തര്‍ജ്ജനി

പി. സത്യനാഥന്‍

Visit Home Page ...

ലേഖനം

പകരം ഒരാള്‍

അഷിതയുടെ പകരം ഒരാള്‍ എന്ന കഥയെക്കുറിച്ച്

സ്ത്രീകളുടെ ലോകത്തെ ഏറ്റവും തീവ്രമായി ആവിഷ്കരിക്കുന്ന കഥകളാണ് അഷിതയുടേത്. അലസമായി എഴുതിയ ഒരു വരിപോലും അവയിലില്ല. സ്ത്രീകളുടെ വേദനകള്‍, വിഷമങ്ങള്‍, ആശങ്കകള്‍, പരാജയങ്ങള്‍ എന്നിവയൊക്കെയും അഷിതയുടെ കഥകളില്‍ അനായാസം ആഖ്യാനം ചെയ്യപ്പെടുന്നു. കഥകളിലെ അകൃത്രിമമായ അനുഭവപരിസരം നമ്മെ അവയുമായി അടുപ്പിക്കുന്നു.

മാതൃഭൂമി പ്രസിദ്ധീകരിച്ച അഷിതയുടെ കഥകള്‍ എന്ന സമാഹാരത്തിലുള്ള പകരം ഒരാള്‍ എന്ന കഥ മലയാളത്തിലെ മികച്ച ചെറുകഥകളില്‍ ഒന്നാണ്. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദു:ഖമാണ് ഇതിലെ പ്രമേയം. പതിനാലുവര്‍ഷംമുമ്പ് വീടുവിട്ടുപോയ മകനുവേണ്ടി ജീവിക്കുന്ന യശോദമ്മയാണ് കഥയിലെ അമ്മ. അവര്‍ എല്ലാ വര്‍ഷവും മകന്റെ ആയുരാരോഗ്യസൗഖ്യത്തിനുവേണ്ടി ഭാഗവതസപ്താഹം നടത്താറുണ്ട്. ഭാഗവതം വായിക്കുന്നതിന് സ്ഥിരമായി വരാറുണ്ടായിരുന്ന പിഷാരടി തിമിരത്തിന് ശസ്ത്രക്രിയയാതിനാല്‍ ഇത്തവണ വരാന്‍ കഴിയില്ലെന്നും പകരം ഒരാളെ ഇതിനായി അയക്കുന്നുണ്ടെന്നും അറിയിച്ചുകൊണ്ട് എഴുതിയ കത്തിലാണ് കഥയുടെ തുടക്കം. പിഷാരടിക്കു പകരം ആരായാലും മതിയാവില്ല എന്ന് വിശ്വസിക്കുന്ന യശോദമ്മയുടെ മുന്നില്‍ വിനീതനും സുപ്രസന്നനുമായ സ്വാമി തന്മയന്‍ പ്രത്യക്ഷപ്പെടുന്നു. തന്മയനെ കണ്ടപ്പോള്‍ അത് നാടുവിട്ടുപോയ സ്വന്തം ഉണ്ണിയല്ലേ എന്ന് യശോദമ്മയ്ക്കു ബലമായ സംശയം നാമ്പെടുക്കുന്നു. തന്മയന്‍ പടിക്കെട്ടുകള്‍ കയറിക്കയറി വരുന്നതുകണ്ടപ്പോള്‍ രണ്ട് കുഞ്ഞിക്കാലുകള്‍ ഓടിയോടി നെഞ്ചിലാകെ പതിയുന്നതായി യശോദമ്മയ്ക്കു തോന്നുന്നു. പടിയിറങ്ങിപ്പോയ സ്വന്തം ഉണ്ണിയാണ് കയറിവന്നതെന്ന് യശോദമ്മ വിശ്വസിക്കുന്നു. ഈ വിശ്വസമാണ് കഥയ്ക്ക് ഒരു പുതിയ മാനം നല്കുന്നത്. എല്ലാം ഒരു വിശ്വാസമാണെന്നും ഓരോരോ ചെറിയ വിശ്വാസങ്ങള്‍ കൊരുത്ത വലിയ ഒരു വിശ്വാസമാണ് ജീവിതമെന്നും സ്വാമി തന്മയന്‍ യശോദമ്മയോട് പറയുന്നുണ്ട്. വെറും വിശ്വാസംകൊണ്ട് കാര്യമില്ലെന്നും വിശ്വാസം അറിവിലേക്ക് നയിക്കണമെന്നും അതിലാണ് മുക്തിയെന്നും തന്മയന്‍ തുടരുന്നു. പതിനാലുവര്‍ഷമായി ദു:ഖിച്ചുകഴിയുന്ന യശോദമ്മയ്ക്ക് അറിവും അതുവഴി മുക്തിയും നല്കുന്നതിന് തന്മയന് കഴിയുന്നുണ്ട്. പ്രപഞ്ചത്തിലെ തീര്‍ത്തും നിസ്സഹായജീവിയായ മനുഷ്യന്‍ ജീവിക്കുന്നത് യശോദമ്മയെപ്പോലെയാണ്. ഓരോരോ വിശ്വാസങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തിന് അവലംബമായിത്തീരുന്നു. കാത്തിരിപ്പ്, നിസ്സഹായത, വേദന എന്നിവ യശോദമ്മയുടെ ജീവിതത്തിന് ആത്മീയമായ ആഴംനല്കുന്നു. അവരുടെ ജീവിതത്തിന്റെ ഈ ആന്തരികഗൗരവം വായനക്കാരുടെ ഹൃദയത്തെ അലിയിപ്പിക്കുന്നു.

