തര്‍ജ്ജനി

ഫെമിന ജബ്ബാര്‍

Visit Home Page ...

പുസ്തകം

നിലം പൂത്തു മലർന്ന നാൾ

മനോജ് കുറൂരിന്റെ “നിലം പൂത്തു മലർന്ന നാൾ” ഒരു ചരിത്രനോവലാണ്. രണ്ടായിരം വർഷങ്ങളോളം പഴക്കമുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ കൃതിയെ, തികച്ചും പരിമിതമായ തെളിവുകളിൽ നിന്നും അവശേഷിപ്പുകളിൽ നിന്നുമാണ് മനോജ് കൂറൂർ ഒരുക്കിയെടുത്തിട്ടുള്ളത്. എങ്കിലും, ആ പരിമിതിയ്ക്കുള്ളിലും എവിടെയും സാഹിത്യവും ചരിത്രവും രണ്ടായി പിളർന്ന് അതിനു നടുവിൽ എഴുത്തുകാരൻ മുഴച്ചു നില്ക്കുന്നില്ല. ആഖ്യാനം ആരംഭിക്കുന്നിടത്ത് കഥാകാരൻ ഇല്ലാതാകുന്നത് എങ്ങനെയാണെന്ന് വ്യക്തമായി അനുഭവിപ്പിക്കുന്ന രചനാപാടവം. മലയാളിയ്ക്ക് തീർത്തും അപരിചിതമായ ഒരു പ്രദേശത്ത് പ്രാചീനമായ ഒരു ഭാഷയുമായി വായനക്കാരൻ എവിടേയും തടഞ്ഞു നില്ക്കുന്നതേയില്ല. അതീവസൂക്ഷ്മതയോടെ കൃത്യമായ പുറംവരയിട്ട കഥാപാത്രങ്ങളും, പ്രദേശങ്ങളും ഹൃദ്യമായ ഭാഷയുടെ തെളിമയോടെ ഒരിടത്തുപോലും വായനയുടെ ഒഴുക്കുനിലച്ചു പോകാതെ വായനക്കാരിൽ വന്നുനിറയുന്നു.

ഫോൿലോറുകളുടെയും ഫെയറിടെയിലുകളുടെയും ഓർമ്മയുണർത്തുന്ന മനോഹരവും അതിസാധാരണവുമായൊരു യാത്രാനുഭവമായാണു ഈ നോവൽ എനിക്കനുഭവപ്പെട്ടത്. ആകുളിപ്പറകളുടേയും യാഴുകളുടെയും ഇമ്പമാർന്ന മുഴക്കങ്ങളിൽ ഒരു കൊടുംമഴയിൽ ആരംഭിച്ച് കിളികളാർക്കുന്ന കാടുകളിലൂടെ ഒരു സൂപ്പർത്രില്ലറായി മുന്നേറി കടലിലവസാനിക്കുന്ന തികച്ചും അവിസ്മരണീയമായൊരു യാത്ര. ആഖ്യാനത്തിൽ ഫെയറിടെയിലുകളുടെ രീതി മുമ്പ് കണ്ടിട്ടുള്ളത് ഏയ്ഞ്ചലാ കാർട്ടറിലും മരീനാ വോർണറിലുമാണ്. എന്നാൽ അതിസമ്പന്നമായ ഭാവനാപശ്ചാത്തലം ഉണ്ടെന്നത് ഒഴിച്ചാൽ മനോജ് കുറൂർ അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായാണ് ഈ സങ്കേതം കൈകാര്യം ചെയ്തിട്ടുള്ളത്. എന്നാൽ ഇവയ്ക്കെല്ലാം പൊതുവായി ഒന്നുണ്ട്. രാജകുമാരിയുടെ തലയിണയിൽ ഉറങ്ങുവാനാഗ്രഹിക്കുന്ന തവളക്കുട്ടനേയും സുന്ദരമായൊരു കല്പനയായി ബോദ്ധ്യപ്പെടുത്തുന്നതും, ഒറ്റവായനയിൽ വിശാലമായൊരു ലോകം മുഴുവൻ മനസ്സിൽ പതിയുന്നതുമായ ആ മാജിക്. അതുകൊണ്ടാണല്ലോ അവയെല്ലാം നമുക്ക് മാന്ത്രികക്കഥകളായതും.

