തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

ഞാൻ ഒരു ശരീരമായിരുന്നു!

ഞാൻ ഒരു ശരീരമായിരുന്നു.
നിലവിളിപ്പൊന്തകൾ ആർത്തുവിളിച്ചിരുന്ന
ഒരു ശരീരം!
ആത്മാവറിയാത്ത കൂത്തമ്പലങ്ങൾ
പടിയ്ക്കുപുറത്താക്കിയ
അയിത്തക്കറുപ്പായിരുന്നു
ഉടൽബോദ്ധ്യം!

എന്നിട്ടും,
നീ തൊട്ടാലുരുകുന്ന ഞരമ്പുകളും
നിൻ നോക്കിലുടയുന്ന മനസ്സും
പച്ചച്ചിരുന്നു.
നിന്റെ വാക്കിന്റെ താഴ്വരകളിൽ
പുല്ലുമേഞ്ഞിരുന്നു.
തിരസ്കാരത്തിന്റെ അമ്ലമഴകളിൽ
തകർന്നടിഞ്ഞിരുന്നു.
ഞാൻ വെറുമൊരു ശരീരമായിരുന്നു!

പച്ചിലപ്പാമ്പുകളിഴയുന്ന പുല്ലാനിപ്പൊന്തകളിൽ
വിഷസ്വപ്നങ്ങളെ ചേർത്തുമ്മവെച്ചിരുന്നു.
പായൽ വഴുപ്പിലും
സർപ്പപ്പല്ലിന്റെ നീറ്റുന്ന പിടച്ചിലിലും
നിന്റെ മോതിരവിരലിലെ കാക്കപ്പുള്ളി
എന്റെ കണ്ണിൽ
നിലാവായ് പൂത്തിരുന്നു.
എന്തെന്നാൽ,
ഞാൻ വെറുമൊരു ശരീരമായിരുന്നു!

കാടു പൂത്തപ്പോൾ
കല്പടർപ്പുകളിൽ നിന്നു കന്മദം കരഞ്ഞപ്പോൾ
നീയൊരു ഗുഹാമരമായി.
നിന്റെ ചില്ലകൾ,
ആകാശത്തേയ്ക്കു തുറക്കുന്ന വാതിലുകൾ.
നിന്റെ തണൽപ്പടർപ്പിൽ
ആയിരം കുരുവികൾ.
നിന്റെ വേരോടുന്ന മഹാകാനനങ്ങൾ
എനിയ്ക്കപ്രാപ്യം.
മാരീചസ്വപ്നങ്ങളുടെ ഉലയിൽ
നിന്റെ രൂപാന്തരങ്ങൾ.
ഞാനപ്പോഴും
ഒരു ശരീരമായിരുന്നു!

ഇനിയെനിയ്ക്ക്
ഒരു പ്രതിമയാവണം!
നിന്റെ വാക്കു കൊണ്ടാൽ മുറിയാത്ത,
നിഷേധങ്ങളിൽ പൊള്ളാത്ത,
ഒറ്റുകൊടുക്കലിൽ കലഹിയ്ക്കാത്ത
ഒരു പ്രതിമ!
നിന്റെ കാമനകൾ തീണ്ടാത്ത,
നിന്റെ വിരലുകൾ തഴുകിയാൽ
ജീവനെത്താത്ത,
നിന്റെ കൈമാറ്റങ്ങളറിയാത്ത
നീ തിരികെയെത്തുമ്പോൾ വാരിപ്പുണരാത്ത
ഒരുറക്കു പ്രതിമ.

ഇനിയൊന്നും
കാണേണ്ടതില്ലെനിയ്ക്ക്.
യാതൊന്നുമില്ല കേൾക്കാൻ.
പറയാനിനിയെന്തുണ്ടു ബാക്കി?!
വേഗമാകട്ടെ…
വെണ്ണക്കല്ലല്ല,
കരിങ്കല്ലോ ചെങ്കല്ലോ വേണ്ട,
ഉരുകിയൊലിയ്ക്കുന്ന മെഴുകാവണ്ട,
വെറും മണ്ണാൽ
നീയെന്നെയൊരു പ്രതിമയാക്കൂ…
കനിവാർന്ന ശില്പീ,…
നിന്റെ ആയുധങ്ങളെടുക്കൂ…
എന്റെ ചാരക്കറുപ്പിനെ
ചുടുമണ്ണാൽ മെഴുകിയുറക്കൂ…

കാറ്റൊഴുക്കുകൾ ചാലുകൾ തീർക്കും..
വെയിൽപ്പാടുകൾ നിറമാറ്റും..
മഴചാറ്റലുകൾ
ഉടൽതന്നെയുടച്ചേയ്ക്കാം…
പക്ഷെ,
ഉടയാതെ തീർക്കണേ
എന്റെ ചുണ്ടിലെ പുഞ്ചിരി.
കൊത്തു പണിക്കാരാ,…
എല്ലാ പെയ്ത്തുകൾക്കുമൊടുവിൽ
വെറും മണ്ണിൽ
അലിഞ്ഞു തീരുംവരെയും
മായാതിരിയ്ക്കണേ
എന്റെ കണ്ണിലെ നനവ്..
കാലാന്തരങ്ങൾക്കപ്പുറം
ചോദ്യമില്ലാത്തൊരുത്തരമായി
പൂത്തു തന്നെ നില്ക്കണേ
എന്റെ നെഞ്ചിലെ സ്വപ്നം!

Subscribe Tharjani |