കഥയിലെ സംഭാഷണങ്ങള്‍

സ്വന്തം മകനാണെന്ന് ഉറച്ചുച്ചുവിശ്വസിക്കുന്ന അമ്മയും തന്മയനും തമ്മിലുള്ള സംഭാഷണം കഥയെ ലൗകികപരിസരത്തുനിന്നും ആത്മീയമായ ഒരു തലത്തിലേക്ക് വളര്‍ത്തുന്നുണ്ട്.
`എന്നാലും ഉണ്ണീ, എവിടെയാണെങ്കിലും ഒരു വരി എഴുതിയിടാന്‍ തോന്നിയില്ലല്ലോ നിനക്ക്'
`എപ്പോഴെങ്കിലും പിരിഞ്ഞതായി അറിഞ്ഞതേയില്ലല്ലോ. അതാണ് എഴുതിയിടാതിരുന്നത്'
`നിന്റെ നെഞ്ചിലെ ആ വലിയ മറുകെവിടെ ഉണ്ണീ'
`അമ്മയെപ്പോലെ ഒട്ടനവധി അമ്മമാരുടെ കണ്ണീരുവീണ് മറഞ്ഞുപോയതാവും'
`നാടുവിടുന്നതിന്റെ തലേന്ന് ചന്തയിലെ ലഹളയില്‍ താടിക്കേറ്റ വെട്ടിന്റെ കലയോ?
`ആത്മാവില്‍ മുറിവില്ല, സേ്‌നഹത്തിലുമില്ല മുറിവ്. പിന്നെ എന്ത് വെട്ട്? എന്ത് കല?'

തന്മയന്റെ ഭാവത്തെ ശാന്തിയാല്‍ പ്രസന്നം, അത്യധികമായ അലിവോടെ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ ദു:ഖം ഏത് ലോകത്തും ഏത് കാലത്തും ഏറ്റവും വലിയ ദു:ഖമാണ്. ഒരു സ്ത്രീ അനുഭവിക്കുന്ന വേദനകളില്‍വെച്ച് ഏറ്റവും കടുത്തതാണ് അത്. അങ്ങനെയുള്ള മുറിവുപോലും ഉണക്കാന്‍ കഴിയുന്ന രസായനവിദ്യയാണ് തന്മയന്റേത്. തന്മയന്റെ വാക്കുകള്‍ യശോദമ്മയുടെ ദു:ഖത്തെ ഇല്ലാതാക്കുന്നു. അതുവരെയുള്ള ജീവിതത്തിന്റെ തായ്‌വേരറ്റ് അത് മെല്ലെ ചാഞ്ഞുതുടങ്ങുന്നതായി അവര്‍ക്ക് അനുഭവപ്പെടുന്നു. യശോദമ്മ ഒരു പുതിയ സ്ത്രീയായി മാറുകയാണിവിടെ. ഭൗതികമായി ഏറ്റവും ദരിദ്രമാണെങ്കിലും മാനസികമായ ഔന്നത്യം നമ്മുടെ നാടിന്റെ ഒരു സവിശേഷതയാണ്. ഈ ആത്മീയോര്‍ജ്ജത്തിന്റെ മറ്റൊരു തരത്തിലുള്ള പ്രസരണമാണ് തന്മയനില്‍നിന്നും യശോദമ്മ അനുഭവിക്കുന്നത്. തന്മയന്റെ വാക്കുകളുടെ കുലീനതയും ശാന്തതയും യശോദമ്മയെ പുത്രവിയോഗദു:ഖത്തില്‍ നിന്നും മോചിപ്പിക്കുന്ന അറിവായി മാറുന്നു.

