തര്‍ജ്ജനി

മുഖമൊഴി

മൂന്നാംലോകം എന്ന ചവറ്റുകൂന

ഇന്ത്യയിലെ ജനപ്രിയ ഭക്ഷ്യോല്പന്ന ബ്രാന്റ് മാഗിയുടെ നൂഡില്‍സ് നിരോധിക്കപ്പെട്ടിരിക്കുന്നു. സ്വിറ്റ്സര്‍ലാന്റ് ആസ്ഥാനമായുള്ള ആഗോള ഭക്ഷ്യോല്പന്നനിര്‍മ്മാതാക്കളാണ് നെസ്ലെ. ഒരു നൂറ്റാണ്ടിലേറെക്കാലം ദൈര്‍ഘ്യമുള്ള പാരമ്പര്യമാണ് ആഗോളവിപണിയില്‍ അവരുടെ വിശ്വാസ്യതയുടെ അടിസ്ഥാനം. പാലുല്പന്നങ്ങളായിരുന്നു അവരുടെ ആദ്യ കളിക്കളം. പിന്നെ അവര്‍ ചോക്കലേറ്റുകളിലേക്കും ലഘുഭക്ഷണത്തിലേക്കും കടന്നു. നമ്മുടെ നാട്ടില്‍ കണ്ടന്‍സ്ഡ് മില്‍ക്ക്, ഇന്‍സ്റ്റന്റ് കോഫി എന്നിങ്ങനെയുള്ള ഉല്പന്നങ്ങളുമായാണ് അവര്‍ വേരുറപ്പിച്ചത്. ഇന്ത്യയിലെ മാദ്ധ്യമങ്ങളില്‍ പരസ്യങ്ങളിലൂടെ നിറഞ്ഞു നിന്ന നെസ്ലെ, ഇപ്പോള്‍ നിരോധിക്കപ്പെട്ട ഇന്‍സ്റ്റന്റ് നൂഡില്‍സിലൂടെ തികച്ചും വ്യത്യസ്തമായ ഒരു പാചകസംസ്കാരവും ഭക്ഷ്യസംസ്കാരവും സൃഷ്ടിച്ചു. അനായാസം, രണ്ടുമിനുട്ടിനകം രുചികരമായ ഭക്ഷണം പാകം ചെയ്യാം എന്നതാണ് അത്. പാചകത്തില്‍ യാതൊരു മുന്നറിവും ഇല്ലാത്തവര്‍ക്കുപോലും ഒരു നേരത്തെ ലഘുഭക്ഷണം അനായാസം തയ്യാറാക്കാം.അതും ഞെടിയിടയ്ക്കുള്ളില്‍. ആധുനികജീവിതത്തിന്റെ തിരക്കിനിടയില്‍ ഇതില്‍പരം ഒരു ആപല്‍ബന്ധു വേറെ ആരാണ്? നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍പുറത്തും ജനപ്രിയതയാര്‍ന്ന ഈ ഭക്ഷ്യവസ്തു നിരോധിക്കപ്പെട്ടത്, അതില്‍ അടങ്ങിയിട്ടുള്ള ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കണ്ടെത്തിയിട്ടുള്ള രാസപദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം കാരണമാണ്.

പരിഷ്കൃതജീവിതത്തിന്റെ ഭാഗമായി കടന്നുവന്ന ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം ആരോഗ്യത്തിന് ദോഷകരമാണെന്ന് പൊതുവെ പറയപ്പെടാറുണ്ട്. അതിനുള്ള കാരണം, അത്തരം ഭക്ഷണപദാര്‍ത്ഥങ്ങളിലെല്ലാം കേടുവരാതിരിക്കാന്‍ ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്നതാണ്. പ്രകൃതിഭക്ഷണവാദികള്‍ എല്ലാ രാസവസ്തുക്കളും വിഷമാണെന്ന വിശ്വാസം പുലര്‍ത്തുന്നവരാണ്. കേടുവരാതിരിക്കാന്‍ ഔഷധങ്ങളില്‍പ്പോലും പ്രിസര്‍വേറ്റീവുകളായ ഘടകങ്ങള്‍ ചേര്‍ക്കുന്നുണ്ട്. അതിനാല്‍ പ്രകൃതിഭക്ഷണവാദികളുടെ അത്തരം തീവ്രവാദങ്ങള്‍ മാറ്റിനിറുത്തി ആലോചിക്കേണ്ടതുണ്ട്. പച്ചക്കറികളിലും പഴങ്ങളിലും കേടുവരാതിരിക്കാന്‍ മാത്രമല്ല, കൃത്രിമമായി പാകപ്പെടുത്താനും നിറവും രുചിയും ഉണ്ടാക്കുവാന്‍ ആരോഗ്യത്തിന് അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതാവട്ടെ, രാസവളവും കീടനാശിനികളും ഉപയോഗിച്ചതിന് ശേഷമാണ്. ഇവയുടെയെല്ലാം മൊത്തത്തിലുള്ള ഫലം, കമ്പോളത്തില്‍നിന്ന് പണം നല്കി വാങ്ങുന്ന ഉപഭോക്താവിന് ഭക്ഷണമല്ല വിഷമാണ് ലഭിക്കുന്നത് എന്ന ദുരവസ്ഥയാണ്.