ഈ നോവലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം എടുത്തു പറയേണ്ടത് ഇതിലെ ഭാഷയെക്കുറിച്ച്തന്നെയാണ്. രണ്ടായിരം വർഷം പഴക്കമുള്ള, സംസ്കൃതാക്ഷരങ്ങൾ പൂർണ്ണമായും ഒഴിവാക്കി ദ്രാവിഡാക്ഷരങ്ങൾ മാത്രം ഉള്ള ഭാഷയാണ് നോവലിലുടനീളം. എങ്കിലും വായനയുടെ ഒഴുക്കിന് അല്പം‌പോലും തടസ്സം വരാതെയും കൃത്രിമത്വം അനുഭവപ്പെടാതെയും അന്നത്തെ ജീവിതശൈലി, ഭൂപ്രകൃതിയിലെ വൈവിദ്ധ്യങ്ങൾ, ഭക്ഷണരീതികൾ, സംഗീതം, ആചാരങ്ങൾ, വീട്ടുപകരണങ്ങൾ, ആഭരണങ്ങൾ എന്നു വേണ്ട സകലതിനെപ്പറ്റിയും ഉള്ള സൂക്ഷ്മവിവരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല, സംഗീതത്തിന്റെ വിവിധഭാവങ്ങളും വൈകാരികമുഹൂർത്തങ്ങളും ഉദ്വേഗവും ഭീതിയും ഒറ്റാടലും എല്ലാം എല്ലാം അതാതിന്റേതായ തീവ്രതയിൽ അനുഭവിച്ചറിയാൻ കഴിയുന്നുമുണ്ട്. അതീവപ്രാധാന്യമുള്ള ചരിത്രനീക്കങ്ങൾ ആ‍ഴത്തിൽ മനസ്സിൽ പതിയുന്നുണ്ട്.

