെക്കുന്നത്. രണ്ട് മഹായുദ്ധങ്ങളും ശാസ്ത്ര-സാങ്കേതികവിദ്യകളിലെ സങ്കല്പാതീതമായ വളര്‍ച്ചയും മാര്‍ക്സിന്റെ ചിന്തകളെ രൂപപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമായ ഒരു ലോകം സൃഷ്ടിച്ചിരിക്കുന്നു. ഈ ലോകക്രമത്തില്‍ മാര്‍ക്സിസം രൂപപ്പെട്ട കാലത്ത് എന്നതുപോലെ പ്രസക്തമാണോ എന്ന ചോദ്യം മാര്‍ക്സിസ്റ്റ് രാഷ്ട്രീയപ്രയോഗത്തില്‍ ഏര്‍പ്പെട്ടവരെയെങ്കിലും അലോസരപ്പെടുത്തേണ്ടതാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ചോദ്യത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എം.എന്‍. റോയ് മാര്‍ക്സിസത്തിനപ്പുറത്തേക്ക് റാഡിക്കല്‍ ഹ്യൂമനിസം വഴി സഞ്ചരിച്ച ചരിത്രം ഇന്ത്യന്‍ മാര്‍ക്സിസത്തിന്റെ ഭാഗമാണ്. നാല്പതുകള്‍ക്ക് ശേഷം പാര്‍ലമെന്ററി രാഷ്ട്രീയത്തിലും അതിന്റെ ജീര്‍ണ്ണതയിലേക്കും മറ്റ് ഇന്ത്യന്‍ ജനാധിപത്യപാര്‍ട്ടികളോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയും മുതലക്കൂപ്പുകുത്തി. അറുപതുകളുടെ പകുതിയിലെത്തുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരുകയും ചെയ്തു. അറുപതുകളുടെ അവസാനമാവുമ്പോഴേക്കും യഥാര്‍ത്ഥവിപ്ലവരാഷ്ട്രീയം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പകരം വെച്ചുകൊണ്ട് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടികള്‍ രൂപംകൊള്ളുന്നു. കഴിഞ്ഞ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ആഗോളതലത്തിലുള്ള മാര്‍ക്സിസ്റ്റ് പ്രയോഗങ്ങള്‍ക്ക് ഏറ്റ തിരിച്ചടികള്‍ പങ്കിട്ടുകൊണ്ടും സ്വന്തം ജീര്‍ണ്ണത കാരണവും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും രാഷ്ട്രീയമായി നിരായുധരാക്കപ്പെട്ട അവസ്ഥയില്‍ എത്തിപ്പെട്ടു.

വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍ മാര്‍ക്സിസ്റ്റ് രാഷ്ട്രീയപ്രയോഗത്തിന്റെ ഭാഗമായിരിക്കുകയും ആത്മത്യാഗപരമായ വിപ്ലരാഷ്ട്രീയത്തെ നയിക്കുകയും ചെയ്ത എം.എം.സോമശേഖരനെ സംബന്ധിച്ചിടത്തോളം മാര്‍ക്സിസം സ്വന്തം ആത്മകഥയുടെ ഭാഗമാവുന്നത് ഇക്കാരണത്താലാണ്. യഥാര്‍ത്ഥരാഷ്ട്രീയപ്രവര്‍ത്തകന്റെ ആത്മകഥ വ്യക്തികഥയെന്നതിനെക്കാള്‍ സാമൂഹികചരിത്രം തന്നെ ആയിരിക്കും. അതിനെ നയിച്ച ആശയപരവും പ്രായോഗികവുമായ ഘടകങ്ങളായിരിക്കും അത്തരം ആത്മകഥകളെ രൂപപ്പെടുത്തുക. ഇക്കാരണത്താലാണ് ഈ പുസ്തകം ആത്മകഥാപരമെന്ന് സോമശേഖരന്‍ ഏറ്റുപറയുന്നത്.

പാലക്കാട് ആസ്ഥാനമായുള്ള സ്വതന്ത്രപ്രസാധനമാണ് മാര്‍ക്സ്, മാര്‍ക്സിസം, മൂലധനം എന്ന പുസ്തകത്തിന്റെ പ്രസാധകര്‍. പ്രിന്റ് ഓണ്‍ ഡിമാന്റ് രീതിയിലുള്ള പ്രസാധനത്തിലൂടെ എഴുത്തുകാരനെ വാണിജ്യപ്രസാധകന്റെ ചൂഷണത്തില്‍നിന്നും അനാവശ്യമായ വിധേയത്വത്തില്‍നിന്നും മോചിപ്പിക്കുകയാണ് സ്വതന്ത്രപ്രസാധനം ചെയ്യുന്നത്. എഴുത്തുകാരന്‍ തന്നെയാവും ഇവിടെ പ്രസാധകനും വിതരണക്കാരനും. സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴിയും നവമാദ്ധ്യമങ്ങള്‍ വഴിയും ഒരു പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വായനക്കാരിലെത്തിക്കാം. തല്പരരായ വായനക്കാര്‍ക്ക് പുസ്തകം എത്തിച്ചുകൊടുക്കാം. മുന്‍കൂട്ടി കണക്കാക്കുന്ന വില്പനസാദ്ധ്യതയെ അടിസ്ഥാനമാക്കി ആവശ്യമായ എണ്ണം കോപ്പികള്‍ അച്ചടിച്ച് തയ്യാറാക്കാം. അത് അഞ്ചോ അമ്പതോ അഞ്ഞൂറോ ആകാം. സോമശേഖരന്റെ പുസ്തകത്തിന്റെ ഇരുന്നൂറ് കോപ്പികളാണ് തയ്യാറാക്കിയത്. അതാവട്ടെ, സ്വതന്ത്രപ്രസാധനത്തെക്കുറിച്ച്ആദ്യത്തെ ചര്‍ച്ച നടന്ന വടകരയിലെ പരിപാടി നടക്കുമ്പോള്‍ തീര്‍ന്നുകഴിഞ്ഞിരുന്നു. അപ്പൊഴുള്ള ആവശ്യക്കാരെ കണക്കാക്കി ആയിരം കോപ്പികള്‍ അച്ചടിക്കുവാന്‍ നിശ്ചയിച്ചു.

