തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

ആരാണ് ഇത്തരം കവിതയ്ക്ക് ഇത്രയും പണം കൊടുത്തത്?

ആദ്യം രാഷ്ട്രീയക്കാരനായ ഒരു കോളേജ് അദ്ധ്യാപകന്‍, കേരള സര്‍വ്വകലാശാലയുടെ സിണ്ടിക്കേറ്റ് അംഗം, പിന്നെ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയും മന്ത്രിയും. സഹകരണം, ദേവസ്വം തുടങ്ങിയവയായിരുന്നു ഭരിച്ച വകുപ്പുകള്‍. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ഒരു നിയമസഭാസാമാജികന്‍. സിണ്ടിക്കേറ്റിലായിരുന്നപ്പോഴും നിയമസഭയിലെത്തിയപ്പോഴും പൊതുവേദികളില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍കൊണ്ട് ശ്രദ്ധേയനായ വ്യക്തി. സുജനമര്യാദയുടെ പേരില്‍ ആളുകള്‍ പറയാതിരിക്കുന്ന കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു കേള്‍വിക്കാരെ അമ്പരപ്പിച്ച ആള്‍. അങ്ങനെ വിശേഷണങ്ങള്‍ പലതും നല്കാം ജി. സുധാകരന്. പക്ഷെ, മലയാളത്തിലെ കവികളുടെ ഗണനാപ്രസംഗത്തില്‍ സാധാരണനിലയില്‍ ആരും ഇദ്ദേഹത്തെ പെടുത്താറില്ല. ഒന്നോ രണ്ടോ കവിതകള്‍ മാത്രമേ അദ്ദേഹം എഴുതിയിട്ടുണ്ടാവൂ എന്ന് തെറ്റിദ്ധരിക്കരുത്. ജീവിതത്തിന്റെ ഏതോ കൌതുകകരമായ വഴിത്തിരിവില്‍ കവിതയെഴുതാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. താന്‍ ചെയ്യുന്നതും പറയുന്നതും മറ്റെല്ലാവര്‍ക്കും സ്വീകാര്യമായിക്കൊള്ളണമെന്ന് യാതൊരു നിര്‍ബ്ബന്ധവുമില്ലാത്തയാളാണ് അദ്ദേഹം. കവിതയുടെ കാര്യത്തില്‍ മാത്രം അങ്ങനെ അല്ലാതിരിക്കേണ്ട കാര്യമില്ലല്ലോ. അദ്ദേഹത്തിന്റെ കവിതകള്‍ പരിഹാസ്യമാംവിധം പരിതാപകരമായിരുന്നിട്ടും അദ്ദേഹം കവിതയെഴുത്ത് തുടര്‍ന്നു. മലയാളമനോരമ ആഴ്ചപ്പതിപ്പിലും കലാകൌമുദിയിലുമാണ് അദ്ദേഹത്തിന്റെ കവിതകള്‍ പ്രധാനമായും പ്രസിദ്ധീകരിക്കപ്പെട്ടത്. സര്‍ക്കാര്‍ നടത്തുന്ന കവിയരങ്ങുകള്‍ക്ക് അദ്ദേഹത്തെ വിളിക്കാറില്ലെന്നാണ് തോന്നുന്നത്. സ്കൂള്‍ കോളേജ് പാഠപുസ്തകങ്ങളിലും അദ്ദേഹത്തിന്റെ കവിത പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് തോന്നുന്നത്. സ്വന്തം പദവിയും രാഷ്ട്രീയസ്വാധീനവും വെച്ച് അതെല്ലാം വേണമെങ്കില്‍ അദ്ദേഹത്തിന് അനായാസം സാധിച്ചെടുക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ്. എന്നിട്ടും അദ്ദേഹം അതിന് മുതിര്‍ന്നിട്ടുണ്ടാവില്ല എന്നതുതന്നെയായിരിക്കും അതിന്റെ കാരണം. പക്ഷെ കവിയെന്ന നിലയില്‍ താന്‍ ചില്ലറക്കാരനല്ല എന്ന ഒരു വീനീതബോദ്ധ്യം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കവികകള്‍ക്ക് പ്രതിഫലം കൊടുക്കുന്നവര്‍ക്കും ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്.