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്ന കാലം എന്നോ കഴിഞ്ഞുപോയിരിക്കുന്നു. വ്യാവസായികലോകത്തിന്റെ മാലിന്യം അന്തരീക്ഷത്തെ മലിനമാക്കിക്കഴിഞ്ഞു. ഹരിതഗൃഹവാതകങ്ങള്‍ ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഓസോണ്‍പാളിക്ക് വിള്ളല്‍ വീണിരിക്കുന്നു. ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാത്തവര്‍പോലും ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ എന്ന്ചിന്തിക്കുകയും പാടുകയും ഏറ്റുപാടുകയും ചെയ്യുന്നു. പുരോഗതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും പാശ്ചാത്യമാതൃകയിലുള്ള ആലോചനകളല്ലാതെ നമ്മുക്കില്ല. ആഗോളവത്കരണത്തിന്റെ കാലത്ത് അങ്ങനെയല്ലാതെ വരാനും സാദ്ധ്യമല്ല. പക്ഷെ, അതിന്റെ മറവിലൂടെ പാശ്ചാത്യലോകം ഉപേക്ഷിച്ചതും കാലഹരണപ്പെട്ടതുമായ സാങ്കേതികവിദ്യയും ഉല്പന്നങ്ങളും മൂന്നാം ലോകത്തിന്റെ തലയില്‍ കെട്ടിവെക്കപ്പെടുന്നു. വികസിതലോകത്തിന്റെ മാലിന്യം എവിടെ, എങ്ങനെ സംസ്കരിക്കും എന്നത് വലിയ പ്രശ്നമാണ്. അവ മൂന്നാംലോകരാജ്യങ്ങളിലേക്ക് കയറ്റിവിടുകയെന്ന തന്ത്രംപോലും പ്രയോഗിക്കപ്പെടുന്നു. കപ്പലുകളില്‍ ഇന്ത്യന്‍തീരത്ത് വന്നെത്തിയ മാലിന്യക്കൂമ്പാരം പിടിക്കപ്പെട്ടത് ഓര്‍ക്കുക. അപകടകരമായ വസ്തുക്കളാണ് ആ മാലിന്യക്കപ്പലില്‍ ഉണ്ടായിരുന്നത്. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍, അവയുടെ കേടുവന്ന ഭാഗങ്ങള്‍ എന്നിവ അതുപോലെ സംസ്കരിക്കാനാവാത്ത മാലിന്യമായി ലോകത്തിനുമുന്നില്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്.

പാശ്ചാത്യലോകത്തിന്റെ, വികസിതരാഷ്ട്രങ്ങളുടെ മാലിന്യക്കൂമ്പാരം കൊണ്ടുതള്ളാനുള്ള കുപ്പയായി മൂന്നാംലോകത്തെ പരിഗണിക്കുന്ന സാംസ്കാരികാവസ്ഥയാണ് ഇപ്പോള്‍ നിലനില്ക്കുന്നത്. അപകടകരമായ ആരോഗ്യപരീക്ഷണങ്ങള്‍ മൂന്നാം ലോകത്തിലെ ജനങ്ങളില്‍ നടത്താനും അപായകരമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ വില്പനയ്ക്കുമുള്ള ഇടമായി മൂന്നാം ലോകത്തെയാണ് പാശ്ചാത്യലോകം കാണുന്നത്. യൂറോപ്പിലോ അമേരിക്കയിലോ ഉപയോഗിക്കാത്ത ചേരുവ ഇന്ത്യന്‍ വിപണിയില്‍ വില്ക്കാനുള്ള നൂഡില്‍സ് നിര്‍മ്മിക്കുവാന്‍ നെസ്ലെ പോലുള്ള ആഗോളഭീമന്‍ നിശ്ചയിക്കുന്നതിന്റെ പിന്നില്‍ മൂന്നാം ലോകത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടാണ്. രാഷ്ട്രീയക്കാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കുവാന്‍ ഇവിടെ എളുപ്പത്തില്‍ സാധിക്കും. ഏത് തരത്തിലുള്ള അഴിമതിയും ഇവിടെ അനായാസമായി നടത്താനാവും. അഴിമതി നടത്തുന്നവരെ സംരക്ഷിക്കാനാണ് രാഷ്ട്രീയക്കാര്‍ മുന്നിട്ടിറങ്ങുന്നത്. പൊതുജനത്തെ സേവിക്കുന്നതിനേക്കാള്‍ എളുപ്പവും ആദായവും അഴിമതിക്കാരനിലൂടെയാണ് ഉണ്ടാവുന്നത്. മലീമസമായ രാഷ്ട്രീയം കുപ്പയാക്കിത്തീര്‍ത്ത ഇവിടം മറ്റുള്ളവരും ഉപയോഗിക്കുന്നു എന്ന നിലയില്‍ ലളിതവത്കരിച്ചു കാണേണ്ടുന്ന പ്രശ്നമാണോ ഇത്?

Subscribe Tharjani |