തര്‍ജ്ജനി

അനിത. എം. എ.

മണപ്പറമ്പില്‍ വീട്,
മടപ്പ്ലാത്തുരുത്ത്‌,
മൂത്തകുന്നം (പി.ഒ),
ഏറണാകുളം- 683 516.

Visit Home Page ...

കവിത

ഉടല്‍ക്കലര്‍പ്പ്

വറുത്തെടുത്ത മണല്‍കൊണ്ടൊരു വീട്
തളിര്‍ക്കുകയേയില്ലാത്ത ചെടിക്കമ്പുകളുടെ ഉദ്യാനം
നീ ആഴം കുറഞ്ഞ് വറ്റിയ ഒരു കിണര്‍പോലെ
ഞാനോ ഇപ്പോള്‍ പെയ്യുമെന്നായമഴക്കാറ്.

എന്റെ ഒറ്റത്തുള്ളികൊണ്ട് നിറഞ്ഞുകവിയുമെന്നായപ്പോള്‍
മണലില്‍ മുഖം പൂഴ്ത്തിക്കിടന്നു കളഞ്ഞോ നീ?
ഒളിച്ചതല്ല, എനിക്കറിയാം
പൊടിമണം കൊതിപ്പിച്ച ഒരു പാമ്പിനെപ്പോലെ
ചൂടുള്ള മണലില്‍ നീ പൂണ്ടുകിടന്നു.

തലതാഴ്ത്തിയിട്ടും നിന്റെ വാല്‍ ആടിക്കൊണ്ടിരുന്നു
ശല്ക്കങ്ങള്‍ എന്നോടുള്ള കൊതികൊണ്ട്
ഇളകിത്തെറിച്ചുകൊണ്ടിരുന്നു
ഒരു മേഘഗര്‍ജ്ജനം ഭയക്കുന്നെങ്കിലും
നിന്റെ ഉടല്‍ എന്റെ മുന്നില്‍ക്കിടന്ന്
പുളഞ്ഞുകൊണ്ടിരുന്നു
അന്നവും ശ്വാസവും കിട്ടാത്ത ജീവന്‍പോലെ....

നീ നിന്റെ പ്രണയം തെളിയിച്ചു കഴിഞ്ഞു
ഇത്രയുമായാല്‍പ്പിന്നെ വച്ച ഒരു മഴക്കാറിനും
പെയ്യാതിരിക്കാനാകില്ല
ആകാശത്തിന്റെ ഹൃദയത്തില്‍നിന്ന്
ഭൂമിയുടെ ഹൃദയത്തിലേയ്ക്ക്
ഓരോ മഴയും പെയ്യുന്നത്
തെളിയിക്കപ്പട്ട ഓരോ പ്രണയത്തെയും
വന്യമായി ചുംബിക്കാനാണ്.

എന്റെ ശബ്ദം
നിന്റെ ഘ്രാണം
ഉടലുകള്‍ ഇടകലര്‍ന്ന്
നമ്മള്‍ പുളഞ്ഞുകൊണ്ടിരുന്നു
ചിറകുമുളച്ച ജലാശയങ്ങളും
വേരററ മരങ്ങളും ചുഴിഞ്ഞ് ചുഴിഞ്ഞ്
ഭൂമികവിഞ്ഞപ്പോള്‍
ആഴംകൂടിയ ഒരു മിന്നലിന്റെ തീത്തലപ്പ്
ചുഴിയുടെ അറ്റം കത്തിച്ചു
അപ്പോള്‍, എന്റെ അടിവയററില്‍ ഉറയൂരിയിട്ട്
എങ്ങോട്ടെന്നില്ലാതെ നീ ഇഴഞ്ഞിഴഞ്ഞുപോയി
നിന്റെ പ്രണയത്തിന് തെളിവുണ്ടായിക്കഴിഞ്ഞു!

Subscribe Tharjani |