വെറുതെ ഇരിക്കുമ്പോള്‍ ജി. സുധാകരനെക്കുറിച്ച് എന്തെങ്കിലും തോന്നിപ്പിച്ചുകളയാം എന്നു കരുതി ഉണ്ടാക്കിയ തോന്നലല്ല, അത്. രാവിലെ പത്രം വായിക്കുമ്പോള്‍ കണ്ണില്‍പ്പെട്ട ഒരു വാര്‍ത്തയാണ് ഇതിന്റെ കാരണം. അത് ജി. സുധാകരന്‍ ഒരിടത്തു നടത്തിയ പ്രസംഗത്തില്‍ നിന്നും പത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത വിവരമാണ്. അത് ഇങ്ങനെയാണ്: കവിതയെഴുതി തനിക്ക് നാലേകാല്‍ ലക്ഷം രൂപ കിട്ടിയെന്നും സാഹിത്യകാരന്മാരെല്ലാം വലിയ പണക്കാരാണെന്നും അദ്ദേഹം പറഞ്ഞുവെന്നുമാണ് പത്രക്കാര്‍ എഴുതുന്നത്. കൊച്ചിന്‍ ദേവസ്വം എംപ്ലോയീസ് അസോസിയേഷന്റെ സമ്മേളനത്തിലെ പ്രസംഗമായതിനാല്‍ സ്വാമി അയ്യപ്പന്‍ കമ്യൂണിസ്റ്റാണെന്നും നമ്മള്‍ പരസ്പരം സഖാവേ എന്ന് വിളിക്കുന്നിടത്ത് അവിടെ സ്വാമിയെന്ന് വിളിക്കുന്നുവെന്നേയുള്ളൂ എന്നിങ്ങനെ സുധാകരസഹജമായ സാമാന്യവത്കരണങ്ങളും വ്യാഖ്യാനങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഉണ്ടായി. ഇത്തരം തമാശകള്‍ പത്രക്കാര്‍ക്ക് പൊതുവേ വലിയ ഇഷ്ടമാണ്. സാഹിത്യകാരന്മാരിലും രാഷ്ട്രീയക്കാരിലും തമാശപറയുന്നവരെയാണ് പൊതുവെ പത്രക്കാര്‍ പിന്തുടരുന്നത് എന്ന് കാണാം. അതുപോലെ ഓരോ പ്രസംഗത്തിലും ബോംബ് പൊട്ടിക്കുന്ന തരത്തിലുള്ള വിമര്‍ശനസംഹാരങ്ങള്‍ നടത്തുന്നവരെയും അവര്‍ പിന്തുടരും. അങ്ങനെയാണ് കണ്ണൂരിലെ സി.പി.എം നേതാക്കളായ ജയരാജന്മാര്‍ സംസ്ഥാന സെക്രട്ടറിക്ക് കിട്ടുന്നതിന് തുല്യമായ കവറേജ് കിട്ടുന്ന നേതാക്കളായത്. അവര്‍ പങ്കെടുക്കുന്ന യോഗത്തിനുപോയാല്‍ ഒരു ആഴ്ചത്തേക്കുള്ള വക കിട്ടും. അക്കൂട്ടത്തില്‍ സ്പെഷല്‍ ഗ്രേഡാണ് ജി. സുധാകരന്‍. തമാശയ്ക്ക് തമാശയും വിവാദത്തിന് വിവാദവും റെഡിയാണ് ഓരോ പ്രസംഗത്തിലും. പ്രസംഗമൊന്നുമില്ലെങ്കില്‍ ഏതെങ്കിലും കാര്യത്തില്‍ പ്രതികരണം ചോദിച്ചാലും മതി. സംഗതി കുശാല്‍. വേറെ വാര്‍ത്തയൊന്നുമില്ലെങ്കില്‍ ഒരാഴ്ചവരെ അത് പതപ്പിച്ച് നടക്കാം.

