തര്‍ജ്ജനി

ഡോ.വിനീത്‌. എം.സി

Visit Home Page ...

കവിത

ഒരിറ്റു വെളളം

ഓര്‍മ്മകളുടെ
ചിതയ്ക്ക്‌
തീ കൊളുത്തിയ കൂട്ടുകാരനെ
തീ വിഴുങ്ങി.

അവന്‍
മരങ്ങള്‍ വെട്ടി
പക്ഷിമൃഗാദികളെ ദ്രോഹിച്ച്‌
സൂര്യനെ ശപിച്ചവന്‍.

സൂര്യനേത്രങ്ങള്‍
വമിപ്പിച്ചൊരഗ്നിയില്‍
വെന്തുവെണ്ണീറായവന്‍.

കത്തിക്കരിഞ്ഞ
അവന്റെ മാംസം
കഴുകനുപോലും വേണ്ട.

കൈകൊട്ടി വിളിച്ചിട്ടും
ബലിച്ചോറുണ്ണാന്‍
വന്നില്ലൊരു കാക്കപോലും.

മരങ്ങള്‍ വെട്ടി
തണല്‍ തേടി
അലയരുതൊരിക്കലും.

പക്ഷിമൃഗാദികള്‍
തൊണ്ട വറ്റി
കേഴുകയാണിപ്പോഴും
ഒരിറ്റു വെള്ളത്തിനായ്‌.

Subscribe Tharjani |