തര്‍ജ്ജനി

രശ്മി കിട്ടപ്പ

Visit Home Page ...

പുസ്തകം

അപൂര്‍ണ്ണതയുടെ ബിംബാവലികള്‍

ഇരുപത്തിയഞ്ചാമത്തെ മണിക്കൂറിലാണ് എല്ലാം സംഭവിക്കുന്നത്. കവിത ഉരുകിയൊലിക്കുന്നത്, പ്രണയം പൊട്ടിത്തുറക്കുന്നത്, ഭൂമി പതിവുപാതവിട്ട് തിരിയുന്നത്. സ്മിത മീനാക്ഷിയുടെ കവിതകളില്‍ ഇരുപത്തിനാലിന്റെ തുടര്‍ച്ചയല്ല ഇരുപത്തിയഞ്ച്. അളന്നും മുറിച്ചും അടയാളപ്പെടുത്തിയിരിക്കുന്ന സമയത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച്, വീണ്ടും ഒന്നില്‍ നിന്നു തുടങ്ങാതെ ഇരുപത്തിയഞ്ചാമത്തെ മണിക്കൂറെന്ന സൂക്ഷ്മസത്യത്തെ സമയത്തിനുമപ്പുറത്തേക്ക് കടത്തുന്ന ജാലവിദ്യയുണ്ട് ഈ കവിതകളില്‍. സ്വതന്ത്രചിന്തകള്‍ ഉലാത്തുന്ന ഇടനാഴികയില്‍ വാക്കുകള്‍കൊണ്ട് വരഞ്ഞിട്ട വ്യക്തരൂപങ്ങള്‍. മുഖപടമില്ലാത്തതുകൊണ്ടുതന്നെ ദുര്‍ഗ്രാഹ്യത ഒട്ടുമില്ലാത്തവ. "നീര്‍ക്കെട്ടുകളുടെ ഓരത്ത് നിശ്ചല ജലകണ്ണാടിയിലെ ആകാശമെത്തയില്‍ പ്രതിഫലിക്കുന്ന കുഞ്ഞുപൂക്കളുടെ ഛായകളായാണ്" സ്മിതയുടെ കവിതകള്‍ അനുഭവപ്പെടാറുള്ളതെന്ന് അവതാരികയില്‍ ശ്രീ.രഘുനാഥ് പാലേരി പറയുന്നു.

കാണുന്നതെന്തോ, വായിക്കുന്നതെന്തോ അതു തന്നെയാകുന്നു സ്മിത മീനാക്ഷിയുടെ കവിതകളെങ്കിലും ചില ആകസ്മിതകളെ ഉണര്‍ത്തിവിട്ട് ഒരു നിമിഷം മനസ്സിനെ പിടപ്പിക്കാനുള്ളൊരു ശ്രമം നടത്തുന്ന കവിതകളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. "മഴയളവുകള്‍" എന്ന കവിതയില്‍, സ്വപ്നവും പ്രണയവുമാണ് മഴയുടെ അളവുകോലെന്ന വാദത്തിന്നൊടുവില്‍ നിശ്ശബ്ദമായി മഴയളക്കാനെത്തുന്നത് മരണമാണ്. മടങ്ങിയെത്തുമ്പോള്‍ കിട്ടുന്ന തിരിച്ചറിവുകളാണ് "മടക്കം" എന്ന കവിതയില്‍. ഓരോ തവണയും ഒരിടത്തേയ്ക്കു തന്നെ തിരിച്ചെത്തുന്നതിന്റെ, മുന്‍ധാരണകളോടെ വീണ്ടും വീണ്ടും എത്തിപ്പെടുന്നതിന്റെ നിസ്സഹായമായ അവസ്ഥയാണിവിടെ വായിക്കപ്പെടുന്നത്.

ഭ്രാന്ത് വരുമ്പോള്‍ ചങ്ങലകളഴിച്ചെറിയുന്നു എന്ന വെളിപ്പെടുത്തലില്‍ അരുതാത്തത് നേരുപോലെ ചെയ്യുമ്പോഴനുഭവിക്കുന്ന സംതൃപ്തിയും ഭ്രാന്തില്ലാത്ത നേരത്ത് സ്വയം ചങ്ങലയ്ക്കടിപ്പെടുന്നതിന്റെ ആത്മസുഖവുമുണ്ട്. ചങ്ങലയ്ക്കിടേണ്ട ഭ്രാന്ത് ഏതാണെന്ന് ചിന്തിച്ചുപോകുന്നതിനൊപ്പം, സ്വയം ചങ്ങലകളണിയുകയും ഊരിവെയ്ക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യബോധത്തിന്റെ, നിലയ്ക്കാത്ത കിലുക്കത്തെക്കുറിച്ച് ആലോചിക്കുന്നതിനും ഇവിടെ യുക്തിയുണ്ട്. സ്ത്രീപക്ഷം തന്നെയെന്ന് വാദിക്കാവുന്ന ഈ രചനയില്‍ പക്ഷെ ഉന്മാദത്തിന്റെ ഉച്ചിയില്‍ പൂവിറുത്തുവെയ്ക്കുന്ന ഭ്രാന്തടയാളങ്ങള്‍ ലിംഗഭേദങ്ങളെ അപ്പാടെ നിരാകരിക്കുന്നുണ്ട്.

ആടയാഭരണങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ വായനക്കാരോട് സംവദിക്കുന്നുണ്ട് ഇവിടെ കവിത. കാറ്റ് കാറ്റും കാട് കാടും തന്നെയാകുന്നു. ഒരു തരത്തില്‍ അതൊരു ആത്മാര്‍ത്ഥമായ ഏറ്റുപറച്ചില്‍ തന്നെയാണെങ്കിലും, സന്ദേഹങ്ങളുടെ ചെറിയ അലയടികള്‍, തന്നിലേക്കു തന്നെ ചോദിക്കുന്ന ചോദ്യങ്ങളുടെ രൂപത്തില്‍ ഇടക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നു എന്നതും എടുത്തുപറയേണ്ട ഒന്നാണ്. നെഞ്ചിന്‍കൂടിനുള്ളില്‍ വിരലാഴ്ത്തി ഹൃദയമുണ്ടെന്നുറപ്പുവരുത്തുന്ന വിഹ്വലത നമ്മളനുഭവിച്ചറിയുന്നു. "എല്ലാ അപൂര്‍ണ്ണതകളും ചെറിയ മാത്രയിലാകുമ്പോള്‍ താങ്ങാന്‍ എളുപ്പമാണ്" എന്ന് സിംബോഴ്സ്ക ഒരിക്കല്‍ പറഞ്ഞു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കവിതയിലും ജീവിതത്തിലും പൂര്‍ണ്ണതയുടെ തെറ്റായ മാനങ്ങളോട് പുറംതിരിഞ്ഞുനില്ക്കുന്ന അപൂര്‍ണ്ണതയുടെ നിരവധി ബിംബങ്ങളെ കാണുവാന്‍ സാധിക്കും. ഇവിടെ സഹനമെന്നത് വളരെ കുറഞ്ഞ തോതിലുള്ളതും അപൂര്‍ണ്ണത പൂര്‍ണ്ണതയുടെതന്നെ ഒരു ചെറിയ ബിന്ദുവാകുന്നതും നമ്മളറിയുന്നു. കവി തിരഞ്ഞുകൊണ്ടിരിക്കുന്നതും വായനക്കാരന്റെ പുതുമയന്വേഷിക്കുന്നതുമായ ലോകത്തിലേക്ക് കവിത അതിന്റെ യഥാര്‍ത്ഥരൂപത്തില്‍ അന്നേരം പ്രത്യക്ഷപ്പെടുന്നു.

ഒരു മഴമുകിലില്‍ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ പിന്നെ
തീയില്ല, കാടില്ല,
നീയില്ല, ഞാനില്ല.... തീയും കാടും കാറ്റും മഴയും പരസ്പരപൂരകങ്ങളാകുകയും അനോന്യം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട് "കാടുകത്തുമ്പോള്‍" എന്ന കവിതയില്‍. പലവിധത്തില്‍ വീശി തീയണയ്ക്കാന്‍ പാടുപെടുന്ന കാറ്റിനൊപ്പം പാറിപ്പറക്കുന്ന ജ്വാലകള്‍. ഒന്നിനു മറ്റൊന്നിനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന തിരിച്ചറിവില്‍ സ്വയം ചിതകൂട്ടിയൊടുങ്ങുന്ന കാട് സ്വന്തം സ്വത്വമല്ലാതെ മറ്റെന്താണ്?
"ആരുടേതുമാകാവുന്ന ഒരാത്മകഥയില്‍ നിന്ന്" പുറന്തള്ളലിന്റെ നോവ് തുറന്നുകാട്ടുന്ന കവിതയാണ്. മനുഷ്യസഹജമായ പൊതുസ്വഭാവങ്ങളുടെ നെറുംതലയിലേക്ക് ആഞ്ഞടിക്കുന്ന ഒരു സിക്സറായി ഈ കവിത പരിണമിക്കുന്നുണ്ട് ഒടുവില്‍.

സ്മിത മീനാക്ഷിയുടെ കവിതകള്‍ക്ക് അനുഭവങ്ങളുടെ ഗന്ധമുണ്ട്. എവിടെ നിന്ന് എപ്പോള്‍ പുറപ്പെട്ടുവരുന്നെന്ന് നിശ്ചയമില്ലാത്ത, സമയത്തിനും കാലത്തിനുമപ്പുറത്തേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്ന കവിതയെന്ന നേരിന് സ്മിത മീനാക്ഷിയുടെ വെളിപ്പെടുത്തല്‍ സത്യസന്ധതയുടേതാണ്. വായിക്കുകയും എഴുതുകയും ആസ്വദിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ലോകത്തിലേക്ക്, സൈകതം ബുക്സ് പ്രസിദ്ധീകരിച്ച, "ഇരുപത്തിയഞ്ചാമത്തെ മണിക്കൂര്‍" യാതൊരു പടപ്പുറപ്പാടുമില്ലാതെ എത്തിപ്പെടുമ്പോള്‍, കവിത വരുന്ന വഴികളെക്കുറിച്ച് എപ്പോഴെങ്കിലും ഓര്‍ത്തുപോകുന്ന നേരത്ത്, തുറന്നുകിടക്കുന്ന ജാലകപ്പഴുതിലൂടെ ഒരു ചെറുകാറ്റ് വന്ന് വെറുതെയൊന്നു തൊട്ടിട്ടുപറയും ഇങ്ങനെയും വരാമെന്ന്...പതുക്കെ...ആരവങ്ങളില്ലാതെ...

Subscribe Tharjani |
Submitted by Anonymous (not verified) on Thu, 2015-07-23 05:55.

Good