അതവിടെ നില്ക്കട്ടെ. മലയാളത്തിലെ കവികള്‍ ഉള്‍പ്പെടെയുള്ള സാഹിത്യകാരന്മാര്‍ പണക്കാരാണെന്നതിനെക്കുറിച്ചാണ് പറയാനുള്ളത്. ഇത് വാസ്തവം തന്നെയാണോ? വെെകി എഴുതാന്‍ തുടങ്ങുകയും ഏതാനും ചില കവിതാപുസ്തകങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്ത ഒരാള്‍ക്ക് എഴുത്തിലൂടെ നാലേകാല്‍ ലക്ഷം രൂപ കിട്ടിയെന്നത് വാസ്തവമാണോ? എങ്കില്‍ ആരാണ് ഇത്രയും പണം കൊടുത്തത് എന്നതാണ് ചോദ്യം. ഇങ്ങനെ ഒരു ചോദ്യം ഉയര്‍ന്നുവരാനുള്ള കാരണം കേരളത്തിലെ പ്രസിദ്ധീകരണങ്ങളും പ്രസാധകരും കൊടുക്കുന്ന പ്രതിഫലത്തിന്റെ നിരക്ക് അടിസ്ഥാനമാക്കി നോക്കിയാല്‍ ജി. സുധാകരന്‍ എഴുതിയതിനെല്ലാം കൂടി പ്രതിഫലമായി ഇത്രയും പണം കിട്ടില്ല എന്നതുതന്നെയാണ്.

കണക്ക് വിശദീകരിക്കാം. കലാകൌമുദി മലയാളത്തിലെ സമ്പന്നമായ ഒരു ആഴ്ചപ്പതിപ്പല്ല. പണ്ടും ഇന്നും എഴുത്തുകാര്‍ക്ക് പ്രതിഫലം നല്കുന്നതില്‍ അവര്‍ മികച്ചനിലയില്‍ പിശുക്ക് കാണിച്ചിരുന്നു. പണ്ട് ഒരു കൌശലക്കാരനായ സാമ്പത്തികോപദേഷ്ടാവ് അവര്‍ക്ക് ഇങ്ങനെ ഒരു ഉപദേശം നല്കിയിരുന്നുവത്രെ. എഴുത്തുകാര്‍ എഴുതുന്നത് പ്രസിദ്ധീകരിച്ചുകിട്ടുകയെന്നത് പത്രാധിപരുടേതിനെക്കാള്‍ എഴുത്തുകാരുടെ ആവശ്യമാണ്. അതിനാല്‍ പ്രസിദ്ധീകരിച്ചുകിട്ടാന്‍ പത്രാധിപര്‍ക്ക് കാശ് നല്കണമെന്നാണെങ്കില്‍പ്പോലും നിരവധി എഴുത്തുകാരുടെ രചനകള്‍ കിട്ടും. പിന്നെന്തിനാണ് എഴുത്തുകാര്‍ക്ക് കാശുകൊടുക്കുന്നത്. പ്രസിദ്ധീകരിച്ചുകൊടുക്കുകയെന്ന വലിയ സേവനമാണ് പത്രാധിപര്‍ എഴുത്തുകാര്‍ക്ക് നല്കുന്നതെന്നായിരുന്നുവത്രെ ഉപദേശം. സത്യമായിരിക്കാണ് സാദ്ധ്യത. മാത്രമല്ല, ഇതിലെ യുക്തി ശരിയുമാണ്. നമ്മുക്ക് അറിയാവുന്നേടത്താളും പ്രസിദ്ധീകരിക്കുന്ന രചനയ്ക്കെല്ലാം സുധാകരകവിയ്ക്ക് പ്രതിഫലം കിട്ടിയെന്നാണെങ്കില്‍ ഒരു കവിതയ്ക്ക് പരമാവധി ആയിരം രൂപവെച്ചേ കണക്കാക്കാനാകൂ. അങ്ങനെ ആയിരം രൂപ കവിതയൊന്നിന് എന്ന കണക്കില്‍ കിട്ടുന്നുവെന്നാണെങ്കില്‍ നൂറ് കവിതയെഴുതിയാല്‍ ഒരു ലക്ഷം രൂപ കിട്ടും. മിക്കവാറും എഴുത്തുകാര്‍ക്ക് അഞ്ഞൂറ് രൂപപോലും കൊടുക്കാറില്ലെന്ന അപവാദം പ്രചാരത്തിലുണ്ട്. അഞ്ഞൂറ് രൂപയാണ് ഒരു കവിതയ്ക്ക് കിട്ടുന്നതെങ്കില്‍ ഇരുന്നൂറ് കവിത പ്രസിദ്ധീകരിക്കണം. പക്ഷെ സമാഹാരങ്ങളിലെല്ലാം ചേര്‍ന്ന് അത്രയും കവിതയുണ്ടോ ഈ കവിയുടേതായിട്ട്? പറഞ്ഞത് ഒരു ലക്ഷം രൂപ പ്രതിഫലം കിട്ടുന്ന കാര്യമാണ്. നാലേകാല്‍ ലക്ഷം രൂപ പ്രതിഫലം കിട്ടണമെങ്കില്‍ ഈ കലാകൌമുദിക്കണിക്കില്‍ വേണ്ടിവരുന്ന കവിതകള്‍ ആയിരും രൂപ വെച്ചാണ് പ്രതിഫലമെങ്കില്‍ നാന്നൂറ്റി ഇരുപത്തിയഞ്ച്. അഞ്ഞൂറ് രൂപയുടെ തോതിലാണെങ്കില്‍ എണ്ണൂറ്റമ്പത് കവിത വേണം.