നീണ്ടൊരു യാത്രയാണ് “നിലം പൂത്തു മലർന്ന നാൾ” എന്ന് പറഞ്ഞുവല്ലോ. ഒരു നാടോടിക്കഥയിലേക്ക് കടന്നുവരുന്ന കൊച്ചുകുട്ടിയുടെ അത്ര അനായാസതയോടെയും കൌതുകത്തൊടെയും നിങ്ങൾക്കീ യാത്രയിലേയ്ക്ക് ഇറങ്ങാനാകും. പാണരുടേയും, കൂത്തരുടേയും വറുതിയാർന്ന കാ‍ട്ടരികിൽ നിന്ന് ആകുളിപ്പറകളുടേയും, മല്ലികയെന്ന, പണിതീരാത്ത പെണ്ണുടലിനെ ഓർമ്മിപ്പിക്കുന്ന മെയ്യഴകുള്ള, ഇരുപത്തിയൊന്ന് ഞരമ്പുകളുള്ള പേരറിയാഴിന്റേയും താളത്തിൽ ഒരു മഴക്കാലത്ത് വഴുക്കുന്ന മലമ്പാതയിലൂടെ ആരംഭിക്കുന്ന യാത്രാവിവരണം തുടങ്ങി വയ്ക്കുന്നത് കൊലുമ്പനാണ്. വരാൻ പോകുന്ന പൂക്കാലത്തിന്റെ ഓർമ്മകളൊളിപ്പിച്ച കാന്തളിനും കുറിഞ്ഞികൾക്കും ഇടയിലൂടെ എയിനരുടെ അൻപിന്റേയും ഊൻ‌ചോറിന്റേം, മുളയരിപ്പാലിന്റേയും നിറവറിഞ്ഞ്, കിളികളാർക്കുന്ന മുളങ്കൂട്ടത്തിനു നടുവിലൂടെ പുളഞ്ഞുയരുന്ന സർപ്പങ്ങളും ആനകളെ വരെ വിഴുങ്ങാൻ കെല്പുള്ള മുതലകളും പെരുമ്പാമ്പുകളും ഉണർത്തുന്ന ഭീതിയിൽ പതുങ്ങി വേട്ടയാടുന്ന കുറവരെ പിന്നിട്ട് ജീവൻ കയ്യിലെടുത്തുള്ള യാത്ര. കാടിന്റെ നിറവും തെളിവും അമ്പരപ്പും നീർച്ചോലകളുടെ കുളിർമ്മയും വിവിധയിനം പൂക്കളുടെയും മാമ്പഴത്തിന്റേയും തേൻവരിക്കയുടെയും ചൂരുകളും പാട്ടിന്റെയും കൂത്തിന്റെയും വിവിധതാളവും താളപ്പെരുക്കവും ആട്ടത്തിൽ നിന്ന് തുള്ളലിലേയ്ക്കുള്ള മുറുക്കവും എല്ലാമെല്ലാം അക്ഷരാർത്ഥത്തിൽ ദേഹത്തുവന്നു തൊടുന്നുണ്ട്. ഏഴിമല ലക്ഷ്യമാക്കിയുള്ള ഈ യാത്ര പിന്നീട് പറമ്പുമലയിലേക്ക് ഗതിമാറുന്നു. ഉഴവരേയും അവരുടെ പാ‍ടങ്ങളും കടന്ന്, തൊണ്ണൂറ്റൊമ്പതോളം പൂക്കളുടെ ഇളവേനൽക്കാലമുള്ള പാട്ടിന്റെ നിറവിൽനിന്നും അത്യന്തം ഉദ്വേഗജനകമായൊരു ഒഴുക്കിലേക്ക് കഥാഗതി മാറുന്നതും ഇവിടെ വച്ചാണു. വറുതി മാറ്റാനും, നാടുവിട്ടുപോയുള്ള മകനെ തിരഞ്ഞുമായുള്ള വളരെ സാധാരണമായ ഒരു യാത്ര പിന്നീട് ഒരു ചരിത്രം മുന്നിൽ തുറന്നുതരുന്നു.

ഇവിടെ വച്ച് വിവരണം കൊലുമ്പന്റെ മകൾ ചിത്തിര ഏറ്റെടുക്കുന്നു. യുദ്ധവും മരണവുമെല്ലാം അവസാനം ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീയെയാണല്ലൊ എന്ന ആത്മഗദത്തോടെയാണു ചിത്തിര ഇതേറ്റെടുക്കുന്നത്. കണവൻ മരിച്ചവൾ ഒന്നുകിൽ തീയിൽ ചാടി മരിയ്ക്കണം അല്ലെങ്കിൽ ഉയിരോടെ ഇരുന്ന് നീറിനീറി മരിയ്ക്കണം എന്നർത്ഥം വരുന്ന പാട്ടോടെ ഉറ്റവർക്കൊപ്പം തുടങ്ങുന്ന യാത്ര ഒടുവിൽ നിരവധി യുദ്ധക്കാഴ്ചകളോടെ ചേരനാട്ടിൽ അവസാനിക്കുന്നു. കഥയിലുടനീളം ചങ്കുറപ്പുള്ള പെൺകരുത്തിന്റെ പ്രതീകമായാണു ചിത്തിര നിലകൊള്ളുന്നത്.

