തര്‍ജ്ജനി

മ്യൂസ് മേരി

Visit Home Page ...

കവിത

ലളിതം

ഒരിക്കല്‍ക്കൂടി
മറക്കുന്നു നിന്നെ
ഓരോരോ
തിരിവുകളില്‍
മറന്ന് മറന്ന്
നമ്മള്‍
വഴിനടക്കുന്നുണ്ടെങ്കിലും
പിന്നെയും പിന്നെയും
വന്നുമ്മവെച്ച്
കലമ്പിക്കെട്ടിപ്പിടിച്ച്
നക്കിത്തോര്‍ത്ത്
നടന്നുപോയിട്ടുണ്ടെങ്കിലും
തീരാമാറവികളുടെ
തുടര്‍ക്കഥ
വായിക്കുവാനിപ്പോഴും
കളങ്കപ്പെടുന്നു.
മറക്കുവാനെത്ര
തിടുക്കമാണെന്ന്
തത്രപ്പെടുന്നുണ്ടോരോ
തിരിവുകളും
പിന്നെന്തൊരു
വേഗത്തിലാണോര്‍മ്മകള്‍
വന്ന് വഴിമുടക്കുന്നത്
ഒരു മുടിയിഴ
ഉമിനീരിന്‍ നനവുകള്‍
കളഞ്ഞുപോയ
കെെത്തൂവാല
തെറിച്ചുപോയ
മണല്‍ത്തരി
കനല്‍ശ്വാസങ്ങള്‍
പനിയുണര്‍ച്ചകള്‍
മുറുകിമുറുകി
തകരുന്ന
വിരല്‍പ്പാടുകള്‍
തിടുക്കത്തിലൊട്ടിയ
ചുണ്ടുകള്‍
പതിഞ്ഞ
പേരടയാളങ്ങള്‍
നാമെത്ര
ലളിതമായി
മറക്കുന്നുണ്ടെപ്പൊഴും.

Subscribe Tharjani |