കഥയിലെ പ്രകൃതി

കഥയിലെ ഓരോ വാക്കും യശോദമ്മയുടെ ഹൃദയവികാരങ്ങളെ അനുവാചകമനസ്സുകളിലേക്ക് സന്നിവേശിപ്പിക്കുന്നതിന് കരുത്തുള്ളവയാണ്. ഇവയൊന്നിനെയും കഥാശരീരത്തില്‍നിന്നും വേര്‍തിരിക്കാന്‍ കഴിയില്ല.

`മുറ്റത്തെ മരം കുലുക്കി, ഇല അത്രയും പൊഴിച്ച്, ജനലിലൂടെ ആര്‍ത്തുവിളിച്ച് കടന്നുവന്ന കാറ്റ് യശോദമ്മയുടെ കത്തും വലിച്ച് താഴെയിട്ട് നിശ്ശബ്ദനായി വാതിലിലൂടെ ഇറങ്ങിപ്പോയി'.

യശോദമ്മയുടെ ജീവിതത്തെ സജീവമാക്കിയ മകന്റെ വരവിനെയും ഒരു മുന്നറിയിപ്പുമില്ലാതെയുള്ള ഇറങ്ങിപ്പോക്കിനെയും ധ്വനിപ്പിക്കുവാന്‍ ഈ വാക്യങ്ങള്‍ക്ക് കഴിയുന്നു. ഈ കഥയില്‍ പ്രകൃതിഭാവങ്ങള്‍ കഥാപാത്രത്തിന്റെ മാനസികാവസ്ഥയ്ക്കു പിന്തുണ നല്കുന്നതായി കണ്ടെത്താന്‍ കഴിയും. തന്മയന്‍ വരുന്നതുകണ്ടപ്പോള്‍ ഇത് പുറപ്പെട്ടുപോയ ഉണ്ണിയല്ലേ എന്നൊരു ആന്തലാണ് യശോദമ്മയ്ക്ക് ഉണ്ടാകുന്നത്. ഈ ആന്തല്‍ വര്‍ദ്ധിപ്പിക്കുന്ന പ്രകൃതിയെയാണ് തൊട്ടുപിന്നാലെ കാണാന്‍ കഴിയുന്നത്.
` അവരുടെ കൈയില്‍ നിന്നും പിഷാരടിയുടെ കത്ത് രണ്ടാമതും കാറ്റുതട്ടി താഴെയിട്ടു. ആ കാറ്റ് അവരുടെ ചെവിയിലെന്തോ പറഞ്ഞ് നേരിയത് പിടിച്ചുലച്ച് അതില്‍ മുഖം തുടച്ച് അപ്രത്യക്ഷമായി. കാറ്റ് പറഞ്ഞത് മാന്തളിരുകളും തെങ്ങോലകളും കൊയ്യാന്‍ചാഞ്ഞ നെല്‍പ്പാടങ്ങളും ഏറ്റുപറഞ്ഞ് പൊടുന്നനെ നിശ്ചലമായി'.