യാത്ര തുടരുന്നത് മയിലനാണ്. കടുത്ത വേനലിൽ, എരിയുന്ന കാട്ടുതീയിൽ അടിവേരുപോലും വെന്തു നിൽക്കുന്ന മരങ്ങൾക്കും പാതിവെന്ത മൃഗശരീരങ്ങൾക്കും നടുവിലൂടെ ആരംഭിക്കുന്ന ആ യാത്ര അവസാനിക്കുന്നത് കടലിലാണ്. കൊള്ളക്കാരുടേയും, പടയാളികളുടെയും അരചരുടേയും പോരാട്ടങ്ങളുടേയും, ഒറ്റാടലുകളുടേയും, അരചിയലിന്റേയും പുതിയ കാഴ്ചകൾ തുറന്നുതരുന്നുണ്ട് മയിലന്റെ യാത്ര. മൂന്നുകൊല്ലം മുൻപ് ഈ നോവലുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു പുസ്തകത്തിന്റെ ആമുഖത്തിൽ “ചരിത്രമെന്നും വീരയോദ്ധാക്കളുടെ വൻ‌നേട്ടങ്ങളെക്കുറിച്ചു മാത്രമേ പറഞ്ഞു വയ്ക്കുന്നുള്ളു. സുരക്ഷിതനീക്കങ്ങൾക്കു സുഗമമായ മുന്നേറ്റങ്ങളൊരുക്കിയ രഹസ്യവഴികളെക്കുറിച്ച്, കുതിച്ചു വരുന്ന കുതിരക്കുളമ്പടിയിൽ നികന്നുപോയ വയലുകളേയും ഉൾഗ്രാമങ്ങളേയും കുറിച്ച്, ചത്തൊടുങ്ങിയ കാലാളുകളേയും അവരുടെ ഉറ്റവരേയും കുറിച്ച് ഒരു കാലഘട്ടത്തിലെ ചരിത്രവും ഒരിക്കലും എവിടെയും ഒന്നും അടയാളപ്പെടുത്തി വയ്ക്കുന്നില്ല.” എന്ന് എഴുതിയിരുന്നു ഞാൻ. എന്നാൽ “നിലം പൂത്ത് മറന്ന നാളിൽ സംസാരിക്കുന്നത് ഇവരൊക്കെയാണ്. അരചരും ഔവ്വയാറും കപിലരും എല്ലാം നിസ്സാരരായ ചെറിയ മനുഷ്യരുടെ വാക്കുകളിലൂടെ ആണ് നമുക്കു മുന്നിലെത്തുന്നത്.

കാടും വയലും കടലുമടങ്ങിയ ഭൂഘടനയും പാണരും കൂത്തരും ഉഴവരും എയ്നരും മറവരും ആയരും ചാലിയരും അന്തണരും പരത്തകളും ഒക്കെ ആയി നിരവധി ആളുകളും മാത്രമല്ല, ചേരനാട്ടിലെ യവനപ്പടയാളികളുടെ അമ്പലവും സാന്നിദ്ധ്യവും ആയി നിരവധി ചരിത്രരേഖകളും ഉണ്ട് ഈ നോവലിൽ. മുചിറിയിൽ നിന്നും ചരക്കുകളുമായി കടൽ കടന്നുപോകുന്ന മരക്കലങ്ങളുടെ സൂചന ആണു ഇതിലേറ്റവും പ്രധാനമായി തോന്നിയത്. കുരുമുളകും, സുഗന്ധദ്രവ്യങ്ങളും മുത്തും പവിഴവും ആനക്കൊമ്പും നിറച്ച മരക്കപ്പലിൽ കയറി കടൽ കടന്നുപോകുന്ന മയിലൻ എന്ന മലയാളിയുടെ മറുനാടൻ യാത്ര വാസ്കോഡ ഗാമ യുടെ വരവിന്റെ ചരിത്രപ്രാധാന്യത്തെ ചോദ്യം ചെയ്തു വയ്ക്കുന്നു. യുദ്ധവിജയത്തിനുശേഷം പശുവിനെ കൊന്ന് ദേവിയ്ക്കു മുന്നിൽ ബലിയർപ്പിച്ച് പങ്കിട്ട് ഭക്ഷിക്കുന്നതിന്റെ വിവരണം വരുന്ന ഭാഗം ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ എങ്ങനെ വിലയിരുത്തപ്പെടും എന്നതിനെക്കുറിച്ചും കൌതുകം തോന്നുന്നു.