കലാകൌമുദിയില്‍ മാത്രമല്ല മലയാളമനോരമയില്ും അദ്ദേഹം കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. മലയാളകവിതയുടെ വായനക്കാര്‍ കവിതകള്‍ തേടുന്ന പ്രസിദ്ധീകരണമല്ല മലയാള മനോരമ ആഴ്ചപ്പതിപ്പ്. തുടരന്‍ നോവലുകളും ഫലിതബിന്ദുക്കളും വായിക്കാനാണ് ആളുകള്‍ അത് തേടിപ്പോകുന്നത്. അത്തരം വായനക്കാര്‍ക്ക് ആരോഗ്യം, പാചകം, മനോവിഷമങ്ങള്‍ക്കുള്ള ഉപദേശം, സിനിമാവിശേഷം എന്നിവ മലയാള മനോരമ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്. അക്കൂട്ടത്തില്‍ വട്ടം തികയ്ക്കാനുള്ള ഇനമായി കവിതയും. അങ്ങനെയാണെങ്കിലും കവിതയ്ക്ക് വലിയ പ്രതിഫലമൊന്നും അവര്‍ നല്കില്ല. അപ്പോള്‍ അതും കലാകൌമുദിനിരക്കില്‍ കൂട്ടിയാല്‍ മതിയാകും. പിന്നെയുള്ളത് പുസ്തകരൂപത്തില്‍ സമാഹരിക്കപ്പെട്ടപ്പോള്‍ പ്രസാധകര്‍ നല്കിയ റോയല്‍ട്ടിയാണ്. അതിന്റെ സ്ഥിതിയും കേരളത്തില്‍ പരിതാപകരമാണ്. മിക്കവാറും പ്രസാധകര്‍ എഴുത്തുകാര്‍ക്ക് പ്രതിഫലമേ നല്കാറില്ല. കൊടുക്കുന്നവരാവട്ടെ പുസ്തകത്തിന്റെ മുഖവിലയുടെ പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ്. വേറൊരു വഴിയുള്ളത് സ്വന്തം കാശുമുടക്കി പുസ്തകം പ്രസിദ്ധീകരിക്കുക എന്നതാണ്. അങ്ങനെ എഴുത്തുകാരന്റെ പണം മുടക്കി പ്രസിദ്ധീകരിക്കുന്ന പുസ്തകം വില്ക്കുമ്പോള്‍ അമ്പത് ശതമാനം പ്രസാധകന്‍ എടുക്കും. ചിലര്‍ അതിലേറെയും. ഇതാണ് അവസ്ഥ. ഈ നിലയില്‍ ജി.സുധാകരന് പ്രസാധകര്‍ എത്ര പണം കൊടുത്തിരിക്കും?

ഞാനാണ് സാക്ഷി പ്രളയസാക്ഷി എന്ന കവിതാസമാഹാരത്തിന് മുഖവില 40 രൂപ. വഴിമാറുക വയ്യ എന്ന പുസ്തകത്തിന് 50 രൂപ മുഖവില. ഈ രണ്ട് പുസ്തകങ്ങളും മലയാളത്തിലെ പുസ്തകപ്രസാധനത്തിന്റെ രീതി അനുസരിച്ച് ആയിരം കോപ്പികള്‍ വീതം അച്ചടിക്കുന്നുവെന്ന് കണക്കാക്കിയാല്‍ അവയുടെ മുഖവില 90,000 രൂപയാണ്. അതിന്റെ പത്ത് ശതമാനം 9,000 രൂപ, ഇരുപത് ശതമാനം വന്നാല്‍ 18,000 രൂപ. ഇതാണ് കിട്ടുക. അപ്പോള്‍ ബാക്കി ലക്ഷങ്ങള്‍ എങ്ങനെ വന്നു? എവിടുന്ന് വന്നു? കടല്‍ ഭൂമിയെ ചുമക്കുന്നു 40 രൂപ, ജീവന്‍ പിടയുന്നു 60 രൂപ, ആരാണ് നീ ഈ ഒബാമ 50 രൂപ.. എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരങ്ങള്‍. ഇവയുടെയെല്ലാം റോയല്‍റ്റി ഇരുപത് ശതമാനം കൂട്ടിയാല്‍ മുപ്പതിനായിരം രൂപ വരും. അങ്ങനെ കവിതാസമാഹാരങ്ങളുടെ റോയല്‍റ്റി നാല്പത്തിയെട്ടായിരം രൂപ വരും. അമ്പതിനായിരത്തില്‍ താഴെ. ഇത് ഏകദേശകണക്കാണ്. യഥാര്‍ത്ഥത്തില്‍ എത്ര കിട്ടി, എത്ര കിട്ടാനുണ്ട് എന്നതിന്റെ കണക്ക് അദ്ദേഹത്തിനും പ്രസാധകര്‍ക്കും മാത്രമേ അറിയൂ.

