തര്‍ജ്ജനി

ഫൈസല്‍ ബാവ

അറക്കക്കാട്ടില്‍ ഹൗസ്‌,
ആമയം,
ചെവറല്ലൂര്‍ പി.ഒ,
മലപ്പുറം ജില്ല.
പിന്‍: 679 575
ഇ മെയില്‍: faisalbava75@gmail.com
ബ്ലോഗ്: faisalbavap.blogspot.com
വെബ് സൈറ്റ്: www.epathram.com

Visit Home Page ...

ലേഖനം

വിന്‍സന്റ് വാന്‍ഗോഗ് : നിറങ്ങളുടെ ഉന്മാദത്തില്‍ ഒരു ജീവിതം

വിന്‍സന്റ് വാന്‍ഗോഗ് ഈ ലോകത്തോട് വിടപറഞ്ഞിട്ട് ജൂലൈ 29നു 125 വര്‍ഷങ്ങള്‍ പിന്നിടുന്നു.... മഹാനായ ആ കലാകാരന്റെ ജാജ്ജ്വല്യമാനമായ സ്മരണകള്‍ക്കു മുമ്പില്‍ ഒരായിരം ആദരാഞ്ജലികള്‍

വര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയും ജീവിതംതന്നെ വിസ്മയകരമാക്കുകയും ചെയ്ത അപൂര്‍വ്വം പേരേ ലോകത്തുണ്ടായിട്ടുള്ളൂ. അത്തരത്തില്‍ വിന്‍സന്റ് വാന്‍ഗോഗ് എന്ന ഡച്ച് ചിത്രകാരന്റെ വരയും ജീവിതവും ഒരു അത്ഭുതമായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ആരാലും അംഗീകരിക്കപ്പെടാതെയും തിരിച്ചറിയപ്പെടാതെയുംപോയ ഈ ചിത്രകാരന്‍ പില്കാലത്ത് ലോകചിത്രകാലാചരിത്രത്തിലെ ഏറ്റവും മഹാനായ ചിത്രകാരനായി മാറുകയായിരുന്നു.

വാന്‍ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വര്‍ണ്ണവൈവിദ്ധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യകലയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തി. ജീവിതകാലമത്രയും കഠിനമായ ഉത്കണ്ഠയും മാനസികാസ്വാസ്ഥ്യങ്ങളും വാന്‍ഗോഗിനെ വേട്ടയാടികൊണ്ടിരുന്നു. ചിത്രരചനയ്ക്കായ്‌ തന്റെ ഈസലും തോളിലേറ്റി ഖനികളിലും ഗോതമ്പുവയലുകളിലും അലഞ്ഞുനടന്ന അദ്ദേഹത്തെ ഒരു ഭ്രാന്തനായാണ് അന്നുള്ളവര്‍ കണ്ടിരുന്നത്. സ്വയം സ്വീകരിച്ച അലച്ചിലൂടെ വര്‍ണ്ണങ്ങളുടെ ലോകത്തെ ദീപ്തമാക്കാന്‍ ഈ കലാകാരനായി, ഭ്രാന്തമായ ഒരഭിനിവേശം അദ്ദേഹത്തിന് നിറങ്ങളോടും ജീവിതത്തോടും എന്നും ഉണ്ടായിരുന്നു. പ്രവചനാതീതമായ ജീവിതത്തിന്റെ ഉടമ, സ്നേഹത്തിനു മുമ്പില്‍ എപ്പോഴും ത്യാഗിയായി. അതുകൊണ്ടാണ് വാന്‍ഗോഗ് തന്റെ ചെവിയുടെ ഒരു ഭാഗം മുറിച്ച് ഒരു വേശ്യക്ക് അയച്ചു കൊടുത്തത്. അലയടിക്കുന്ന പ്രണയത്തിനു മുമ്പില്‍ വാന്‍ഗോഗ് നിറങ്ങള്‍കൊണ്ട് തീര്‍ത്ത ചിത്രങ്ങളില്‍ ജീവിതവും കലയും ഒന്നാകുന്നതിന്റെ തീക്ഷ്ണത കാണാം. ഖനികളില്‍ തൊഴിലാളികള്‍ക്കൊപ്പം പൊടിപിടിച്ച, അഴുക്കുപുരണ്ട ജീവിതത്തെ ക്യാന്‍വാസില്‍ പകര്‍ത്താന്‍ അവരിലൊരാളായിത്തന്നെ നിലകൊണ്ട് തന്റെ സൃഷ്ടിയില്‍ മുഴുകി ഒരു ലോകം തീര്‍ത്തു. നിറങ്ങള്‍ വാരിത്തേച്ച് ഭ്രാന്തമായ ആവേശത്തോടെ വരച്ച ചിത്രങ്ങള്‍ കലാലോകത്തിന് വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടാകുന്നു. പക്ഷെ, അന്ന് സമൂഹം അതിനെ വിലമതിച്ചതേയില്ല. സമൂഹത്തിന്റെ അവഗണനയും സമ്മര്‍ദ്ദവും കാരണം മാനസികരോഗിയായ വാന്‍ഗോഗിനെ ഒരു ഭ്രാന്താലയത്തില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.