ഭാഷകൊണ്ട് ഭാവവും ഗന്ധവും താളവും ഊഷ്മാവും എല്ലാം ഇത്രകണ്ട് അനുഭവിപ്പിക്കുന്നകൃതികൾ മലയാളത്തിൽ അധികമുണ്ടായിട്ടില്ല. ചീരയാണ് ഇതിലെ എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം. ഏഴിമലയിലേയ്ക്കുള്ള യാത്രയിൽ കോവിലിൽ കാണുന്ന പെൺ‌പാവയിലേക്കും, ചിലമ്പെടുത്ത് തുള്ളി തലപിളർക്കുന്ന കോമരമായും ഒക്കെ രൂപപ്പകർച്ച നടത്തുന്ന ചീരയുടെ ക്യാരക്ടർ ഫോർമേഷനും ഈ ലോകത്തിനും മറുലോകത്തിനും ഇടയ്ക്ക് പെട്ടുപോകുന്ന വിഭ്രമനിമിഷങ്ങളിലെ സർ‌റിയൽ ആയ സ്വപ്നക്കാഴ്ചകളും നോവലിന്റെ ഭാവനാതലത്തെ തീർത്തും സമ്പന്നമാക്കുന്നതാണ്. തുടക്കം മുതൽ കരുത്താർന്ന ചോദ്യങ്ങളും നിരീക്ഷണപാടവവുമായി കൊലുമ്പനെ അമ്പരപ്പിക്കുന്നുണ്ട് ചീര. കോവിലിലെ പെൺപാവയുടെ പാത്രനിർമ്മിതിയാണ് വിസ്മയിപ്പിക്കുന്ന മറ്റൊരനുഭവം.

ജയമോഹനും സി.ആർ. പരമേശ്വരനും അയ്മനം ജോണും പി.രാമനും ഒക്കെ പഠനങ്ങൾ എഴുത്തിച്ചേർത്തിട്ടുള്ള ഈ പുസ്തകത്തിനെപ്പറ്റി അതിൽക്കൂടുതലൊന്നും എനിക്കും എഴുതാനില്ല. എന്നാൽ എന്റെയുള്ളിലെ കഥകളൊരുപാട് ഇഷ്ടപ്പെടുന്നൊരുഒരു കുട്ടി വായനയ്ക്കുശേഷവും ഈ മന്ത്രക്കഥയിലെ കാടുകളിലെവിടെയോ ഇറങ്ങിപ്പോരാനാകാതെ കിടപ്പുണ്ട്. വറുതിയും നോവും പകയും യുദ്ധവും കെടുതിയുമെല്ലാം ഒരുപാട് കണ്ടുകഴിഞ്ഞും അതിലൊന്നും കണ്ണുതങ്ങാതെയും മനം മടുക്കാതെയും കാട്ടിലും വയലിലും എല്ലാം എന്തൊക്കെയോ കൌതുകത്തോടെ തിരഞ്ഞുകൊണ്ട്, തിരികെ വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയതിന്റെ ഉല്ലാസത്തിൽ, ഞണ്ടുകൾ ആമ്പലിലകളിൽ വരച്ച ഉരുവങ്ങളെ കണ്ണിമയ്ക്കാതെ നോക്കി ഇലപ്പടർപ്പുകളിൽ എവിടെയോ കുരുങ്ങിക്കിടപ്പാണവൾ. സന്തോഷമുണ്ട്. കാലപ്രവാഹത്തിലോ, മൊഴിമാറ്റത്തിലോ ഒട്ടും തനിമ നഷ്ടപ്പെടാൻ സാദ്ധ്യതയില്ലാത്ത അതീവസമ്പന്നമായ ഒരു കൃതി വളരെക്കാലം കൂടി മലയാളത്തിൽ വായിച്ചതിൽ.

Subscribe Tharjani |
Submitted by Anonymous (not verified) on Thu, 2015-07-23 05:55.

ശ്രദ്ധിക്കപ്പെടേണ്ട ഒരു പുസ്തകത്തിലേക്കുള്ള ശ്രദ്ധ ക്ഷണിക്കല്‍ എന്ന നിലയില്‍ നന്നായിരിക്കുന്നു.