സാഹിത്യകാരന്മാര്‍ക്ക് പണം കിട്ടുന്നത് മോശം കാര്യമല്ല. ഒരു പതിപ്പില്‍ ആയിരം കോപ്പികള്‍ മാത്രം അച്ചടിക്കുന്ന പുസ്തകക്കച്ചവടത്തിലൂടെ വലിയ വരുമാനം ഉണ്ടാവാന്‍ ഇടയില്ല. അതിനാല്‍, കിട്ടുന്ന ലാഭം മുഴുവന്‍ പ്രസാധകന്‍ തന്റെ മുതല്‍മുടക്കിന്റെ ബലത്തില്‍ തന്റേതാക്കുന്നു. ഇത്തരം ദുരവസ്ഥയില്‍നിന്ന് രക്ഷപ്പെടുവാനായാണ് സാഹിത്യകാരന്മാര്‍ സഹകരണസംഘം ഉണ്ടാക്കി പുസ്തകപ്രസാധനം ആരംഭിച്ചത്. ആ സ്ഥാപനം പൊട്ടസ്സാഹിത്യകാരന്മാര്‍ ചേര്‍ന്ന് നശിപ്പിച്ചു. അതിനെ സഹകരണവകുപ്പ് മന്ത്രിയായ ജി. സുധാകരന്‍ പണവും പാര്‍ട്ടിക്കാരെയും നല്കി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴും അത് കേമപ്പെട്ട നിലയിലല്ല. അതിനാല്‍ പുസ്തകമൊന്നിന് മുന്‍കൂറായി അമ്പതിനായിരം വെച്ച് റോയല്‍ട്ടി നല്കാനൊന്നും എസ്. പി.സി.എസിന് സാധിക്കില്ല. ചിന്ത പബ്ലിഷേഴ്സും അങ്ങനെ വെറുതെ കാശ് കൊടുക്കില്ല. അതിനാല്‍ എഴുത്തിന്റെ പേരില്‍ നാലേകാല്‍ ലക്ഷം രൂപ ഇദ്ദേഹത്തിന് കിട്ടിയിട്ടുണ്ടെങ്കില്‍ ന്യായമായും സംശയിക്കാം, അതില്‍ ക്രമക്കേടുണ്ട്. മന്ത്രിയും എം.എല്‍.എയും പാര്‍ട്ടിനേതാവും ആയ ഇദ്ദേഹത്തെക്കൊണ്ട് ആവശ്യമുള്ള ആരോ ഇതിന്റെ പിന്നില്‍ അഴിമതി കാണിച്ചിട്ടുണ്ടാവണം. അതല്ലെങ്കില്‍ ഒരു സാദ്ധ്യത, മുന്നില്‍ മെെക്കും കേട്ടിരിക്കുന്ന സദസ്സും കണ്ടപ്പോള്‍ അന്തംവിട്ട് നാല് ബഡായി കാച്ചിയതായിരിക്കണം. ഹേയ്, കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജീവത്സാഹിത്യകാരനുമായ ഓരാള്‍ അങ്ങനെ അന്തം വിട്ടുപോവുമോ? എന്താണെന്ന് അത്ര എളുപ്പം മനസ്സിലാക്കാനാവുന്നില്ല. കണക്കും കാര്യവും ഒത്തുവരുന്നില്ലല്ലോ.....

Subscribe Tharjani |