അദ്ദേഹത്തിന്റെ സഹോദരന്‍ തിയോ മാത്രമാണ് വാന്‍ഗോഗിന്റെ ചിത്രരചനയ്ക്ക് പ്രോത്സാഹനം നല്കിയത്‌. വില്ക്കപ്പെടാതെ കിടന്ന ചിത്രങ്ങള്‍ തിയോ വാങ്ങുകയും അവ വിറ്റുപോയി എന്ന് പറഞ്ഞ് തന്റെ സഹോദരനില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ തിയോ ശ്രമിച്ചു. അദ്ദേഹത്തില്‍ തിളച്ചുമറിയുന്ന കല എന്താണെന്ന് തിരിച്ചറിയുകയും അതിനെ മനസ്സിലാക്കുകയും ചെയ്ത ഒരേ ഒരാളാണ് സഹോദരന്‍ തിയോ. ദീര്‍ഘവീക്ഷണത്തോടെ ഈ ചിത്രങ്ങള്‍ തിയോ സംരക്ഷിക്കുകയും ചെയ്തു. തിയോവും വാന്‍ഗോഗും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ പില്കാലത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ ലോകം മുഴുവന്‍ അത് ആ സാഹോദര്യത്തെ വിസ്മയത്തോടെ നോക്കിക്കണ്ടു. അതുപോലെ, പോള്‍ ഗോഗിന്‍ എന്ന ചിത്രകാരനുമായി വാന്‍ഗോഗിനുണ്ടായിരുന്ന സൗഹൃദം വളരെ ആഴമേറിയതായിരുന്നു. ഈ രണ്ട് പ്രഗത്ഭരായ കലാകാരന്മാരുടെ ഒത്തുചേരല്‍ പ്രശസ്തമാണ്. അവര്‍ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് വലുതായിരുന്നു.

പോസ്റ്റ്‌ ഇംപ്രഷണിസം ചിത്രകലയില്‍ കൊണ്ടുവന്ന ഈ മഹാനായ ചിത്രകാരന്‍ വരച്ച ഉരുളക്കിഴങ്ങുതീറ്റക്കാര്‍, സൂര്യകാന്തി, ദി സ്റ്റാറി നൈറ്റ്, ഐറിസസ് അവസാനകാലത്ത് വരച്ച ഭ്രാന്താലയത്തിലെ ഡോക്ടര്‍ ഗാചെറ്റ് , ഒരു കര്‍ഷകന്റെ ഛായാചിത്രം, മള്‍ബറി മരം, ഗോതമ്പ് വയല്‍ എന്നീ ചിത്രങ്ങള്‍ വളരെ പ്രശസ്തമാണ്.

1890 ജൂലൈ 29 ന് തന്റെ മുപ്പത്തിയേഴാമത്തെ വയസ്സില്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ജീവിതത്തെ വലിച്ചെറിയാന്‍ കാണിച്ച വ്യഗ്രത തിയോയെ വല്ലാതെ തളര്‍ത്തി. ഈ തീവ്രമായ വേദന സഹിക്കാനാകാതെയാണ് സഹോദരന്‍ തിയോവും ആറുമാസത്തിനകം ഈ ലോകത്തോട് വിട പറഞ്ഞത്.

തിളച്ചുമറിയുന്ന വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഇര്‍വിംഗ് സ്റ്റോണ്‍ എഴുതിയ ‘ജീവിതാസക്തി’ (Lust for life) എന്ന നോവല്‍ അതേ പേരില്‍ വിന്‍സെന്റ് മിന്നെല്ലി സിനിമയാക്കിയിട്ടുണ്ട്. കിര്‍ക്ക് ഡഗ്ലസാണ് അതില്‍ വാന്‍ഗോഗിന്റെ വേഷം ചെയ്തിരിക്കുന്നത്. ഇതേ ചിത്രത്തില്‍ പോള്‍ ഗോഗിന്റെ വേഷം ചെയ്ത ആന്റണി ക്വീന്‍ ഓസ്കാര്‍ പുരസ്കാരം നേടിയിരുന്നു. കൂടാതെ വിഖ്യാതസംവിധായകന്‍ അകിര കുറോസോവയുടെ ‘ഡ്രീംസ് ‘ എന്ന ചിത്രത്തിലും ഒരു സ്വപ്നം വാന്‍ഗോഗിന്റെ ജീവിതമാണ്. എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ അലന്‍ റെനെയുടെ വാന്‍ഗോഗ് എന്നാ ചിത്രവും ലോകപ്രശസ്തമാണ്. ഇങ്ങനെ മരണാന്തരം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുകയും പ്രതിപാദിക്കപ്പെടുകയും ഇപ്പോഴും ഒരുപാടു പേരെ സ്വാധീനിക്കുകയും ചെയ്യുന്ന കലാകാരനാണ് വിന്‍സന്റ് വാന്‍ഗോഗ്. താരതമ്യേന അപ്രശസ്തനായി ആത്മഹത്യചെയ്ത വാന്‍ഗോഗിന്റെ പ്രശസ്തി മരണശേഷം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുവരികയായിരുന്നു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാന്‍ഗോഗ് ചിത്രങ്ങള്‍.

Subscribe Tharjani |