സദാഗതിയായ കാറ്റിന്റെ പ്രവൃത്തികള്‍ യശോദമ്മയുടെ വേദനയെ വര്‍ദ്ധിപ്പിക്കുന്നതായി നമ്മുക്ക് അനുഭവപ്പെടുന്നു. യശോദമ്മ, നാടുവിട്ട ഉണ്ണി, തന്മയന്‍ എന്നിവരെപ്പോലെ പ്രകൃതിയും ഈ കഥയിലെ കഥാപാത്രമാണ്. പ്രകൃതിയുടെ സാദ്ധ്യതകള്‍ കഥാപാത്രളുടെ അവസ്ഥയുമായി അതിസൂക്ഷ്മമായി ഇഴചേര്‍ത്ത് തികച്ചും ഭ്രമാത്മകമായ ഒരു അവസാനമാണ് കഥയ്ക്ക് നല്കിയിട്ടുള്ളത്.

`അസമയത്ത് ഒരു കുയില്‍ പാടിത്തുടങ്ങി. നിലാവുദിച്ചു. കരിയിലകളെ ചുഴറ്റിയെറിഞ്ഞ് ഹൂങ്കാരത്തോടെ ഭൂമിക്കടിയില്‍നിന്നും കാറ്റുയര്‍ന്നു. ആ കാറ്റിന്റെ സ്വരത്തില്‍ സ്വരം ചേര്‍ന്ന് സ്വാമി തന്മയന്‍ പറഞ്ഞു'.

തന്മയന്‍ പറയാന്‍ പോകുന്ന കാര്യത്തിന്റെ അസ്വാഭാവികത സൂചിപ്പിക്കാന്‍ പ്രകൃതിയിലെ ഈ അസാധാരണത്വത്തിന് കഴിയുന്നുണ്ട്. ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ചില സങ്കടങ്ങള്‍ക്ക് പരിഹാരങ്ങളില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും ചിലര്‍ കൊടിയ ദു:ഖങ്ങള്‍ സഹിക്കേണ്ടിവരുന്നു. വിധിയെ മാറ്റിത്തീക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് നമ്മുക്കറിയാം. അങ്ങനെയുള്ള യശോദമ്മയുടെ ദു:ഖങ്ങളാണ് തന്മയന്‍ ഇല്ലാതാക്കിയത്. യാഥാര്‍ത്ഥ്യവും മിഥ്യയും സംഗമിക്കുന്ന ഇടമാണിത്. ജീവിതത്തിലെ എല്ലാ അവസ്ഥകള്‍ക്കും യുക്തിയുടെ പിന്‍ബലം നല്കാനാവില്ല. ഒരിക്കലും ഇല്ലാതാക്കാനാകാത്ത യശോദമ്മയുടെ ദു:ഖങ്ങളെ തന്മയന്‍ ഇല്ലാതാക്കി. യശോദമ്മയ്ക്ക് ഭാഗവതസാരം ഹൃദിസ്ഥമായി എന്നുപറയുന്ന തന്മയന്‍, നടന്നുനടന്ന് നിലാവില്‍ മറഞ്ഞുപോവുകയും ഒരു ഐതിഹ്യമായിത്തീരുകയും ചെയ്തു. സ്ത്രീയനുഭവിക്കുന്ന ദു:ഖങ്ങള്‍, പരാജയങ്ങള്‍, അവഗണന എന്നിവയെ്ക്കാന്നും ഉടനെയൊരു പരിഹാരം കാണാന്‍ കഴിയുന്നില്ല. ആയതിനാല്‍ എല്ലാ ദു:ഖങ്ങളെയും ഇല്ലാതാക്കുന്ന മകനെപ്പോലെയുള്ള ഒരാളെ അവള്‍ എപ്പോഴും സ്വപ്‌നം കാണുന്നു. ആ സ്വപ്‌നം തന്നെയാണ് അഷിതയുടെ പകരം ഒരാള്‍ എന്ന കഥയില്‍ ഫാന്റസിയില്‍ അവസാനിപ്പിക്കുന്നത്. ഫാന്റസിയാണെങ്കിലും കഥയുടെ ഭാവവും ആന്തരികയുക്തിയും ഇതിനെ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നു.

Subscribe Tharjani |