ഈ പുസ്തകത്തെക്കുറിച്ച് എടുത്തുപറയേണ്ട ഒരു വിശേഷം, മലയാളത്തിന്റെ തനതുലിപിയിലാണ് ഈ പുസ്തകം തയ്യാറാക്കപ്പെട്ടത് എന്നതാണ്. ഈ സാങ്കേതികവിദ്യ മുമ്പത്തെക്കാള്‍ അനായാസമായി ഉപയോഗിക്കാവുന്ന വിധത്തില്‍ ഇപ്പോള്‍ ലഭ്യമാണ്. വെബ്ബിന് യുനിക്കോഡിലും അച്ചടിക്ക് ആസ്കിയിലും മലയാളം ടൈപ്പുചെയ്യുന്ന രീതി ഇപ്പോള്‍ ആവശ്യമില്ല. വിന്റോസിലായാലും ഓപ്പണ്‍സോഴ്സിലായാലും യൂനിക്കോഡ് എന്‍കോഡിംഗിലുള്ള മലയാളം ഉപയോഗിച്ച് അച്ചടിക്കായി മലയാളം ഉപയോഗിക്കാവുന്ന വിധത്തില്‍ മലയാളഭാഷാകമ്പ്യൂട്ടിംഗ് വികസിച്ചുകഴിഞ്ഞിട്ടുണ്ട്.

മറ്റൊരു വിശേഷം, കോപിറൈറ്റ് എന്ന സങ്കല്പത്തിന്റെ വിപരീതമായ കോപിലെഫ്റ്റ് അഥവാ പകര്‍പ്പവകാശം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രസാധനമാണ് ഇതെന്നതാണ്. ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വാണിജ്യേതരമായി ആര്‍ക്കും ഈ പുസ്തകം അച്ചടിക്കാനും വിതരണംചെയ്യാനും ഒരു തടസ്സാസവുമില്ല. സ്വതന്ത്രപ്രസാധനത്തിന്റെ ബ്ലോഗില്‍ കൂടുതല്‍ വിവരങ്ങള്‍ കാണുക.

നിലവിലുള്ള വാണിജ്യപ്രസാധനത്തെ ഇല്ലായ്മചെയ്യാനുള്ള ഒരു പ്രവര്‍ത്തനമായി സ്വതന്ത്രപ്രസാധനത്തെ കണക്കാക്കേണ്ടതില്ല. വാണിജ്യപ്രസാധകര്‍ ഏറെയും പുസ്തകം പ്രസിദ്ധീകരിക്കാനായി എഴുത്തുകാരില്‍നിന്നും അച്ചടിക്കൂലി ഇനത്തില്‍ മുന്‍കൂറായി പണം വാങ്ങുന്നവരാണ്. അവര്‍ എത്ര കോപ്പികള്‍ അച്ചടിക്കുന്നുവെന്നോ വില്ക്കുന്നുവന്നോ കൃത്യമായി അറിയുവാന്‍ എഴുത്തുകാരന് ഒരു വഴിയുമില്ല. പുസ്തകത്തിന്റെ മുഖവിലയുടെ പകുതിയോ അതിലേറെയോ തന്റെ പങ്കായി എടുത്ത് ബാക്കിയാണ് മുതല്‍മുടക്കിയ എഴുത്തുകാര്‍ക്ക് കിട്ടുന്നത്. അതാവട്ടെ ഖണ്ഡശ്ശയായും. കരാറില്‍ പറഞ്ഞ അത്രയും കോപ്പികള്‍ മാത്രമാണ് അച്ചടിച്ചതെന്ന നിലയില്‍ അതിന്റെ വില്പനയുടെ കണക്കിലാണ് പണം നല്കുന്നത്. ഇതില്‍ സത്യമെത്ര, കളിയെത്ര എന്ന് ആര്‍ക്കറിയാം? സ്വതന്ത്രപ്രസാധനത്തില്‍ എഴുത്തുകാരാണ് എത്ര കോപ്പികള്‍ വേണമെന്ന് നിശ്ചയിക്കുന്നത്, അച്ചടിപ്പിക്കുന്നത്, വില്ക്കുന്നത്. ഈ പണികള്‍ സ്വയം ചെയ്യാന്‍ വിഷമമമുള്ളവര്‍ മറ്റുള്ളവരുടെ സഹായം ഉപയോഗിച്ച് പ്രസാധനം നിര്‍വ്വഹിക്കും.എഴുത്തുകാരും വായനക്കാരും തമ്മിലുള്ള നേര്‍ബന്ധം ഉണ്ടാവുന്നുവെന്നതാണ് ഇത്തരം പ്രസാധനത്തിന്റെ സവിശേഷത.സോമശേഖരന്റെ പുസ്തകത്തെ പിന്തുടര്‍ന്ന് നിരവധി പുസ്തകുപ്രസാധന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. വരാനിരിക്കുന്ന നാളുകളില്‍ മലയാളത്തിലെ പുസ്തകപ്രസാധനത്തിന്റെ രംഗത്ത് സ്വതന്ത്ര പ്രസാധനം ഗണ്യമായ പങ്ക് നിര്‍വ്വഹിക്കുമെന്ന് പ്രതീക്ഷിക്കാം.

Subscribe Tharjani |